എഴുന്നേൽക്കൂ പക്ഷീ...വാസ്തുവിദ്യാ വിസ്മയമായി ലേപാക്ഷി വീരഭദ്ര ക്ഷേത്രം
അജിത് ജി. നായർ
Saturday, August 9, 2025 4:08 PM IST
കാലത്തിന്റെ മൂകസാക്ഷിയായി ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ലേപാക്ഷി വീരഭദ്ര ക്ഷേത്രം. ലേപാക്ഷി ക്ഷേത്രം എന്ന പേരില്‍ പ്രശസ്തമായ 16-ാം നൂറ്റാണ്ടിലെ ഈ നിര്‍മിതിയിലൂടെ നടക്കുമ്പോള്‍ നമ്മുടെ മനസ് ചെന്നെത്തുക വിജയനഗര സമ്രാജ്യത്തിന്റെ സുവര്‍ണ കാലഘട്ടത്തിലേക്കാവും.
വിജയനഗര സാമ്രാജ്യത്തിലെ രാജാവായിരുന്ന അച്യുത ദേവരായരാണ് ക്ഷേത്രനിര്‍മാണത്തിന് തുടക്കമിട്ടതെന്ന് കരുതപ്പെടുന്നു. സാക്ഷാല്‍ കൃഷ്ണദേവരായരുടെ അനുജനായിരുന്നു അച്യുത ദേവരായര്‍.
രാമായണത്തിലെ ജഡായുവുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിന് ലേപാക്ഷി എന്ന പേരു ലഭിച്ചതെന്നാണ് ഐതിഹ്യം. ജഡായു രാവണനാല്‍ ചിറകരിഞ്ഞു വീഴ്ത്തപ്പെട്ടതും അന്ത്യശ്വാസം വലിച്ചതും ഇവിടെയാണെന്നാണ് വിശ്വാസം.
സീതയെ തെരഞ്ഞുള്ള യാത്രാവേളയില്‍ രാമന് മരണാസന്നനായ ജഡായുവിനെ കാണുകയും ലേ പക്ഷി (എഴുന്നേല്ക്കൂ പക്ഷീ) എന്നു പറഞ്ഞു ജഡായുവിന് മോക്ഷം നല്‍കിയെന്നും, അങ്ങനെയാണ് പ്രദേശത്തിന് ലേപാക്ഷി എന്ന പേരു ലഭിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.
1529-1542 കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട ലേപാക്ഷി ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത് വിരുപണ്ണ നായക, വീരണ്ണ എന്നീ സഹോദരന്മാരായിരുന്നു. പരമശിവന്റെ രൗദ്രഭാവമായ വീരഭദ്രനായാണ് ക്ഷേത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
വിജയനഗര വാസ്തുശൈലിയുടെ ഉദാത്തമായ ഒരു മാതൃകയാണ് ലേപാക്ഷി ക്ഷേത്രം. കൂര്‍മ ശൈലം എന്നു പേരായ ഒരു താഴ്ന്ന കുന്നിന്റെ മുകളിലാണ് ഈ ക്ഷേത്രം പണിതുയര്‍ത്തിയിരിക്കുന്നത്. ആമയുടെ രൂപാകാരമായതിനാലാണ് കുന്നിന് ആ പേര് ലഭിച്ചത്.
അതിമനോഹരങ്ങളായ ശില്പങ്ങളാല് സമ്പുഷ്ടമാണ് ക്ഷേത്രത്തിന്റെ ഭൂരിഭാഗവും. ദൈവിക രൂപങ്ങള്‍, ദിവ്യന്മാര്, സംഗീതജ്ഞര്‍, നര്‍ത്തകര്‍, രാമായണവും മഹാഭാരതവുമുള്‍പ്പെടെയുള്ള ഹൈന്ദവ ഇതിഹാസങ്ങള്‍ എന്നിവയൊക്കെയാണ് ഇവിടെയുള്ള ശില്പങ്ങള്ക്ക് പാത്രീഭവിച്ചിരിക്കുന്നത്.
ഇവിടത്തെ കല്യാണമണ്ഡപം പ്രശസ്തമാണ്. മണ്ഡപത്തിനു ചുറ്റുമുള്ള അപൂര്‍ണമായ തൂണുകളില്‍ ശിവപാര്‍വതി പരിണയത്തിന്റെ രംഗങ്ങള്‍ അതിമനോഹരമായി ആലേഖനം ചെയ്തിരിക്കുന്നു.
വിജയനഗര കാലഘട്ടത്തിലെ ചുവര്‍ചിത്രങ്ങളാല്‍ സമൃദ്ധമാണ് ക്ഷേത്രത്തിനന്റെ മച്ച്. പ്രകൃതിദത്ത വസ്തുക്കളാണ് നിറങ്ങളായി ഉപയോഗിച്ചിരിക്കുന്നത്. ശിവന്റെ 14 ഭാവങ്ങള്‍, വീരഭദ്രന്റെ ഭീമാകാരമായ ചിത്രം തുടങ്ങി സന്ദര്‍ശകരെയും ഭക്തരെയും വിസ്മയിപ്പിക്കുന്ന അനേകം ചുവര്‍ചിത്രങ്ങള്‍ ഇവിടെ കാണാനാവും. ക്ഷേത്ര നിര്‍മാതാക്കളായ വിരുപണ്ണയുടെയും വീരണ്ണയുടെയും ചിത്രങ്ങളും ഇവയ്ക്കൊപ്പമുണ്ട്.
