ഹൃദയപൂർവം പെരിയപ്പുറം....
സിജോ പൈനാടത്ത്
Saturday, September 27, 2025 8:46 PM IST
ഡോ. ജോസ് ചാക്കോ പെരിയപ്പുറം ലോക ഹൃദയദിനത്തിന്റെ പശ്ചാത്തലത്തില്‍ ഹൃദയ, ജീവിത വിചാരങ്ങള്‍ പങ്കുവയ്ക്കുന്നു...
ഹൃദയം ഒരു വീണയായ്
അതില്‍ നിന് മൊഴിയായ്
എന്‍ നെഞ്ചിന് താളം നിന്നില്‍ കേള്‍ക്കുമ്പോള്‍
എന്‍ ജീവമാല്യം നിന്നില്‍ കാണുമ്പോള്‍
സുകൃത വീഥിയില്‍ അലയും വേളയില്‍
ഹൃദയം ഒരു വീണയായ് അതില്‍ നിന് മൊഴിയായ്...
(പൂവച്ചല്‍ ഖാദര്‍)
ഹൃദയതന്ത്രികളില്‍ ഈണമിടാനും അതിനോടു കിന്നാരം പറയാനും സാധിക്കുകയെന്നതു കവിഭാവനയാകാം. ഹൃദയത്തിലെ ജീവന്റെ സ്പന്ദനസംഗീതം പുതുക്കി ചിട്ടപ്പെടുത്തുന്നതില്‍ കാവ്യഭാവനയ്ക്കപ്പുറം അത്ഭുതം.
പല ഹൃദയങ്ങള്‍ കൊണ്ട് അത്ഭുതങ്ങളുടെ അതുല്യഗാഥകളെഴുതിയൊരാള്... താളം നിലച്ചുപോകുമെന്നു തോന്നിയ പല ജീവിതങ്ങള്‍ക്കു പുത്തന്‍ ഈണങ്ങള്‍ പകര്‍ന്നൊരു മനുഷ്യന്... മസ്തിഷ്ക മരണം സംഭവിച്ചയാളില്നിന്നു പകുത്തെടുക്കുന്ന ഹൃദയം, മറ്റൊരു ശരീരത്തിലേക്കു ചേര്‍ത്തു ജീവന്റെ നവസ്പന്ദനമായി മാറ്റുന്നതിന്റെ സമാനതകളില്ലാത്തൊരു വിശുദ്ധരഹസ്യം സൂക്ഷിക്കുന്നൊരാള്‍...മലയാളി അഭിമാനത്തോടെ അദ്ദേഹത്തെ ചേര്‍ത്തുവച്ചതും തങ്ങളുടെ ഹൃദയങ്ങളില്‍ത്തന്നെ...അതെ; ഒരേയൊരു ഡോ. ജോസ് ചാക്കോ പെരിയപ്പുറം.
2003 മേയ് 13നാണ് കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ മെഡിക്കല്‍ രംഗത്തു ഡോ. പെരിയപ്പുറം ചരിത്രമെഴുതിയത്. പിന്നീട് പലവട്ടം ആ ചരിത്രം തിളക്കത്തോടെ പുതുക്കിയതും അദ്ദേഹംതന്നെ.
രണ്ടുവട്ടം ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായി മൂന്നാമത്തെ ഹൃദയവുമായി ഒരു യുവാവ് ഇന്ന് ആരോഗ്യത്തോടെ ജീവിക്കുന്നതിനും കാരണമായത് ഡോ. പെരിയപ്പുറമാണ്. രാജ്യത്ത് ആദ്യമായി ഒരാളില്‍ ഹൃദയവും ശ്വാസകോശവും ഒരുമിച്ചു മാറ്റിവച്ചു. മധ്യകേരളത്തില്‍ ആദ്യമായി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ 1997ല്‍ നടത്തി.
