പഞ്ചരത്നപ്രഭ
സെബി മാളിയേക്കൽ
Saturday, August 23, 2025 8:22 PM IST
ദക്ഷിണേന്ത്യയിലെ പ്രശസ്തരായ അഞ്ചു വനിതാ സംഗീത വാദകരുടെ ഓർക്കസ്ട്ര ടീമാണ് പഞ്ചരത്ന. കർണാട്ടിക് - ഹിന്ദുസ്ഥാനി സംഗീതങ്ങളുടെ സമന്വയമായ ജുഗൽബന്ദിയിലൂടെ ആസ്വാദക ഹൃദയങ്ങളിൽ സംഗീതമഴ പെയ്യിക്കുകയാണ് ഈ വനിതാ രത്നങ്ങൾ. അവരുടെ വിശേഷങ്ങളിലൂടെ...
നിറഞ്ഞസദസ് കാതുകൂർപ്പിച്ച് ഇമവെട്ടാതെ സ്റ്റേജിലേക്കുതന്നെ ദൃഷ്ടിയുറപ്പിച്ചിരിക്കുകയാണ്. "പഞ്ചരത്ന'ങ്ങൾ സദസിനെയാകെ രാഗതാളലയങ്ങളിലേക്ക് മെല്ലെ സംവഹിക്കുന്നു. ഹംസധ്വനി രാഗത്തിൽ "വാതാപി ഗണപതിം’ വയലിനിലിൽനിന്നൊഴുകിയപ്പോൾ മൃദംഗവും മുഖർശംഖും പക്കവാദ്യമൊരുക്കി. കീർത്തനം വായിച്ചുതീരുന്പോഴേക്കും ഇതേ രാഗത്തിൽ ഹിന്ദുസ്ഥാനിയിൽ "ലാഗീ ലഗന് സഖീ' എന്നു സിത്താർ മധുരനാദം പൊഴിച്ചുതുടങ്ങിയിരുന്നു. ഘനഗംഭീരമായ തബലാനാദം അകന്പടിയായി. നിമിഷങ്ങൾക്കുള്ളിൽ തൃശൂരിലെ കുഴിക്കാട്ടുശേരി ഗ്രാമികയുടെ ദേശക്കാഴ്ച സാംസ്കാരി കോത്സവവേദി നാദപ്രപഞ്ചമായി. ഇന്ത്യയിലെ ഏക വനിത ഹിന്ദുസ്ഥാനി - കർണാട്ടിക് ഇൻസ്ട്രുമെന്റൽ ജുഗൽബന്ദി ടീമായ പഞ്ചരത്ന സദസിനെയാകെ സംഗീതസാഗരത്തിലാറാടിക്കുകയാണ്.
കർണാടക സംഗീതത്തിലെ ആഭേരി രാഗത്തിലെ "നഗുമോ' എന്ന കീർത്തനവും തത്തുല്യമായ ഹിന്ദുസ്ഥാനിയിലെ ഭീംപലാസ് രാഗത്തിലുള്ള ഗത്തും അന്തരീക്ഷത്തിൽ പരന്നൊഴുകി. പിന്നെ കർണാട്ടിക്കിലും ഹിന്ദുസ്ഥാനിയിലും ഒരുപോലെയുള്ള കീരവാണി, കർണാട്ടിക്കിലെ കല്യാണിയും ഹിന്ദുസ്ഥാനിയിലെ യമനും തമ്മിലുള്ള സമന്വയം... അങ്ങനെയങ്ങനെ രാഗതാളലയങ്ങളുടെ ആരോഹണ അവരോഹണങ്ങൾ...
പതികാലത്തിൽ തുടങ്ങി ഉച്ചസ്ഥായിയിലെത്തുന്ന പഞ്ചാരികണക്കെ വിളംബിതലയം, മധ്യലയം, ദ്രുതലയം എന്നിങ്ങനെ സംഗീതത്തിന്റെ ലയവിന്യാസം രണ്ടു മണിക്കൂർകൊണ്ട് ആസ്വാദക മനസുകളിൽ സംഗീതമഴ പെയ്യിച്ചു. ചാറ്റൽമഴ പെരുമഴയായി പെയ്തൊഴിഞ്ഞ് ചെറുതുള്ളിയായി പര്യവസാനിക്കും പോലെ.....
