പ്രണയക്കടലാഴങ്ങളിൽ...
എസ്.മഞ്ജുളാദേവി
Saturday, August 23, 2025 8:40 PM IST
മലയാളത്തിലെ ആദ്യ ക്യാന്പസ് നോവലായ ഉൾക്കടൽപ്രകാശിതമായിട്ട് അരനൂറ്റാണ്ട്
കൈകാലുകളിൽ ചങ്ങല വീണ കാമുകൻ ഇരുന്പഴികൾക്കപ്പുറം നില്ക്കുന്നു. ഹൃദയസഖിയുടെ കണ്ണീരൊപ്പാൻ അയാൾക്കു കഴിയുന്നില്ല. (ഉൾക്കടൽ)
സത്യമാണിത്. ഇങ്ങനെ ഒരു കാലം ഇവിടെ ഉണ്ടായിരുന്നു. സമൂഹവും അധികാരവ്യവസ്ഥിതിയും മനുഷ്യരുടെ ചിന്തകളെപ്പോലും വിഷംതേച്ച ശൂലമുനയിൽ കുത്തിനിർത്തിയിരുന്ന ഒരു കാലം. ആകാശത്തിലേക്കു പറന്നുയരാൻ അനുവദിക്കാതെ പ്രണയ വെള്ളരിപ്രാവിന്റെ ചിറകുകൾ സൂചിയും നൂലുംകൊണ്ട് തുന്നിക്കെട്ടിയിരുന്ന കാലം. പ്രണയം ചാവുദോഷമായി കണ്ടിരുന്ന അക്കാലഘട്ടത്തിന്റെ പൊള്ളുന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഉൾക്കടൽ.
ജീവിതത്തിന്റെ മധ്യാഹ്നത്തിൽനിന്ന് തിരിഞ്ഞുനോക്കുന്പോൾ കഥാകാരനറിയുന്നു, പറയുന്നു- താനുൾപ്പെടുന്ന ഒരു തലമുറ പ്രണയത്തിന്റെ ശവപേടകവും വഹിച്ച് യാത്രചെയ്യാൻ വിധിക്കപ്പെട്ടവരാണെന്ന്. എങ്കിലും പ്രണയഹൃദയം അറുത്തെടുത്ത ആ രാപകലുകൾക്ക് നമുക്ക് നന്ദിപറയാം. കാരണം പ്രണയനോവിന്റെ ഉൾക്കടൽ സമ്മാനിച്ചത് പൊയ്പ്പോയ ആ കറുത്ത കാലമാണ്.
മികച്ച കഥകളുടെ, നോവലുകളുടെ, ജീവചരിത്രങ്ങളുടെ, സഞ്ചാര സാഹിത്യത്തിന്റെ ശില്പിയാണ് ഓണക്കൂർ. എങ്കിലും പലപ്പോഴും വായനക്കാർ ഓണക്കൂറിനെ ഉൾക്കടലുമായി ചേർത്തുവയ്ക്കുന്നു. ഉരുകിനീറുന്ന കാമുക ചിത്രത്തിന് ജോർജ് ഓണക്കൂറിന്റെ മുഖം നൽകുന്നു.1973ലാണ് ഉറൂബ് പത്രാധിപരായിരുന്ന കേരളദേശത്തിൽ ഉൾക്കടൽ തുടർനോവലായി പ്രസിദ്ധീകരിക്കപ്പെടുന്നത്.
1975 ഓഗസ്റ്റിൽ എസ്പിസിഎസ് പ്രസിദ്ധീകരിച്ച ആദ്യ കാന്പസ് നോവലായ ഉൾക്കടൽ പുറത്തുവന്നു. പ്രശസ്ത ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ വരച്ച കവർചിത്രം വ്രണിതഹൃദയങ്ങളുടെ പ്രതീകമായി. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ പുറത്തുവന്ന നിരവധി പതിപ്പുകളിലൂടെ ആയിരക്കണക്കിനു വായനക്കാർ, മാറിയ തലമുറകൾ ഉൾക്കടൽ ഏറ്റുവാങ്ങിക്കഴിഞ്ഞിരിക്കുന്നു.