36 മണിക്കൂറിന്റെ ഇടവേളയില്‍ രണ്ടു ഹൃദയമാറ്റ ശസ്ത്രക്രിയകള്‍ നടത്തി രണ്ടു പേരെ ജീവിതത്തിലേക്കു തിരിച്ചുപിടിച്ചത് ദിവസങ്ങള്‍ക്കു മുമ്പാണ്. വ്യത്യസ്ത അപകടങ്ങളിലായി മസ്തിഷ്കമരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി ഐസക് ജോര്‍ജ് (33), അങ്കമാലി സ്വദേശി ബില്‍ജിത്ത് (18) എന്നിവരുടെ ഹൃദയങ്ങളാണ് ലിസിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ക്കു പുതുജീവനായത്.
ഐസകിനന്റെ ഹൃദയം അങ്കമാലി സ്വദേശി അജിന് ഏല്യാസിന്റെയും (28) ബില്ജിത്തിന്റേത് കൊല്ലം അഞ്ചല്‍ സ്വദേശിനി ആവണി കൃഷ്ണയുടെയും (13) ശരീരത്തില്‍ ഇപ്പോള്‍ സ്പന്ദിക്കുന്നു. ഇതുള്‍പ്പടെ ഡോ. പെരിയപ്പുറം ഇതുവരെ വിജയകരമായി പൂര്‍ത്തിയാക്കിയത് 32 ഹൃദയമാറ്റ ശസ്ത്രക്രിയകള്‍. മാത്യു ആച്ചാടന്, ശ്രുതി, ജെനിഷ, ഗിരീഷ്... ഡോ. പെരിയപ്പുറത്തിന്റെ കൈയൊപ്പുള്ള ഹൃദയങ്ങളുമായി ജീവിക്കുന്നവരുടെ നിര നീളുന്നു... അദ്ദേഹം ഹൃദയശസ്ത്രക്രിയകള്‍ നടത്തിയവരുടെ എണ്ണം 20,000 പിന്നിട്ടു.
2011ല്‍ പത്മശ്രീ, ഈ വര്‍ഷം പത്മഭൂഷണ്‍. രാജ്യം ആദരിച്ച വിഖ്യാത ഹൃദയചികിത്സാ വിദഗ്ധനും എറണാകുളം ലിസി ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവിയുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ലോക ഹൃദയദിനത്തിന്റെ പശ്ചാത്തലത്തില്‍ ഹൃദയ, ജീവിത വിചാരങ്ങള്‍ പങ്കുവയ്ക്കുന്നു.
2003 ല്‍ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ; ഇതുവരെ 32 എണ്ണം. കേരളത്തിന്റെ ആരോഗ്യചരിത്രത്തില്‍ സുപ്രധാനമായൊരു ശീര്‍ഷകം ഡോ. പെരിയപ്പുറം എന്നാണ്. ഇതിലെ സന്തോഷം, സംതൃപ്തി, കടപ്പാട്?
ഏബ്രഹാം എന്നായിരുന്നു ആ 36കാരന്റെ (2003ല്‍) പേര്. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന സ്ഥിതിയിലേക്കെത്തിയ രോഗി. കേരളത്തിന്റെ വൈദ്യശാസ്ത്രമേഖലയില്‍ അതുവരെ ചിന്തിച്ചിട്ടു പോലുമില്ലാത്ത ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ ഭാഗ്യം സിദ്ധിച്ചതും അദ്ദേഹത്തിനായിരുന്നു.
ഇതൊക്കെ സാധിക്കുന്നതാണോ എന്നു സംശയിച്ചവരില്‍ സാധാരണക്കാര്‍ മാത്രമല്ല, അന്നു കേരളത്തിലെ ഡോക്ടര്‍മാര്‍ പോലുമുണ്ടായിരുന്നു. ബൈപാസ് ശസ്ത്രക്രിയയ്ക്കും വാല്‍വ് മാറ്റിവയ്ക്കലിനുപോലും കേരളത്തിനു പുറത്തോ പാശ്ചാത്യ രാജ്യങ്ങളിലോ പോകണമെന്നു നിര്‍ദേശിച്ചിരുന്ന ഘട്ടത്തിലാണ് ഇവിടെ ഹൃദയംതന്നെ മാറ്റിവയ്ക്കാന്‍ വഴിയൊരുങ്ങിയത്.
