ഭാരത ശില്പികൾ നമ്മൾ...
ഹരിപ്രസാദ്
Saturday, August 9, 2025 4:14 PM IST
ഓഗസ്റ്റ് 15 എന്നുകേട്ടാൽ മനസുകൾ അഭിമാനംകൊണ്ടു വിടരുന്ന തലമുറകളുണ്ട്. ദേശസ്നേഹത്തിന്റെ നിർവചനങ്ങൾക്കപ്പുറമാണ് ആ വികാരം. വീണ്ടുമൊരു സ്വാതന്ത്ര്യദിനം പടിവാതിലിൽ എത്തിയ വേളയിൽ അറിയാതെ ഓർക്കുന്ന ചില പാട്ടുകളിലൂടെ..
സ്വർണനിറമുള്ള ഇളവെയിൽ പരന്നുതുടങ്ങിയിരിക്കും. നേരിയ കാറ്റുവീശുന്നുണ്ടാകും. പുലരിയിലെ തണുപ്പകന്നിട്ടുണ്ടാവില്ല. സ്കൂളിലെത്താൻ തിടുക്കംകൂടും.
അവിടെയെത്തുന്പോൾ വലിയൊരു മുളങ്കാലിൽ ദേശീയപതാക ഉയർത്താനുള്ള ഒരുക്കങ്ങളിലായിരിക്കും അധ്യാപകർ. നിറയെ പൂക്കൾ. എങ്ങും ചിരികൾ. അരികെ മേശപ്പുറത്ത് മിഠായിയുടെ പൊതി. അതിനപ്പുറത്ത് അവിലും ശർക്കരയും നനച്ചത്. പതാക മെല്ലെ ഉയരേക്ക്... സല്യൂട്ട്! ഭാരതം എന്റെ നാടാണ്. എല്ലാ ഭാരതീയരും എന്റെ...
പുതിയകാലത്തിന്റെ നിർവചനങ്ങൾക്കപ്പുറം ഒരു സുഖകരമായ വികാരമാണ് തലമുറകൾക്ക് ദേശസ്നേഹം. എല്ലാവരും ഒന്ന് എന്ന സന്തോഷം. അഭിമാനവും സന്തോഷവും നിറയുന്ന മനസുകൾ. അറി
യാതെ ഏറ്റുപാടിപ്പോകുന്ന പാട്ടുകൾ...
സമരകാലം, ഗാനം
ഒരു ജനതയൊന്നാകെ സ്വാതന്ത്ര്യത്തിനായി ക്ഷീണമറിയാതെ, കുറവുകളോർക്കാതെ പൊരുതിയ കാലഘട്ടം. ആ പോരാട്ടവേളയിലും, തുടർന്ന് സ്വാതന്ത്ര്യത്തിനു ശേഷവും ഒട്ടേറെ പാട്ടുകൾ അളവില്ലാത്ത ഉൗർജംപകർന്നിട്ടുണ്ട്. ജനതയെ ഒന്നാകെ ചേർത്തുനിർത്താൻ പാട്ടുകൾക്കു കഴിഞ്ഞു. ഹിന്ദിയിലും മറ്റു പ്രാദേശിക ഭാഷകളിലുമായി ആയിരക്കണക്കിനു പാട്ടുകൾ. കാലത്തെ ജയിച്ചു മുന്നേറുന്ന അഭിമാനഗീതങ്ങൾ.
സിനിമാപ്പാട്ടുകളും മറ്റുള്ളവയുമായി മലയാളത്തിലും ദേശസ്നേഹം തുളുന്പുന്ന ഒട്ടേറെ പാട്ടുകൾ പിറന്നിട്ടുണ്ട്. സഹനസമരകാലത്തിന്റെ ഓർമകളും, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ജീവൻ വെടിയേണ്ടിവന്ന ധീരസേനാനികൾക്കുള്ള ശ്രദ്ധാഞ്ജലിയും പാട്ടുകളിൽ നിറയുന്നു. സ്വാതന്ത്ര്യദിനം ഏതാനും ദിവസങ്ങൾമാത്രം അകലെയാണ്. കേട്ടുശീലിച്ച ഏതാനും പാട്ടുകളിതാ.
