എല്ലാ ദിവസവും ഏറ്റവും നല്ല ദിവസങ്ങളാകാൻ..
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Saturday, August 23, 2025 8:29 PM IST
ഓരോ ദിവസവും ഏറ്റവും നല്ല ദിവസമാകാം. ഓരോ നിമിഷവും ഏറ്റവും നല്ല നിമിഷവും. നിങ്ങൾക്കതു കാണാൻ കഴിയണമെന്നുമാത്രം..
അനുദിനജീവിതത്തിലെ ആകുലതകളുടെയും ആശങ്കകളുടെയും അസ്വസ്ഥതകളുടെയുമൊക്കെ മധ്യേ ആഴമേറിയ പല സത്യങ്ങളും നാം മറന്നുപോകാനിടയുണ്ട്. എന്നാൽ അവയെ നമ്മെ ഓർമപ്പെടുത്താൻ പലപ്പോഴും ഒരു നിർമല മനസു മതിയാകും. അങ്ങനെയുള്ള നിർമല മനസിന്റെ ഉടമയായ ഒരു ബാലനെയാണ് "ദി അണ്ബ്രേക്കബിൾ ബോയ്' എന്ന ഹോളിവുഡ് സിനിമയിൽ നാം കാണുക. ഓസ്റ്റിൻ ലെറെറ്റ് എന്ന ബാലന്റെ യഥാർഥ ജീവിതകഥയെ ആധാരമാക്കി നിർമിച്ച ഈ ചിത്രം കഴിഞ്ഞ ഫെബ്രുവരിയിലാണ് തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.
എല്ലുകൾ എളുപ്പത്തിൽ ഒടിയുന്ന രോഗവുമായാണ് ഓസ്റ്റിൻ ജനിച്ചത്. അതോടൊപ്പം ഓട്ടിസം എന്ന അവസ്ഥാവിശേഷവും അവനുണ്ടായിരുന്നു. എല്ലുകൾ പെട്ടെന്ന് ഒടിയുന്നതുമൂലം അവന് ഇടയ്ക്കിടെ ആശുപത്രിവാസം വേണ്ടിവന്നു. രോഗവും ഓട്ടിസവും അവന് വേദനകളും വെല്ലുവിളികളും സൃഷ്ടിച്ചു. എന്നാൽ അവയ്ക്കൊന്നും അവനെ തളർത്താൻ സാധിച്ചില്ലെന്നതാണ് വസ്തുത. നേരേമറിച്ച് അവന്റെ ലോകദർശനം അത്ഭുതകരമായ ലാളിത്യവും സന്തോഷവും നിറഞ്ഞതായിരുന്നു.
ഈ ദർശനം ഏറെ സ്വാധീനിച്ചത് അവന്റെ പിതാവായ സ്കോട്ടിനെയായിരുന്നു. ജീവിതപ്രശ്നങ്ങളോടു മല്ലടിച്ച് തളർന്ന മനുഷ്യനായിരുന്നു സ്കോട്ട്. ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷയില്ലാതിരുന്ന അയാൾ തന്റെ പുത്രന്റെ ജീവിതവീക്ഷണവും പ്രവർത്തനരീതികളും കണ്ട് അത്ഭുതപ്പെടുകയും ജീവിതത്തെക്കുറിച്ച് പ്രത്യാശയുള്ളവനായി മാറുകയും ചെയ്തു. അങ്ങനെയാണ് ഓസ്റ്റിന്റെ കഥ പുസ്തകമായി പ്രസിദ്ധീകരിക്കാൻ സ്കോട്ട് തയാറായത്.
ഓസ്റ്റിന്റെ ജീവിതവീക്ഷണം വ്യക്തമാക്കുന്ന രീതിയിൽ സിനിമയിൽ അവൻ പറയുന്ന ഒരു വാചകം ഇപ്രകാരമാണ്: ""ഓരോ ദിവസവും ഏറ്റവും നല്ല ദിവസമാകാം. ഓരോ നിമിഷവും ഏറ്റവും നല്ല നിമിഷവും. നിങ്ങൾക്കതു കാണാൻ കഴിയണമെന്നുമാത്രം''. ഇതു പറയുന്നത് അനുദിനം വേദനയനുഭവിക്കുന്ന ഒരു ബാലനാണെന്നു നാം ഓർമിക്കണം. ഇതൊരു വിജ്ഞാനം പങ്കുവയ്ക്കലല്ല, വലിയൊരു ജീവിതസാക്ഷ്യമാണ്.
