District News
തിരുവല്ല: ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക പരിസരങ്ങളിൽ വനിതകൾ നൻമകൾ സൃഷ്ടിക്കുന്ന ചാലക ശക്തിയായി മാറണമെന്ന് ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത. ഓർത്തഡോക്സ് മർത്തമറിയം സമാജം ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ വനിതാ ദിനാഘോഷവുംവനിതാ സമാജത്തിന്റെ പുതിയ പോഷക സംഘടനയായ ചൈതന്യ ഫെലോഷിപ്പ് പദ്ധതിയും വള്ളംകുളം സെന്റ് മേരീസ് ഇടവകയിൽ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രഫ. റിജോ ജോൺ ശങ്കരത്തിൽ ക്ലാസുകൾ നയിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കോശി, മാമ്മൻ തോമസ് കോർഎപ്പിസ്കോപ്പ, ഫാ. എം.കെ . ഇമ്മാനുവേൽ, ഫാ. മാത്യു ഏബ്രഹാം കാരയ്ക്കൽ, ഫാ. ബിജു എൻ. ഈപ്പൻ, ശ്രീ. റ്റി.ജി. പ്രസാദ്, മാത്യു പി. തോമസ്, മിനി ജോൺസൺ, ആനി ജോസഫ്, കൊച്ചുമോൾ ബാബു, അഞ്ജു ആനി ജോൺസി എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: പോര്‍ച്ചുഗലില്‍ ജോലി വാഗ്ദാനം ചെയ്ത് അമ്പതോളം പേരെ കബളിപ്പിച്ച് പണം തട്ടിയ രണ്ടംഗ സംഘത്തിലെ ചെറായി സ്വദേശി പ്ലാക്കല്‍ നീതു പ്രസാദിനെതിരെ മുനമ്പത്തും പോലീസ് കേസ് എടുത്തു.
മുനമ്പം ജനഹിത ബീച്ച് റോഡ് ഭാഗത്തെ വീട്ടമ്മ നല്കിയ പരാതിയില്‍ ബുധനാഴ്ചയാണ് കേസ് എടുത്തത്. പോര്‍ച്ചുഗലിലെ മരുന്ന് കമ്പനിയില്‍ പാക്കിംഗ് ജോലി തരപ്പെടുത്താം എന്ന് പറഞ്ഞ് 2022 ഏപ്രില്‍ 11ന് വീട്ടമ്മയുടെ ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 2,20,000 രൂപ നീതു പറഞ്ഞ അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്തിരുന്നു.
എന്നാല്‍ പിന്നീട് വിസ നല്‍കാതെ വന്നതിനെ തുടര്‍ന്ന് ഒരു ലക്ഷം രൂപ തിരികെ നല്കി. ബാക്കി 1,20,000 ആവശ്യപ്പെട്ടിട്ട് നല്‍കാതെ വന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.
തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ വ്യാപകമായി തട്ടിപ്പ് നടത്തി ഇപ്പോള്‍ ദുബായില്‍ കഴിയുന്ന നീതുവിനും കൂട്ടാളിയായ കൊല്ലം മുണ്ടക്കല്‍ സ്വദേശി ബെന്‍സണ്‍ ബോയ് വര്‍ഗീസിനും എതിരെ വീസ തട്ടിപ്പ് ആരോപിച്ച് കഴിഞ്ഞ ദിവസം ഞാറക്കല്‍ പോലീസും ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൂടാതെ പറവൂര്‍, തൃശൂര്‍, പോലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. വഞ്ചിതരായവരുടെ കൂട്ടായ്മ മുഖ്യമന്ത്രിക്ക് നല്കിയ പരാതി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെങ്കിലും അന്വേഷണം ഇഴയുകയാണെന്ന് ആക്ഷേപമുണ്ട്.
District News
പത്തനംതിട്ട:സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വികസിത് സങ്കല്‍പ്പ് ഭാരത് @2047 ദര്‍ശനത്തെ പ്രതിഫലിപ്പിക്കുന്നതിന് പത്തനംതിട്ട എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം വനിത ശക്തീകരണവും സാമ്പത്തിക സാക്ഷരതയും സെമിനാര്‍ സംഘടിപ്പിച്ചു.
എസ്.ബി.ഐ റീജിയണല്‍ മാനേജര്‍ ആര്. അനൂപ് ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറക്ടര്‍ എം. സാദിഖ് അധ്യക്ഷനായി. നാരീശക്തി പുരസ്കാര ജേതാവും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. എം. എസ്. സുനില്‍, പറക്കോട് ബ്ലോക്ക് എഫ്.എല്‍.സി ഗംഗ, സ്നേഹ സൂസന്, ബീന എന്നിവര്‍ പങ്കെടുത്തു. സ്വപ്ന തോമസ്, ഷെമി ഇമാം, ആര്യ രാജന് എന്നിവരെ ആദരിച്ചു.
Kerala
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. ആലത്തൂർ നെല്ലിയാങ്കുന്നം സ്വദേശി സുനീഷാണ് അറസ്റ്റിലായത്.
ഈ മാസം എട്ടിനാണ് രണ്ടിടത്തായി ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ വീടുകളിൽ കയറി ഇയാൾ അതിക്രമം കാട്ടിയത്. സ്ത്രീകൾ ബഹളം വയ്ക്കുന്നത് കേട്ട് ആളുകൾ കൂടിയപ്പോഴേക്കും രണ്ടിടത്തു നിന്നും സുനീഷ് ഓടി രക്ഷപ്പെട്ടു.
സംഭവ ശേഷം എറണാകുളം ഭാഗത്ത് സുനീഷ് ഒളിവിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. എറണാകുളം കുറുപ്പമ്പടിയിൽ നിന്നാണ് പ്രതിയെ ശനിയാഴ്ച വൈകുന്നേരം പിടികൂടിയത്. സുനീഷിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
മൂന്നാഴ്ച മുമ്പാണ് സുനീഷ് തമിഴ്നാട്ടിൽ മോഷണ കേസിലെ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങിയത്. വിവിധ സ്റ്റേഷനുകളിലായി മോഷണം, ലഹരിക്കടത്ത് അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
District News
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് 2026 - 27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് യോഗ പരിശീലനം ആരംഭിച്ചു. കടിയങ്ങാട് രാജീവ് ഗാന്ധി സ്മാരക കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡന്റ് നസീമ വാഴയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. സുനന്ദ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.കെ. ഫാത്തിമ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.ബി. താര, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.കെ. പുഷ്പ, താഹിറ സൽമാൻ, സി.എച്ച്. സക്കീന, യോഗ ട്രെയിനർ ദീപ രവി എന്നിവർ പ്രസംഗിച്ചു. എല്ലാദിവസവും രാവിലെ ആറ് മുതൽ ഏഴ് വരെയാണ് യോഗ പരിശീലനം നടക്കുന്നത്.
National
ബംഗളൂരു: അധികാരത്തിലെത്തി രണ്ടുമാസത്തിനുള്ളിൽ നടന്ന മന്ത്രിസഭാ വികസനത്തിൽ വനിതകളെ അകറ്റിനിർത്തി.
ലോക്ഭവൻ അങ്കണത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ ഗവർണർ തവർചന്ദ് ഗഹ്ലോട്ട് പുതിയ 19 മന്ത്രിമാർക്കു സത്യപ്രതിജ്ഞചൊല്ലിക്കൊടുത്തു.
20 അംഗ മന്ത്രിസഭയ്ക്കാണു കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകാരം നൽകിയത്.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലുണ്ടായിരുന്ന ഭട്കൽ എംഎൽഎ മംഗള വൈദ്യപരിഗണനയിലുണ്ടായിരുന്നു. എന്നാൽ, മുൻമന്ത്രി എസ്.എസ്. മല്ലികാർജുനയെ നിയമിച്ചതോടെ മംഗള വൈദ്യയുടെ സാധ്യത മങ്ങി.
കോൺഗ്രസിൽ നിന്ന് പി.എം നരേന്ദ്രസ്വാമി (മലവള്ളി), ശിവരാജ് തംഗദഗി (കനകഗിരി), രുദ്രപ്പ ലമാനി (ഹാവേരി), കെ.എസ്. ബസവന്തപ്പ (മായകൊണ്ട), ബി. നാഗേന്ദ്ര (ബല്ലാരി- റൂറൽ), ടി. രഘുമൂർത്തി (ചള്ളക്കരെ), ബി. സമീർ അഹമ്മദ് ഖാൻ (ചാമരാജ് പേട്ട്) റിസ്വാൻ അർഷാദ് (ശിവാജിനഗർ) സന്തോഷ് ലാഡ് (കലഘടഗി), മധു ബംഗാരപ്പ (സൊറബ), പുത്തുരംഗഷെട്ടി (ചാമരാജനഗര), എസ്.എസ്. മല്ലികാർജുന (ദാവൻഗരെ നോർത്ത്).
അജയ് സിംഗ് (ജേവർഗി), എൻ. ചലുവരയ്യ സ്വാമി (നാഗമംഗല), കെ.എം ശിവലിംഗ ഗൗഡ (അരസികര), എച്ച്.സി ബാലകൃഷ്ണ (മഗഡി), ബസ്വരാജ് രായറെഡ്ഡി (യെലബുർഗ), വിജയാനന്ദ് കാശപ്പനവർ (ബാഗലകോട്ട്), ലക്ഷ്മൺ സവാദി (അത്താണി) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
13 അംഗ മന്ത്രിസഭയുമായി കഴിഞ്ഞ ജൂൺ മൂന്നിനാണ് ശിവകുമാർ മന്ത്രിസഭ അധികാരത്തിലെത്തിയത്.
Kerala
പാലക്കാട്: കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട രണ്ടുപേരിൽ ഒരാളെ രക്ഷപെടുത്തി. മറ്റൊരാൾക്കായി തിരച്ചിൽ ഊർജിതമാക്കി. തമിഴ്നാട്ടിൽ നിന്നെത്തിയ അഞ്ചംഗ വിനോദസഞ്ചാര സംഘത്തിൽ ഉൾപ്പെട്ട യുവാവും യുവതിയുമാണ് വെള്ളച്ചാട്ടത്തിൽ അകപ്പെട്ടത്. ഇതിൽ യുവാവിനെയാണ് നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷപ്പെടുത്തിയത്.
പാലക്കാട് ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് ഇവിടങ്ങളിലേക്ക് വിനോദസഞ്ചാരികൾക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ യാത്രാ നിരോധനം അറിയാതെ എത്തിയ സംഘമാണ് അപകടത്തിൽപെട്ടത്.
യുവാവും യുവതിയും ശക്തമായ ഒഴുക്കിൽപ്പെട്ട് വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. പാറക്കെട്ടുകൾക്കിടയിലേക്ക് വീണുകിടന്ന യുവാവിനെ സ്ഥലത്തെത്തിയ നാട്ടുകാർ വടം ഉപയോഗിച്ച് താഴെയിറങ്ങിയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
അതേസമയം, വെള്ളച്ചാട്ടത്തിൽ വീണ് കാണാതായ യുവതിക്കായി ആലത്തൂർ, വടക്കഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
National
ബംഗളൂരു: ബംഗളൂരുവിൽ ബസിനകത്ത് യാത്രക്കാരിയോട് യുവാവ് അപമര്യാദയായി പെരുമാറി. ബംഗളൂരു ഹെബ്ബാളിന് സമീപമാണ് സംഭവം.
ബസ് യാത്രയ്ക്കിടെ യുവാവ് മോശമായി സ്പർശിച്ചെന്ന് യുവതി ഡ്രൈവറോട് പറഞ്ഞു. യാത്രക്കാർ ബഹളം വച്ചതോടെ ബസ് റോഡരികിൽ നിർത്തിയിട്ട ശേഷം ഡ്രൈവർ യുവാവിനെ ആക്രമിച്ചു. പ്രതി ഓടിപ്പോകാതിരിക്കാൻ ബസിന്റെ വാതിലുകൾ അടച്ചു.
മോശമായി പെരുമാറിയ യുവാവിനെ ചോദ്യം ചെയ്ത യുവതി ഇയാളുടെ മുഖത്തടിക്കുകയും മർദിക്കുകയും ചെയ്തു. തുടര്‍ന്ന് ഡ്രൈവർ തന്റെ സീറ്റിൽ കയറി നിന്ന് യുവാവിനെ ചവിട്ടുകയും മർദിക്കുകയും ചെയ്തു. മർദനത്തിനിടെ പ്രതിയുടെ ഷർട്ട് അഴിച്ചുമാറ്റിയ നിലയിലായിരുന്നു.