മസ്തിഷ്കമരണം സംഭവിച്ച സുകുമാരന്‍ എന്നയാളുടെ ഹൃദയമാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ ഓപ്പറേഷന് തിയറ്ററില്‍ ഏബ്രഹാമിനു പുതുജീവനായത്. ഹൃദയം മാറ്റിവയ്ക്കല്‍ നടക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനമെന്ന ചരിത്രനേട്ടത്തിലേക്കു കേരളം നടന്നുകയറിയ ദിനം കൂടിയായിരുന്നു 2003 മേയ് 13.
തുടര്‍ന്നു രണ്ടു പതിറ്റാണ്ടിനിടെ ഹൃദയചികിത്സാരംഗത്തു കേരളം കൈവരിച്ച നേട്ടങ്ങള്‍ വലുതാണ്. ഒന്നോ രണ്ടോ കാത്ത് ലാബുകളുണ്ടായിരുന്ന കേരളത്തില്‍ ഇപ്പോഴുള്ളത് 150 ലധികം. പ്രതിദിനം ഒന്നോ രണ്ടാ ഹാര്‍ട്ട് സര്‍ജറി നടന്നിരുന്നിടത്ത് ഇന്ന് 80 ഓളം ശസ്ത്രക്രിയകള്‍ നടക്കുന്നു. ആദ്യ ഹൃദയംമാറ്റിവയ്ക്കല്‍, ഹൃദയ ചികിത്സാ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളുടെ നാന്ദിയായി കരുതാം.
അന്നു ഹൃദയം ദാനം ചെയ്ത സുകുമാരന്റെ കുടുംബാംഗങ്ങള്‍, അതുവരെ ഹൃദയം മാറ്റല്‍ ശസ്ത്രക്രിയ നടത്താത്ത എന്നെക്കൊണ്ടു, സ്വന്തം ഹൃദയം മാറ്റി മറ്റൊന്നു പകരം വയ്ക്കാന്‍ സമ്മതം മൂളിയ ഏബ്രഹാം... അവരുടെയെല്ലാം ആത്മവിശ്വാസം കൂടിയാണ് ചരിത്രവഴികളിലേക്കു ചുവടുവയ്ക്കാന്‍ എനിക്കും പ്രചോദനമായത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളെല്ലാം ഒരു ടീം വര്‍ക്ക് കൂടിയാണ്.
അനേകം ഹൃദയങ്ങളെ തൊട്ടു, സൗഖ്യമാക്കി... സ്വന്തം ഹൃദയം എങ്ങനെ? ഹൃദയം അങ്ങയോടു പറഞ്ഞത്..?
പ്രായത്തിന്റേതായ ചെറിയ തട്ടലും മുട്ടലുമെല്ലാം എനന്റെ ഹൃദയത്തിനുമുണ്ട്. ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം ജീവിതത്തില്‍ പ്രധാനമാണ്. നാലോ അഞ്ചോ ഹൃദയ ശസ്ത്രക്രിയകള്‍ ഓരോ ദിവസവും നിര്വഹിക്കേണ്ടിവരാറുണ്ട്. രാവിലെ ഏഴര മുതല്‍ രാത്രി പത്തുവരെ നീളുന്ന ശസ്ത്രക്രിയകള്‍. സ്വന്തം ഹൃദയത്തിന്റെ ആരോഗ്യം ശ്രദ്ധിക്കാനുള്ള വ്യായാമങ്ങള്‍ക്കു പലപ്പോഴും സമയം കിട്ടാറില്ലെന്നതാണു വസ്തുത.
അപ്പോഴും ശസ്ത്രക്രിയകളിലൂടെ മറ്റൊരാള്‍ക്കു പുതിയ ജീവന് സമ്മാനിക്കാനാവുന്നതു മനസിനു നല്കുന്ന സംതൃപ്തി വലുതാണ്. ഇതൊരര്‍ഥത്തില്‍ മനസിന്റെ വ്യായാമം കൂടിയാവുന്നു. കൃഷി എനിക്കു പാഷനാണ്. ഞായറാഴ്ചകളില്‍ ചെടികളും മരങ്ങളും മണ്ണുമായുള്ള സമ്പര്‍ക്കങ്ങള്‍ എന്റെ ഹൃദയാരോഗ്യത്തിനും സഹായകമാണെന്നു വിശ്വസിക്കുന്നു.