പഞ്ചരത്നയും ജുഗൽബന്ദിയും
ഇന്ത്യൻ സംഗീതത്തിലെ കർണാട്ടിക്, ഹിന്ദുസ്ഥാനി സമന്വയം ഉപകരണസംഗീതത്തിലൂടെ അവതരിപ്പിക്കുന്നതാണ് ജുഗൽബന്ദി. ഇത്തരത്തിലുള്ള ഏക വനിതാ ഓർക്കസ്ട്രയാണ് പഞ്ചരത്ന. കർണാടക സംഗീതത്തിന്റെ ഭാഗമായ വയലിൻ, മൃദംഗം, മുഖർശംഖ് എന്നിവയും ഹിന്ദുസ്ഥാനിയിലെ സിത്താർ, തബല എന്നിവയും സമന്വയിപ്പിക്കുന്ന അപൂർവ സംഗീത വിരുന്നാണ് ഇവരൊരുക്കുന്നത്.
ബംഗളൂരു സ്വദേശികളായ രഞ്ജിനി സിദ്ധാന്തി വെങ്കിടേഷ് (മൃദംഗം), ഭാഗ്യലക്ഷ്മി എം. കൃഷ്ണ (മുഖർശംഖ്), മലയാളികളായ സുനിത ഹരിശങ്കർ (വയലിൻ), രത്നശ്രീ അയ്യർ (തബല), ശ്രീജ രാജേന്ദ്രൻ (സിത്താർ) എന്നിവരാണു പഞ്ചരത്നയിലെ സംഗീതരത്നങ്ങൾ.സുഹൃത്തുക്കളായ രത്നശ്രീയും ശ്രീജയും സുനിതയും ഒരുമിച്ച് ഇക്കഴിഞ്ഞ ജനുവരിയിൽ ഒരു സംഗീത പരിപാടിക്കായി കാസർഗോഡ് കാഞ്ഞങ്ങാട്ടെത്തി.
അവിടെ ഇവരോടൊപ്പം ഉപകരണങ്ങൾ വായിക്കാൻ എത്തിയതായിരുന്നു കർണാടകക്കാരായ രഞ്ജിനിയും ഭാഗ്യലക്ഷ്മിയും. ആ പരിപാടി കഴിഞ്ഞപ്പോൾ ഈ അഞ്ചുപേരിൽ ഏറ്റവും ജൂണിയറായ ശ്രീജയാണ് ഇത്തരമൊരു ഓർക്കസ്ട്ര ടീമിനെ ക്കുറിച്ചുള്ള സ്വപ്നം പങ്കുവച്ചത്. ആശയം ഏവർക്കും സ്വീകാര്യമായതോടെ "പഞ്ചരത്ന' എന്ന ഇൻസ്ട്രുമെന്റൽ ഓർക്കസ്ട്ര പിറവിയെടുത്തു.
പഞ്ചരത്നയുടെ ആദ്യ പ്രോഗ്രാമായിരുന്നു കഴിഞ്ഞ മേയ് മൂന്നിന് ഗ്രാമികയിൽ നടന്നത്. പതിറ്റാണ്ടുകളുടെ സംഗീതപാരന്പര്യവും പ്രഫഷണലിസവും കൈമുതലായുള്ള പഞ്ചരത്നങ്ങളുടെ ഒത്തുചേരൽ ദക്ഷിണേന്ത്യൻ സംഗീത ലോകത്തുമാത്രമല്ല ഇന്ത്യൻ സംഗീത ഭൂമികയിൽത്തന്നെ പുതുചരിത്രത്തിനു നാന്ദിയായി.
തബലയിൽ രത്നശ്രീ അയ്യർ
തബലയുടെ താളം തന്റെ ജീവിതതാളവും ഹൃദയതാളവുമായി മാറ്റിയ കലാകാരിയാണ് രത്നശ്രീ അയ്യർ എന്ന വൈക്കംകാരി. ഏഴാം വയസിൽ ചേട്ടന്റെ നാടോടി നൃത്തത്തിനു പക്കമേളം ഒരുക്കാൻ തബലയിൽ പതിഞ്ഞ കുഞ്ഞുവിരലുകൾ ഇന്ന് എല്ലാ സംഗീതധാരകൾക്കും വഴങ്ങുന്ന മാന്ത്രികവിരലുകളായി മാറി.