വിരഹവിങ്ങലിൽ നീറിനടക്കുന്ന ഒരു രാഹുലന്റെ കഥ മാത്രമല്ല ഉൾക്കടൽ, യുക്തിബോധത്തിന്റെ കണ്ണുകൾക്കു കാണാൻ കഴിയാത്ത ജന്മാന്തര യാത്രയുടെ, കാർമികചക്രത്തിന്റെ സാക്ഷ്യം കൂടിയാണത്. ശാപത്തീയിൽ ചിറകുകൾ എരിഞ്ഞുപോയൊരു ഗന്ധർവശലഭത്തിന്റെ ജനിമൃതിചക്രം.
വെറുതെയല്ല, ഉൾക്കടൽ എന്ന സിനിമയിൽ "സപ്തവർണ ചിറകു കരിഞ്ഞൊരു സ്വപ്നശലഭം ഞാൻ’ എന്ന് രാഹുലനെ കുറിച്ച് ഒ.എൻ.വി. എഴുതിപ്പോയത്! കവികൾ ത്രികാലജ്ഞാനികളാണല്ലോ. എങ്കിലും ഉൾക്കടലിനൊടുവിൽ, ഒടുവിലെങ്ങോ രാഹുലനു ശാപമോക്ഷമുണ്ട്. വെന്തുനീറിക്കൊണ്ടിരിക്കുന്ന തന്റെ ജന്മത്തിലേക്ക് റീനയെ രാഹുലൻ ക്ഷണിക്കുന്നുണ്ട്.
ജീവിതവും മരണവും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു മനസ്. പുഴയിൽ നീന്തിക്കുളിക്കുവാനും ശവമായി ഒഴുകിനടക്കാനും കൊതിക്കുന്ന രാഹുലന്റെ മനസ്. പ്രണയത്തിന്റെ സൂര്യവെളിച്ചത്തിൽ മാത്രം ജീവൻ തുടിക്കുന്ന രാഹുലനെ അവതരിപ്പിക്കുന്ന നോവലിസ്റ്റിന്റെ ക്രാഫ്റ്റും ഏറെ സവിശേഷമാണ്.
ആധുനികസങ്കേതങ്ങളും കാല്പനിക തുടിപ്പുകളും ഇഴചേരുന്ന ഉൾക്കടലിന്റെ രചനാ സങ്കേതത്തെക്കുറിച്ചും സാഹിത്യനിരൂപകന്മാർ ഏറെ ചർച്ചചെയ്തിട്ടുള്ളതാണ്.
വായനക്കാരെ പ്രണയത്തിന്റെ ഉമിത്തീയിൽ ഉരുക്കിയ, നക്ഷത്രവെളിച്ചത്തിൽ ഉണർത്തിയ ഉൾക്കടലിന്റെ ശില്പി ഡോ. ജോർജ് ഓണക്കൂർ സംസാരിക്കുന്നു.
പുസ്തകം അരനൂറ്റാണ്ടിലെത്തുന്പോൾ എന്താണ് മനസിൽ?
ഏറെ സന്തോഷമുണ്ട്. അഭിമാനമുണ്ട്. ഓണക്കൂർ എന്ന് ഗ്രാമത്തിന്റെ പേരു ശിരോലിഖിതമാക്കിയ ഒരാൾകൂടിയാണ് ഞാൻ. എനിക്കു ലഭിക്കുന്ന ഓരോ അംഗീകാരവും എന്റെ നാടിന്റേതുകൂടിയാണ്.
അവാർഡുകൾ ലഭിക്കുന്പോൾ എന്റെ നാട്ടുകാർ എന്നെ വിളിച്ച് അവരുടെ സന്തോഷം പങ്കുവയ്ക്കാറുണ്ട്. എനിക്കേറെ അഭിമാനം തോന്നുന്ന നിമിഷങ്ങളാണത്. ഉൾക്കടൽ പുസ്തകരൂപത്തിൽ എത്തിയതിന്റെ അന്പതാം വാർഷികത്തിലും ഇതേ അഭിമാനം തന്നെയാണ് അനുഭവപ്പെടുന്നത്.
