ആത്മാവിൽ പോറലേൽക്കാതിരിക്കാൻ
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Saturday, September 27, 2025 8:24 PM IST
നോവലിസ്റ്റ്, ജേർണലിസ്റ്റ്, കവി, തത്വചിന്തകൻ, രാഷ്ട്രീയക്കാരൻ എന്നിങ്ങനെ വിവിധ നിലകളിൽ പ്രശോഭിച്ച ഗ്രീക്ക് സാഹിത്യകാരനാണ് നിക്കോസ് കസാന്റ്സാക്കിസ് (1883-1957). യൂണിവേഴ്സിറ്റി ഓഫ് ആഥൻസ്, യൂണിവേഴ്സിറ്റി ഓഫ് പാരിസ് എന്നിവിടങ്ങളിൽനിന്ന് ഉന്നതബിരുദങ്ങൾ നേടിയിട്ടുള്ള അദ്ദേഹം എഴുതിയ പ്രസിദ്ധമായ നോവലാണ് "സോർബ ദ ഗ്രീക്ക്'. 1946ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ നോവലിനെ ആധാരമാക്കി 1964ൽ നിർമിക്കപ്പെട്ട ഹോളിവുഡ് സിനിമ വൻവിജയമായിരുന്നു.
സോർബ ദ ഗ്രീക്ക് എന്ന നോവലിലെ പ്രധാനകഥാപാത്രത്തിന്റെ പേര് അലക്സിസ് സോർബ എന്നാണ്. രണ്ടാമത്തെ പ്രധാന കഥാപാത്രമാകട്ടെ കഥ പറയുന്ന ആളും. എന്നാൽ അദ്ദേഹത്തിന് കഥാകാരൻ പേരു നൽകിയിട്ടില്ല. ബോസ് എന്നാണ് സോർബ അദ്ദേഹത്തെ വിളിക്കുക. കാരണം ക്രീറ്റിൽ ബോസ് ആരംഭിച്ച ഒരു കൽക്കരി ഖനിയിലെ ജീവനക്കാരനാണ് സോർബ.
പുസ്തകവായനയിലും തത്വചിന്തയിലുമായി ജീവിതം തള്ളിനീക്കിയിരുന്ന ഒരുവനായിരുന്നു ബോസ്. ആ ജീവിതരീതിയിൽനിന്നു പുറത്തുകടക്കാൻ വേണ്ടിയായിരുന്നു ബോസ് കൽക്കരി ഖനി ആരംഭിച്ചത്. ക്രീറ്റിലേക്കുള്ള യാത്രാമധ്യേയാണ് ബോസ് സോർബയെ കണ്ടുമുട്ടിയത്. ഏതു ജോലിയും ചെയ്യാൻ തയാറായിരുന്ന അയാളെ ബോസ് തന്റെ ജീവനക്കാരനാക്കി.
ഒൗദ്യോഗിക വിദ്യാഭ്യാസമില്ലാതിരുന്നിട്ടും ജീവതത്തെക്കുറിച്ച് വലിയ ഉൾക്കാഴ്ചകൾ സോർബയ്ക്കുണ്ടായിരുന്നു. അതുപോലെത്തന്നെ ജീവിതത്തെ വലിയ ആവേശത്തോടെ സമീപിച്ചിരുന്ന ആളായിരുന്നു സോർബ. അയാൾ കഥകൾ പറയും. പാട്ടുപാടും. നൃത്തംചെയ്യും. ഭയംകൂടാതെ ജീവിതയാഥാർഥ്യങ്ങളെ സമീപിക്കുക എന്നതായിരുന്നു അയാളുടെ നിലപാട്.