അങ്ങനെയാണ് വൈക്കം തലയാഴം തമിഴ് ബ്രാഹ്മണ സമൂഹത്തിലെ കളപ്പുരയ്ക്കൽ മഠത്തിലെ രാമചന്ദ്രൻ അയ്യരുടെയും സരോജയുടെയും ഏഴുമക്കളിൽ ഏറ്റവും ഇളയവളായ രത്നശ്രീ അയ്യർ തബലവാദനത്തിന്റെ മികവിലേക്കെത്തിയത്.
തബലയിൽ ബിരുദാനന്തര ബിരുദമുള്ള ആദ്യ മലയാളി വനിതയും ദക്ഷിണേന്ത്യയിലെ ഏക വനിതാ പ്രഫഷണൽ തബലിസ്റ്റുമായ രത്നശ്രീ എംജി യൂണിവേഴ്സിറ്റിയിൽനിന്നു രസതന്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയ ശേഷമാണു തന്റെ പാഷനും ജീവിതവഴിയും സംഗീതമാണെന്ന തിരിച്ചറിവിൽ തബലയെ നെഞ്ചോടുചേർത്തത്. കോലാപ്പൂർ ശിവജി യൂണിവേഴ്സിറ്റിയിൽനിന്ന് ഒന്നാം റാങ്കോടെ തബലയിൽ എംഎ കരസ്ഥമാക്കിയ ഇവർ എംജി യൂണിവേഴ്സിറ്റിയിൽ തന്നെ "സയൻസ് ഓഫ് തബല'യിൽ പിഎച്ച്ഡി ചെയ്യുകയാണിപ്പോൾ.
പരോമിത മുഖർജി, ഉസ്താദ് റഫീക് ഖാൻ, ഉസ്താദ് ഫയാസ് ഖാൻ, മൗമിത മിത്ര, റോണു മജൂംദാർ തുടങ്ങി ഒട്ടേറെ സംഗീതകുലപതികളുടെകൂടെ ഇന്ത്യക്കകത്തും, വിയന്ന, മാലിദ്വീപ്, കുവൈറ്റ് തുടങ്ങി വിദേശങ്ങളിലുമടക്കം നിരവധി കൺസേർട്ടുകളിൽ വായിച്ചിട്ടുണ്ട്. അച്ഛൻ മരിച്ചതിന്റെ പതിമൂന്നാംനാൾ മഹാരാഷ്ട്രയിലെ മിരാജിൽനിന്ന് ഏറ്റുവാങ്ങിയ അബാൻ മിസ്ട്രി അവാർഡും കേരള സംഗീത നാടക അക്കാദമി അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ രത്നശ്രീയെ തേടിയെത്തി.
വയലിനിൽ സുനിത ഹരിശങ്കർ
മാർ ബേസിൽ ഹൈസ്കൂളിലെ മലയാളം അധ്യാപകനായിരുന്ന ദാമോദരൻ നന്പൂതിരിയുടെയും ഇന്ദിരാദേവിയുടെയും നാലു മക്കളിൽ ഇളയവളായ സുനിത കോതമംഗലം വാരപ്പെട്ടിയിലെ സംഗീത കുടുംബത്തിലാണു ജനിച്ചത്. സ്കൂൾ കാലഘട്ടത്തിൽ വായ്പ്പാട്ടിനോടായിരുന്നു കന്പം.
ഹൈസ്കൂൾ കാലഘട്ടത്തിൽ അച്ഛന്റെ നിർദേശപ്രകാരം റേഡിയോയിലൂടെകേട്ട വി.വി. സുബ്രഹ്മണ്യത്തിന്റെ വയലിൻ കച്ചേരിയാണു വയലിനോടുള്ള ആഭിമുഖ്യം ജനിപ്പിച്ചത്.എസ്എസ്എൽസി കഴിഞ്ഞതോടെ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ ഗാനഭൂഷണം ഡിപ്ലോമയ്ക്ക് വോക്കലിനും വയലിനും അഡ്മിഷൻ ലഭിച്ചെങ്കിലും തെരഞ്ഞെടുത്തതു വയലിൻ.