ഗ്രീക്ക് ട്രാജഡികളിൽ വിധിയാണ് മനുഷ്യദുരന്തങ്ങളുടെ കാരണം. ഷേക്സ്പീരിയൻ ദുരന്തങ്ങളിലാകട്ടെ മുഖ്യകഥാപാത്രങ്ങളുടെ സ്വഭാവവും പ്രകൃതവുമാണ് പലപ്പോഴും ജീവിതത്തിന്റെ ഗതി നിശ്ചയിക്കുന്നത്. ഉൾക്കടലിലെ നായകനിൽ ഈ രണ്ടു ഘടകങ്ങളും ജീവിതദുരന്തങ്ങൾക്ക് കാരണമാകുന്നില്ലേ?
അതേ. ഉൾക്കടലിൽ വിധിയും രാഹുലന്റെ മനസും ഇടകലരുന്നുണ്ട്. വിധിയുടെ നിഴലുകൾ രാഹുലന്റെ ജീവിതത്തിൽ പതിക്കുന്നുണ്ട് എന്നുപറയാം. അതുകൊണ്ടാണ് നോവലിൽ പലയിടത്തും ഇത്തരം പരാമർശങ്ങൾ കടന്നുവരുന്നത്.
ഡോ. ജോർജ് ഓണക്കൂറിന്റെ ജീവിതത്തിൽ ഇഴചേർന്നവരുടെ മുഖം നോവലിലെ കഥാപാത്രങ്ങൾക്ക് ഉണ്ടോ? ഉൾക്കടലിലെ റീനയിൽ കഥാകാരന്റെ ഉള്ളിൽ ആഴ്ന്നിറങ്ങിയ മൂവാറ്റുപുഴ നിർമല കോളേജിലെ സഹവിദ്യാർഥിനി ഉണ്ടെന്നു പറയാമോ?
പൂർണമായും അങ്ങനെ പറയാനാവില്ല. എന്റെ ജീവിതവുമായി ബന്ധപ്പെട്ടവരുടെ സാദൃശ്യം ഉണ്ടെന്നു പറയുന്നതാവും നല്ലത്. റീനയും അങ്ങനെതന്നെ. രാഹുലന്റെ അച്ഛനെ സൃഷ്ടിക്കുന്പോൾ പക്ഷേ, സ്നേഹം പുറമേ പ്രകടിപ്പിക്കാത്ത, എന്നും ഒരു എതിരാളിയെപ്പോലെ എന്നെ കണ്ടിരുന്ന എന്റെ അച്ഛനെ പകർത്തുകയായിരുന്നു.
കൗമാരത്തിലെ പ്രണയം അല്ലെങ്കിൽ റീന വീണ്ടും ഒരു ദേവതയായി മുന്നിൽ വന്നിട്ടുണ്ടല്ലോ. ജീവിതത്തിൽ രണ്ടുസാഹചര്യങ്ങളിൽപ്പെട്ട പ്രണയിതാക്കൾ നീണ്ട വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുന്പോൾ പ്രണയത്തിന്റെ മാറ്റ് കുറയുന്നത് സ്വാഭാവികമല്ലേ?
അങ്ങനെ കരുതുന്നില്ല. ഹൃദയത്തോട് ഒട്ടിച്ചേർന്നുനിന്ന പ്രണയിനിയോട് ഉള്ളിലുള്ള പ്രണയം കാലമെത്ര കഴിഞ്ഞാലും മാറണമെന്നില്ല. പിന്നെ ജീവിതസാഹചര്യങ്ങൾ കാരണം പുറമേ പ്രകടിപ്പിക്കാറില്ല എന്നു മാത്രം. ഉൾക്കടലിലെ നായികാ കഥാപാത്രമായ റീനയിലേക്ക് ഞാൻ ജീവൻ പകർന്ന കോളജ് പഠനകാലത്തെ സഹവിദ്യാർഥിനിയെ നീണ്ട മുപ്പതുവർഷങ്ങൾക്കുശേഷം കണ്ടിട്ടുണ്ട്. കുറച്ചുനേരം സംസാരിച്ചു. പിന്നെ രണ്ടുവഴിക്ക് പിരിഞ്ഞു.