കൽക്കരി ഖനനം ആരംഭിക്കാൻ ക്രീറ്റിലെത്തിയ അവർ അവിടെയുണ്ടായിരുന്ന ഗ്രാമീണരുമായി സൗഹൃദം സ്ഥാപിച്ചു. എന്നാൽ ഖനനപദ്ധതി പ്രതീക്ഷിച്ചതുപോലെ മുന്നോട്ടുപോയില്ല. എന്നുമാത്രമല്ല അതു വൻ പരാജയമായി കലാശിക്കുകയും ചെയ്തു. സാന്പത്തികമായി ബോസ് പാടേ തകർന്നു. കാര്യങ്ങൾ ഇങ്ങനെ ഏറെ പ്രതികൂലമായപ്പോൾ സോർബ എന്താണു ചെയ്തതെന്നോ.
അയാൾ പൊട്ടിച്ചിരിക്കാനും നൃത്തംചെയ്യാനും തുടങ്ങി. അതുമാത്രമല്ല സോർബ ചെയ്തത്. പൊട്ടിച്ചിരിച്ച് നൃത്തമാടാൻ അയാൾ ബോസിനെ ക്ഷണിച്ചു. അതുവരെ എല്ലാം കണക്കുകൂട്ടി വിലയിരുത്തി ചെയ്തിരുന്ന വ്യക്തിയായിരുന്നു ബോസ്.
പാട്ടുപാടുകയും നൃത്തംചവിട്ടുകയും ചെയ്യുകയെന്നത് അദ്ദേഹത്തിന് അപരിചിതമായിരുന്നു. എന്നാൽ ജീവിതത്തിൽ തകർച്ച നേരിട്ടപ്പോഴും തന്റെ ആത്മാവിൽ അതു പോറലേല്പിക്കാൻ അനുവദിക്കാതെ പാട്ടുപാടുകയും നൃത്തംചവിട്ടുകയും ചെയ്യുന്ന സോർബയെ കണ്ടപ്പോൾ, ബോസും താൻ അറിയാതെതന്നെ പൊട്ടിച്ചിരിച്ചുകൊണ്ട് നൃത്തംചെയ്യാൻ തയാറായി.
അതോടെയാണ് നോവലിലും സിനിമയിലും കഥ അവസാനിക്കുന്നത്.ജീവിതത്തിലെ സന്തോഷങ്ങൾ ആഹ്ലാദത്തോടെ നാം സ്വാഗതം ചെയ്യും. എന്നാൽ കഷ്ടപ്പാടുകളെ തുറന്ന മനസോടെ നാം സ്വീകരിക്കുമോ? സംശയമാണ്. എന്നാൽ സോർബയുടെ കാര്യത്തിൽ സംഭവിച്ചത് അങ്ങനെയായിരുന്നില്ല.
ജീവിതത്തിലെ കഷ്ടപ്പാടുകളും പരാജയങ്ങളും അയാളെ തളർത്തിയില്ല. അവയെ നേരിടേണ്ടിവന്നപ്പോഴും തന്നിലെ സന്തോഷഭാവം അയാൾ കാത്തുസൂക്ഷിച്ചു. അതോടൊപ്പം, അവയെക്കുറിച്ച് ആഹ്ലാദിച്ച് നൃത്തംചെയ്യാൻവരെ അയാൾ തയാറായി. ദൈവവചനം പറയുന്നു: ""എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇടവിടാതെ പ്രാർഥിക്കുവിൻ. എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്തുവിൽ നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം''- (1 തെസ 5:16-18).
എന്തുകൊണ്ടാണ് ഈ വചനത്തിലൂടെ എപ്പോഴും സന്തോഷിക്കുവാൻ പൗലോസ് അപ്പസ്തോലൻ പഠിപ്പിക്കുന്നത്? നമ്മുടെ ജീവൻ ദൈവത്തിന്റെ വലിയ ഒരു ദാനമല്ലേ? ജീവിതത്തിൽ എന്തു സംഭവിച്ചാലും ജീവൻ എന്ന ദൈവദാനത്തെ ഓർമിച്ച് നാം സന്തോഷിക്കേണ്ടതല്ലേ? അതുമാത്രമോ, നമുക്ക് എന്തു തകർച്ച നേരിട്ടാലും നമ്മെ താങ്ങുവാൻ സ്നേഹസന്പന്നനായ ദൈവമില്ലേ? അപ്പോൾപ്പിന്നെ അതേക്കുറിച്ചോർത്ത് നാം സന്തോഷിക്കേണ്ടതല്ലേ?
