അഭ്രപാളിയുടെ ആൾരൂപം
സി.വിനോദ് കൃഷ്ണൻ
Saturday, July 19, 2025 8:43 PM IST
ഓസ്കർ പുരസ്കാരങ്ങൾ നൽകാനുള്ള വോട്ടിംഗ് പാനലിലേക്ക് നടൻ കമൽ ഹാസൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിന്ദി നടൻ ആയുഷ്മാൻ ഖുറാനയും പാനലിലുണ്ട്. ഒരു കാലത്ത് ഇന്ത്യയിലേക്ക് ഓസ്കർ കൊണ്ടുവരുമെന്നു പലരും പ്രതീക്ഷിച്ച നടനാണ് കമൽ. ആ ജീവിതം ത്രസിപ്പിക്കുന്നതാണ്.
ആയുഷ്മാൻ ഖുറാനയെ ഹിന്ദി നടൻ എന്നു വിളിക്കാം. എന്നാൽ, കമലിനെ ഏതു ഭാഷയിലെ നടൻ എന്നു വിളിക്കും! തമിഴ് നടൻ എന്നു പറഞ്ഞാൽ തമിഴർ സമ്മതിക്കില്ല.
അവരാണല്ലോ കമലിനെ "ഉലകനായകൻ' എന്നു വിശേഷിപ്പിച്ചത്. കണ്ണും കരളും, കന്യാകുമാരി എന്നിവയിലൂടെ പിച്ചവച്ചു മദനോത്സവവും വയനാടൻ തമ്പാനും സത്യവാൻ സാവിത്രിയുമടക്കം മലയാളികൾക്കു നവ്യാനുഭവംപകർന്ന ഈ നടൻ മലയാളിയല്ലെന്നു പറയാനാകുമോ?.
മറോ ചരിത്രയും സ്വാതിമുത്യവും സിലങ്കൈ ഒലിയുമടക്കം ബംബർ ഹിറ്റുകൾ നൽകിയ കമൽ ഗാരുവിനെ തെലുങ്കർ മറക്കുന്നതെങ്ങിനെ? "ഏക് ദുജേ കേലിയെ'' യും സാഗറുമടക്കം ഏറെ ചർച്ചചെയ്യപ്പെട്ട സിനിമകളിലെ മീശവച്ച നായകനെ ഹിന്ദിസിനിമാലോകം അസൂയയോടെയല്ലേ നോക്കിയത്.
അതികായന്റെ പിറവി
ഇന്ത്യൻ സിനിമയിലെ അതികായൻ, എവിഎം സ്റ്റുഡിയോയുടെ അധിപൻ എ.വി. മെയ്യപ്പ ചെട്ടിയാരാണ് കമൽ എന്ന ആറു വയസുകാരനെ സിനിമയിലെത്തിച്ചത്. കളത്തൂർ കണ്ണമ്മ എന്ന തമിഴ് ചിത്രത്തിൽ ജെമിനി ഗണേശനും സാവിത്രിക്കുമൊപ്പം കമൽ അഭിനയിച്ചു. ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും നേടി.
പിന്നീട് ഷണ്മുഖം ചെട്ടിയാരുടെ നാടക കമ്പനിയിൽ. ഡാൻസർ തങ്കപ്പൻ മാസ്റ്ററുടെ കീഴിൽ നൃത്തസംവിധാന സഹായിയായി വീണ്ടും സിനിമയിലേക്ക്. സംവിധാന സഹായിയും മേക്കപ്പ് ആർട്ടിസ്റ്റുമായി. തുടർന്ന് കെ. ബാലചന്ദറിന്റെ അപൂർവരാഗങ്ങളിലെ നായകവേഷം വഴിത്തിരിവ്. ആദ്യ ഫിലിംഫെയർ അവാർഡും തേടിയെത്തി.
ഫിലിം ഫെയറിന്റെ ചരിത്രത്തിൽ ഒരു റിക്കാർഡിനു തുടക്കമായിരുന്നു അത്. മികച്ച നടനുള്ള 20 ഫിലിം ഫെയർ പുരസ്കാരങ്ങൾ കമലിനെ തേടിയെത്തി. 25 വർഷം മുൻപ്, ഇനി തന്നെ പരിഗണിക്കേണ്ടതില്ലെന്നു കത്തെഴുതിയ ശേഷമാണ് ഫിലിം ഫെയർ പുരസ്കാരം നൽകുന്നത് നിർത്തിയത്.