ആർഎൽവിയിൽനിന്ന് ഒന്നാംറാങ്കോടെ വിജയം. തുടർന്ന് തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽനിന്ന് ഒന്നാം റാങ്കോടെതന്നെ ഗാനപ്രവീണ കരസ്ഥമാക്കി. മാർത്താണ്ഡം സ്വദേശിയും നേവി ഉദ്യോഗസ്ഥനുമായ ഹരിശങ്കറിനെ വിവാഹംചെയ്ത് ആർക്കോണത്ത് എത്തിയതോടെയാണ് ചെന്നൈയിൽപോയി നാദയോഗി വി.വി. സുബ്രഹ്മണ്യത്തിന്റെ ശിഷ്യയായി പഠനം തുടർന്നത്.
ഹരിശങ്കർ നേവിയിൽനിന്നു വിരമിച്ച് നെടുന്പാശേരി എയർപോർട്ടിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറായി ജോലിയിൽ പ്രവേശിച്ചതോടെ നെടുന്പാശേരിക്കടുത്ത് അത്താണിയിൽ താമസമാക്കി. അവിടെ വയലിൻ സ്കൂളും ആരംഭിച്ചു. ഇതിനകം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലുമായി 800ലധികം കണ്സേർട്ടുകളിൽ വായിച്ചു; നിരവധി സോളോ പെർഫോമൻസും നടത്തി. ജർമനിയിലുള്ള മകൾ കൃഷ്ണപ്രിയയും വയലിനിസ്റ്റാണ്.
മൃദംഗത്തിൽ രഞ്ജിനി വെങ്കിടേഷ്
പ്രശസ്ത വയലിൻ, വോക്കൽ ആർട്ടിസ്റ്റുകളായിരുന്ന വിദ്വാൻ ബെല്ലാരി വെങ്കിടപ്പയുടെയും വിദുഷി ബി.വി. സുഭദ്രാമ്മയുടെയും പൗത്രിയായ രഞ്ജിനി സിദ്ധാന്തി വെങ്കിടേഷ് സംഗീത തറവാട്ടിലെ ഇളമുറക്കാരിയാണ്.
മുത്തച്ഛന്റെയും മുത്തശിയുടെയും പാത പിന്തുടർന്ന് അമ്മയും സഹോദരിയും ആ വഴിയെ പോയപ്പോൾ ബന്ധുക്കൾ കൈകാര്യം ചെയ്തിരുന്ന മൃദംഗത്തിലേക്കാണ് വോക്കലിനൊപ്പം രഞ്ജിനി ആകൃഷ്ടയായത്. വോക്കലിൽ ഒന്നാംറാങ്കും മൃദംഗത്തിൽ രണ്ടാംറാങ്കും കരസ്ഥമാക്കി. സംഗീതത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത് ബംഗളൂരു ജെയിൻ ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്നായിരുന്നു.
സ്ത്രീസാന്നിധ്യം അധികമില്ലാത്ത മൃദംഗവാദനത്തിൽ കൈയൊപ്പുചാർത്തി ആകാശവാണിയിലും ദൂരദർശനിലും എ ടോപ് ഗ്രേഡ് ആർട്ടിസ്റ്റായി. ജെയിൻ യൂണിവേഴ്സിറ്റിയിലും മറ്റുപലയിടങ്ങളിലും വിസിറ്റിംഗ് ഫാക്കൽറ്റിയായി. ആയിരക്കണക്കിന് വേദികളിൽ ഡോ. എൽ. സുബ്രഹ്മണ്യം, സിക്കിൾ ഗുരുചരണ്, ടി.എം. കൃഷ്ണ, എ. കന്യാകുമാരി തുടങ്ങി ഒട്ടേറെ പ്രഗത്ഭരോടൊപ്പം മൃദംഗം വായിച്ചു.
ഐസിസി ആറിന്റെ ആഭിമുഖ്യത്തിൽ ബാങ്കോക്ക്, സൈപ്രസ് എന്നിവിടങ്ങളിലും ചൈനയിലെ ബീജിംഗിൽ നടന്ന ലോക സംഗീതസമ്മേളനത്തിലും പങ്കെടുത്തു. കൂടാതെ സിംഗപ്പുർ, ഹോങ്കോംഗ്, അബുദാബി തുടങ്ങി വിദേശങ്ങളിലെ വേദികളിലെത്തി. ഇന്ത്യയിലെ ഒട്ടുമിക്ക ഫെസ്റ്റിവലുകളിലും നിരവധി ആൽബങ്ങളിലും വായിച്ച രഞ്ജിനിയെത്തേടി പത്തോളം അവാർഡുകളും എത്തിയിട്ടുണ്ട്.
