ഇനി നോവുകളെന്തിന്, ഉത്തരം ഈ നൊവെല്ലയിലുണ്ട്
Saturday, September 27, 2025 8:32 PM IST
നിന്നെയും കാത്ത്
ജോയി ചെഞ്ചേരിൽ എംസിബിഎസ്
പേജ്: 80 വില: ₹ 130
ലൈഫ്ഡേ ബുക്സ്, കോട്ടയം
ഫോൺ: 8078805649
ജോൺസൺ പൂവന്തുരുത്ത്
നീണ്ട എഴുത്തുകളില്ല, ആവേശം പൂണ്ട വിശദീകരണങ്ങളില്ല, കടിച്ചാൽ പൊട്ടാത്ത വാക്കുകളില്ല... പകരം കാതുകൾക്കരികെ ആരോ മന്ത്രിക്കുന്നതുപോലെ അളന്നുകുറിച്ച ചില വാചകങ്ങൾ, ചിലപ്പോൾ വാക്കുകൾ. പുഞ്ചിരി വിടർന്ന കവിൾത്തടങ്ങളിലേക്ക് ആരോ ഒരുപിടി പൂവിതളുകൾ വിതറിയതുപോലെ. അത്ര മൃദുലമായി, ഒരു മഞ്ഞുകണം പോലെ ഹൃദയത്തെ തൊടുകയാണ് "നിന്നെയും കാത്ത്'' എന്ന ഗ്രന്ഥം.
കേരളത്തെ ഒന്നാകെ പാടിച്ച ഒരുപിടി ക്രൈസ്തവ ഭക്തിഗാനങ്ങളിലൂടെയും കവിതകളിലൂടെയും മലയാളിയുടെ ഇഷ്ടങ്ങളിൽ ഇടം പിടിച്ച ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ് രചിച്ച പുതിയ പുസ്തകമാണ് വായനക്കാരെ വേറിട്ട ഒരു വായനാനുഭവത്തിലേക്ക് അവർ പോലുമറിയാതെ ആനയിക്കുന്നത്. ദിവ്യകാരുണ്യം പ്രമേയമാക്കിയ മലയാളത്തിലെ ആദ്യ"നൊവെല്ല'യുമായാണ് ചെഞ്ചേരിയച്ചൻ ഇത്തവണ മലയാളികളെ വിസ്മയിപ്പിക്കുന്നത്.
അടുത്തുനിന്നു കാണാം
87-ാം വയസിൽ ഈ ലോകത്തോടു വിടപറയുന്ന സിസ്റ്റർ ആഗ്നസിന്റെ സംസ്കാരശുശ്രൂഷയിൽ വാർത്ത തേടിയെത്തുന്ന സേറ എന്ന മാധ്യമപ്രവർത്തകയിലൂടെയാണ് ഈ ലഘുനോവൽ ഇതൾ വിരിയുന്നത്. "ഇത്ര ചെറുതാവാൻ എത്ര വളരേണ''മെന്നു മലയാളിയെ വരികൾക്കൊപ്പം ചിന്തിപ്പിച്ച പദനിസ്വനം ഈ ലഘുനോവലിലും കേൾക്കാം.
ഉദ്വേഗവും ആകാംക്ഷയും സേറയുടെ ചിന്തകളിലും ചലനങ്ങളിലും ഒളിപ്പിച്ചു വയ്ക്കാൻ ഗ്രന്ഥകാരൻ ശ്രദ്ധിച്ചിട്ടുണ്ട്. ആത്മീയപ്രണയത്തിന്റെ വേറിട്ട അനുഭൂതിയിലേക്ക് ഒരു പെൺകുട്ടി മെല്ലെ മെല്ലെ അലിഞ്ഞു ചേരുന്നതായി ഒരോ അധ്യായം പിന്നിടുന്പോഴും വായനക്കാരനു തൊട്ടറിയാം. ഷാരോണിലെ പനിനീർപ്പൂവായി ഒരു വ്യക്തി പരിണാമപ്പെടുന്നത് തൊട്ടടുത്തുനിന്നു കാണാം. നൊവെല്ല വായിച്ചു തീരുന്പോൾ ഇതിലെ കഥാപാത്രങ്ങൾ നമ്മുടെ പ്രിയപ്പെട്ടവരായി മാറുന്നു.