സംഭവത്തിന് ശേഷം യുവാവ് മാന്യത ടെക് പാർക്ക് ബസ് സ്റ്റോപ്പിലും, പരാതിക്കാരിയായ യുവതി ബാബുസാപാളയ സ്റ്റോപ്പിലും ഇറങ്ങിപ്പോയി. നിലവിൽ പോലീസിൽ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ല.
National
മുംബൈ: മുംബൈയിലെ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ സമരക്കാരിയായ യുവതിയെ സിവിൽ വേഷത്തിലുള്ള പോലീസുകാരൻ അപമര്യാദയായി പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് വൻ പ്രതിഷേധം. മുംബൈയിലെ ദാദർ പ്രദേശത്താണ് സംഭവം. മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷ ഗെയ്ക്വാദ് എക്സിൽ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായ വിമർശനങ്ങൾക്ക് കാരണമായത്.
ഒരു പുരുഷ പോലീസുകാരൻ യുവതിയായ പ്രതിഷേധക്കാരിയോട് ഇത്തരത്തിൽ മോശമായി പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും വനിതാ പോലീസുകാരെ എന്തുകൊണ്ട് ചുമതലപ്പെടുത്തിയില്ലെന്നും ചോദിച്ച വർഷ ഗെയ്ക്വാദ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ടാഗ് ചെയ്താണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ വീഡിയോ തെറ്റായ രീതിയിലാണ് പ്രചരിപ്പിക്കുന്നതെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. സമരക്കാരനായ ഒരു പുരുഷനെ മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് യുവതി ഇടയിൽപ്പെട്ടതെന്നും പോലീസുകാരൻ തിരിഞ്ഞുനിൽക്കുമ്പോഴാണ് ഇത് സംഭവിച്ചതെന്നുമാണ് പോലീസിന്റെ വാദം. ഉന്നത ഉദ്യോഗസ്ഥർ വീഡിയോ പരിശോധിച്ച് പോലീസുകാരന്റെ ഭാഗത്ത് തെറ്റില്ലെന്ന് കണ്ടെത്തിയതായും പോലീസ് അവകാശപ്പെട്ടു.
പോലീസിന്റെ വിശദീകരണത്തിനെതിരെ എൻസിപി നേതാവ് രോഹിത് പവാർ രംഗത്തെത്തി. താൻ പിടിച്ചത് പുരുഷനെയല്ല, ഒരു സ്ത്രീയെയയാണെന്ന് മനസിലായിട്ടും പോലീസുകാരൻ എന്തുകൊണ്ട് പിന്മാറിയില്ലെന്നും മോശമായ രീതിയിൽ പിടിക്കുന്നത് തുടർന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
District News
പള്ളുരുത്തി: സ്ത്രീകളെയും പിന്നാക്ക വിഭാഗങ്ങളെയും സ്വയംപര്യാപ്തരാക്കുന്നതിനാണ് സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. കുടുംബത്തിലെ സാമ്പത്തിക പ്രയാസങ്ങള്‍, രോഗങ്ങള്‍ തുടങ്ങിയവയൊക്കെ നേരിടേണ്ടി വരുന്നത് പ്രധാനമായും സ്ത്രീകളാണ്. അതുകൊണ്ടുതന്നെ കുടുംബശ്രീ അടക്കമുള്ള ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ട് സ്ത്രീകളെ സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കും.
വായ്പ നല്കുന്നതിനു പുറമേ കൃത്യമായ നൈപുണ്യ പരിശീലനം, മാര്‍ഗനിര്‍ദ്ദേശം, ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വിപണന സൗകര്യം എന്നിവയും സര്‍ക്കാര്‍ ഉറപ്പാക്കും. സാമൂഹികമായോ സാമ്പത്തികമായോ ഉണ്ടാകുന്ന ഏതൊരു പ്രതിസന്ധിയുടെയും പ്രാഥമികവും അന്തിമവുമായ ഇരകള്‍ സ്ത്രീകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം സമഗ്ര-2026 പള്ളുരുത്തി എസ്എന്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കെ.എ. തുളസി അധ്യക്ഷത വഹിച്ചു. വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍ വിശിഷ്ടാതിഥിയായി. മേയര്‍ വി.കെ. മിനിമോള്‍, എംഎല്‍എമാരായ മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, ടോണി ചമ്മിണി, പിന്നാക്ക വിഭാഗ വികസന വകുപ്പ് സെകട്ടറി ഡോ. എ. കൗശികന് തുടങ്ങിയവരും പങ്കെടുത്തു.
National
ബംഗളൂരു: കർണാടകയിലെ മൈസൂരുവിൽ പശ്ചിമ ബംഗാൾ സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കിരൺ, കിഷോർ, റിയാൻ എന്നിവരാണ് പിടിയിലായത്.
രണ്ട് ദിവസം മുൻപ് ടി. നരസീപുരയിലെ ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന യുവതിയെ പ്രതികൾ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ശാന്തേമാരഹള്ളിയിലെ ലോഡ്ജിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
യുവതിയെ മാറി മാറി ബലാത്സംഗം ചെയ്ത പ്രതികൾ ഇവരുടെ കൈവശമുണ്ടായിരുന്ന അയ്യായിരം രൂപയും തട്ടിയെടുത്തു. കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ വീട്ടിലുണ്ടെന്നും അവിടെ എത്തിച്ചാൽ തരാമെന്നും യുവതി പറയുകയായിരുന്നു.
തുടർന്ന് പ്രതികൾ കാറിൽ യുവതിയെ താമസ സ്ഥലത്ത് എത്തിച്ചു. ഇവിടെ എത്തിയ ഉടൻ വീട്ടുടമയുടെ ഫ്ലാറ്റിലേക്ക് ഓടിക്കയറിയ യുവതി സംഭവം വിവരിച്ചു. ഇതോടെ വീട്ടുടമ പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. യുവതിയെ പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പശ്ചിമ ബംഗാൾ സ്വദശിയായ യുവതി ടി.നരസിപുരയിലെ ഒരു കടയിൽ ജോലി ചെയ്യുകയാണ്.
Business
കൊച്ചി: ഭാരതരത്ന ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ 11-ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി ഡോ. എ.പി.ജെ. അബ്ദുൾ കലാം ഇന്റർനാഷണൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന രാജ്യവ്യാപക വനിതാ സംഗമം ‘ജനനി 2026’ 24ന് എറണാകുളം സെന്റ് തെരേസാസ് കോളജ് (ഓട്ടോണമസ്) ഓഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും .
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ വനിതാനേതാക്കൾ, നയരൂപകർ, ജനപ്രതിനിധികൾ, സംരംഭകർ, ഡോക്ടർമാർ, വിവിധ മേഖലകളിലെ പ്രഫഷണലുകൾ, കലാകാരികൾ, അധ്യാപകർ, മാധ്യമപ്രവർത്തകർ, വിദ്യാർഥികൾ, സാമൂഹികപ്രവർത്തകർ, വിവിധ മേഖലകളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന ദേശീയ സംഗമമായിരിക്കും ‘ജനനി’.
Special News
2026 ഫിഫ വേൾഡ് കപ്പ് ഫൈനലിന് ഒരൊറ്റ ദിവസം മാത്രം ബാക്കി! അതിനിടയിലും, “മെസി ഏതാ?”, “റൊണാൾഡോ ആരാ?” എന്നൊക്കെ സ്ത്രീകൾ സംശയം ചോദിക്കുന്നതിനെ പറ്റിയുള്ള "വൈഫ് ജോക്സ്' ഫാമിലി ഗ്രൂപ്പുകളിൽ നിറഞ്ഞോടുകയാണ്. വീട്ടിലെ പെണ്ണുങ്ങൾ, വീട്ടിലും പുറത്തുമുള്ള പണികൾ മുഴുവൻ ചെയ്തു തീർത്തിട്ട് അർധരാത്രി മണിക്കൂറുകളോളം കളി കണ്ട് പുലർച്ചെ ഉറങ്ങാൻ പോയാൽ രാവിലെ കൃത്യ സമയത്തു ചായയും പ്രാതലും കിട്ടില്ലെന്നറിയാമെങ്കിലും, അവരുടെ പേരിലിരിക്കട്ടെ ഒരു "നിരുപദ്രവകരമായ' തമാശ എന്നാവും ന്യായം. ആദ്യരാത്രി, കിടപ്പറയിലെ ചുമരിലെ സച്ചിൻ തെൻഡുൽക്കറുടെ ഫോട്ടോ നോക്കി "ഇതാരാ ചേട്ടാ?' എന്നു ചോദിക്കുന്ന ഭാര്യയെ സിനിമയിലും നമ്മൾ കണ്ടിട്ടുള്ളതാണല്ലോ.
എന്നാൽ സ്ത്രീകൾക്ക് ഇതൊരു തമാശയല്ല. വയസറിയിക്കുമ്പോൾ മുതൽ ഒരു പെൺകുട്ടിക്കു പൊതുവിടങ്ങൾ നഷ്ടമാവുകയാണ്. കളിക്കളങ്ങൾ പ്രത്യേകിച്ചും. "നീ മുതിർന്നെ'ന്നും പറഞ്ഞ് പെട്ടെന്നൊരു ദിവസം അവരെ വീടിനു പുറത്തു തനിച്ചു വിടാതാകുമ്പോൾ തൊട്ട്, ആൺകുട്ടികളുടെ ബാല്യകൗമാര നൊസ്റ്റാൾജിയകളായ പാടത്തെ ക്രിക്കറ്റും പറമ്പിലെ ഫുട്ബോളുമെല്ലാം പെൺകുട്ടികൾക്ക് അന്യമായി മാറുകയാണ്.
അതിനു ശേഷം, നാടും വീടും കൂട്ടുകാരും വിട്ടകന്നുള്ള "അന്യ വീട്ടിലെ' ജീവിതം. നിങ്ങളുടെ അമ്മക്കോ ഭാര്യക്കോ അറിയില്ലെന്നു നിങ്ങൾ കളിയാക്കുന്ന "വിവരം' അവർക്ക് നഷ്ടപ്പെട്ട അവസരങ്ങളാണ്. അല്ലെങ്കിൽ തന്നെ, പൊതുവിജ്ഞാനമല്ലല്ലോ: അവർക്ക് "അടക്കവും ഒതുക്കവുമുണ്ടോ', "ചോറും കറിയും വക്കാനറിയാമോ', ഇതൊക്കെയല്ലേ നിങ്ങളുൾപ്പെടുന്ന സമൂഹത്തിന്റെ കൺസേൺ?
കാലം മാറി
പക്ഷേ, കാലം മാറിപ്പോയി. ഭാര്യയുടെ പൊട്ടത്തരം എന്ന പേരിൽ ആഘോഷിക്കപ്പെടുന്ന ഇത്തരം തമാശകൾ പൊളിറ്റിക്കലി ഇൻകറക്ട് മാത്രമല്ല ഔട്ട്ഡേറ്റഡുമായിക്കൊണ്ടിരിക്കുന്നു. ഇഷ്ടതാരത്തിന്റെ ജേഴ്സിയുമണിഞ്ഞ് പെൺപിള്ളേർ ഉറക്കമൊഴിച്ചിരുന്നു കളികാണുന്നു. ഒന്നു ചോദിച്ചു നോക്കിയാൽ മെസി ആരാണെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ മുഴുവൻ ചരിത്രവും അവർ നിങ്ങൾക്കു പറഞ്ഞു തരും. ഇത് ഫുട്ബോളിന്റെ കാര്യത്തിൽ മാത്രമല്ല. വീട്ടിനു പുറത്തുള്ള, തന്റേതും കൂടിയായ പൊതുവിടങ്ങളെ, അവർ നേടിയെടുത്തു കഴിഞ്ഞു.
തങ്ങളുടെ മുൻതലമുറയിലെ സ്ത്രീകൾക്ക് അപ്രാപ്യമോ ഭയമോ ആയിരുന്ന പലതിനേയും ഇന്നവർ കീഴടക്കിയിരിക്കുന്നു. സോളോ യാത്രകൾ മുതൽ സാഹസികതകൾ വരെ. തീയറ്ററിൽ ആർപ്പു വിളിക്കുന്നത് മുതൽ പൂരത്തിനു താളം കൊട്ടുന്നത് വരെ. അങ്ങനെ ആൺലോകത്തിന്റെ മാത്രമായിരുന്ന ആഘോഷങ്ങൾ പെണ്ണുങ്ങളുടേതുമായി മാറിക്കൊണ്ടിരിക്കുന്നു.