മുഖർശംഖിൽ ഭാഗ്യലക്ഷ്മി എം. കൃഷ്ണ
സ്ത്രീകൾക്കു പരിചിതമല്ലാത്ത മുഖർശംഖ് (മോർസിംഗ്) എന്ന വാദ്യത്തിലൂടെ ഇന്ത്യൻ സംഗീതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് ഭാഗ്യലക്ഷ്മി എം. കൃഷ്ണ. പുഞ്ചിരിക്കുന്ന മുഖവുമായുള്ള അവരുടെ സ്റ്റേജിലെ സാന്നിധ്യംത്തന്നെ ആരെയും ആകർഷിക്കും. വ്യത്യസ്തമായ ശബ്ദങ്ങളുടെയും സ്വരഗുണങ്ങളുടെയും താളാത്മകമായ പാറ്റേണുകൾകേട്ട് ആസ്വാദകർ ഹർഷാരവം മുഴക്കും.
ആകാശവാണിയിൽ ആദ്യമായി മോർസിംഗ് വായിച്ച കലാകാരനായ അച്ഛൻ എൻ. ഭീമാചാർ ആണ് ഭാഗ്യലക്ഷ്മിയെ പത്താം വയസിൽ ഈ ഉപകരണം പരിചയപ്പെടുത്തിയത്. അദ്ദേഹംതന്നെയാണ് ആദ്യഗുരു. ഇളയ സഹോദരനും മുഖർശംഖ് വായിക്കുമായിരുന്നു. മൂത്തസഹോദരൻ മൃദംഗവാദകനും അമ്മ പാട്ടുകാരിയുമായിരുന്നു. ദിവസവും രാവിലെ നാലര മുതൽ ഏഴുവരെ അച്ഛനോടൊപ്പം പരിശീലനം നടത്തിയാണ് ഭാഗ്യലക്ഷ്മി വിദുഷിയായത്.
ഇതിനിടെ സയൻസിൽ ബിരുദവും നേടി. അച്ഛന്റെ സുഹൃത്തും ഗഞ്ചിറ കലാകാരനുമായ എച്ച്.പി. രാമചാറിന്റെ നേതൃത്വത്തിലുള്ള സ്ത്രീകൾമാത്രം പങ്കെടുക്കുന്ന പെർക്യുഷൻ സംഘമായ "കർണാടക മഹിളാലയ മാധുരി'യിലെ മോർസിംഗ് കലാകാരിയായി. പിന്നീട് പ്രശസ്ത ഘടംവാദക സുകന്യ രാംഗോപാലിന്റെ ലയതരംഗ് ഗ്രൂപ്പിലെ സ്ഥിരാംഗമായി. ഡോ.എം. ബാലമുരളീകൃഷ്ണ, സഞ് ജയ് സുബ്രഹ്മണ്യം, സുധ രഘുനാഥൻ, ഡോ.എസ്. സൗമ്യ തുടങ്ങി പല പ്രമുഖരുടെയുംകൂടെ വേദികളിലെത്തി.
ഡെന്മാർക്ക്, സ്വിറ്റ്സർലൻഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ സോളോ പെർഫോമൻസ് നടത്തിയിട്ടുണ്ട്. 2006ൽ ആംസ്റ്റർഡാമിൽ നടന്ന അന്താരാഷ്ട്ര ജൂത ഹാർപ്പ് ഫെസ്റ്റിവലിലും വായിച്ചു. ആകാശവാണിയിൽ എ ഗ്രേഡ് കലാകാരിയായ ഇവർക്ക് ഇന്ദിര ശിവശൈലം അവാർഡ്, ഉമ അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സിത്താറിൽ ശ്രീജ രാജേന്ദ്രൻ
തൃശൂർ ചേതന മ്യൂസിക് അക്കാദമിയിലെ സംഗീത അധ്യാപകനും സംവിധായകനും ഗാനരചയിതാവുമായ മുരളീധരൻ മാസ്റ്ററുടെയും പാട്ടുകാരി മിനിയുടെയും മൂത്തമകളാണ് ശ്രീജ. സ്കൂൾ പഠനകാലത്ത് വായ്പ്പാട്ടായിരുന്നു ഇഷ്ടയിനം. ജയശ്രീ സുന്ദരേശനായിരുന്നു ഗുരു. ചേതനയിലെ ഹിന്ദുസ്ഥാനി ക്ലാസിക്കൽ മ്യൂസിക് ക്ലാസുകളാണ് സിത്താറിനോടുള്ള പ്രിയം ജനിപ്പിച്ചത്.