ഭാര്യയും അമ്മയും മുത്തശിയുമാണ് പഴയ റീന. ആ സത്യം എന്റെ ഉള്ളിലുണ്ട്. അതേ വികാരംതന്നെയാവും എന്റെ സഹവിദ്യാർഥിനിക്കും ഉണ്ടായിരുന്നത്. എന്നുകരുതി ആത്മാവിൽ ചേർന്നുപോയവൾ മാഞ്ഞുപോകണമെന്നില്ല. ഉള്ളിൽ ഉറഞ്ഞുപോയ ഈ സ്നേഹവും വിങ്ങലുമാകാം എഴുത്തിലൂടെ പുറത്ത് വരുന്നത്. ഉൾക്കടലും അങ്ങനെ തന്നെ.
യൂട്യൂബിൽ ഉൾക്കടൽ സിനിമയിലെ ഗാനങ്ങൾ കേട്ടാസ്വദിക്കുന്ന മുൻതലമുറ എഴുതുന്ന കമന്റുകൾ ഉണ്ട്. പ്രണയം സാക്ഷാത്ക്കരിക്കാൻ കഴിയാതെ നീറി ദഹിച്ചവരുടെ മനസല്ലേ അത്?
പ്രണയം സത്യസന്ധമായി സാക്ഷാത്കരിക്കുന്പോൾ അത് കാലാതിവർത്തിയാവും എന്ന് തോന്നാറുണ്ട്. ഉൾക്കടലിലും അതു തന്നെയാണ് സംഭവിച്ചിട്ടുള്ളത്.
സങ്കോചമില്ലാതെ തുറന്ന് പ്രണയിക്കുന്ന ചെറുപ്പക്കാരുടെ കാലമാണിത്. ടോക്സിക് ബന്ധങ്ങളുടെ നീരാളിപ്പിടിത്തത്തിനിടയിലും ഉൾക്കടൽ വായിക്കപ്പെടുന്നുണ്ട്. ഇത് ഒരു വൈരുധ്യമായി അനുഭവപ്പെടുന്നില്ലേ?
കാലം മാറുന്പോൾ പ്രണയത്തിനു രൂപാന്തരം സംഭവിക്കുന്നുവെന്നേയുള്ളൂ. പ്രണയത്തിന്റെ "സത്ത’ അല്ലെങ്കിൽ സത്യം എല്ലാ കാലത്തും ഒന്നുതന്നെയല്ലേ. ഇന്ന് പരസ്യമായി പ്രണയിക്കുന്ന ചെറുപ്പക്കാരുടെ പ്രണയവും തീക്ഷ്ണംതന്നെയാണെന്ന് ഞാൻ കരുതുന്നു.
മുൻ തലമുറ അവരുടെ പ്രണയത്തെ മുറുകെപ്പിടിച്ചപ്പോൾ പുതിയകാലത്തെ പല ചെറുപ്പക്കാർക്കും പ്രണയവും താല്ക്കാലികമാണ്. എങ്കിലും അവർ പ്രണയിക്കുന്നില്ല എന്ന് പറയാൻ കഴിയില്ല. പഴയ തലമുറയ്ക്ക് പ്രണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉണ്ടായിരുന്ന മൂല്യബോധം ഇവർക്കുണ്ടാകുന്നില്ല എന്നു മാത്രം.
മാറിയ സാഹചര്യങ്ങൾ അതി നൊരു വലിയ കാരണമാണ്. മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും ഉൾപ്പെടെയുള്ള പുതിയ സാങ്കേതികതയുടെ കടന്നുകയറ്റം ഒരു വലിയ കാരണമാണെന്ന് പറയാം. കാലത്തിനു മായ്ച്ചുകളയാൻ കഴിയാത്ത പ്രണയത്തിന്റെ ഉൗഷ്മളഭംഗികളാണ് ഉൾക്കടലിലുള്ളത്.
ആദ്യത്തെ കാന്പസ് നോവൽ എന്ന നിലയിൽ കഴിഞ്ഞ അരനൂറ്റാണ്ടായി ഉൾക്കടൽ ആഘോഷിക്കപ്പെടുന്നതിനെ നോവലിസ്റ്റ് എങ്ങനെ കാണുന്നു?
