ഫോക്സ്കോൺ ചൈനീസ് എൻജിനിയർമാരെ നാട്ടിലേക്കയച്ചു
Sunday, August 24, 2025 12:06 AM IST
മുംബൈ: ആപ്പിളിന്റെ ഐഫോണുകളുടെ അസംബ്ലിളിംഗ് പങ്കാളികളായ തായ്വാൻ കന്പനി ഫോക്സ്കോണ്‍ ഇന്ത്യയിലെ ഫാക്ടറിയിൽനിന്ന് ഏകദേശം 300 ചൈനീസ് എൻജിനിർമാരെ തിരിച്ചുവിളിച്ചു. ഈ നീക്കം ഇന്ത്യയിൽ ഐഫോണ്‍ നിർമാണം വിപുലീകരിക്കാനുള്ള കന്പനിയുടെ ശ്രമങ്ങൾക്കു തിരിച്ചടിയായിരിക്കുകയാണ്.
ഫോക്സ്കോണിന്റെ തമിഴ്നാട്ടിലെ അനുബന്ധ സ്ഥാപനമായ യുഷാൻ ടെക്നോളജിയിൽ നിന്നാണ് അടിയന്തരമായി ചൈനീസ് എൻജിനിയർമാരെ തിരിച്ചുവിളിച്ചത്. സമീപകാലത്ത് ഇത് രണ്ടാം തവണയാണ് ഇത്തരം സംഭവമുണ്ടാകുന്നത്. തിരിച്ചുവിളിച്ച ചൈനീസ് എൻജിനിയർമാർക്കു പകരം തായ് വാൻ എൻജിനിയർമാരെ നിയമിക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകളുള്ളത്.
ഫോക്സ്കോണ്‍ ചൈനീസ് എൻജിനിയർമാരെ നാട്ടിലേക്ക് അയച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഈ വർഷം ആദ്യം, ഇന്ത്യയിലേക്കും തെക്കുകിഴക്കൻ ഏഷ്യയിലേക്കുമുള്ള സാങ്കേതിക കൈമാറ്റങ്ങളും ഉപകരണ കയറ്റുമതിയും നിയന്ത്രിക്കാൻ ചൈനീസ് സർക്കാർ റെഗുലേറ്ററി ഏജൻസികൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിരുന്നു. കന്പനികൾ ഉത്പാദനം മറ്റിടങ്ങളിലേക്ക് മാറ്റുന്നത് തടയാനുള്ള ഒരു ശ്രമമാണിത്.
യുഷാനിലെ ചൈനീസ് ജീവനക്കാർ പോകുകയാണെന്ന് ദി ഇക്കണോമിക് ടൈംസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം, ഇന്ത്യയിലെ ഐഫോണ്‍ ഫാക്ടറികളിൽ നിന്ന് നൂറുകണക്കിന് ചൈനീസ് എൻജിനിയർമാരോടും ടെക്നീഷന്മാരോടും നാട്ടിലേക്ക് മടങ്ങാൻ ഫോക്സ്കോണ്‍ ആവശ്യപ്പെട്ടതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
പഴയ ഐഫോണ്‍ മോഡലുകൾക്കായി എൻക്ലോഷറുകൾ, മെറ്റൽ കേസുകൾ, ഡിസ്പ്ലേ മൊഡ്യൂളുകൾ എന്നിവ നിർമിക്കുന്നത് യുഷാൻ ഫാക്ടറിയാണ്. ഏറ്റവും പുതിയ ഐഫോണ്‍ 17 സീരീസിനുള്ള ഒന്നും ഇവിടെ നിർമിക്കുന്നില്ല.
ഐഫോണ്‍ 17 സീരീസിലെ നാലു ഫോണുകൾ ഇന്ത്യയിലാണ് നിർമിക്കുക. അടുത്ത മാസം ആദ്യം ഇത് വിപണിയിൽ അവതരിപ്പിക്കാനാണ് കന്പനിയുടെ നീക്കം. ഇതിനുള്ള നിർമാണപ്രവർത്തനങ്ങൾ കന്പനി ആരംഭിച്ചു.
ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുന്ന സമയം
ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം സമീപ ആഴ്ചകളിൽ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് ഈ സംഭവം.
അതിർത്തിയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനും വ്യാപാര ബന്ധങ്ങൾ പുനഃസ്ഥാപിക്കാനും വ്യാപാര, നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു.
റെയർ-എർത്ത് മാഗ്നറ്റുകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലെ വ്യാപാര സഹകരത്തിനുള്ള ഒരു കരാറും ഇരു രാജ്യങ്ങൾക്കുമിടയിൽ ഉണ്ടായേക്കും.