അവിടത്തെ കൃഷ്ണകുമാർ മേനോൻ ആയിരുന്നു ആദ്യഗുരു. പിന്നീടാണ് കർണാടകയിലെ സംഗീതഗ്രാമമായ ധാർവാഡിൽ പോയി ഉസ്താദ് ഹമീദ്ഖാന്റെ ശിക്ഷണത്തിൽ പഠിച്ചത്. സംഗീത സംവിധായകൻ അൽഫോൻസ് ജോസഫിന്റെ അനുജൻ പോൾസൺ ഒപ്പമുണ്ടായിരുന്നു. മൂന്നുവർഷം നീണ്ട ഗുരുകുല സന്പ്രദായത്തിലുള്ള ഈ പഠനമാണ് കേരളത്തിലെ ആദ്യ വനിതാ പ്രഫഷണൽ സിത്താർ വാദകയാകാൻ ശ്രീജയെ പ്രാപ്തയാക്കിയത്. പഠനംകഴിഞ്ഞ് ഉടനെ വിവാഹം.
ദേവരാജൻ മാസ്റ്ററുടെ ശക്തിഗാഥ ഗ്രൂപ്പിലെ ഗായകനും കർണാടക സംഗീതത്തിൽ ബിരുദാനന്തര ബിരുദധാരിയുമായ രാജേന്ദ്രനെ ജീവിതപങ്കാളിയായി ലഭിച്ചതോടെ ഒരു ചെറിയ ഇടവേളയ്ക്കുശേഷം വീണ്ടും സിത്താറിൽ സജീവമായി. സംഗീത അധ്യാപകനായ സഹോദരൻ ഹരികൃഷ്ണനും മകൻ ഇന്ദ്രജിത്തും സന്പൂർണ പിന്തുണയേകിയപ്പോൾ ശ്രീജ കേരളത്തിനകത്തും പുറത്തുമായി ഫെസ്റ്റിവലുകളിലും സ്റ്റേജ് പ്രോഗ്രാമിലും നിറസാന്നിധ്യമായി. സോളോ പെർഫോമൻസും കച്ചേരികളും നടത്തി ഹിന്ദുസ്ഥാനി സംഗീത ലോകത്തെ പെൺ മലയാളി താരമായി.
പഞ്ചരത്നയിലേക്കു തിരികേ...
ഇന്ത്യയിലെത്തന്നെ അറിയപ്പെടുന്ന ഈ അഞ്ചുകലാകാരികളുടെ കൂട്ടായ്മയാണ് പഞ്ചരത്ന. എങ്കിലും വിദേശ പ്രോഗ്രാമുകളോ അസുഖങ്ങളോമൂലം ആർക്കെങ്കിലും ഒരു കണ്സേർട്ടിൽ പങ്കെടുക്കാൻ സാധിക്കാതെയായാൽ പകരം ഇവരുടെത്തന്നെ സുഹൃത്തുക്കളായ വനിതകളെയാണ് ഉൾപ്പെടുത്തുക.
മുഖർശംഖ് വായിക്കുന്ന ജയലക്ഷ്മി വിദേശപര്യടനത്തിലായതിനാൽ വരുന്ന സെപ്റ്റംബർ മുപ്പതിന് നടക്കുന്ന കണ്സേർട്ടിൽ പ്രസിദ്ധ ഘടംവാദക സുകന്യ രാംഗോപാലാണ് പഞ്ചരത്നങ്ങളിൽ ഒരാളുടെ അഭാവം നികത്തുന്നത്.