കാന്പസിൽ നടക്കുന്ന പ്രണയകഥ എന്ന നിലയിലല്ല ഉൾക്കടൽ വിലയിരുത്തപ്പെടുന്നത്. കാന്പസിനെതന്നെ പ്രണയമാക്കുന്ന ഒരു നോവലാണ് ഉൾക്കടൽ. കാന്പസിന്റെ സമഗ്രത എന്നുപറയാം. കോളജിൽ സാഹിത്യം പഠിക്കുകയും പഠിപ്പിക്കുകയും മാത്രമല്ല കലാസാഹിത്യപരമായ ഒരു അന്തരീക്ഷം തീർക്കാനും എനിക്ക് ഭാഗ്യവശാൽ സാധിച്ചിട്ടുണ്ട്.
ഞാൻ പഠിച്ച സെന്റ് ബെർക്ക്മാൻസ് കോളജിലായാലും നിർമല കോളജിലായാലും പഠിപ്പിച്ച മാർ ഇവാനിയോസ് കോളജിലായാലും കാന്പസിന്റെ ഉള്ളാഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞു. കോളജ് യൂണിയൻ ചെയർമാൻ, ആർട്സ് ക്ലബ് സെക്രട്ടറി എന്നീ നിലകളിലെ പ്രവർത്തനം അതിനു സഹായകമായി. മാർ ഇവാനിയോസ് കോളജിൽ അധ്യാപകനായിരിക്കുന്പോൾ നാടക ക്ലബ്, സിനി ആർട്സ് ക്ലബ്, കാന്പസ് ദിനപത്രം എന്നിവയ്ക്ക് തുടക്കം കുറിക്കാനായി.
മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, ചലച്ചിത്രതാരം ജഗതി ശ്രീകുമാർ ഉൾപ്പെടെയുള്ള എന്റെ ശിഷ്യരുടെ കലാ സാഹിത്യരംഗത്തെ മുന്നേറ്റത്തിനു തുടക്കംകുറിക്കാനായി എന്നതും ഈ സമയത്ത് ഓർമിക്കുന്നു. കാന്പസിൽ ഞാൻ ജീവിക്കുകയായിരുന്നു എന്നുപറയാം. ഇതെല്ലാം ഉൾക്കടലിൽ വൈകാരികതയ്ക്ക് ആഴംകൂട്ടി.
ഉൾക്കടലിനെ അഭ്രപാളിയിൽ ഒരു പ്രണയകാവ്യമായി മാറ്റിയിട്ടുണ്ടല്ലോ കെ.ജി. ജോർജ്. ഉൾക്കടൽ സിനിമയാവുന്പോൾ അതിന്റെ തിരക്കഥ രചിച്ചതും നോവലിസ്റ്റ് തന്നെയാണ്.
അതെ. കെ.ജി. ജോർജ് എന്ന സംവിധായക പ്രതിഭയുടെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഉൾക്കടൽ. നോവലിന്റെ ആത്മാവുചോരാതെതന്നെയാണ് സിനിമ വന്നിട്ടുള്ളത്.
ആകാശവാണിയിൽ പ്രക്ഷേപകനായിരുന്ന വേണു നാഗവള്ളിയെ രാഹുലനായി മാറ്റുന്നത് എങ്ങനെയാണ്?
എന്റെ ആത്മസുഹൃത്തായ പ്രശസ്ത സംവിധായകൻ പി. പത്മരാജനാണ് ഇതിനുപിന്നിൽ. നാഗവള്ളി ആർ.എസ്. കുറുപ്പിന്റെ മകനായ വേണുവിനെ എനിക്ക് നേരത്തേ പരിചയമുണ്ട്. ആകാശവാണി വഴിയുള്ള ബന്ധമാണ്. ഉൾക്കടൽ സിനിമയാകുന്നു എന്ന കാര്യമറിഞ്ഞപ്പോൾ അതിലെ നായകനാകാൻ പറ്റിയ ആൾ വേണു നാഗവള്ളി ആണെന്ന് പത്മരാജനാണ് പറയുന്നത്. എന്റെ നോവലുകൾ എല്ലാം വായിക്കുന്ന, എന്റെ ഹൃദയത്തോട് എന്നും ചേർന്നുനിന്ന ഒരാളാണ് പത്മരാജൻ.