ജീവിതത്തിൽ സാധാരണയായി നമുക്കുണ്ടായിരിക്കേണ്ട ശുഭാപ്തിവിശ്വാസത്തെക്കുറിച്ചല്ല ഓസ്റ്റിൻ നമ്മെ അനുസ്മരിപ്പിക്കുന്നത്. പ്രത്യുത, സെന്റ് പോൾ പഠിപ്പിക്കുന്നതുപോലെ "ആന്തരിക നേത്രങ്ങൾ' (എഫേ 1:18) കൊണ്ട് ജീവിതത്തെ ദർശിക്കുവാനാണ്. അങ്ങനെ ഹൃദയംതുറന്ന്, ആന്തരിക നേത്രങ്ങൾകൊണ്ട് കാര്യങ്ങൾ കാണാൻ സാധിച്ചാൽ ഓരോ ദിവസവും, ഓരോ നിമിഷവും ഏറെ അനുഗ്രഹങ്ങൾ നിറഞ്ഞതാണെന്നു നമുക്കു കാണാനാവും.
ജീവിതത്തിൽ എപ്പോഴും നമുക്കു കഷ്ടപ്പാടുകളുണ്ടായിരിക്കും. എന്നാൽ അവയൊന്നും നമ്മുടെ സന്തോഷം തല്ലിക്കെടുത്താൻ നാം അനുവദിക്കരുത്. കഷ്ടപ്പാട് നിറഞ്ഞതാണ് ഓസ്റ്റിന്റെ ജീവിതം. എന്നാൽ ആ കഷ്ടപ്പാടുകൾക്കിടയിൽ ജീവിതത്തിലെ അനുഗ്രഹങ്ങളെ എണ്ണുവാനാണ് അവനു തിടുക്കം. ഇതുചെയ്യാൻ അവനെ പ്രാപ്തനാക്കുന്നത് അവന്റെ നവ്യമായ ജീവിതവീക്ഷണംതന്നെ.
ജനിച്ച് പത്തൊന്പതു മാസം കഴിഞ്ഞപ്പോൾ അന്ധയും ബധിരയുമായിത്തീർന്ന ദൗർഭാഗ്യവതിയായിരുന്നു ഹെലൻ കെല്ലർ (1880-1968). എങ്കിലും തന്റെ പോരായ്മകളോടു പോരാടി ലോകപ്രശസ്തയായ ഗ്രന്ഥകാരിയും വിദ്യാഭ്യാസപ്രവർത്തകയുമായി മാറാൻ ഹെലനു സാധിച്ചു. അവർ ഒരിക്കൽ എഴുതി: ""കഷ്ടപ്പാടുകൾ നിറഞ്ഞതാണ് ഈ ലോകം. എന്നാൽ അവയെ അതിജീവിച്ച കഥകൾകൊണ്ടും ഈ ലോകം നിറഞ്ഞിരിക്കുന്നു''.
തന്റെ ജീവിതത്തിലെ കഷ്ടപ്പാടുകൾ മറികടന്ന് ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നതിനെക്കുറിച്ച് ഹെലന് ആദ്യം വലിയ പ്രതീക്ഷയില്ലായിരുന്നു. എന്നാൽ തന്റെ അധ്യാപികയായിരുന്ന ആനി സള്ളിവന്റെ സഹായത്തോടെ പുതിയൊരു ജീവിതത്തിലേക്കു കടക്കാൻ ഹെലനു സാധിച്ചു. അങ്ങനെയാണ് അന്ധയായിരുന്ന അവർക്ക് ആന്തരിക നേത്രങ്ങൾകൊണ്ട് ജീവിതത്തെ ദർശിക്കാൻ സാധിച്ചത്. മുന്പ് എന്നതിനേക്കാൾ ഏറെ തിരക്കേറിയതാണ് നമ്മിൽ പലരുടെയും ജീവിതം.