ഹൃദയമാറ്റ ശസ്ത്രക്രിയകളില്‍ ഹൃദയമിടിപ്പേറ്റിയ ഒരു അനുഭവങ്ങള്‍
ഹൃദയമാറ്റത്തിന്റെ വൈകാരിക നിമിഷങ്ങള്‍ക്കു രണ്ടു തലമുണ്ട്. ഒന്ന് മരണത്തിലേക്കു നടന്നകലുന്ന ദാതാവിന്റെ കുടുംബത്തിന്റെ സങ്കടങ്ങള്‍. മറ്റൊന്ന് മരണത്തിന്റെ പടിവാതിലോളമെത്തിയശേഷം ലഭിക്കുന്ന പുതിയ ഹൃദയത്തിലൂടെ ജീവിതത്തിലേക്കു തിരിച്ചു നടക്കുന്ന രോഗിയുടെയും കുടുംബത്തിന്റെയും സന്തോഷം.
ഇതു രണ്ടിനുമിടയിലാണ് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വംനല്കുന്ന ഡോക്ടര്‍മാരും നഴ്സുമാരും മറ്റുള്ളവരും...ശസ്ത്രക്രിയകളുടെ ഘട്ടത്തില്‍ ഹൃദയം ദാനം ചെയ്യുന്നയാളുടെ കുടുംബാംഗങ്ങളുടെ വൈകാരികാവസ്ഥയാണ് ഏറെ ദുഖിപ്പിക്കുന്നത്.
പ്രിയപ്പെട്ടയാളുടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുമ്പോള്‍ ആളുടെ അവയവം ദാനംചെയ്യാന് കുടുംബാംഗങ്ങള്‍ സന്നദ്ധതയറിയിക്കുന്ന സമയം.. അവരോടു നന്ദി പറയാന്‍ ശ്രമിക്കുമ്പോള്‍, കണ്ണീരും ദുഖവും വേദനയും നിറഞ്ഞ അവരുടെ ഹൃദയവ്യഥകളെ അഭിമുഖീകരിക്കേണ്ടി വരും. തങ്ങളുടെ പ്രിയപ്പെട്ടയാളുടെ ജീവന്റെ തുടിപ്പ് മറ്റൊരാളിലൂടെ തുടരുമെന്ന ബോധ്യം അവരില്‍ പിന്നീട് അനിര്‍വചനീയമായ ആശ്വാസമായും അനുഭവമായും മാറുന്നതും കാണാറുണ്ട്.
ഹൃദയത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആകുലതകള്‍ കൂടുന്ന കാലം. ചെറുപ്പക്കാരില്‍ ഹൃദയാഘാതം, അനുബന്ധ രോഗങ്ങള്‍, കൂടുന്നു...!
വിവര വിനിമയലോകത്തു സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പടെ സജീവമായപ്പോള്‍, ഹൃദ്രോഗത്തെക്കുറിച്ചും ഹൃദയാഘാതത്തെക്കുറിച്ചുമുള്ള ചെറുതും വലുതുമായ വാര്‍ത്തകള്‍ ഇന്ന് എല്ലാവരിലേക്കുമെത്തുന്നുണ്ട്. വാസ്തവത്തില്‍ ജനസംഖ്യാനുപാതികമായ നിരക്കിനു മുകളിലല്ല, ഹൃദയാഘാതമുണ്ടാകുന്നവരുടെ എണ്ണം.
ഹൃദയാരോഗ്യം ഉറപ്പാക്കാന്‍ അത്യാധുനികമായ പരിശോധനകളും ചികിത്സകളും ഇന്നു ലഭ്യമാണ്. യുവാക്കള്‍ അധികവും ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാകുമ്പോള്‍ പരിശോധനകള്‍ക്കു വിധേയരാവാത്തത്, അവരിലെ അസുഖമുള്ളവരുടെ ഹൃദയാരോഗ്യത്തെ സങ്കീര്‍ണമാക്കും. ആകുലതകളേക്കാള്‍ കരുതലാണു വേണ്ടത്.