വാഹനമോടിക്കുന്ന സ്ത്രീകൾ
സ്കൂട്ടി മാത്രമല്ല, ബൈക്കും കാറും മുതൽ ബസും ലോറിയും വിമാനവും ഫൈറ്റ് ജെറ്റുകളും വരെ ഓടിക്കുന്ന സ്ത്രീകളുണ്ട്. എന്നാൽ, "സ്ത്രീകൾക്ക് നന്നായി വാഹനമോടിക്കാൻ കഴിയില്ല' എന്ന മുൻവിധിയുടെ പുറത്ത്, വീട്ടിലും നിരത്തിലും അവർ പലതരത്തിലുള്ള കളിയാക്കലിനും നിരുത്സാഹപ്പെടുത്തലിനും ഹരാസ്മെന്റിനും വിധേയരാകുന്നുണ്ട്.
ഡ്രൈവ് ചെയ്യുന്ന സ്ത്രീകളോട് എന്റെ അമ്മയ്ക്ക് അത്ഭുദാദരവാണ്. അമ്മയെയും കൊണ്ട് ഞാൻ ആദ്യമായി ഡ്രൈവ് ചെയ്ത് പുറത്തേക്കിറങ്ങിയപ്പോൾ അമ്മയ്ക്കു ഭയങ്കര പേടിയായിരുന്നു. ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ അത് അഭിമാനമായി മാറി. പണ്ട് സ്കൂട്ടി ഓടിക്കാൻ പഠിക്കുന്നതിനിടയിൽ മറിഞ്ഞു വീണു സാരമായ പരിക്കു പറ്റിയത് കൊണ്ട് പഠനം മുന്നോട്ടു കൊണ്ടു പോകാൻ അമ്മയെ വീട്ടിലാരും സമ്മതിച്ചില്ല. ആ നഷ്ടബോധം അമ്മയെ ഇന്നും വേട്ടയാടുന്നുണ്ട്. തനിക്ക് നേടാനാവാഞ്ഞത് മകൾ നേടിയെടുക്കുന്നത് കാണുമ്പോൾ, ഇതുപോലെ പല അമ്മമാരുടേയും ഉള്ളിൽ അവരുടെ പെൺകുട്ടിക്കാലം ആനന്ദാശ്രു പൊഴിക്കുന്നുണ്ടാവാം.
തനിച്ചുള്ള യാത്രകൾ
കുടുംബം, അല്ലെങ്കിൽ ഒരു പുരുഷനെങ്കിലും കൂടെയില്ലാതെ സ്ത്രീകളെ വീടിനു പുറത്തേക്കിറങ്ങാൻ അനുവദിക്കാതിരുന്ന കാലത്തുനിന്നും അവർ തനിയെ അപരിചിതങ്ങളായ രാജ്യങ്ങളും ഭൂഖണ്ഡങ്ങളും താണ്ടുന്ന സോളോ ട്രിപ്പുകൾ നടത്തുന്ന കാലത്തിലേക്കു സ്വയം വളർന്നു കഴിഞ്ഞു. എന്റെ മുത്തശി, ഒരു പഞ്ചായത്തിൽനിന്നു മറ്റൊരു പഞ്ചായത്തിലേക്കു പോലും തനിച്ചു സഞ്ചരിച്ചിട്ടില്ല. എന്നാൽ, രണ്ടു മൂന്നു പെട്ടികളും മനസു നിറയെ ആഹ്ളാദവുമായി കൊച്ചു മകൾ ലണ്ടനിലേക്കു പറന്നതു തീർത്തും തനിച്ചായിരുന്നു. സ്യൂറക് വഴിയായിരുന്നു കണക്ഷൻ ഫ്ളൈറ്റ്. സ്വിറ്റ്സർലൻറ്റിന്റെ അതിമനോഹരമായ ഭൂപ്രകൃതിയിൽനിന്നു പറന്നുയർന്ന് ആകാശത്തുനിന്നു ഭൂമിയിലേക്കു നോക്കുമ്പോളുള്ള കാഴ്ച അവിസ്മരണീയമാണ്. എത്രയോ സിനിമകളിൽ കണ്ടു മോഹിച്ച കാഴ്ചയാണത്!
ലണ്ടനിൽ എത്തിയപ്പോൾ എന്റെ ബാഗ് സ്യൂറക്കിൽ കുടുങ്ങിപ്പോയെന്നും ലഭിക്കാൻ ഒന്നു രണ്ടു ദിവസമെടുത്തേക്കുമെന്നും അറിഞ്ഞു. പോരാത്തതിനു ഫോണിലെ പുതിയ സിം ഉപയോഗയുക്തമാകാൻ കുറച്ചു സമയം പിടിക്കുകയും ചെയ്തു.
യാത്രകളിലുണ്ടാകുന്ന ഇത്തരം പ്രതിസന്ധികൾ തനിച്ചു നേരിട്ട് തനിച്ചു പരിഹരിക്കുമ്പോൾ ഉണ്ടാകുന്ന ആത്മവിശ്വാസം ചില്ലറയല്ല. അവിടെ ഭയം ധൈര്യത്തിനു വഴിമാറുന്നു. യാത്രകൾ നമ്മുടെ ജീവിതവീക്ഷണത്തെ അപ്പാടെ മാറ്റിമറിക്കുന്ന ഒന്നാണ്. ലോകം ചുറ്റുമ്പോൾ നമ്മുടെ ചിന്തകളും വിശാലമാകുന്നു.
സ്ത്രീ സൗഹൃദങ്ങളുടെ ആഴം
"പെണ്ണുങ്ങൾ തമ്മിൽ ചേരില്ല', "ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ശത്രു' എന്നൊക്കെയുള്ള വികലവാദങ്ങൾ നിലനിൽക്കുന്നുണ്ട്. പക്ഷേ, സ്ത്രീസൗഹൃദങ്ങളുടെ സൗന്ദര്യം അനുഭവിച്ചവർക്കറിയാം, അതിന്റെ ആഴവും ശക്തിയും പ്രസക്തിയും. മുൻവിധികളില്ലാതെ കേൾക്കുന്നതിലൂടെ, പരസ്പരം താങ്ങാവുന്നതിലൂടെ, പരിധികളില്ലാതെ വളരാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവർ ഒരു എക്കോ സിസ്റ്റം രൂപീകരിക്കുകയാണ്. ഒരാളുടെ അതിജീവനത്തിന്റെ കഥ മറ്റൊരാൾക്കു പ്രതിസന്ധികളെ തരണം ചെയ്യാൻ പ്രചോദനമാവുകയാണ്. സ്ത്രീകൾ കൂട്ടം ചേർന്നു നടത്തുന്ന യാത്രകളും സംരംഭങ്ങളും പ്രസ്ഥാനങ്ങളും കാരുണ്യ പ്രവർത്തനങ്ങളും ഇന്നു നിരവധിയാണ്.
ഒരുപാട് ആൺപെൺ സൗഹൃദത്തിനുടമയാണെങ്കിലും കൂട്ടുകാരികൾ എന്നും എനിക്ക് സ്പെഷൽ ആണ്. ലോകത്തിന്റെ പല നഗരങ്ങളിൽനിന്നാണെങ്കിൽ പോലും, ഞങ്ങളിൽ കുറേ പേർ ഇത്തവണത്തെ ഫിഫ വേൾഡ് കപ്പ് ഫൈനൽ കാണാൻ ഒരു വാട്സ് ആപ്പ് മെസേജിന്റെ ദൂരത്തിനുള്ളിൽ ഒരുമിച്ചുണ്ടാകും.
അപ്പൊ, എന്താണ് നിങ്ങളുടെ പ്ലാൻ?
Kerala
ആലപ്പുഴ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് കായംകുളം ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഹരിപ്പാടാണ് സംഭവം നടന്നത്.
കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ബസിൽ വച്ച് ജീവനക്കാരൻ ഇവരെ കടന്നുപിടിക്കുകയായിരുന്നു. അതിക്രമത്തിന് ഇരയായ യാത്രക്കാരി ഉടൻ തന്നെ ബഹളം വച്ചതോടെ, പ്രതി ബസിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചു. തുടർന്ന് ബസിലെ ഡ്രൈവർ പ്രതിയെ പിന്നാലെ ഓടിച്ചെന്ന് പിടികൂടുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹരിപ്പാട് പോലീസ് യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
കൊച്ചി: മുളന്തുരുത്തിയില്‍ സെന്‍സസ് ഡ്യൂട്ടിക്കെത്തിയ സര്‍ക്കാര്‍ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയയാള്‍ അറസ്റ്റില്‍. മുളന്തുരുത്തി സ്വദേശി ശശികുമാര്‍ (55) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ശശികുമാറിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെ ജീവനക്കാരിയോട് മോശമായി പെരുമാറുകയും പിടിച്ചുതള്ളാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്.
ജീവനക്കാരിയുടെ പരാതിയില്‍ മുളന്തുരുത്തി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. മോശമായി പെരുമാറിയതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമായി രണ്ടു വകുപ്പുകള്‍ ചേര്‍ത്താണ് ശശികുമാറിനെതിരെ കേസ് എടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
International
ലണ്ടൻ: ബ്രിട്ടനിലുണ്ടായ കത്തിയാക്രമണത്തിൽ സിക്ക് വംശജ കൊല്ലപ്പെട്ടു. 24 വയസുള്ള കിരൺദീപ് കൗറിനെ ഞായറാഴ്ച പടിഞ്ഞാറൻ ലണ്ടനിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
20നു മുകളിൽ പ്രായമുള്ള ഒരാൾക്കു കുത്തേറ്റിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമല്ല. സംഭവത്തിൽ 44 വയസുള്ള ഡാനിയേൽ ഷോൺ ജയിംസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
വംശീയവിരുദ്ധതയാണ് ആക്രമണത്തിനു പിന്നിലെന്നു സംശയമുണ്ട്.
District News
കോട്ടയം: സ്ത്രീകളുടെ സൗജന്യയാത്രാ പദ്ധതിയായ ‘’പ്രിയദര്‍ശിനി’’ ആരംഭിച്ചിട്ട് ഒരുമാസം പൂർത്തിയാകുന്പോഴും ഇരിപ്പിടമില്ലാതെ പുരുഷയാത്രക്കാർ. രാവിലെയും വൈകിട്ടും ബസുകളിൽ വലിയ തിരക്കാണ്. സ്ത്രീകൾക്കുള്ള സംവരണ ഇരിപ്പിടങ്ങൾകൂടാതെ പൊതു ഇരിപ്പിടങ്ങളും സ്ത്രീയാത്രക്കാർ കൈയടക്കിയതോടെയാണ് പുരുഷന്മാരായ യാത്രക്കാർ പരാതിയുമായി രംഗത്തെത്തിയത്.
മുതിർന്നവർ, ഭിന്നശേഷിക്കാർ തുടങ്ങിയ ഇരിപ്പിടങ്ങളും പൊതുവായിട്ടാണ് സംവരണം ചെയ്തിരിക്കുന്നത്. പ്രായമായിട്ടുള്ള പുരുഷയാത്രക്കാർക്ക് ഇരിപ്പിടങ്ങൾ പലപ്പോഴും ലഭിക്കാറില്ല.
ഇതോടെ യാത്രക്കാർ തമ്മിലും കണ്ടക്ടറുമായും തർക്കമുണ്ടാകുന്നത് പ്രിയദർശിനി ബസുകളിലെ പതിവുകാഴ്ചയാകുകയാണ്. സ്ത്രീകൾക്കുള്ളതുപോലെ പ്രിയദർശിനി ബസുകളിലെ സംവരണ ഇരിപ്പിടങ്ങളിൽ പരിഗണന വേണമെന്നാണ് പുരുഷയാത്രക്കാരുടെ ആവശ്യം.
സ്ത്രീയാത്രക്കാരുടെ തിരക്ക് കൂടിയതോടെ പല കണ്ടക്ടർമാരും പ്രിയദർശിനിയിൽ ഡ്യൂട്ടിക്ക് പോകാൻ താത്പര്യം കാണിക്കാറില്ല. ബസിലെ യാത്രക്കാരുടെ തർക്കങ്ങളിലും പരാതികളിലും ഇടപെടേണ്ടിവരുന്നതാണ് കണ്ടക്ടർമാരുടെ താത്പര്യക്കുറവിനു കാരണം. സംസ്ഥാനത്ത് 3125 ഓര്‍ഡിനറി ബസുകളിലാണ് സൗജന്യ യാത്ര നടപ്പാക്കുന്നത്.