തിരക്കുകൾക്കും വ്യഗ്രതകൾക്കുമിടയിൽ അവയില്ലാത്ത നല്ല ഒരു ദിവസത്തെയാകും നമ്മിൽ പലരും സ്വപ്നം കാണുക. എന്നാൽ ആ നല്ലദിവസം ഒരിക്കൽ വരുമെന്നുകരുതി വെറുതെ കാത്തിരുന്നു സമയം കളയേണ്ടതുണ്ടോ? ഓസ്റ്റിൻ അനുസ്മരിപ്പിക്കുന്നതുപോലെ എല്ലാ ദിവസവും നല്ല ദിവസങ്ങളാക്കിമാറ്റി മുന്നോട്ടു പോകുവാൻ ശ്രമിക്കുന്നതല്ലേ നമുക്കു നല്ലത്?
അതിന് ആദ്യംചെയ്യേണ്ടത് നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും നല്ല നിമിഷങ്ങളാക്കി മാറ്റുക എന്നതാണ്. അതു സാധിക്കണമെങ്കിൽ ഓരോ നിമിഷവും ദൈവം നമുക്കുനൽകുന്ന അനുഗ്രഹങ്ങളെക്കുറിച്ച് നല്ല അവബോധമുണ്ടാകണം. ഉദാഹരണമായി, ബുദ്ധിമുട്ടുകൂടാതെ നമുക്കു ശ്വസിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് എത്രയോ വലിയ അനുഗ്രഹമാണ്! അതുപോലെ, നാം നോക്കുന്പോൾ ചുറ്റുമുള്ള ലോകത്തെ കാണാൻ സാധിക്കുന്നുണ്ടെങ്കിൽ അതും വലിയൊരു അനുഗ്രഹം തന്നെയല്ലേ?
ഇതുപോലെ എന്തെല്ലാം അനുഗ്രഹങ്ങളാണ് നമ്മുടെ ജീവിതത്തിലുള്ളത്! അവ ഓരോന്നായി എണ്ണുവാനും അവയെക്കുറിച്ച് അനുനിമിഷം അവബോധമുള്ളവരായി ജീവിക്കാനും സാധിച്ചാൽ നമ്മുടെ ഓരോ നിമിഷവും നല്ല നിമിഷങ്ങളായിരിക്കില്ലേ? ഓരോ ദിവസവും നല്ല ദിവസങ്ങളായിരിക്കില്ലേ? സങ്കീർത്തകനായ ദാവീദിന് തന്റെ അനുദിന ജീവിതത്തിലെ അനുഗ്രഹങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. തന്മൂമാണ് പരിശുദ്ധാത്മാവിനാൽ നിവേശിതനായി അദ്ദേഹം എഴുതിയത്- ""ഇതു കർത്താവ് നൽകിയ ദിവസമാണ്. നമുക്കിന്ന് സന്തോഷിച്ചാനന്ദിക്കാം'' (സങ്കീ 118:24)
എന്തു കാരണത്താലാണ് നാം സന്തോഷിച്ചാനന്ദിക്കേണ്ടത്? ദൈവം നമുക്കായി പുതിയൊരു ദിവസം തന്നിരിക്കുന്നു എന്നതുകൊണ്ടുതന്നെ. അതിന്റെ അർഥം അവിടന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട് എന്നതല്ലേ? തന്മൂലമാണ് ദൈവപുത്രനായ യേശു പറഞ്ഞത്- ""നാളെയെക്കുറിച്ച് നിങ്ങൾ ആകുലരാകേണ്ട'' (മത്താ 6:34) എന്ന്.
നമ്മുടെ ഓരോ നിമിഷവും ഓരോ ദിവസവും ഏറ്റവും നല്ലതാക്കി മാറ്റാൻ ദൈവം എപ്പോഴും നമ്മോടുകൂടിയുണ്ട്. എന്നാൽ നമ്മുടെ ഓരോ നിമിഷവും ഓരോ ദിവസവും നാം അവിടത്തോടുകൂടിയാണോ എന്നതാണ് പ്രസക്തമായ ചോദ്യം. നാം എപ്പോഴും അവിടന്നോടൊപ്പമാണെങ്കിൽ നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും ഓരോ ദിവസവും ഏറ്റവും മികച്ചതുതന്നെ ആയിരിക്കും. അതിൽ സംശയംവേണ്ട.