അതുപോലെത്തന്നെ ഏതു തകർച്ചയ്ക്കിടയിലും നമ്മുടെ ജീവിതത്തിൽ സന്തോഷിക്കാൻ എത്രയോ കാര്യങ്ങളുണ്ട്. അവ ഓർമിക്കാൻ സാധിച്ചാൽ ഏതു പ്രതിസന്ധിക്കിടയിലും സോർബയെപ്പോലെ നാം സന്തോഷിക്കുകയും നൃത്തംചവിട്ടുകയും ചെയ്യും. സോർബ പൊട്ടിച്ചിരിച്ചത് വലിയൊരു വിജയത്തെ തുടർന്നായിരുന്നില്ല. പ്രത്യുത, ഖനിയിലെ അപകടത്തെ തുടർന്നായിരുന്നു. ആ അപകടത്തിൽ തന്റെ ജീവൻ നഷ്ടപ്പെടാത്തതിനെക്കുറിച്ചായിരുന്നിരിക്കണം അയാൾ ആഹ്ലാദിച്ചത്.
സോർബയുടെ നൃത്തംചവിട്ടൽ ഒരു പ്രാർഥനയായിട്ട് നമുക്ക് കാണാവുന്നതാണ്. അതുപോലെത്തന്നെ അതൊരു നന്ദിപ്രകടനവുമായി നമുക്കു വിലയിരുത്താം. സോർബയുടെ ബോസ് അയാളോടൊപ്പം നൃത്തംചെയ്യാനാരംഭിക്കുന്പോൾ അതയാൾക്കൊരു ആത്മീയ ബോധോദയംതന്നെയായി മാറുന്നു. ഈ ആത്മീയ ബോധോദയമാണ് നമുക്കും വേണ്ടത്.
ഇന്നത്തെ കാലത്ത് പലരും എത്രയോ എത്രയോ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. അവർ താങ്ങുന്ന ഭാരം പലപ്പോഴും ഏറെ വലുതായിരിക്കും. സാന്പത്തികപ്രശ്നങ്ങളും രോഗങ്ങളും വ്യക്തിബന്ധങ്ങളിലെ തകർച്ചകളുമൊക്കെ അതിൽ ഉൾപ്പെടാം. എന്നാൽ ഈ ദുഃഖദുരിതങ്ങൾക്കിടയിലും സന്തോഷിക്കാനും നിരന്തരം പ്രാർഥിക്കാനും നന്ദിയുള്ളവരായിരിക്കാനും നമുക്കു സാധിക്കണം. എങ്കിൽ മാത്രമേ ജീവിതപ്രശ്നങ്ങൾ നമ്മുടെ ആത്മാവിൽ പോറലേല്പിക്കാതിരിക്കൂ.
ബ്രിട്ടീഷ് എഴുത്തുകാരനും ചിന്തകനുമായ ജി.കെ. ചെസ്റ്റർട്ടൻ എഴുതി: ""ലോകത്തിൽ ഒരിക്കലും അദ്ഭുതങ്ങളുടെ അഭാവം ഉണ്ടാകില്ല, എന്നാൽ അദ്ഭുതങ്ങൾ കാണുന്ന കണ്ണുകളുടെ അഭാവം ഉണ്ടാകും''. ജീവിതത്തിലെ കഷ്ടപ്പാടുകൾക്കും സങ്കടങ്ങൾക്കുമിടയിലും ചുറ്റുമുള്ള അദ്ഭുതങ്ങൾ കാണാൻ നാം മടിക്കരുത്. അതിനായി നമ്മുടെ കണ്ണുകൾ എപ്പോഴും തുറന്നുവയ്ക്കാം. അപ്പോൾ ഏതു സങ്കടാവസ്ഥയിലും സോർബയെപ്പോലെ നമുക്കും പൊട്ടിച്ചിരിക്കാനും നൃത്തംചെയ്യാനും സാധിക്കും.