Kerala
കോഴിക്കോട്: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ താരതമ്യേനെ കുറഞ്ഞുവെന്നു പോലീസിന്റെ കണക്കുകള്‍.
ഈ വര്‍ഷം ആറു മാസം പിന്നിട്ടപ്പോള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക്, കഴിഞ്ഞവര്‍ഷത്തേതിന്റെ ഏകദേശം മൂന്നിലൊന്നു കേസുകളെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഈ വര്‍ഷം ജൂണ്‍ 30 വരെ പോലീസ് രജിസ്റ്റര്‍ ചെയ്തത് 6736 കേസുകളാണ്. 2025 ല്‍ 12 മാസം കൊണ്ട് 18305 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് 5537 കേസുകളാണ് 2025ല്‍ രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 1886 കേസുകളാണ് സംസ്ഥാനമൊട്ടാകെ രജിസ്റ്റര്‍ ചെയ്തത്.
2023 മുതല്‍ സംസ്ഥാനത്ത് സത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നേരിയ കുറവുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2023ല്‍ 18980, 2024ല്‍ 18887 എന്നിങ്ങനെയാണ് പോലീസ് കേസുകള്‍.
2020 മുതലുള്ള കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 2023ലാണ് കുട്ടികള്‍ക്കെതിരായ കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്; 5903. 2024 ല്‍ ഇത് 5140 ആയി കുറഞ്ഞു. 2025 ല്‍ 4753 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം അഞ്ചു മാസം കൊണ്ട് 1776 കേസുകളേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.
2025ല്‍ 4753 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വര്‍ഷം അഞ്ചുമാസംകൊണ്ട് പോലീസ് രേഖകളിലുള്ളത് 1776 കേസുകള്‍ മാത്രമാണ്. പ്രത്യേക കാലയളവു വച്ച് കണക്കുകൂട്ടുമ്പോള്‍ താരതമ്യേനെ ഈ വര്‍ഷം പോക്സോ കേസുകള്‍ കുറവാണെന്നു കാണാം.
പോക്സോ കേസുകള്‍ മലപ്പുറത്തും തിരുവനന്തപുരം പോലീസ് റൂറലിലുമാണു കൂടുതല്‍. മലപ്പുറത്ത് ആറു മാസം കൊണ്ട് 1792 കേസുകളും തിരുവനന്തപുരം റൂറലില്‍ 1573 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആറു വര്‍ഷങ്ങളായി നേരിയ തോതില്‍ ബലാത്സംഗ കേസുകള്‍ വര്‍ധിച്ചുവരുകയാണ്. 2025ല്‍ 2,952 ഇത്തരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ആദ്യ അഞ്ചു മാസത്തിനുള്ളില്‍ 1,071 കേസുകളേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.
ഭര്‍ത്താവോ മറ്റു ബന്ധുക്കളോ നടത്തുന്ന പീഡനങ്ങളുമായി ബന്ധപ്പെട്ട് 1,329 കേസുകളാണ് ഈ വര്‍ഷം മേയ് വരെ റിപ്പോര്‍ട്ട് ചെയ്തത്. 2021, 2022 വര്‍ഷങ്ങളില്‍ ഇത് അയ്യായിരത്തോട് അടുത്തിരുന്നു.
ഈ വര്‍ഷം മേയ് വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് സ്ത്രീധന പീഡന മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം ഇതേ വിഭാഗത്തില്‍ ആറു കേസുകളുണ്ടായിരുന്നു.
Sports
ലണ്ടന്‍: ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോഡ്സില്‍ ഇന്ത്യന്‍ വനിതകള്‍ക്കു ചരിത്ര ജയം. ഇംഗ്ലണ്ടിന് എതിരായ ഏക ടെസ്റ്റില്‍ 270 റണ്‍സിന്റെ ജയമാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീം ഇന്ത്യ സ്വന്തമാക്കിയത്.
വനിതാ ടീം ലോഡ്സില്‍ നേടുന്ന ആദ്യ ടെസ്റ്റ് ജയം. ടെസ്റ്റില്‍ ഇതുവരെയായി ലോഡ്സില്‍ 152 വനിതാ മത്സരങ്ങള്‍ അരങ്ങേറി. എന്നാല്‍, ഇന്ത്യയുടെ ആദ്യ ജയമായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ ക്രാന്തി ഗൗഡാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
ലോഡ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും ക്രാന്തിക്കു സ്വന്തം. സ്കോര്‍: ഇന്ത്യ 285, 341/7 ഡിക്ലയേര്‍ഡ്. ഇംഗ്ലണ്ട് 170, 186.
ഇന്ത്യക്കായി ഒന്നാം ഇന്നിംഗ്സില്‍ സ്മൃതി മന്ദാന (83), ഹര്‍മന്‍പ്രീത് കൗര്‍ (58), ദീപ്തി ശര്‍മ (57) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. 37 റണ്‍സ് വഴങ്ങി ക്രാന്തി ഗൗഡ് അഞ്ചും സയാലി സത്ഘാരെ, സ്നേഹ റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് 170നു പുറത്ത്.
ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്സില്‍ യസ്തിക ഭാട്യ (113) സെഞ്ചുറി നേടി. സ്മൃതി മന്ദാന (70), റിച്ച ഘോഷ് (50) എന്നിവര്‍ അര്‍ധസെഞ്ചുറിയും സ്വന്തമാക്കി. 457 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇംഗ്ലണ്ടിനെ, നാലു വിക്കറ്റ് വീഴ്ത്തിയ സ്നേഹ റാണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സയാലി, ക്രാന്തി, ദീപിത് ശര്‍മ എന്നിവരും ചേര്‍ന്ന് 186നു പുറത്താക്കി.
National
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ വ്യവസായ നിർമാണ സ്ഥലത്തുനിന്ന് ഒരു ലക്ഷത്തിലേറെ രൂപയുടെ ചെമ്പ് കേബിളുകൾ മോഷ്ടിച്ച മൂന്ന് യുവതികൾ അറസ്റ്റിൽ. പവർ ഹൗസ് നിർമാണം നടക്കുന്ന സ്ഥലത്താണ് മോഷണം നടന്നത്.
നിർമാണ സ്ഥലത്ത് നിർത്തിയിട്ടിരുന്ന കണ്ടെയ്നറിന്റെ പൂട്ട് തകർത്താണ് പ്രതികൾ ചെമ്പ് കേബിളുകൾ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. 1,08,784 രൂപയുടെ മൾട്ടി സ്ട്രാൻഡ് ചെമ്പ് കേബിളുകളാണ് മോഷണം പോയത്.
ഏകദേശം 120 സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ താനെയിലെ ഭീവണ്ടി പ്രദേശത്തുനിന്നാണ് 21നും 32നും ഇടയിൽ പ്രായമുള്ള മൂന്ന് സ്ത്രീകളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. മോഷ്ടിച്ച ചെമ്പ് കേബിളുകളും മറ്റ് വസ്തുക്കളും പോലീസ് കണ്ടെടുത്തു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27) ആണ് മരിച്ചത്.
അഭിലാഷിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. നാഗർകോവിൽ സ്വദേശികളായ നാഗരാജൻ– കല ദമ്പതികളുടെ മകളാണ് വിഘ്നേശ്വരി.
ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിലെ ഫാനിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
സന്ധ്യയ്ക്ക് എത്തുമ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നുവെന്ന് ഭർതൃപിതാവ് ചന്ദ്രൻ പറഞ്ഞു. വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിന്റെ ജനൽ ഗ്ലാസ് തകർത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമായി കുട്ടികള്‍ ഇല്ലാത്തതിനാല്‍ യുവതി ദുഃഖിതയായിരുന്നെന്നാണ് വിവരം. വിഘ്നേശ്വരി ഭർതൃവീട്ടിൽ അധിക്ഷേപം നേരിട്ടിരുന്നെന്നും ആത്മഹത്യയ്ക്ക് കാരണമറിയില്ലന്നും യുവതിയുടെ സഹോദരൻ പറഞ്ഞു. യുവതിയുടെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
TRAVEL
പെണ്‍കുട്ടികള്‍ മാത്രമായി ഇത്ര ദൂരം യാത്ര പോകുമോ? ചോദ്യം ഇന്നത്തെ ജെന്‍ സി കാലഘട്ടത്തില്‍ അപ്രസക്തമാണ്. സ്റ്റിയറിംഗിന് പിന്നില്‍ ഒരു സ്ത്രീയെ കാണുമ്പോള്‍ മുഖം ചുളിക്കുന്നവരും അത്ഭുതത്തോടെ നോക്കിയവരുമുണ്ട്. എന്നാല്‍ ഇന്ന് കാര്യം മാറി. നമ്മുടെ പെണ്‍കുട്ടികള്‍ പറക്കുകയാണ്. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി രാജ്യത്തിന്റെ അതിര്‍ത്തികള്‍ വരെ കീഴടക്കുന്ന സ്ത്രീകളെ ആഘോഷിക്കുന്ന കാലത്തേക്ക് ഇന്ത്യയും മാറിക്കഴിഞ്ഞു.
ആ മാറ്റത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് യാത്രയെയും സംരംഭകത്വത്തെയും ഒരുപോലെ ചേര്‍ത്തു പിടിച്ച ഒരു പെണ് സംഘം. പുത്തന്‍ ഡിഫന്‍ഡറില്‍ ലഡാക്കിലേക്കുള്ള യാത്രയുടെ ഓരോ കിലോമീറ്ററും അവര്‍ പിന്നിടുന്നത് സ്വന്തം സ്വപ്നങ്ങള്‍ക്കു വേണ്ടിയും അതിലുപരി, സ്ത്രീകള്‍ക്ക് കഴിയില്ലെന്ന് പറയുന്ന എല്ലാ മുന്‍വിധികളെയും പിന്നിലാക്കിക്കൊണ്ടാണ്. യഥാര്‍ഥ സത്രീ ശാക്തീകരണം സംഭവിക്കുന്നത് സ്ത്രീകള്‍ സ്വന്തം തീരുമാനങ്ങള്‍ എടുക്കുകയും സ്വന്തം സ്വപ്നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിക്കുകയും ചെയ്യുമ്പോഴാണ്.
കഥ ആരംഭിക്കുന്നത് 2021ല്‍ ആണ്. ലൈഫ് ഡിസൈനര്‍ എന്ന കമ്പനി ആരംഭിച്ചതോടെയാണ് ശില്‍പ്പ, ഷംന, സേറ, അനീറ്റ, നികിത എന്ന അഞ്ചംഗ സംഘം യാത്രകളും ആരംഭിച്ചത്. ബെംഗളൂരുവിലെ നാഷണല്‍ ഫാഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചാണ് ഈ അഞ്ചു പേരും പരിചയത്തിലാകുന്നത്. പിന്നാലെ ലൈഫ് ഡിസൈനര്‍ കമ്പനിയും ചാനലും ആരംഭിച്ചു.
പെണ്‍കുട്ടികള്‍ മാത്രമായി ഇന്ത്യയിലുടനീളം യാത്ര ചെയ്യുക എന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല. സുരക്ഷയെ കുറിച്ചുള്ള ആശങ്കകളും സമൂഹത്തിന്റെ മുന്‍വിധികളും കുടുംബങ്ങളുടെ ഭയങ്ങളും എല്ലാം മറികടന്നാണ് അവര്‍ യാത്ര ആരംഭിച്ചത്. എന്നാല്‍ ഓരോ യാത്രയും പൂര്‍ത്തിയാകുമ്പോള്‍ ആത്മവിശ്വാസം കൂടുകയും ചുറ്റുമുള്ളവരുടെ കാഴ്ചപ്പാടുകള്‍ മാറുകയും ചെയ്തു. ഒരിക്കല്‍ ആശങ്കപ്പെട്ടിരുന്ന മാതാപിതാക്കള്‍ ഇന്ന് അടുത്ത യാത്ര എപ്പോഴാണെന്ന് ചോദിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി.
രണ്ടാമത്തെ ഓള് ഇന്ത്യ യാത്രക്കിടെയാണ് തെലുങ്കു വ്ലോഗ്സ് എന്ന ചാനല്‍ ആരംഭിക്കുന്നത്. യുപിയില്‍ ആഗ്ര-ലക്നോ എക്സ്പ്രസ് ഹൈവേയില്‍ വച്ച് പെട്ടെന്ന് എടുത്തൊരു തീരുമാനം. വ്ലോഗില്‍ ഇയോ, ഗ്രേ, സോ, ലിറ്റ്, ഡ്രിക്സ് എന്നീ പേരുകളിലാണ് ഇവര്‍ അറിയപ്പെടുന്നത്.