ഞെട്ടിച്ച സൂപ്പർ ഹിറ്റുകൾ
1977 -78 കാലം, മറ്റൊരു നടനും അന്നും ഇന്നും കെെയെത്തിപ്പിടിക്കാത്ത നേട്ടമായിരുന്നു കമലിന്റെത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ ഒരേസമയം സൂപ്പർ ഹിറ്റുകൾ. ഓരോ ഭാഷയിലെയും സൂപ്പർ താരങ്ങളുടെ സിംഹാസനമാണ് അക്കാലത്ത് കമൽ ഇളക്കിയത്. അഞ്ചു ഭാഷയിലും സ്വയം ഡബ് ചെയ്തു. യുവാക്കളും സ്ത്രീകളും കുടുംബങ്ങളും ഒരേസമയം കമൽ ഹാസൻ എന്ന നവഭാവുകത്വത്തെ വരവേറ്റു.
സിനിമ ജീവിതത്തിൽ ഗുരുസ്ഥാനീയനായി കാണുന്ന കെ. ബാലചന്ദറിനു പുറമേ കെ. വിശ്വനാഥ്, ബാലു മഹേന്ദ്ര, ഭാരതിരാജ തുടങ്ങിയ അക്കാലത്ത് തമിഴ്, തെലുങ്ക് സിനിമകളുടെ മുഖച്ഛായ മാറ്റിയ പ്രതിഭാധനരുടെ ചിത്രങ്ങളിലൂടെ കമൽ പ്രേക്ഷകരെയും സിനിമാലോകത്തെയും സ്തബ്ധരാക്കി. പാൻ ഇന്ത്യൻ താരത്തിന്റെ അടുത്ത നീക്കമായിരുന്നു അവിശ്വസനീയം.
അന്നുവരെ ഒരു നടനും ആലോചിക്കാൻ പോലും ധൈര്യപ്പെടാത്ത കഥാപാത്രങ്ങളിലേക്ക് ചുവടുവച്ചു. അതിൽ പ്രധാനമാണ് ഭാരതിരാജയുടെ സിഗപ്പു റോജാക്കളിലെ നായകൻ. ശാരീരികബന്ധത്തിനു ശേഷം സ്ത്രീകളെ കൊല്ലുന്ന വെറുക്കപ്പെടുന്ന ഒരു സീരിയൽ കില്ലറുടെ വേഷം. അതിനുമുമ്പ് അങ്ങനെയൊന്നു ചെയ്യാൻ ഇന്ത്യൻ സിനിമയിൽ പേരെടുത്ത ഒരു നടനും തയാറായിട്ടില്ല.
ധീരമായ ചുവടുകൾ
ഈ സിനിമ സംഭവിച്ചത് ലോകത്തിന്റെ മറ്റേത് കോണിലായാലും അത്ഭുതമില്ല. എന്നാൽ, സ്ക്രീനിൽ പുകവലിക്കുകയോ മദ്യപിക്കുകയോ പോലും ചെയ്യാത്ത എംജിആറിനെ ദൈവമായി കാണുന്ന തമിഴ് മക്കളുടെ മുന്നിൽ, തമിഴ് വീരപുരുഷന്മാരെ അവതരിപ്പിച്ച് ദൈവസമാനമായി നടികർതിലകം ശിവാജി ഗണേശൻ നിറഞ്ഞു നിൽക്കുന്ന കാലത്താണ് ഇത്.
മലയാളത്തിലെ വയനാടൻ തമ്പാനിലെ നായകവേഷവും സ്ത്രീകളോടുള്ള ക്രൂരത കാട്ടുന്ന കഥാപാത്രം. കുടുംബനായകനായ പ്രേംനസീർ യുഗത്തിലായിരുന്നു ഇത്. 1982 ലാണ് തമിഴിലും ഹിന്ദിയിലും മൂൺട്രാം പിറൈ പുറത്തിറങ്ങുന്നത്.
കമലും ശ്രീദേവിയും തകർത്തഭിനയിച്ച ഈ ബാലു മഹേന്ദ്ര ചിത്രത്തിലൂടെ കമലിനു ദേശീയ പുരസ്കാരം. ശിവാജി ഗണേശനു പോലും അങ്ങനെയൊരു പുരസ്കാരം ലഭിച്ചില്ല എന്നറിയുമ്പോഴാണ് കമൽ ചെറു പ്രായത്തിൽ നേടിയ പുരസ്കാരത്തിനു മതിപ്പേറുന്നത്. ശിവാജി ജീവിച്ചിരിക്കുമ്പോൾത്തന്നെ രണ്ട് ദേശീയ പുരസ്കാരം കൂടി കമലഹാസനു ലഭിച്ചു.