ഡോക്ടറുടെ പ്രതിബദ്ധത രോഗിയോട്, ആശുപത്രിയോട്, സമൂഹത്തോട് ?
ഡോക്ടര്മാരാവുക എന്നത് ഒരു ജോലി, പ്രഫഷന് എന്നതിനപ്പുറം ഒരു ദൈവവിളിയാണ്. അതു മറ്റുള്ളവരോടുള്ള പ്രതിബദ്ധതകൂടിയാണ്. വ്യക്തികളില്‍ പോസിറ്റീവായ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്നവരാണ് ഡോക്ടര്‍മാര്‍. ആശുപത്രിയിലും പൊതു ഇടങ്ങളിലായാലും നല്ല സമറായനാവുകയെന്നതാണ് ഡോക്ടര്‍മാരുടെ ദൗത്യം.
മസ്തിഷ്ക മരണം, അവയവദാനം മലയാളിയുടെ മനോഭാവമാണോ പ്രശ്നം?
മസ്തിഷ്ക മരണത്തെക്കുറിച്ചു നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും അബദ്ധധാരണകളുണ്ടെന്നത് സങ്കടകരമാണ്. വൃക്കയും കരളുമെല്ലാം മാറ്റിവയ്ക്കുന്നുവെന്നു കേള്‍ക്കുമ്പോള്‍ അതില്‍ ലക്ഷങ്ങളുടെ തിരിമറി നടക്കുന്നുവെന്ന ധാരണ പലര്‍ക്കുമുണ്ട്.
ചില സാഹചര്യങ്ങളില്‍ അവയവം മാറ്റിവയ്ക്കലുകളില്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നുണ്ടാകാം. ഹൃദയം മാറ്റിവയ്ക്കലിനെ സംബന്ധിച്ചു അതു ദാതാവിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചശേഷം സംഭവിക്കുന്നതാണ്. ഇതിനു സര്‍ക്കാര്‍ തലത്തില്‍ നിയതമായ ചട്ടമുണ്ട്.
കെ സോട്ടോ എന്ന സര്‍ക്കാര്‍ സംവിധാനമാണ് സംസ്ഥാനത്ത് അവയവദാനത്തിന്റെ കാര്യങ്ങള്‍ സുതാര്യമായി ഏകോപിപ്പിക്കുന്നത്. മസ്തിഷ്ക മരണം സംഭവിക്കുമ്പോഴുള്ള അവയവദാനം കൂടിയാല്‍, ജീവിച്ചിരിക്കുന്നവരുടെ അവയവദാനം കുറയ്ക്കാനാകും. ഓര്‍ഗന്‍ ട്രാന്സ്പ്ലാന്റേഷന് ലോബി എന്നു പലരും കരുതുന്ന പ്രവണതയെ ഇല്ലാതാക്കാന്‍ അതിലൂടെ സാധിക്കും.
അവയവം മാറ്റിവയ്ക്കലിനെക്കുറിച്ചു യാഥാര്‍ഥ്യബോധമില്ലാത്ത വാര്‍ത്തകള്‍, സിനിമകളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പകരപ്പെട്ട തെറ്റായ സന്ദേശങ്ങള്‍, അബദ്ധ ധാരണകള്‍ എന്നിവയെല്ലാം അവയവദാനത്തിന്റെ എണ്ണം കുറിച്ചിട്ടുണ്ടെന്നതു വസ്തുതയാണ്. സമൂഹം അവയവദാനത്തെക്കുറിച്ച് അവബോധത്തിലേക്കുണരണം. നഷ്ടമായേക്കാവുന്ന അനേകം ജീവിതങ്ങളെ അതിലൂടെ നമുക്കു തിരിച്ചുപിടിക്കാനാകും.
നൂതന സാങ്കേതിക വിദ്യകള്‍ ഹൃദയചികിത്സാരംഗത്തുണ്ടാക്കിയ മാറ്റങ്ങള്‍?