ഇനി നോവല്ലേ...
എഴുത്തുകാരനും മലയാളം വിദഗ്ധനുമായ കെ.ജയകുമാർ റിട്ട.ഐഎഎസിന്റെ അവതാരികകൂടി ചേർത്തുവയ്ക്കുന്പോൾ ഇത്ര വലുതായ ആശയങ്ങളെ എത്ര ചെറിയ പുസ്തകത്തിലും ഒതുക്കുന്ന ഗ്രന്ഥകാരന്റെ കൈയടക്കം നമ്മുടെ കൈയടി നേടും.
പ്രമേയത്തോട് ഒട്ടിനിൽക്കുന്ന ചിത്രങ്ങളും കുറിപ്പുകളും പുസ്തകത്തെ കൂടുതൽ ആകർഷകമാക്കുന്നു. കഥയായും കവിതയായും ഗാനങ്ങളായും ആട്ടക്കഥയായും ദിവ്യകാരുണ്യത്തിന്റെ അനുപമ സാന്നിധ്യം മലയാള സാഹിത്യലോകത്തിനു പകർന്ന ചെഞ്ചേരിയച്ചന്റെ മറ്റൊരു മനോഹരമായ പരീക്ഷണമാണ് ഈ നൊവെല്ല.
SIVAM SUBHAM
ബി.കെ. ഹരിനാരായണൻ
പേജ്: 344 വില: ₹ 600
കറന്റ് ബുക്സ്, തൃശൂർ
ഫോൺ: 0487-2335660
എം.എസ്. സുബ്ബുലക്ഷ്മി-
ടി. സദാശിവം ദന്പതികൾക്ക് ആദരവോടെ ചാർത്തുന്ന വാക്കുകളുടെ മാല. ഇംഗ്ലീഷിലുള്ള കുറിപ്പുകളുടെ സമാഹാരം. ഒട്ടേറെ അപൂർവ ചിത്രങ്ങളും കാണാം.
മഹാത്മാവിന്റെ വഴിയിൽ
ഡി. പ്രദീപ് കുമാർ
പേജ്: 128 വില: ₹ 180
ഡിസി ബുക്സ്, കോട്ടയം
ഫോൺ: 7290092216
ഗാന്ധിജിയുടെ ജീവിതദർശനങ്ങൾ അടിസ്ഥാനമാക്കി രചിച്ച കൃതി. ഗാന്ധിയൻ ചിന്തകൾ എങ്ങനെയെ ല്ലാം നിലനിന്നുവെന്നും ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും വ്യക്തമാക്കുന്ന അവതരണം.
MASCULINE FEMININE POLARITY
Dr. Michael Puthenthara
പേജ്: 114 വില: ₹ 299
വിൻകോ ബുക്സ്, കോട്ടയം
ഫോൺ: 9961344664
സ്ത്രീ-പുരുഷ ധ്രുവീകരണത്തെ വിശകലനം ചെയ്യുന്ന ഇംഗ്ലീഷിലുള്ള പഠനം. മൂന്നു ഭാഗങ്ങളായുള്ള അവതരണം. പ്രശ്നങ്ങൾ സ്ത്രീയും പുരുഷനും ഒരുമിച്ചു പരിഹരിക്കണ മെന്നു പറഞ്ഞുവയ്ക്കുന്നു.
പ്രകൃതി സംവാദം
രാമചന്ദ്ര ഗുഹ
പേജ്: 438 വില: ₹ 499
ഡിസി ബുക്സ്, കോട്ടയം
ഫോൺ: 7290092216
പരിസ്ഥിതിയെക്കുറിച്ചുള്ള സുപ്രധാനമായ പഠനം. ഇന്ത്യപോലുള്ള രാജ്യങ്ങൾക്ക് പരിസ്ഥിതി അവബോധം ഇല്ലെന്ന വാദത്തെ ഈ ഗവേഷണം വെല്ലുവിളിക്കുന്നു.