ശിശുപാല്ഗഢ് എന്ന ആസൂത്രിത നഗരം
അജിത് ജി. നായർ
Saturday, August 23, 2025 8:38 PM IST
ഇതിഹാസ കാവ്യമായ മഹാഭാരതത്തിലെ കഥാപാത്രമായ ശിശുപാലനെക്കുറിച്ച് മിക്കവരും കേട്ടിട്ടുണ്ടാവും. ഛേദിയിലെ രാജാവായ ശിശുപാലന്റെ അക്രമങ്ങള്‍ സഹിക്കാനാവാതെ വന്നതോടെ ശ്രീകൃഷ്ണന് സുദര്‍ശനചക്രത്താല്‍ ശിശുപാലന്റെ ശിരച്ഛേദം നടത്തുകയായിരുന്നു എന്നാണ് ഐതിഹ്യം.
ഒഡീഷയിലെ പുരാതന കോട്ടനഗരമായ ശിശുപാല്ഗഢിന് ആ പേരുലഭിച്ചത് ഇതുവഴിയാവണം. ബിസി എട്ടാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനുമിടയില്‍ പണികഴിപ്പിച്ചതെന്നു കരുതപ്പെടുന്ന ഈ നഗരം ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിന് അഞ്ചുകിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് ഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. പുരാവസ്തു ഗവേഷകരുടെ വാദമനുസരിച്ച് ബിസി ഏഴാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനുമിടയില്‍ ഇവിടെ ജനവാസം ആരംഭിച്ചുവെന്ന് കണക്കാക്കുന്നു.
പുരാതന കലിംഗ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ശിശുപാല്ഗഢ് എന്ന് കരുതപ്പെടുന്നു. മഗധ രാജാക്കന്മാരുടെ ആക്രമണത്തെ കാലങ്ങളോളം സമര്‍ഥമായി ചെറുത്ത കലിംഗ സാമ്രാജ്യം ഒടുവില്‍ വീണത് അശോക ചക്രവര്‍ത്തിയുടെ മുന്നിലാണ്.
എന്നാല്‍ ബിസി മൂന്നാം നൂറ്റാണ്ടില്‍ നടന്ന ചരിത്ര പ്രസിദ്ധമായ കലിംഗ യുദ്ധത്തിനുപോലും നഗരത്തിന്റെ വളര്‍ച്ചയെ തടുക്കാനായില്ല. ശിശുപാല്ഗഢ് എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നതെങ്കിലും നഗരത്തിന്റെ യഥാര്‍ഥ പേര് എന്തായിരുന്നുവെന്നകാര്യം ഇന്നും അവ്യക്തമാണ്.
ആധുനിക നഗരാസൂത്രണത്തെ ഓര്‍മിപ്പിക്കുന്ന തരത്തില്‍, കൃത്യമായ ഗ്രിഡ് പാറ്റേണിലാണ് നഗരം നിര്‍മിച്ചിരുന്നത്. ഓരോ വശത്തും രണ്ടുവീതം പ്രവേശന കവാടങ്ങള്‍ ഉണ്ടായിരുന്നു. കവാടങ്ങള്‍ വിശാലവും നേർക്കുള്ളതുമായ പാതകളാല്‍ ബന്ധിതവുമായിരുന്നു.
ഈ പാതകള്‍ നഗരത്തെ ഒന്‍പത് ചതുരഭാഗങ്ങളായി വിഭജിക്കുന്നു. ആ കാലഘട്ടത്തിനനുസരിച്ച് മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ നഗരത്തിനുണ്ടായിരുന്നു. കല്ലുകള്‍ പാകിയ ജലസംഭരണികളും മികച്ച അഴുക്കുചാല്‍ സംവിധാനവും ചിട്ടയായ വീടുകളുടെ അവശിഷ്ടങ്ങളും ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്.
ഏതാണ്ട് 20,000 മുതല്‍ 25,000 വരെ ആളുകള്‍ ഇവിടെ ജീവിച്ചിരുന്നുവെന്നാണ് കണക്ക്. മറ്റു പുരാതന നഗരങ്ങളെ അപേക്ഷിച്ച് ഇത് വളരെ വലിയ ജനസംഖ്യയാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഗവേഷകന് ബി.ബി. ലാലിന്റെ നേതൃത്വത്തില്‍ 1948ലാണ് ഇവിടെ ഖനനം ആരംഭിച്ചത്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രധാനപ്പെട്ട പുരാവസ്തു ഗവേഷണ പദ്ധതികളിലൊന്നായിരുന്നു ഇത്. രണ്ടായിരാമാണ്ടുകളുടെ തുടക്കത്തില്‍ ഒരു അമേരിക്കന്‍-ഇന്ത്യന്‍ സംഘം ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിയതിനെത്തുടര്‍ന്നാണ് നഗരത്തിന്റെ രൂപഘടന കൂടുതല്‍ വ്യക്തമായത്.
ഇവിടെനിന്ന് കണ്ടെത്തിയിട്ടുള്ള ഏകശിലാനിര്‍മിതമായ 16 തൂണുകള്‍ ഷോള ഖോംബ എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇതിന്റെ നിര്‍മാണോദ്ദേശ്യം ഇന്നും തര്‍ക്കവിഷയമായി തുടരുന്നു.മണ്‍പാത്രങ്ങള്‍, ഇരുമ്പുപകരണങ്ങള്‍, കല്ലുകളും ഗ്ലാസുകളും ടെറാക്കോട്ടയും ഉപയോഗിച്ച് നിര്‍മിച്ച മാലകള്‍ എന്നിങ്ങനെ നിരവധി വസ്തുക്കള്‍ ഖനനത്തില്‍ ലഭിച്ചിട്ടുണ്ട്.
നഗരത്തിന്റെ സമ്പദ്ഘടനയിലേക്കും വ്യാപാര സമ്പ്രദായത്തിലേക്കും സംസ്കാരത്തിലേക്കും വെളിച്ചംവീശുന്ന കണ്ടെത്തലുകളാണിത്. ഭൂമാഫിയയുടെ കടന്നുകയറ്റമടക്കം നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ശിശുപാല്ഗഢ് ഇന്ന് നിലനില്‍ക്കുന്നത്.