കാര്‍ഡിയോളജിയില്‍ നവീനമായ സംവിധാനങ്ങള്‍ ഏറെയുണ്ടായി. 1996ല്‍ ബെയര്‍ മെറ്റല്‍ സ്റ്റെന്റുകളാണ് ഹൃദയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചത്. പിന്നീട് നൂതനമായ പല സ്റ്റെന്റുുകളെത്തി. വാല്‍വ് റീപ്ലേസ്മെന്റ്, റിപ്പയര്‍ സംവിധാനങ്ങള്‍ ഇന്നുണ്ട്. കൃത്രിമ ഹൃദയം ലോകത്തിന്റെ പല ഭാഗത്തും ഇന്നുപയോഗിക്കുന്നു. ഹൃദ്രോഗം കൊണ്ട് ആരും മരിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ മികച്ച ആശുപത്രികളും ഡോക്ടര്‍മാരും ഇന്നു കേരളത്തിലുണ്ട്.
കുടുംബം, കൃഷി, ആഹ്ലാദം.
ദിവസത്തിലെ ദീര്‍ഘമായ ജോലിക്കുശേഷം വീട്ടിലെത്തുമ്പോള്‍ കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങള്‍ എനിക്ക് ഊര്‍ജമാണ്. ആ ഊര്‍ജമാണ് എന്നെ മുന്നോട്ടുനയിക്കുന്നത്. ഭാര്യ ജെയ്മി മൂവാറ്റുപുഴ കുരുവിത്തടം കുടുംബാംഗം. മൂന്ന് ആണ്മക്കള്. ജേക്കബ് കാനഡയില്‍ എന്‍ജിനീയര്‍. ജോസഫ് ഡോക്ടറാണ്. ജോണ്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി.
മനസില്‍ ബാക്കിവച്ചൊരു സ്വപ്നം
വിദേശത്തെ പഠനത്തിനുശേഷം ഇന്ത്യയില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അതു സാധിക്കാതെവന്നു.
ഉന്നതപഠനം പൂര്‍ത്തിയാക്കി യുകെയില്‍നിന്നു മടങ്ങിയെത്തും മുമ്പ് ഇന്ത്യയില്‍ ആദ്യ ശസ്ത്രക്രിയ ഡല്‍ഹി എയിംസില്‍ നടന്നു. കേരളത്തില്‍ ആദ്യത്തേത് നടത്താനായി.സ്വപ്നങ്ങള്‍ക്കു പിറകേ പോകുന്നയാളല്ല ഞാന്‍. ജീവിതപന്ഥാവില്‍ നമ്മുടെ സമീപനം സുതാര്യവും വിശുദ്ധവുമാകുമ്പോള്‍, ഏറെ കാര്യങ്ങള്‍ നമുക്കു ചെയ്യാനാകും.
ഡോ.ജോസ് ചാക്കോ പെരിയപ്പുറം ജീവിതവഴികള്‍
ജനനം: 1958 ഏപ്രില്‍ 28ന് സൗത്ത് പറവൂരില്‍
മാതാപിതാക്കള്‍: പ്രഫ.പി.എം. ചാക്കോ (പാലാ സെന്റ് തോമസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍), മേരി ചാക്കോ പഠനം: പാലാ സെന്റ് തോമസ്, കോട്ടയം ഗവ.മെഡിക്കല്‍ കോളജ്,
ഉന്നതപഠനം: ഇംഗ്ലണ്ടിലെ റോയല്‍ കോളജ് ഓഫ് സര്ജന്സില്നിന്നു ഫെലോഷിപ്പ്, അയര്‍ലന്‍ഡിലെ പ്രമുഖ ആശുപത്രികളില്‍ ജനറല്‍ സര്‍ജറിയില്‍ വിദഗ്ധ പരിശീലനം.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ 2003ല്‍ ആദ്യത്തേതും രണ്ടാമത്തേതും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍. തുടര്‍ന്ന് 30 എണ്ണവും ലിസി ആശുപത്രിയില്‍. മറ്റു ഹൃദയ ശസ്ത്രക്രിയകള്‍ 20,000ത്തിലധികം.