പത്മരാജന്റെ സഹപ്രവർത്തകനായിരുന്നു വേണു നാഗവള്ളി. കൂന്പിയടഞ്ഞ കണ്ണുകളും കുനിഞ്ഞ മുഖവുമായി നടന്നിരുന്ന വേണു നാഗവള്ളിയിൽ വിരഹാർത്തനായ രാഹുലനെ കണ്ടെത്താൻ പത്മരാജൻ എന്ന സംവിധായകപ്രതിഭയ്ക്കു കഴിഞ്ഞു. ഒരു ചലച്ചിത്ര നടനാകാൻ വേണു ആഗ്രഹിച്ചിരുന്നോ എന്നുപോലും നിശ്ചയമില്ലാത്ത സമയത്താണ് രാഹുലനായി വേണു മാറുന്നത്.
പത്മരാജൻ കണ്ടെത്തിയ രാഹുലനെ സംവിധായകൻ കെ.ജി. ജോർജും ഉൾക്കടലിന്റെ സ്രഷ്ടാവും തിരക്കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറും എങ്ങനെയാണ് സത്യമാക്കിയത് ?
തിരുവനന്തപുരത്തെ രാജധാനി ടൂറിസ്റ്റ് ഹോമിൽവച്ചായിരുന്നു വേണുവുമായുള്ള കൂടിക്കാഴ്ച. സിനിമാചർച്ചയുമായി ബന്ധപ്പെട്ട് കെ.ജി. ജോർജും ഛായാഗ്രാഹകൻ ബാലു മഹേന്ദ്രയും നിർമാതാവ് കെ.ജെ. തോമസും ഞാനും ഉൾപ്പെടെയുള്ളവർ ഇരുന്ന മുറിയിലേക്ക് വേണു കയറിവന്ന രംഗം മറക്കാൻ കഴിയുന്നതല്ല.
ചെറിയ മഴയുള്ള ഒരു പകലായിരുന്നു. റെയിൻകോട്ടിട്ട് മുടിയിൽ തടഞ്ഞുനിന്നു മഴത്തുള്ളികളെ കൈ കൊണ്ട് മെല്ലെ തട്ടിമാറ്റി മുറിയിലേക്ക് കയറിവന്ന വേണുവിനെ കണ്ടയുടനെ ബാലു മഹേന്ദ്ര പറഞ്ഞു- ഇതാ നമ്മുടെ രാഹുലൻ എത്തിക്കഴിഞ്ഞു എന്ന്. ബാലു മഹേന്ദ്രയുടെ വാക്കുകൾ പിന്നീട് സത്യമാവുകയും ചെയ്തു.
ഒ.എൻ.വി. എഴുതിയതുപോലെ പളുങ്കുചിറകുകൾവീശി ദേവദൂതിയെപ്പോലെ, റീനയായി എത്തിയ ശോഭയും ഒരു നഷ്ടവസന്തമായി മാറിയില്ലേ?
അതെ. ഇന്നും തിരുവനന്തപുരം നഗരത്തിലെ പ്ലാമൂടിനടുത്തുള്ള ജിൻസ് ഇന്റർനാഷണൽ ഹോട്ടലിനു മുന്നിലെ റോഡിലൂടെ പോകുന്പോൾ വലിയ വേദന തോന്നാറുണ്ട്. ഉൾക്കടലിന്റെ ഷൂട്ടിംഗ് സമയത്ത് കെ.ജി. ജോർജും ബാലു മഹേന്ദ്രയും ഉൾപ്പെടെയുള്ളവർ അവിടെയാണ് താമസിച്ചിരുന്നത്. സിനിമയുടെ പ്രധാന ചർച്ചകൾനടന്നതും ഇതേ ഹോട്ടലിലാണ്.
ശോഭയെ ഞാൻ ആദ്യംകാണുന്നതും ജിൻസ് ഇന്റർനാഷണലിൽ വച്ചുതന്നെ. ഒരു നായികയെന്ന നിലയിലല്ല ചെറിയൊരു പെണ്കുട്ടി എന്ന നിലയിലാണ് സെറ്റിലുള്ളവർ ശോഭയെ കണ്ടിരുന്നത്. ജീവിതത്തിൽ കുട്ടിത്തവും കുറുന്പുമൊക്കെയായി നടന്നിരുന്നുവെങ്കിലും അഭിനയകാര്യം വരുന്പോൾ വളരെ ഗൗരവമായ സമീപനം തന്നെയായിരുന്നു. അഭിനയിക്കുന്നതിനുമുന്പ് സംശയങ്ങൾ തിരക്കഥാകൃത്തുകൂടിയായ എന്നോട് ചോദിക്കുന്നതും ഓർമിക്കുന്നു.