അന്പരപ്പിക്കുന്ന തീരുമാനങ്ങൾ
അഭിനയത്തിൽ ശിവാജി ഗണേശനുമായാണ് കമലിനെ താരതമ്യം ചെയ്യാറുള്ളതെങ്കിലും എംജിആറിനാണ് കമലുമായി ചേർച്ച. എംജിആറിന്റെ തങ്കമുഖവും സ്വർണശരീരവും അന്നു കമലിനു മാത്രമാണുള്ളത്. അഭിനയശേഷി, തമിഴ് വികാരം, ദ്രാവിഡ - പെരിയോർ ശൈലി, സർവോപരി ഭാര്യമാരുടെ എണ്ണത്തിൽവരെ എംജിആറുമായി കമലിനു സാമ്യമുണ്ട്. എംജിആറിനു കമലിനോടു വാത്സല്യമായിരുന്നു താനും.
എംജിആറിനു ശേഷം കമലിനെ സ്വന്തമായി രാഷ്ട്രീയപാർട്ടി തുടങ്ങാൻ നിർബന്ധിച്ച മറ്റൊരാൾ, സംഗീത സംവിധായകൻ ഇളയരാജ. അന്നും ഇന്നും ഇന്ത്യൻ ചലച്ചിത്ര പരമ്പരയിൽ വേറിട്ടു നിൽക്കുന്ന ചിത്രമാണ് രണ്ടാമതും ദേശീയ പുരസ്കാരം നേടിയ മണിരത്നം സംവിധാനംചെയ്ത "നായകൻ'.തിരക്കുള്ള നായകൻമാർ ഒരേ സമയം ഒാടി നടന്നു പല സിനിമകളിൽ അഭിനയിച്ചിരുന്ന കാലം. വർഷം കുറഞ്ഞത് 20 ചിത്രമെങ്കിലും പുറത്തിറങ്ങും.
അക്കാലത്തു കമലിന്റെ ഞെട്ടിക്കുന്ന തീരുമാനം വന്നു. ഒരു സമയം ഒരു ചിത്രം മാത്രം. ഒരെണ്ണം പൂർത്തിയായ ശേഷം മാത്രം അടുത്തത്.
കമലിന്റെ ജനപ്രീതിയുടെ പാരമ്യത്തിൽ ഞെട്ടിക്കുന്ന മറ്റൊരു തീരുമാനം. ഫാൻസുകളെ താലോലിക്കുന്ന തമിഴ്താരങ്ങളെപ്പോലും അന്പരപ്പിച്ച്, കമൽ തന്റെ "രസിക മൺട്ര''''ങ്ങൾ മൊത്തം പിരിച്ചുവിട്ടു.
തനിക്കുവേണ്ടി പോസ്റ്റർ ഒട്ടിക്കാനും കട്ടൗട്ട് വയ്ക്കാനും നടക്കുന്നതിനു പകരം പഠിച്ചും ജോലി ചെയ്തും കുടുംബം നോക്കാൻ ആരാധകരെ ഉപദേശിച്ചു. പകരം രക്തദാനം, നേത്രദാനം തുടങ്ങിയ ക്ഷേമപരിപാടികൾക്കായി "നൻപണിസംഘം'''' എന്ന കൂട്ടായ്മ രൂപീകരിച്ചു. സ്വന്തം കണ്ണും ശരീരവും മരണശേഷം പഠനത്തിന് കൊടുക്കുമെന്നു പ്രഖ്യാപിച്ചു. എയ്ഡ്സ് രോഗം ആസ്പദമാക്കി ഒരു ചിത്രമെടുത്തു.
തൊട്ടതെല്ലാം
നൂറാം ചിത്രം രാജപാർവെയിൽ അന്ധനായി കമൽ എത്തി. സ്വന്തം നിർമാണ കമ്പനിയായ രാജ്കമൽ ഇന്റർനാഷണലാണ് നിർമിച്ചത്. അന്ധനായകനെ ജനം സ്വീകരിക്കില്ലെന്ന് ശിവാജി ഗണേശൻ പോലും മുന്നറിയിപ്പു നൽകിയിട്ടും കമൽ പിന്മാറിയില്ല.
സകലകലാവല്ലഭൻ, വിക്രം, അപൂർവ സഹോദരങ്ങൾ, മൈക്കിൾ മദൻകാമരാജൻ, പുന്നകൈ മന്നൻ, ഇന്ത്യൻ, അവ്വൈ ഷൺമുഖി, തെനാലി, വിശ്വരൂപം തുടങ്ങിയ ചിത്രങ്ങൾ തമിഴ്നാട്ടിൽ പണം വാരി. ഗുണ, സത്യ, മഹാനദി, കുരുതിപ്പുനൽ, ആളവന്താൻ, വിരുമാണ്ടി, കൽക്കി വരെ കലാമേന്മയുള്ള ചിത്രങ്ങളിലൂടെ നിരൂപകരെയും പുതിയ തലമുറയെയും കമൽ ആരാധകരാക്കി. അഭിനയത്തിൽ ഒതുങ്ങിയില്ല, 12 ചിത്രങ്ങൾക്കു രചന, അഞ്ച് ചിത്രങ്ങൾക്ക് സംവിധാനം, മുപ്പതിലേറെ ചിത്രങ്ങളിൽ ഗായകൻ.