പെണ്‍കുട്ടികള്‍ മാത്രമായി യാത്ര പോകുന്നതില്‍ വീട്ടുകാര്‍ക്ക് ആദ്യം ടെന്‍ഷന്‍ഉണ്ടായിരുന്നു. എന്നാല്‍ ഒരു യാത്ര പോയതോടെ അവര്‍ക്കെല്ലാം കോണ്‍ഫിഡന്‍സ് ആയി. ഇനി എപ്പോഴാണ് അടുത്ത ട്രാവല്‍ പോകുന്നത്, എന്താ നിങ്ങള്‍ ട്രാവല്‍ പോകാത്തത് എന്നാണ് കുടുംബം ചോദിക്കുന്നത് എന്നാണ് ലേഡി വ്ലോഗേഴ്സിന് പറയാനുള്ളത്.
നെഗറ്റീവ് കമന്റ്സ് വന്നാലും അത് പോസിറ്റീവ് ആയി എടുക്കും. പറയുന്നവര്‍ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ, ഞങ്ങള്‍ എപ്പോഴും പോസിറ്റീവ് ആണ്. ഫീമെയില്‍ ഡ്രൈവേഴ്സിനോട് റോഡില്‍ പുച്ഛം കാണിക്കുന്നവരുണ്ടാകും, പക്ഷെ ഫോര്‍ച്യൂണറിലൊക്കെ യാത്ര ചെയ്യുമ്പോള്‍ അതിന്റേതായ ബഹുമാനം കിട്ടാറുണ്ട്. ഫോര്‍ച്യൂണറും ഡിഫന്‍ഡറും കാണുമ്പോള്‍ ആളുകള്‍ മാറി തരാറുണ്ട്. അതുകൊണ്ടാണ് ഒരു വലിയ വണ്ടി തന്നെ അടുത്തതായി വാങ്ങിയത്. എല്ലാവരും ഡ്രൈവ് ചെയ്യും. കൂട്ടത്തിലെ പ്രോ ഡ്രൈവേഴ്സ് സോയും ഇയോയുമാണ്.
നല്ല അനുഭവങ്ങള്‍ മാത്രം
ട്രാവല്‍ ചെയ്യുന്നതിനിടെ നല്ല അനുഭവങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. കൂടുതല്‍ സ്നേഹം കിട്ടിയിട്ടുണ്ട്. ഒരു ട്രിപ്പിനിടെ രാജസ്ഥാന് - പാക്കിസ്ഥാന് ബോര്‍ഡറിനടുത്ത് വണ്ടി നിന്നുപോയപ്പോള്‍ അവിടെയുള്ള ഗ്രാമത്തിലെ ആളുകള്‍ ഒരുപാട് സഹായിച്ചു.
ബോര്ഡറില് ആയിരുന്നതിനാല്‍ സെക്യൂരിറ്റി പ്രശ്നങ്ങളുണ്ടാകുമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി. എന്നാല്‍ അവിടെ നിന്നും ഒരാള്‍ ഞങ്ങളുടെ കൂടെ വന്നു, ഭക്ഷണം കൊണ്ടു തരികയും ചെയ്തു. അതിന് ശേഷം അവിടെ നിന്നും രണ്ടുപേര്‍ ഞങ്ങളുടെ ഓഫീസിന്റെ അഡ്രസ് തേടിപ്പിടിച്ച് വന്നു. ക്രിക്കറ്റ് കളിക്കാന്‍ താത്പര്യമുള്ള രണ്ട് പയ്യന്മാര് ആയതിനാല്‍ അവരെ ക്രിക്കറ്റ് അക്കാദമിയിലേക്ക് കയറ്റി വിട്ടു.
മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരാളെ പാമ്പ് കടിച്ചിട്ടുണ്ട്. അണലിയാണ് കടിച്ചത്. കൊക്കയിലേക്ക് വീഴാന്‍ പോയിട്ടുണ്ട്, കടലില്‍ മുങ്ങിത്താഴാന്‍ പോയിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും രക്ഷിക്കാനായി ഏതറ്റം വരെയും പോകും.
ഇപ്പോള്‍ അഞ്ച് ഓള് ഇന്ത്യ യാത്ര നടത്തി. ഓരോ ട്രിപ്പ് പോകുമ്പോഴും ഞങ്ങള്‍ക്ക് മനസിലാവുന്നുണ്ട്, എത്രത്തോളം വികസനങ്ങള്‍ ഓരോ സ്ഥലത്തും വന്നിട്ടുണ്ടെന്ന്. റോഡിന്റെ മാറ്റങ്ങള്‍, പുതിയ കെട്ടിടങ്ങള്‍ വരുന്നു, ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ആദ്യമൊക്കെ വരുമ്പോള്‍ ചില പ്രദേശങ്ങളില്‍ ചായ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ അന്വേഷിച്ച് നടക്കാറാണ് പതിവ്.
മൂന്നാമത്തെ ട്രിപ്പ് ആയപ്പോള്‍ അവിടെയൊക്കെ ചായക്കട വന്നു. ആദ്യ ട്രിപ്പുകളില്‍ വന്നിറങ്ങിയ കടകള്‍ ഒക്കെ ഇപ്പോള്‍ ഒരുപാട് മാറി. അഞ്ചു വര്‍ഷം മുമ്പ്, ആദ്യത്തെ ട്രിപ്പില്‍ അരക്കുവാലിയില്‍ ആദിവാസി ടീമിനൊപ്പം ഒരു വീഡിയോ ചെയ്തിരുന്നു. ഈയടുത്ത് അതേ സ്ഥലത്തേക്ക് ഒരു ട്രിപ്പ് പോയപ്പോള്‍, ആ പ്രദേശം ഒട്ടാകെ മാറി. പുതിയ റോഡ് വന്നു, ലാന്‍ഡ്മാര്‍ക്ക് ആയ മരം പോലും കണ്ടുപിടിക്കാനായില്ല.
അരക്കുവാലിയുള്ളവര്‍ക്ക് ഒരു ഫോണ്‍
അന്ന് അരക്കുവാലിയില്‍ ഞങ്ങളുടെ കൂടെ ഡാന്‍സ് ഒക്കെ കളിച്ച ഒരാള്‍ ഉണ്ടായിരുന്നു. ഇത്തവണ എവിടെ എത്തിയപ്പോഴാണ് അയാള്‍ മരിച്ച വിവരം അറിഞ്ഞത്. അവരുടെ കൈയ്യില്‍ ഒരു ഫോണോ ഫോട്ടോയോ ഒന്നുമുണ്ടായിരുന്നില്ല. ഞങ്ങളുടെ കൈയിലുണ്ടായിരുന്ന അയാളുടെ ഫോട്ടോ കണ്ട് എല്ലാവരുടെയും കണ്ണു നിറഞ്ഞു.
ആ ഗ്രാമം മുഴുവന്‍ അന്നത്തെ അദ്ദേഹത്തിന്റെ വീഡിയോ കണ്ടു. അയാളുടെ എന്തെങ്കിലും ഒരോര്‍മ ഞങ്ങള്‍ക്ക് തിരിച്ചു കൊടുക്കാന്‍ പറ്റി എന്ന സന്തോഷമുണ്ടായി. ഫോട്ടോയുടെ ഒരു പ്രിന്റ് അവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. അവര്‍ക്ക് ഒരു ഫോണ്‍ വാങ്ങി കൊടുക്കാനുള്ള പ്ലാനിലാണ് ഞങ്ങള്‍ ഇപ്പോള്‍.
ഞങ്ങളുടെ കമ്പനിയുടെ ഭാഗമായി ഒരുപാട് യാത്രകള്‍ ചെയ്യേണ്ടി വരുന്നുണ്ട്. മുംബൈ, ഹൈദരാബാദ് തുടങ്ങിയസ്ഥലങ്ങളില്‍ എല്ലാം ക്ലയന്റ് മീറ്റിംഗിന് പോവാറുണ്ട്. എഐ സാധ്യതകള്‍ ഉപയോഗിച്ച് ഒരു കമ്പനിയുടെ ബ്രാന്‍ഡിംഗിനും പ്രവര്‍ത്തനത്തിനും വേണ്ടിയുള്ളതെല്ലാം ചെയ്തു കൊടുക്കാറുണ്ട്. ഞങ്ങള്‍ ഇങ്ങനെ ട്രാവല്‍ ചെയ്യുന്നതിനാല്‍ ക്ലയന്റ്സും പിന്തുണ നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് സൗകര്യമുള്ള സമയം പറയുവെന്ന് അവര്‍ പറയും.
ലണ്ടനിലേക്ക് റോഡ് ട്രിപ്പ്
ലേ ലഡാക്ക് ട്രിപ്പിലാണ് ഇപ്പോള്‍ ഞങ്ങള്‍ ഉള്ളത്. ഇതിന് ശേഷം ലണ്ടനിലേക്ക് ഒരു റോഡ് ട്രിപ് ആണ് ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. അതിന് ഒരുപാട് സമയം എടുക്കുമായിരിക്കും. അതിന് വേണ്ടിയാണ് ഈ വണ്ടി വാങ്ങിയത് തന്നെ.
ഡിഫന്‍ഡര്‍ വാങ്ങുക എന്നത് എല്ലാവരുടെയും സ്വപ്നമായിരുന്നു. ഒരുമിച്ച് ഇങ്ങനൊരു കമ്പനി വിജയകരമായി കൊണ്ടുപോകാന്‍ സാധിച്ചു, അങ്ങനെ ഈ വാഹനം വാങ്ങാനും സാധിച്ചു. ഡിഫന്‍ഡറിന് നല്ല ഫാന്‍ ഫോളോവിംഗ് ഉണ്ട്. നമ്മള് ഓരോ സ്ഥലത്ത് നിര്‍ത്തുമ്പോഴും ആളുകള്‍ വന്ന് ഫോട്ടോയും സെല്‍ഫിയുമൊക്കെ എടുക്കാറുണ്ട്. ഡിഫന്‍ഡര്‍ വാങ്ങിച്ച ശേഷം ഒരുപാട് പേര് തിരിച്ചറിയാന്‍ തുടങ്ങി. ന്യൂജെന്‍ ഗേള്‍സിനെ പിന്തുണയ്ക്കുന്നതില്‍ വലിയ സന്തോഷമുണ്ട്.
ഒരു ക്ലയന്റ് മീറ്റിംഗും ഒരു ട്രിപ്പും ഉണ്ടെന്ന് പറഞ്ഞാല്‍, ഞങ്ങള്‍ക്ക് അത് രണ്ടും വേണം. കമ്പനി തുടങ്ങിയ ശേഷമാണ് ഞങ്ങള്‍ യാത്ര പോകാന്‍ തുടങ്ങിയത്. ഞങ്ങള്‍ എവിടെ നിന്നാണോ വന്നത് അത് മറക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ലഹരി എന്ന് പറഞ്ഞാല്‍ ജോലി ചെയ്യുന്നതാണ്. ഞങ്ങള്‍ ആല്‍ക്കഹോളിക് അല്ല വര്‍ക്കഹോളിക് ആണ്.
ട്രാവലില്‍ ആണെങ്കിലും അല്ലെങ്കിലും പുലര്‍ച്ചെ അഞ്ചരയ്ക്ക് എഴുന്നേല്ക്കും. ഡാന്‍സ്, മാര്‍ഷ്യല്‍ ആര്‍ട്സ്, തയ്ക്കോണ്ടോ ഒക്കെ ചെയ്യും. രാവിലെ ഒമ്പതു മുതല്‍ 6.30 വരെ മുഴുവനായും ജോലി തിരക്കുകളില്‍ ആയിരിക്കും. അതിന് ശേഷമാണ് റീല്‍ ഷൂട്ടിംഗും വ്ലോഗ് എഡിറ്റിംഗും. നമ്മളില്‍ ആര്‍ക്കും ഒറ്റയ്ക്ക് ട്രാവല്‍ ചെയ്യാന്‍ പറ്റില്ല. ആരെങ്കിലും ഒരാള്‍ ഇല്ലെങ്കിലും ആണെങ്കിലും പറ്റില്ല.
ചില യാത്രകള്‍ സമൂഹത്തിന്റെ ചിന്തകളെ മാറ്റാനുള്ള പ്രസ്ഥാനങ്ങളായി മാറാറുണ്ട്. ഈ യുവതികളുടെ യാത്ര അത്തരമൊരു പ്രസ്ഥാനത്തിന്റെ ഭാഗമാണ്. അവരുടെ വാഹന ചക്രങ്ങള്‍ മുന്നോട്ട് ഉരുളുമ്പോള്‍, അതോടൊപ്പം മുന്നേറുന്നത് സ്ത്രീകളെ കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളും കൂടിയാണ്.