മറ്റു പ്രവര്‍ത്തനങ്ങള്‍: ഹാര്‍ട്ട്കെയര്‍ ഫൗണ്ടേഷന് സ്ഥാപക ചെയര്മാൻ. കേരള മെഡിക്കല്‍ അസോസിയേഷന്, ഇന്ത്യന്‍ അസോസിയേഷന് ഓഫ് കാര്‍ഡിയോ വാസ്കുലാര്‍ കോണ്‍ഫറന്‍സ്, ഇന്ത്യന്‍ കാര്‍ഡിയോ വാസ്കുലാര്‍ അസോസിയേഷന്, ഹാര്‍ട്ട് ഫെയിലിയര്‍ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ നേതൃരംഗങ്ങളിലും പ്രവര്‍ത്തിച്ചു.
2011ല്‍ പത്മശ്രീ
2025ല്‍ പത്മഭൂഷണ്‍
ഡോ.പെരിയപ്പുറത്തിന്റെ അഞ്ചു ടിപ്സ്
1. മനസ് സന്തോഷമുള്ളതാക്കുക.
2. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുക
3. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താതിരിക്കുക
4. അപരനെ സഹായിക്കാനാകുന്ന അവസരങ്ങള്‍ ഉപയോഗിക്കുക
5. അനാവശ്യമായ ആകുലതകളെ അറിഞ്ഞ് അകറ്റുക
വിദേശിയുടെ ഹൃദയംമാറ്റിവച്ച മലയാളി
വിദേശത്തു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു നേതൃത്വം കൊടുത്ത മലയാളിയായ കാര്‍ഡിയാക് സര്‍ജനാണ് ഡോ. പ്രവീണ്‍ വര്‍മ. 2008ല്‍ യുഎസിലെ ബോസ്റ്റണ്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അത്.
തിരുവനന്തപുരം ശ്രീചിത്രയിലെ പരിശീലനത്തിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ അമേരിക്കയിലെ മെഡിക്കല്‍ സേവനം.ഇപ്പോള്‍ കൊച്ചി അമൃത ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജനും പ്രഫസറുമായ ഡോ. പ്രവീണ്‍, 2015 ജനുവരിയില്‍ ഇവിടെ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ക്കു ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയതും ചരിത്രം.
ഹൃദയത്തിലെ മൈട്രല്‍ വാല്‍വിലുണ്ടാകുന്ന ലീക്ക് പരിഹരിക്കുന്നതിനുള്ള ചികിത്സയില്‍ വിദഗ്ധനാണ് ഡോ. പ്രവീണ്‍. വാല്‍വ് മാറ്റിവയ്ക്കലിനു പുറമേ വാല്‍വ് റിപ്പയറിംഗും ഇതിനുള്ള ചികിത്സയാണ്. ഇതുവരെ ഇത്തരം അഞ്ഞൂറിലധികം ശസ്ത്രക്രിയകള്‍ ഇദ്ദേഹം വിജയകരമായി നടത്തി.
ഹൈപ്പോട്രോഫിക് കാര്‍ഡിയോ മയോപ്പതിയുടെ ചികിത്സയിലും ഇദ്ദേഹം പ്രത്യേകം ഊന്നല്‍ നല്കുന്നു. അവയവദാനത്തില്‍ ഇന്ന് വലിയ കുറവുണ്ടായിട്ടുണ്ടെന്നു ഡോ. പ്രവീണ്‍ പറയുന്നു. സമൂഹത്തിലെ തെറ്റായ ധാരണകള്‍ അതിനൊരു പ്രധാന കാരണമാണ്.
ചില സാഹചര്യങ്ങളില്‍ മസ്തിഷ്ക മരണം സ്ഥിരീകരിക്കാന്‍ വിമുഖതയും കാലതാമസവും പുലര്‍ത്തുന്ന ഡോക്ടര്‍മാരുമുണ്ട്. നിയമപരമായ നൂലാമാലകള്‍ ഭയന്നാണ് അവര്‍ അതിനു തയാറാവാത്തത്. ഇതു ഹൃദയദാതാക്കളെ കിട്ടുന്നതിനു തടസമാകുന്നുണ്ട്. ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ വലിയ തോതില്‍ നടക്കുന്നുവെന്നതും ശ്രദ്ധിക്കണം- ഡോ. പ്രവീണ്‍ വര്‍മ പറഞ്ഞു.