ഓണക്കൂറിന്റെ ഉള്ളിലെ "റീന’യും ശോഭ ജീവൻ പകർന്ന റീനയും എവിടെവച്ചാണ് ഒന്നായത്. ഇത്രയും സിന്പിളായ ശോഭയിലേക്ക് എങ്ങനെയാണ് നിർമല കോളജിലെ റീന കടന്നുകയറിയത് ?
അത് തികച്ചും യാദൃച്ഛികമായി സംഭവിച്ചതെന്നേ പറയാൻകഴിയൂ. ഉൾക്കടലിൽ റീനയായി അഭിനയിക്കുന്പോൾ സഹവിദ്യാർഥിനിയുടെ അതേ രൂപവും ഭാവവും സംസാരവുമൊക്കെ കൈവന്നതുപോലെയായിരുന്നു. ശോഭ തലമുടി പിന്നിയിടുന്നതുപോലും എന്റെ പ്രണയിനിയെപ്പോലെയായിരുന്നു.
മലയാളത്തിന്റെ അഭിനയപ്രതിഭയായ തിലകന്റെ രണ്ടാമത്തെ സിനിമയാണ് ഉൾക്കടൽ, തിലകന്റെ സിനിമാ ജീവിതത്തിൽ ഉൾക്കടൽ വലിയ ഒരു ബ്രേക്കായിരുന്നു എന്നു പറയാറുണ്ടല്ലോ?
അതെ. സിനിമയുടെ നിർമാതാവായ കെ.ജെ. തോമസ് മുണ്ടക്കയം സ്വദേശിയാണ്. തോമസാണ് സ്വന്തം നാട്ടുകാരനായ തിലകനെ ഉൾക്കടലിന്റെ ഭാഗമാക്കുന്നത്. ഹൃദയംനീറ്റുന്ന അനുഭവത്തിന്റെ തീയിൽതൊട്ട് ഞാനെഴുതിയ കർക്കശക്കാരനായ അച്ഛനായി തിലകൻ അക്ഷരാർഥത്തിൽ മാറുകയും ചെയ്തു. കൂട്ടത്തിൽ പറയട്ടെ, ജലജ, രതീഷ് എന്നീ അഭിനേതാക്കൾക്കും വലിയൊരു അഭിനയസാധ്യതയാണ് ഉൾക്കടൽ തുറന്നു നല്കിയത്.
ശരദിന്ദു മലർദീപനാളം നീട്ടി എന്ന ഗാനം മാത്രമാണ് സിനിമയിൽ ലിപ് മൂവ്മെന്റ് ഉള്ള ഗാനം. മറ്റു ഗാനങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങുന്ന രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. അതൊരു പോരായ്മയായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ?
ശീർഷകഗാനം ഉൾപ്പെടെ ഒ.എൻ.വി.യും എം.ബി. ശ്രീനിവാസനും ചേർന്ന് ഒരുക്കിയ അതിമനോഹരങ്ങളായ അഞ്ച് ഗാനങ്ങളാണ് ഉൾക്കടലിൽ ഉള്ളത്. സിനിമാ ചിത്രീകരണസമയത്ത് യേശുദാസ് അമേരിക്കയിലായിരുന്നതിനാൽ രംഗചിത്രീകരണത്തിനു ശേഷമാണ് യേശുദാസിന്റെ പാട്ട് റെക്കോർഡ് ചെയ്തത്.
ജയചന്ദ്രനും സെൽമ ജോർജും പാടുന്ന ശരദിന്ദു മലർദീപനാളം നീട്ടി എന്ന പാട്ട് മാത്രമാണ് അഭിനേതാക്കൾ പാടുന്ന അനുഭവമുണ്ടാക്കുന്നത്. കെ.ജി. ജോർജിന്റെ ക്രാഫ്റ്റിന്റെ മികവുകൊണ്ടുതന്നെ യേശുദാസ് പാടുന്ന ഗാനങ്ങളും നായകനായ വേണുനാഗവള്ളി പാടുന്ന അതേ അനുഭൂതി പകർന്നുതരുന്നുണ്ട്.