ശില്പികൾ നമ്മൾ...
ഉണരും നവയുഗവസന്തവാടിയിൽ വിടർന്ന പുഷ്പങ്ങൾ- എന്തൊരു മനോഹരമായ ഭാവനയാണ്. ശില്പികൾ നമ്മൾ, ഭാരത ശില്പികൾ നമ്മൾ എന്ന ഗാനത്തിൽ ശ്രീകുമാരൻ തന്പി എഴുതിയ വരികളാണ്. 1975ലെ പിക്നിക് എന്ന ചിത്രത്തിലേതാണ് ഈ പാട്ട്.
സമഗ്രമായ രാഷ്ട്രദർശനമുള്ള പാട്ടെന്നു വിശേഷിപ്പിക്കാം ഇതിനെ. രവീന്ദ്രനാഥ ടഗോർ, ബങ്കിംചന്ദ്ര ചാറ്റർജി തുടങ്ങിയ പ്രതിഭകൾ, കാളിന്ദി, കാവേരി നദികൾ, ഇടുക്കി, ഭക്രാനംഗൽ അണക്കെട്ടുകൾ തുടങ്ങിയവയെല്ലാം പാട്ടിൽ പരാമർശിക്കപ്പെടുന്നു.
എം.കെ. അർജുനൻ മാസ്റ്റർ മാർച്ചിംഗ് താളത്തിലാണ് പാട്ടിന് ഈണമൊരുക്കിയത്. പി. ജയചന്ദ്രനും മാധുരിയും ഗായകർ. സിനിമയിൽ ഒരു തോണിയിൽ യാത്രചെയ്യുന്ന സംഘം പാടുന്ന പാട്ടാണിത്. പ്രേം നസീർ, ബഹദൂർ തുടങ്ങിയവർ രംഗത്ത് അഭിനയിച്ചിരിക്കുന്നു.
ഒരുകാലത്ത് പാർട്ടിഭേദമില്ലാതെ സംഘടനകളുടെ പൊതുയോഗങ്ങളിൽ കേട്ടിരുന്ന പാട്ടാണ് ഇത്. കക്ഷിരാഷ്ട്രീയമില്ലാത്ത രാഷ്ട്രീയഗാനം എന്നുതന്നെയാണ് പിന്നീട് ശ്രീകുമാരൻതന്പി ഈ പാട്ടിനെക്കുറിച്ചു പറഞ്ഞിട്ടുള്ളത്. ഒരുകാലത്തും ഈ പാട്ടിന്റെ പ്രസക്തി നഷ്ടമാകില്ല.
കേവലമൊരുപിടി മണ്ണല്ല...
ഗ്രാമംതോറും നമ്മുടെ പാദം ക്ഷേമം വിതറി നടക്കട്ടെ, കൂരകൾ തോറും നമ്മുടെ കൈത്തിരി കൂരിരുൾ കീറിമുറിക്കട്ടെ... പി. ഭാസ്കരൻ മാസ്റ്ററുടെ വരികൾ. കെ. രാഘവൻ മാസ്റ്ററുടെ സംഗീതം. ഒരേസമയം ലാളിത്യവും ശക്തിയും അനുഭവപ്പെടുത്തും വരികളും സംഗീതവും. 1964ൽ പുറത്തിറങ്ങിയ ആദ്യകിരണങ്ങൾ എന്ന ചിത്രത്തിലെ ഈ പാട്ട് മാധുരിയും സംഘവുമാണ് പാടിയിരിക്കുന്നത്. എത്രയോ തലമുറകൾക്കു ശേഷം ജനിച്ചവരും ഈ പാട്ട് അഭിമാനത്തോടെ മാത്രമേ കേൾക്കൂ- ഗാനരംഗം ഒരിക്കൽപ്പോലും കണ്ടിട്ടില്ലെങ്കിലും!