സംവിധാനം ചെയ്ത ആദ്യ ചിത്രം ഹേ റാം ദേശീയ ശ്രദ്ധ നേടി. ഏതു ചലച്ചിത്രകാരനും തൊടാൻ ഭയക്കുന്ന ഗാന്ധിവധമായിരുന്നു ഇതിവൃത്തം. രണ്ടാമത് ചെയ്ത വിരുമാണ്ടി തമിഴ്നാട്ടിൽ ഇന്നൊരു കൾട്ട് ക്ലാസിക്കാണ്. രണ്ട് ഭാഗങ്ങളിലായി ചെയ്ത വിശ്വരൂപം വിവാദമുണ്ടാക്കി.
തമിഴ്നാട്ടിൽ ചിത്രം മുഖ്യമന്ത്രി ജയലളിത നിരോധിച്ചു. തുടർന്ന് ഇന്ത്യയൊട്ടാകെ (മലയാളമൊഴികെ)യുള്ള ചലച്ചിത്രലോകം കമലിനു പിന്തുണ പ്രഖ്യാപിച്ചു. ലോകോത്തര നിലവാരത്തിലാണ് വിശ്വരൂപം ഒരുക്കിയത്. അഭിനയിച്ച ചിത്രങ്ങളേക്കാൾ എത്രയോ മടങ്ങാണ് രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ചിത്രങ്ങളുടെ ആവിഷ്കാര ശൈലിയിലെ അഗാധത.
മേക്കപ്പ് മാൻ
മേക്കപ്പിലും കമൽ ഉപരിപഠനം നടത്തി. ഓസ്കർ ജേതാവായ പ്രശസ്ത ഹോളിവുഡ് മേക്കപ്പ് മാൻ മൈക്കിൾ വെസ്റ്റ്മോർ കമലിന്റെ അടുത്ത സുഹൃത്താണ്. ഹോളിവുഡ് ചിത്രമായ റാംബോ ത്രീയിൽ സിൽവർസ്റ്റർ സ്റ്റാലനെ മേക്കപ്പ് ചെയ്ത സംഘത്തിൽ കമലുമുണ്ടായിരുന്നു. കമലിന്റെ മേക്കപ്പ് പാണ്ഡിത്യം മുഴുവൻ പുറത്തെടുത്ത ചിത്രമാണ് പത്തു വേഷങ്ങളിലെത്തിയ ദശാവതാരം.
ഇന്ത്യൻ സിനിമയിലെ ആദ്യ സംഭവം. ശിവാജി ഗണേശനു ശേഷം ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ കമലിനെ തേടിയെത്തി. പത്മശ്രീ, പത്മഭൂഷൺ തുടങ്ങി അസംഖ്യം ബഹുമതികളും. കമലിന്റെ പല ചിത്രങ്ങളും ഇന്നു തമിഴിലെയും മറ്റു ഭാഷകളിലെയും യുവ സംവിധായകർക്കു പാഠപുസ്തകങ്ങളാണ്.
കാലത്തിനൊപ്പം
ഏതൊരു യുവതാരത്തിനൊപ്പവും കിടപിടിക്കാവുന്ന ശാരീരികക്ഷമത ഇപ്പോഴും കമൽ കാത്തുസൂക്ഷിക്കുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യയായ എഐയെക്കുറിച്ചു പഠിക്കാൻ കമൽഹാസൻ ആറു മാസത്തെ കോഴ്സിന് അമേരിക്കയിലെ യൂണിവേഴ്സിറ്റിയിൽ ചേർന്നുവെന്നതായിരുന്നു പുതിയ വാർത്ത. ഇന്ത്യയിലും തമിഴിലും ആദ്യമായി പല സാങ്കേതികവിദ്യകളും പരിചയപ്പെടുത്തിയത് കമൽതന്നെ.
ആദ്യം മടിച്ചെങ്കിലും ഒടുവിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനും കമൽ തയാറായി, മക്കൾ നീതിമയ്യം. ആദ്യ മത്സരത്തിൽ കമൽ തോറ്റെങ്കിലും ഡിഎംകെയുമായി സഹകരിക്കുന്നതിലൂടെ രാജ്യസഭയിലേക്ക് എത്തി. ആഗോള ചലച്ചിത്ര രംഗത്തെ പ്രതിഭയാണ് കമൽ ഹാസൻ. അത് ഒാസ്കർ അക്കാഡമിയും തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്ത്യൻ സിനിമയിൽ കമലിനു പകരം കമൽ മാത്രം.