ശരദിന്ദു മലർദീപനാളം നീട്ടി എന്ന ഗാനത്തിന്റെ റെക്കോർഡിംഗ് കഴിഞ്ഞ ഉടനെ എം.ബി. ശ്രീനിവാസൻ ഉച്ചത്തിൽ "എക്സലന്റ്' എന്ന് വിളിച്ചുപറഞ്ഞത് മറക്കാൻ കഴിയില്ലെന്ന് ഡോ. ഓണക്കൂർ പറഞ്ഞിട്ടുണ്ടല്ലോ?
അതെ. ഇന്നലെയെന്നപോലെ റെക്കോർഡിംഗ് രംഗം എന്റെ മനസിലുണ്ട്. സിനിമയിലെ നായകനായ രാഹുലൻ കവിയാണ്. രാഹുലൻ കുറിച്ചുവച്ച കവിത നായികയായ റീന കണ്ടെടുത്ത് പാടുന്നതാണ് സന്ദർഭം. നായകനു വേണ്ടി ഒ.എൻ.വി. രചിച്ചതാണ് ശരദിന്ദുമലർദീപനാളം നീട്ടി എന്ന കവിത. കവിതയുടെ ആത്മാവിന് പോറൽ ഏൽപ്പിക്കാതെതന്നെ സർഗധനനായ എം.ബി.എസ്. സംഗീതം പകർന്നു. അടുത്തത് ആലാപനമാണ്.
ഗായകരായ പി. ജയചന്ദ്രനും സെൽമ ജോർജും ഈ സംഗീതം ഹൃദയത്തിൽ ആവാഹിച്ച് പാടിയാലേ ഗാനം വിജയിക്കൂ. അതുകൊണ്ടുതന്നെ റെക്കോർഡിംഗ് സമയത്ത് എം.ബി.എസ്. വലിയ സംഘർഷത്തിലായിരുന്നു. എം.ബി.എസിന്റെ സംഗീതം അതുപോലെ ജയചന്ദ്രനും സെൽമ ജോർജും ഏറ്റവാങ്ങി എന്നു ബോധ്യമായപ്പോഴാണ് കൈ രണ്ടും ഉയർത്തി "എക്സലന്റ്' എന്ന് അദ്ദേഹം ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്.
ആ ഗാനമാണല്ലോ ഇന്നും കഥാകാരന്റെ റിംഗ്ടോണായി കേൾക്കുന്നത്?
അതേ. എത്രയോ വർഷങ്ങളായി ശരദിന്ദു മലർദീപനാളം നീട്ടി... തന്നെയാണ് എന്നെ ഫോണിൽ വിളിക്കുന്നവർ കേൾക്കുന്നത്. ഈ ഗാനം കേൾക്കാൻ വേണ്ടി സാറിനെ വിളിച്ചു എന്നുപറയുന്നവരുണ്ട്. പാട്ട് പൂർണമായി കേട്ടശേഷം സാർ ഫോണ് എടുത്താൽ മതിയെന്ന് പറയുന്നവരും കുറവല്ല. വലിയ സന്തോഷമാണ് ഇന്നും ഗാനം ഇങ്ങനെ കൊണ്ടാടപ്പെടുന്നു എന്നു കാണുന്പോൾ.
ഉൾക്കടൽ നൽകിയ വലിയ സൗഭാഗ്യങ്ങളെക്കുറിച്ച് നോവലിസ്റ്റ് പറയാറുണ്ടല്ലോ?
അതെ. ഉൾക്കടൽ എന്ന നോവലും സിനിമയും എന്റെ സൗഭാഗ്യമാണ്. ഒരെഴുത്തുകാരൻ എന്ന നിലയിൽ എന്റെ അടിസ്ഥാനമുറപ്പിച്ചത് ഉൾക്കടൽ എന്ന നോവലാണ്. സാന്പത്തികമായ നേട്ടങ്ങളും നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് സുദർശന എന്ന എന്റെ സ്വപ്നവീട് സത്യമാക്കാൻ സഹായിച്ചതും ഉൾക്കടൽതന്നെ.