Kerala
തൃശൂർ: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കു സൗജന്യയാത്ര അനുവദിച്ചതോടെ വൻനഷ്ടത്തിലായ സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുക്കണമെന്ന് കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ. സ്ത്രീകൾക്കു സൗജന്യയാത്ര നൽകാൻ സ്വകാര്യ ബസുകളും തയാറാണ്.
കെഎസ്ആർടിസിക്ക് സർക്കാർ നഷ്ടപരിഹാരം നൽകുന്നതുപോലെ സ്വകാര്യ ബസുകൾക്കും നഷ്ടപരിഹാരം നൽകിയാൽ മതി. ഇതുമല്ലെങ്കിൽ കെഎസ്ആർടിസി സർവീസ് നടത്തുന്ന റൂട്ടിൽ സ്വകാര്യബസുകൾക്കു റോഡ് ടാക്സ് പൂർണമായും ഒഴിവാക്കുകയും പകുതി വിലയ്ക്കു ഡീസൽ ലഭ്യമാക്കുകയും ചെയ്യണം. മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് ഈ ആവശ്യങ്ങൾ അറിയിക്കും. ഉപാധികളിൽ ഒന്നെങ്കിലും അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്കു കടക്കുമെന്നും ഫെഡറേഷൻ അറിയിച്ചു.
സ്വകാര്യബസുകളിൽ സൗജന്യയാത്ര നടപ്പാക്കിയാൽ ദിവസവരുമാനം മുഴുവൻ ബസുടമകൾ സർക്കാരിനെ ഏൽപ്പിക്കാം. പകരം, കിലോമീറ്ററിന് 55 രൂപവീതം സർക്കാർ ബസുടമകൾക്കു നൽകണം. സുതാര്യതയ്ക്കായി സർക്കാരിന്റെ കണ്ടക്ടറും ടിക്കറ്റ് സംവിധാനവും സ്വകാര്യബസുകളിൽ ഏർപ്പെടുത്തിയാൽ മതിയാകും. ബസുകളുടെ മെയിന്റനൻസുകളും തൊഴിലാളികളുടെ ശന്പളവും മറ്റു ചെലവുകളും തങ്ങൾ വഹിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾക്കു തങ്ങൾ എതിരല്ല. എന്നാൽ, ഒരു വിഭാഗത്തെ ബാധിക്കുന്നതാകരുത്. സ്ത്രീകൾ പൂർണമായും കെഎസ്ആർടിസിയെ ആശ്രയിക്കുന്നതോടെ സ്വകാര്യബസുകളിൽ യാത്രക്കാരില്ലാതായി. ഡീസലടിക്കാനാവാതെയും ശന്പളം നൽകാനില്ലാതെയും സർവീസ് നിർത്തിവയ്ക്കേണ്ടിവരുമെന്നും ബസുടമകൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ്, ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ, ട്രഷറർ എം.എസ്. പ്രേംകുമാർ, വൈസ് പ്രസിഡന്റ് സി. മനോജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന് നിര്‍വഹിച്ചു.
തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പം ഗതാഗത മന്ത്രി സി.പി. ജോണും മറ്റു മന്ത്രിമാരും പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തി. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയാണ് പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര.
കെഎസ്ആർടിസിയില്‍ പിഎസ്സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ. ഉദ്ഘാടന ബസിലെ കണ്ടക്ടറും വനിതയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിഐപികള്‍ ബസില്‍ യാത്ര ചെയ്തു. തൃശൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രിയദർശിനി പദ്ധതിക്ക് പച്ചക്കൊടി ചെയ്തു.
ഉദ്ഘാടത്തിന് ശേഷം സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ "പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ട്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്.
അതേസമയം പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം പങ്കെടുക്കില്ല. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും സിപിഎം നിർദേശം നൽകി.
Kerala
തിരുവനന്തപുരം: ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ദിര ഗാരന്റിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പ്രിയദർശിനി - കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി ഉദ്ഘാടനത്തിനു തൊട്ടുമുമ്പായി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ ഉദ്ഘാടനത്തിന് ശേഷം വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തും. കെഎസ്ആർടിസിയില്‍ പിഎസ്സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ.
ഉദ്ഘാടത്തിന് ശേഷം രാവിലെ ഒമ്പത് മണി മുതൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ 'പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ട്.
അതേസമയം പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം പങ്കെടുക്കില്ല. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും സിപിഎം നിർദേശം നൽകി.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്ഘാടനത്തിൽ നിന്ന് സിപിഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫ് സർക്കാർ പറയുന്നതല്ലെ നടപ്പാക്കുന്നതെന്നും ഇത് ആളെ പറ്റിക്കൽ ആണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
"കോൺഗ്രസ് കെഎസ്ആർടിസിയിൽ ഓർഡിനറി ബസിൽ മാത്രം അല്ലലോ ഫ്രീ എന്ന് നേരത്തെ പറഞ്ഞത്. ഇപ്പൊ എങ്ങനെ മാറ്റി. മലബാറിൽ ഓർഡിനറി ബസ് ഇല്ല. ഇത് ആളെ പറ്റിക്കൽ ആണ്. പറയുന്നത് അല്ല നടപ്പാക്കുന്നത്.'-ഗോവിന്ദൻ പറഞ്ഞു.
യുഡിഎഫ് ഭരണം തുടങ്ങി ഒരു മാസത്തിനുള്ളിൽ രണ്ട് രാജിയുണ്ടായെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിഷേധത്തെ തുടർന്ന് സണ്ണി ജോസഫിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബെന്നി തോമസ് രാജിവച്ചു.
മന്ത്രി നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്നും സ്വജനപക്ഷപാതമാണ് നടന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ആരോഗ്യമേഖലയിൽ ഗുരുതര പ്രശ്നങ്ങളാണെന്നും ഗോവിന്ദൻ വിമർശിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറെ പോലും സ്ഥലം മാറ്റുകയും റിയാസ് ഇടപെട്ടപ്പോൾ തടയുകയും ചെയ്യുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റ അഞ്ചിന ഗാരന്റികളിലൊന്നായ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര 3125 ഓർഡിനറി ബസുകളിലെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം 15ന് രാവിലെ 8.30നു നടക്കും. തിരുവനന്തപുരം തന്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ആദ്യ സർവീസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കാളികളാകും. ഈ ബസിലെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും.
ഉദ്ഘാടനത്തിനു പിന്നാലെ സംസ്ഥാനത്തെ ഓർഡിനറി ബസുകളിൽ സത്രീകൾക്ക് സൗജന്യമായി യാത്ര നടത്താം. സൗജന്യയാത്രയുള്ള ബസുകളിൽ പ്രിയദർശിനി പദ്ധതിയുടെ സ്റ്റിക്കർ പതിക്കും. സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും തിരിച്ചറിയൽ കാർഡോ രജിസ്ട്രേഷനോ ആവശ്യമില്ല.
വരുമാനപരിധിയോ മറ്റു പദവികളോ മാനദണ്ഡമാകില്ല. ബസിൽ കയറുന്ന സ്ത്രീകൾ "സീറോ ടിക്കറ്റ് ’ കൈപറ്റണം. പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രതിദിനം രണ്ടുകോടി രൂപയുടെ ബാധ്യത കെഎസ്ആർടിസിക്ക് ഉണ്ടാകും. അത് സർക്കാർ നൽകും.
ഓർഡിനറി ബസുകൾ കൂടുതലില്ലാത്ത റൂട്ടിൽ ഗ്രാമവണ്ടി സർവീസുകൾ വ്യാപിപ്പിക്കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓർഡിനറി ബസുകളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:
District News
കാസര്‍ഗോഡ്: കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാപദ്ധതിക്ക് 15നു തുടക്കമാകുമ്പോള്‍ ജില്ലയില്‍ ഭൂരിഭാഗം ബസുകളിലും പ്രയോജനം ലഭിക്കും. ജില്ലയില്‍ ആകെയുള്ള 161 കെഎസ്ആര്‍ടിസി ബസുകളില്‍ 110 എണ്ണവും ഓര്‍ഡിനറിയാണ്. കാസര്‍ഗോഡ് ഡിപ്പോയില്‍ ആകെയുള്ള 97 ബസുകളില്‍ 66 എണ്ണവും ഓര്‍ഡിനറിയാണ്.
കാഞ്ഞങ്ങാട് ഡിപ്പോയില്‍ 64 ബസുകള്‍ ഉള്ളതില്‍ 54 എണ്ണവും ഓര്‍ഡിനറിയാണ്. ഇതില്‍ 75 ശതമാനവും മംഗളൂരു, ദേശീയപാത, കാസര്‍ഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാനപാത എന്നിവയിലൂടെയാണ് സര്‍വീസ് നടത്തുന്നത്.
സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ നിലവില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഇല്ലാത്ത റൂട്ടുകളിലും സര്‍വീസ് നടത്താനുള്ള ആവശ്യം ശക്തമാണെങ്കിലും ഇതു നിറവേറ്റാന്‍ രണ്ടു ഡിപ്പോകളിലും ആവശ്യത്തിന് ബസില്ലാത്ത സാഹചര്യമാണ്.
കെഎസ്ആര്‍ടിസി ബസുകളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നിലുള്ള ജില്ലകളിലൊന്നാണ് കാസര്‍ഗോഡ്. 154 ബസുകളുള്ള മലപ്പുറം മാത്രമാണ് കാസര്‍ഗോഡിന്റെ പിന്നിലുള്ളത്. 900ത്തിലേറെ ബസുകളുള്ള തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്.
40 ബസുകള്‍ സ്ക്രാപ് വിഭാഗത്തിലേക്ക്
15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന കേന്ദ്ര ഗതാഗതനിയമം നടപ്പായാല്‍ ജില്ലയില്‍ 40 ബസുകള്‍ സ്ക്രാപ് വിഭാഗത്തിലേക്ക് നീക്കേണ്ടിവരും. കെഎസ്ആര്‍ടിസി ബസുകളുടെ കാലാവധി 20 വര്‍ഷമായി നീട്ടിയ സംസ്ഥാന സര്‍ക്കാരിന്റെ ഭേദഗതി നിയമത്തിനു കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ല.
സംസ്ഥാനത്ത് രണ്ടായിരത്തോളം കെഎസ്ആര്‍ടിസി ബസുകള്‍ ഇത്തരത്തില്‍ സ്ക്രാപ് വിഭാഗത്തിലേക്ക് നീക്കേണ്ടിവരും. ഫിറ്റ്നസ് പുതുക്കി ഈ ബസുകള്‍ നിലവില്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പരിവഹന്‍ പോര്‍ട്ടലില്‍ നിന്ന് ഇവ പുറത്തായി.
പകരം ബസുകള്‍ എത്തിയില്ലെങ്കില്‍ കാസര്‍ഗോഡ്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ നിന്നായി ബന്തടുക്ക, കൊന്നക്കാട്, ചിറ്റാരിക്കാല്‍, പാണത്തൂര്‍ തുടങ്ങിയ മലയോരപ്രദേശങ്ങളിലേക്കുള്ള യാത്രക്കാരെ ദുരിതത്തിലാക്കും.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആദ്യ 100 ദിനം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പിലാക്കുക. അതിനുശേഷം മറ്റ് ബസുകളിലേക്കും നടപ്പാക്കും.
മുഖ്യമന്ത്രി വി.ഡി.സതീശനും ഗതാഗത മന്ത്രി സി.പി.ജോണും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. അതേസമയം കെഎസ്ആർടിസിക്കുള്ള നഷ്ടം നികത്തുന്നത് പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആദ്യ 100 ദിനം പദ്ധതിയെക്കുറിച്ച് പഠിക്കും പിന്നീട് രണ്ടാം ഘട്ടം നടപ്പാക്കും.
ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നത് വരുമാന നഷ്ടത്തിനു കാരണമാകുമെന്ന് കെഎസ്ആർടിസി വിദഗ്ധ സമിതി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര പരിമിതപ്പെടുത്താൻ തീരുമാനിച്ചത്.