ഭാസുര ഭൂമി, ഭാരതഭൂമി
മതമൈത്രിയുടെ സുന്ദരഭൂമിയാണ് വയലാർ എഴുതിയ ജയ ജയ ജയ ജന്മഭൂമി എന്ന പാട്ടിൽ തെളിയുന്നത്. 1964ൽ ഇറങ്ങിയ സ്കൂൾ മാസ്റ്റർ എന്ന ചിത്രത്തിലെ ഈ പാട്ടിന് ഈണമൊരുക്കിയത് ദേവരാജൻ മാസ്റ്റർ. യേശുദാസും ടി. ശാന്തയും സംഘവും പാടിയ പാട്ട് ഇന്നും മലയാളത്തിന് അഭിമാനമാണ്. ഒരുതവണ കേട്ടവരുടെ മനസുകളിൽപോലും പതിഞ്ഞിരിക്കും ഇത്.
വരുന്നു ഭാരതപൗരൻ
ഹോട്ടൽ ഹൈറേഞ്ച് എന്ന ചിത്രത്തിലെ ഗംഗാ യമുനാ സംഗമസമതല ഭൂമി ഒരു മുന്നേറ്റത്തിന്റെ പാട്ടാണ്. 1968ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. വയലാർ-ദേവരാജൻ ടീം ആണ് പാട്ടൊരുക്കിയത്. ശബ്ദം കമുകറ പുരുഷോത്തമന്റേത്. ഇവിടെ നടത്തുകയല്ലോ നാമൊരു യുഗപരിവർത്തന യാഗം എന്നുപാടുന്നുണ്ട് കവി ഈ പാട്ടിൽ. കൈയിലുയർത്തിയ ഗാണ്ഡീവവുമായി ഭാരതപൗരൻ മുന്നോട്ടുവരുന്നതും പാട്ടിൽ കാണാം.
ഉണരട്ടെ ഭാരതം
വീണ്ടുമുണരട്ടെ ഈ സംക്രമോഷഃസിൽ വീണ്ടും കവചം ധരിക്കട്ടെ ഭാരതം.., ഉണരട്ടെ ഭാരതം എന്നെഴുതുകയാണ് വീണ്ടും വയലാർ. ശരശയ്യ (1971) എന്ന ചിത്രത്തിലേതാണ് ഉത്തിഷ്ഠതാ ജാഗ്രതാ.. എന്നു തുടങ്ങുന്ന പാട്ട്. ദേവരാജൻ മാസ്റ്ററുടെ ഈണത്തിൽ എം.ജി. രാധാകൃഷ്ണൻ, പി. മാധുരി എന്നിവരാണ് ഈ ഗാനം പാടിയിരിക്കുന്നത്. മോഹനരാഗത്തിൽ മോഹനമായ ഈണം.
ജ്വാലാമുഖി
പുതിയകാലത്തും അഭിമാനഗാനങ്ങൾ പിറന്നിട്ടുണ്ട്. 2008ൽ പുറത്തിറങ്ങിയ കുരുക്ഷേത്ര എന്ന സിനിമയിലുണ്ട് അത്തരമൊരു പാട്ട്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ മുന്നേറുംതോറും അഭിമാനത്താൽ ശിരസുകൾ ഉയരും. ജ്വാലാമുഖി കത്തുന്നൊരു നെഞ്ചിൽ പടരാം, ഒരു താരാഗണമാകാശം ചിന്നിച്ചിതറാം എന്നു തുടങ്ങുന്ന വരികൾക്ക് ഈണമൊരുക്കിയത് സിദ്ധാർഥ് വിപിൻ ആണ്. നജിം അർഷാദ്, നിതിൻ രാജ്, അരുണ് ഗോപൻ തുടങ്ങിയവരുടേതാണ് ശബ്ദങ്ങൾ. മലയാളികൾ ഒരിക്കലും മറക്കാനിടയില്ലാത്ത പാട്ടാണ് ഇതും.
രാജ്യസ്നേഹം മനുഷ്യരോടുള്ള സ്നേഹംകൂടിയാണെന്ന് ഈ പാട്ടുകൾ പറഞ്ഞുവയ്ക്കുന്നു. അവ ഇവിടെ തീരുന്നില്ല. ഒരുതുണ്ടു സ്നേഹംകൂടി മനസുകളിൽ നിറച്ചുവച്ച് നമുക്ക് ത്രിവർണപതാകകളുയർത്താം... നമ്മളാണ് ഭാരതശില്പികൾ!