വീരഭദ്ര ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തവും ഒരു പ്രഹേളികയായി തുടരുന്നതുമായ നിര്‍മിതിയാണ് ക്ഷേത്രത്തിന്റെ പ്രധാന ഹാളില്‍ കാണുന്ന നിലംതൊടാ കല്ത്തൂണ്. തറയില്‍ സ്പര്‍ശിക്കാതെ ഗുരുത്വാകര്‍ഷണത്തെപ്പോലും വെല്ലുവിളിക്കുന്ന ഈ തൂണ് ആധുനിക വാസ്തുവിദഗ്ധര്ക്കുപോലും ഉത്തരമില്ലാത്ത ചോദ്യമായാണ് നിലകൊള്ളുന്നത്.
അദ്ഭുതകരങ്ങളായ രണ്ട് ഏകശിലാ നിര്‍മിതികളും ക്ഷേത്രത്തിന്റെ മാറ്റു കൂട്ടുന്നു. സപ്തശിരസോടുകൂടിയ നാഗത്താല്‍ സംരക്ഷിക്കപ്പെടുന്ന രൂപത്തിലുള്ള നാഗലിംഗമാണ് അതിലൊന്ന്. ഉച്ച ഭക്ഷണത്തിനായി കാത്തിരുന്ന വേളയില്‍ ഒരു മണിക്കൂര്‍ മാത്രമെടുത്താണ് ശില്പികള് ഈ വാസ്തുവിസ്മയം തീര്‍ത്തതെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു.
പ്രധാന ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത നന്ദിയുടെ രൂപമാണ് രണ്ടാമത്തേത്. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഏകശിലാ നിര്‍മിതമായ നന്ദി രൂപങ്ങളിലൊന്നാണിത്.
അതേസമയം ദുരൂഹമായി തുടരുന്ന ഒന്നാണ് ക്ഷേത്രത്തിലെ ചോരപ്പാടുകള്‍. ഇതേക്കുറിച്ച് പല കഥകളുമുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ക്ഷേത്ര നിര്‍മാതാക്കളിലൊരാളായ വിരുപണ്ണയുമായി ബന്ധപ്പെട്ടതാണ്- രാജാവിന്റെ അറിവില്ലാതെ ഖജനാവിലെ പണം ഉപയോഗിച്ച് ക്ഷേത്രം നിര്‍മിച്ച വിരുപണ്ണയുടെ കണ്ണ് ചൂഴ്ന്നെടുക്കാന്‍ രാജാവ് ഉത്തരവിട്ടുവെന്നും എന്നാല്‍ ദുഃഖാര്‍ത്തനായ വിരുപണ്ണ ഇതിനു കാത്തുനില്‍ക്കാതെ തന്റെ കണ്ണുകള്‍ സ്വയം ചൂഴ്ന്നെടുത്ത് ക്ഷേത്രത്തിനു നേരെ വലിച്ചെറിഞ്ഞുവെന്നുമാണ് കഥ. അങ്ങനെയാണ് ക്ഷേത്രഭിത്തിയില്‍ ചുവന്ന നിറം വന്നതത്രേ.
ഭക്തിയുടെയും ഐതിഹ്യത്തിന്റെയും വാസ്തുവിദ്യ വൈദഗ്ധ്യത്തിന്റെയും കാലാതീതമായ പ്രതീകമായാണ് ഈ വിജയനഗര നിര്‍മിതി നിലകൊള്ളുന്നത്. രാമായണവുമായുള്ള ബന്ധവും നിര്‍വചിക്കാനാവാത്ത യാഥാര്‍ഥ്യമായി തുടരുന്ന "നിലംതൊടാ കല്‍ത്തൂണും’ ഇന്ത്യയിലെ തന്നെ ഏറ്റവും മികവാര്‍ന്ന ശില്പവിദ്യയും ചേരുമ്പോള്‍ ഒരേസമയം ആത്മീയകേന്ദ്രമായും വാസ്തു വിസ്മയമായും വീരഭദ്ര ക്ഷേത്രം പ്രശോഭിക്കുന്നു.
ഇന്ത്യയുടെ സാംസ്കാരികവും ചരിത്രപരവുമായ സമ്പന്നതയിലേക്കുള്ള ആഴത്തിലുള്ള ഒരു യാത്രയാണ് ക്ഷേത്രം വാഗ്ദാനം ചെയ്യുന്നത്. ഓരോ സന്ദര്‍ശകനിലും ഒരേസമയം വിസ്മയവും ജിജ്ഞാസയും ആദരവും ജനിപ്പിക്കാനും ലേപാക്ഷിക്ക് കഴിയുന്നു.