സൗജന്യ യാത്ര അനുവദിക്കുന്നതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം പൂർണമായും സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കുമ്പോൾ പ്രതിമാസം ഏകദേശം 57 കോടി രൂപയുടെ അധിക ബാധ്യതയാണ് കണക്കാക്കുന്നത്. 15ന് പദ്ധതി ആരംഭിക്കും.
കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കുന്നതിനും സാധാരണക്കാരുടെ യാത്രാച്ചെലവ് കുറയ്ക്കുന്നതിനും ഈ നീക്കം വലിയ രീതിയിൽ സഹായിക്കുമെന്നാണ് വിലയിരുത്തൽ. പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
National
ബംഗളൂരു: കർണാടകയിലെ ബിദാരിൽ മരിച്ച സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും അനധികൃതമായി പകർത്തുകയും അവ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ മോർച്ചറി അറ്റൻഡന്ററായ മുനീർ അഹമ്മദ് എന്ന യുവാവ് പിടിയിലായി.
മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സ്ത്രീകളുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങളാണ് ഇയാൾ ഫോണിൽ പകർത്തിയത്. ഈ ചിത്രങ്ങളും വീഡിയോകളും പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ആശുപത്രി അധികൃതർ അന്വേഷണം നടത്തുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. ഏറെക്കാലമായി ആശുപത്രിയിലെ കരാർ ജീവനക്കാരനായിരുന്നു പ്രതി. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രതി തന്നെയാണോ നേരിട്ട് ഈ ദൃശ്യങ്ങൾ അപ്ലോഡ് ചെയ്തത്, അല്ല കൂടുതൽ പ്രതികൾ ഇതിന് പിന്നിലുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
മൃതദേഹങ്ങളോട് കാട്ടിയ അനാദരവ് മരിച്ചവരുടെ ബന്ധുക്കൾക്ക് മാനസിക പ്രയാസമുണ്ടാക്കിയതായും ആശുപത്രിയെ അപകീർത്തിപ്പെടുത്തിയെന്നും മാനേജ്മെന്റ് കുറ്റപ്പെടുത്തി. സംഭവത്തിൽ കർണാടക സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
National
ന്യൂഡൽഹി: രാജ്യത്ത് ചരിത്രത്തിലാദ്യമായി നാല് ഹൈക്കോടതികളെ ഒരേസമയം വനിതകൾ നയിക്കും.
സിക്കിം ഹൈക്കോടതിയിൽനിന്നുള്ള ജസ്റ്റീസ് മീനാക്ഷി മദൻ റായ് പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റതോടെയാണ് പുതിയ ചരിത്രം പിറന്നത്.
ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റീസ് സുനിത അഗർവാൾ, മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റീസ് രേവതി മോഹിതേ ദേരെ, ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ലിസ ഗിൽ എന്നിവരാണ് നിലവിൽ സേവനമനുഷ്ഠിക്കുന്ന മറ്റു മൂന്ന് വനിതാ ചീഫ് ജസ്റ്റീസുമാർ.
Kerala
കൊച്ചി: ഹോട്ടൽ മേഖലയ്ക്കായി വനിതാ തൊഴിൽ കൂട്ടായ്മകളും കോമൺ കിച്ചണുകളും സൃഷ്ടിക്കണമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി.
സംസ്ഥാനത്തെ ഹോട്ടല്‍, ടൂറിസം മേഖലകൾ നേരിടുന്ന രൂക്ഷമായ തൊഴിലാളിക്ഷാമം സംബന്ധിച്ചു കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷന് (കെഎച്ച്ആർഎ) ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
തൊഴിലാളികളുടെ ലഭ്യതക്കുറവ് ഹോട്ടല്‍, ടൂറിസം മേഖലകളെ ഗുരുതരമായി ബാധിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാട്ടിലേക്കു മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്താന്‍ സാധ്യത കുറവാണ്.
ഈ സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ കൂടുതല്‍ സ്തീകള്‍ക്കു ഹോട്ടല്‍, റസ്റ്ററന്റ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
നിര്‍ദേശം സ്വാഗതാര്‍ഹമാണെന്നും ചര്‍ച്ചചെയ്യുമെന്നും കെഎച്ച്ആർഎ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ അറിയിച്ചു.
Kerala
കൊച്ചി: അശ്ലീല പരാമര്‍ശം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് എട്ടംഗ സംഘത്തിന്റെ അക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് നേരെ പോലീസിന്റെ ഭാഗത്തു നിന്നു മോശം പെരുമാറ്റമെന്ന് സുഹൃത്തുക്കള്‍. പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചെന്നും എന്തിനാണ് ആ സമയത്ത് പുറത്തു പോയത് എന്ന് ചോദിച്ചുവെന്നുമാണ് പെണ്‍കുട്ടികളുടെ സുഹൃത്തുക്കള്‍ പറയുന്നത്.
ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് എത്തിയപ്പോള്‍ എന്‍ക്വയറിക്കായി വന്ന പോലീസ് ഉദ്യോഗസ്ഥനാണ് മോശമായി സംസാരിച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍ എന്‍ക്വയറിക്കായി വന്നു. സംഭവം നടന്നത് നാലരയ്ക്കാണ്. 'നിങ്ങള്‍ എന്തിനാണ് നാലരയ്ക്ക് അങ്ങോട്ട് പോയത്, നിങ്ങള്‍ ഈ ഡ്രസ് ആണോ ഇട്ടത്' എന്നൊക്കെയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന് ചോദിച്ചത്.
ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ച കുട്ടിയോട് ചോദിച്ചതാണ്. ഈ ഡ്രസ് ആണോ ഇട്ടത്, നാലരയ്ക്ക് എന്തിന് അങ്ങോട്ട് പോയി എന്ന് ചോദിച്ചത് ഗുരുതരമായ വീഴ്ചയാണ്. നടന്ന പ്രശ്നങ്ങളെ കുറിച്ചായിരുന്നില്ല, കുട്ടി ഇട്ട ഡ്രസ്, എന്തിന് ആ ഭാഗത്തേക്ക് പോയി എന്നതായിരുന്നു പോലീസുകാരുടെ കണ്‍സേണ്‍ എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
പാര്‍ട്ട്ടൈം ജോലി ചെയ്യുന്ന പെണ്‍കുട്ടികളാണ് പുലര്‍ച്ചെ റൂമിലേക്ക് മടങ്ങുന്നതിനിടെ അക്രമത്തിന് ഇരയായത്. ജോലി കഴിഞ്ഞ് പുതിയറോഡ് ചക്കാലപ്പാടം റോഡിലൂടെ റൂമിലേക്ക് പോകുന്നതിനിടെയാണ് എട്ടോളം വരുന്ന സംഘം ലൈംഗികച്ചുവയോടെ പെണ്‍കുട്ടികളോട് സംസാരിച്ചത്. രണ്ടു യുവതികളും ആറു പുരുഷന്മാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
കമന്റടിച്ച് തടഞ്ഞു നിര്‍ത്തി സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. അശ്ലീലച്ചുവയോടെ സംസാരിക്കുന്നത് വീഡിയോ എടുക്കാന്‍ ശ്രമിച്ച കുട്ടിയുടെ കൈ പിടിച്ച് തിരിച്ച് ഫോണ്‍ പിടിച്ചു വാങ്ങി രണ്ടു മൂന്ന് തവണ നിലത്തെറിഞ്ഞ് പൊട്ടിച്ചു. മുടി പിടിച്ച് റോഡിലേക്ക് തള്ളിയിട്ട് അടിക്കുകയും വലിച്ചിഴക്കുകയും ചെയ്തു. കഴുത്തിന് താഴെയായി നെഞ്ചിനു മേലെ ആക്രമിച്ചതിന്റെ പാടുകളുണ്ട്.
അക്രമം നടക്കുന്ന സമയത്ത് മറ്റു പെണ്‍കുട്ടികള്‍ അവിടെയിരുന്ന് ചിരിക്കുകയും അക്രമത്തിന് ചുക്കാന്‍ പിടിക്കുകയുമാണ് ചെയ്തതെന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അവര്‍ ആകെ പാനിക് ആണ്. ഫിസിക്കലിയും ബുദ്ധിമുട്ടുണ്ട്. കാലിന്റെയും നെഞ്ചിനെയും ഭാഗത്ത് നല്ല വേദനയുണ്ട്. ഒരുപാട് തവണ നിലത്തിട്ട് ചവിട്ടുകയാണ് ചെയ്തത്. രണ്ടു പേര്‍ക്കും ഓടാന്‍ പോലും പറ്റാത്ത സാഹചര്യം ആയിപ്പോയെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി.
National
കോൽക്കത്ത: പശ്ചിമബംഗാളിൽ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിക്ക് തുടക്കം കുറിച്ച് ബിജെപി സർക്കാർ. സംസ്ഥാനത്തുടനീളം സർക്കാർ ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ഇന്നു മുതൽ പണം നൽകേണ്ടതില്ല.
ഹ്രസ്വ, ദീർഘദൂര സർക്കാർ ബസുകളിലെല്ലാം സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കും. പദ്ധതിയിലൂടെ ലക്ഷക്കണക്കിന് സ്ത്രീ യാത്രക്കാർക്ക് സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്ത്രീ ശാക്തീകരണം വര്‍ധിപ്പിക്കുന്നതിനും പൊതുഗതാഗത സംവിധാനത്തിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് പശ്ചിമ ബംഗാള്‍ ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാളിലെ എല്ലാ സംസ്ഥാന ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഉണ്ടായിരിക്കും.
ബംഗാളില്‍ താമസക്കാരായ സ്ത്രീകള്‍ക്കാണ് യാത്രാസൗജന്യം ലഭിക്കുക. ഹ്രസ്വ ദൂര- ദീര്‍ഘദൂര യാത്രകള്‍ക്ക് ഒരുപോലെ സൗജന്യം ലഭിക്കും. ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പേരും ഫോട്ടോയുമുള്ള ഡിജിറ്റല്‍ സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. ക്യൂആര്‍ കോഡ് സഹിതമുള്ളതാണ് ഈ കാര്‍ഡ്. സ്മാര്‍ട്ട് കാര്‍ഡിനായി ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.
Kerala
കണ്ണൂർ: നൃത്താധ്യാപികയായ നവവധുവിനെ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കരിമ്പം സ്വദേശിയായ ആകാശ് മോഹന്റെ ഭാര്യയും രമേശന്-താര ദമ്പതികളുടെ മകളുമായ സാന്ദ്രതാര (22) യാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് യുവതിയെ വീട്ടിലെ കിടപ്പു മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നാലുമാസം മുമ്പാണ് സാന്ദ്രയും ആകാശും വിവാഹിതരായത്. കൊല്ലം സ്വദേശികളായ സാന്ദ്രതാരയുടെ കുടുംബം നേരത്തെ തളിയില്‍ താമസക്കാരായിരുന്നു. ഇപ്പോള്‍ ബാവുപ്പറമ്പിലാണ് താമസം.
മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തളിപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തി അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)
Kerala
തിരുവനന്തപുരം: ശ്രീകാര്യത്ത് യുവതിയുടെ ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെക്കാലമുക്ക് സ്വദേശി രാഹുല്‍ പി. അശോക് (38) ആണ് അറസ്റ്റിലായത്.
മാര്‍ച്ച് 31-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഉടമസ്ഥതയിലുളള പ്രിന്റിംഗ് സ്ഥാപനത്തിലെ ശുചിമുറിയിലുള്ള വേസ്റ്റ് ബിന്നില്‍ ഒളികാമറയും പവര്‍ ബാങ്കും വെച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്.
കാമറ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യുവതി പോലീസിൽ പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. കോടതി ജാമ്യം നിഷേധിച്ചതോടെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
Kerala
ചെങ്ങന്നൂർ: ഗവൺമെന്റ് വനിതാ ഐടിഐയിൽ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. സർവേയർ വിഭാഗത്തിലെ അഞ്ച് വിദ്യാർഥിനികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹരിപ്പാട് സ്വദേശിനി സ്നേഹ, ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശിനി സോന, കൊല്ലം ഭരണിക്കാവ് സ്വദേശിനി കർണ്ണകി, ബുധനൂർ സ്വദേശിനി ജ്യോതിലക്ഷ്മി എന്നിവരുൾപ്പെടെ അഞ്ച് പേരാണ് ചികിത്സയിലുള്ളത്. വ്യാഴാഴ്ച കോളജിൽ നിന്ന് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്ന് സംശയിക്കുന്നു.
ഭക്ഷണത്തിനൊപ്പം വിളമ്പിയ അച്ചാറിന് കടുത്ത അരുചി അനുഭവപ്പെട്ടിരുന്നതായി ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനികൾ പറഞ്ഞു. നൂറ്റമ്പതോളം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ സർക്കാർ വിദ്യാർഥികൾക്ക് അനുവദിച്ചിരിക്കുന്ന ഉച്ചഭക്ഷണം പുറത്തുനിന്നുള്ള ഏജൻസിയാണ് എത്തിച്ചു നൽകുന്നത്. ഈ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെച്ചൊല്ലി നേരത്തെയും പരാതികൾ ഉയർന്നിരുന്നു.
*അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച
സംഭവത്തിൽ ഐടിഐ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി രക്ഷിതാക്കളും പിടിഎ ഭാരവാഹികളും ആരോപിച്ചു. ഉച്ചയ്ക്ക് രണ്ടോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട വിദ്യാർഥിനികൾ സ്വന്തം നിലയ്ക്കാണ് ആശുപത്രിയിൽ അഭയം തേടിയത്. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം, വൈകുന്നേരം അഞ്ചോടെ മാത്രമാണ് കോളജ് അധികൃതർ വിവരം രക്ഷിതാക്കളെ അറിയിക്കാൻ തയാറായതെന്ന് ആക്ഷേപമുണ്ട്.
*തുടർക്കഥയാകുന്ന അനാസ്ഥ
ഒരു മാസം മുൻപും സമാനമായ രീതിയിൽ ഇവിടെ കുട്ടികൾക്ക് ഭക്ഷണത്തിൽ നിന്ന് അസ്വസ്ഥതകൾ ഉണ്ടായതായി പരാതിയുണ്ട്. എന്നിട്ടും പുറത്തുനിന്ന് എത്തിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം കൃത്യമായി പരിശോധിക്കാൻ അധികൃതർ തയാറാകാതിരുന്നതാണ് വീണ്ടും ഇത്തരമൊരു അപകടത്തിലേക്ക് നയിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു.
സംഭവത്തിൽ ആരോഗ്യവകുപ്പും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: മോഡലിംഗിന്റെ പേരിൽ യുവതികളെ ദുബായിലെത്തിച്ച് ക്രൂരപീഡനത്തിനിരയാക്കിയെന്ന് പരാതി. പീഡനത്തിന് ഒത്താശ ചെയ്ത രണ്ട് യുവതികളെ മരട് പോലീസ് അറസ്റ്റ് ചെയ്തു. സിന്ധു, അലീന എന്നിവരാണ് അറസ്റ്റിലായത്.
നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അലീന. കൊച്ചിയിൽ നിന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും യുവതികളെ മോഡലിംഗിന്റെ പേരിൽ ദുബായിലേക്കും മറ്റ് ജിസിസി രാജ്യങ്ങളിലേക്കും എത്തിക്കുന്നതിന്റെ പ്രധാന ബുദ്ധികേന്ദ്രം അലീനയും സിന്ധുവുമാണ്.
വിദേശത്ത് ഹോട്ടലിൽ എത്തിച്ച് ലഹരി മരുന്ന് നൽകി യുവതികളെ അബോധാവസ്ഥയിലാക്കി ഒന്നിലധികം ആളുകൾ പീഡനത്തിനിരയാക്കും. ഈ ദൃശ്യങ്ങൾ പകർത്തും. തുടർന്ന് പീഡന ദൃശ്യങ്ങൾ കാണിച്ച് വീണ്ടും ഇവരെ പീഡിപ്പിക്കും. ഭീഷണിക്ക് വഴങ്ങാത്ത യുവതികളുടെ ബന്ധുക്കൾക്ക് പീഡനദൃശ്യങ്ങൾ അയച്ചു നൽകും.
അഞ്ച്പേർ പീഡനത്തിനിരയായെന്നും ഇതിൽ മൂന്നുപേർ പരാതി നൽകിയെന്നും പോലീസ് പറയുന്നു. മൂന്നുപേരുടെ രഹസ്യമൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് അലീന, സിന്ധു എന്നിവരിലേക്ക് അന്വേഷണം എത്തിയത്. സിന്ധുവിനെ മുംബൈയിലെത്തിയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കും.
സംഭവത്തിൽ നിരവധിയാളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. നേരത്തെ, ബാറിൽ അടിയുണ്ടാക്കിയതിന് അലീന അറസ്റ്റിലായിരുന്നു. ഗുണ്ടാസംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു.
തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള യുവതികളും പീഡനത്തിനിരയായിട്ടുണ്ടന്ന് പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയെ റാപ്പിഡോ ഡ്രൈവർ വീഡിയോ കോളിലൂടെയും മറ്റും നിരന്തരം ശല്യം ചെയ്തതായി പരാതി. ഡൽഹിയിൽ നിന്ന് ഗ്രേറ്റർ നോയിഡയിലേക്ക് യാത്ര ചെയ്ത ശൈവ്യ വസിഷ്ഠ എന്ന യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയത്. 2025-ൽ നടന്ന സംഭവമാണെങ്കിലും, ഇത്തരം അതിക്രമങ്ങൾക്കെതിരെ സോഷ്യൽ മീഡിയയുടെ പ്രതികരണം അറിയാനാണ് ഇപ്പോൾ ഇത് പങ്കുവെക്കുന്നതെന്ന് യുവതി പറഞ്ഞു.
യാത്രയിലുടനീളം ഡ്രൈവർ അശ്ലീല ചുവയുള്ള പാട്ടുകൾ വെക്കുകയും കുടുംബത്തെക്കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചും അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് യുവതിയെ അസ്വസ്ഥയാക്കുകയും ചെയ്തു. യാത്ര അവസാനിച്ചതിന് പിന്നാലെ ഡ്രൈവർ നിരന്തരം ഫോണിൽ വിളിക്കാൻ തുടങ്ങി. നമ്പർ ബ്ലോക്ക് ചെയ്തെങ്കിലും മറ്റ് നമ്പറുകളിൽ നിന്ന് വിളികളും സന്ദേശങ്ങളും തുടർന്നു.
ബാത്ത്റൂമിൽ നിന്നുവരെ ഡ്രൈവർ വീഡിയോ കോൾ ചെയ്തതായും ഇത് തന്നെ വല്ലാതെ തളർത്തിയെന്നും യുവതി വ്യക്തമാക്കി.
യുവതിയുടെ പോസ്റ്റ് വൈറലായതോടെ റാപ്പിഡോ ഔദ്യോഗികമായി മാപ്പ് പറഞ്ഞു. കമ്പനിയുടെ പ്ലാറ്റ്ഫോമിൽ ഉപഭോക്താക്കളുടെ ഫോൺ നമ്പറുകൾ ഡ്രൈവർമാർക്ക് കാണാൻ കഴിയാത്ത വിധം സുരക്ഷിതമാണെന്നും, അതിനാൽ എങ്ങനെയാണ് ഡ്രൈവർക്ക് നമ്പർ ലഭിച്ചത് എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും റാപ്പിഡോ അറിയിച്ചു. കുറ്റക്കാരനായ ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്പനി ഉറപ്പുനൽകി.
National
ന്യൂഡൽഹി: ഡൽഹിയിലെ നെഹ്റു പ്ലേസിൽ ഞായറാഴ്ച പുലർച്ചെ ചായ കുടിക്കാനിറങ്ങിയ രണ്ട് യുവതികൾക്കു നേരെ ക്രൂരമായ ആക്രമണം. അസം, ബിഹാർ സ്വദേശികളായ യുവതികളാണ് മർദനത്തിനിരയായത്. പ്രതികൾ യുവതികളെ ശാരീരികമായി ഉപദ്രവിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മേയ് 10ന് രാവിലെ ഏഴോടെ ഒരു ഹോട്ടലിനു പുറത്തുള്ള ചായക്കടയിലാണ് സംഭവം നടന്നത്. അവിടെയുണ്ടായിരുന്ന രണ്ട് യുവാക്കൾ ഷർട്ട് അഴിച്ചുമാറ്റി യുവതികളെ നോക്കി അശ്ലീല പരാമർശങ്ങൾ നടത്താൻ തുടങ്ങി. ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. അവിടെനിന്നു മാറി ഇരുന്ന യുവതികളെ കൂടുതൽ ആളുകളുമായെത്തി പ്രതികൾ വളയുകയായിരുന്നു.
യുവതികളെ മോശമായി സ്പർശിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ മുളവടി ഉപയോഗിച്ച് അടിക്കുകയും ചെയ്തു. വംശീയമായ അധിക്ഷേപങ്ങൾ ചൊരിഞ്ഞ സംഘം യുവതികളുടെ വസ്ത്രം വലിച്ചുകീറാനും ശ്രമിച്ചതായി പരാതിയിൽ പറയുന്നു. ആക്രമണ സമയത്ത് അവിടെയുണ്ടായിരുന്നവർ നോക്കിനിന്നതല്ലാതെ ആരും സഹായത്തിനെത്തിയില്ലെന്ന് ഇവർ ആരോപിച്ചു.
യുവതികൾ തങ്ങളുടെ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് പ്രതികളെ വേഗത്തിൽ തിരിച്ചറിയാൻ സഹായിച്ചത്. ദൃശ്യങ്ങൾ പകർത്തുന്നതു കണ്ട് പ്രതികൾ പരിഭ്രമിക്കുന്നതും അസഭ്യം പറയുന്നതും വീഡിയോയിലുണ്ട്. സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ച ശേഷം എട്ടു പേരെ ചോദ്യം ചെയ്യുകയും നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
മുഹമ്മദ് ഫഹദ്, മുഹമ്മദ് സാവേജ്, മുഹമ്മദ് ആരിഫ്, അമൻ എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Kerala
പാലക്കാട്: കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുള്ള സൗജന്യ യാത്രയിൽ ആശങ്ക പ്രകടിപ്പിച്ച് സ്വകാര്യ ബസ് ഉടമകള്‍. പദ്ധതി നടപ്പിലാക്കിയാല്‍ സ്വകാര്യ ബസ് വ്യവസായം തകരുമെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാകണമെന്നും ഉടമകൾ പറഞ്ഞു.
കർണാടകയിലേതുപോലെ ആദ്യമന്ത്രിസഭാ യോഗത്തിൽ തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഉത്തരവായി പുറത്തിറക്കാനാണു യുഡിഎഫ് ആലോചന. ഇതിനു മുന്നോടിയായിട്ടാണു കെഎസ്ആർടിസി ബസുകളിലെ യാത്രക്കാർ സ്ത്രീയോ പുരുഷനോയെന്ന് ടിക്കറ്റിൽ രേഖപ്പെടുത്താൻ തുടങ്ങിയത്.
ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസ് ഉടമകൾ രംഗത്തെത്തിയത്. പദ്ധതി നടപ്പിലാക്കിയാൽ വ്യവസായം തകരുമെന്നാണ് വാദം. തമിഴ്നാട്ടിലും കര്‍ണാടകയിലും സ്വകാര്യ ബസുകള്‍ കുറവാണ്. കേരളത്തിലെ സാഹചര്യം അങ്ങനെയല്ല.
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുനഃപരിശോധിക്കണം. സ്വകാര്യ ബസ് മേഖലയ്ക്ക് വേണ്ടി പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ പ്രാരംഭ നടപടികൾ കെഎസ്ആർടിസി ആരംഭിച്ചു. എത്ര സ്ത്രീകൾ നിലവിൽ കെഎസ്ആർടിസി ബസുകളെ ആശ്രയിക്കുന്നുണ്ടെന്ന് കണ്ടെത്താനാണ് ഈ സർവേ.
ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകളിൽ വരുത്തിയ മാറ്റത്തിലൂടെയാണ് വിവരശേഖരണം നടത്തുന്നത്. ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് രേഖപ്പെടുത്താൻ മെഷീനിൽ പ്രത്യേക ഓപ്ഷൻ നൽകിയിട്ടുണ്ട്.
ടിക്കറ്റ് അടിക്കുമ്പോൾ കണ്ടക്ടർ യാത്രക്കാരന്റെ ലിംഗഭേദം കൂടി മെഷീനിൽ രേഖപ്പെടുത്തണം. ഇതിലൂടെ ഓരോ റൂട്ടിലും എത്ര സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ടെന്ന കൃത്യമായ കണക്ക് കെഎസ്ആർടിസിക്ക് ലഭിക്കും. സൗജന്യ യാത്ര നടപ്പിലാക്കുമ്പോൾ കെഎസ്ആർടിസിക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത എത്രയാണെന്ന് കണക്കാക്കുകയാണ് ഈ സർവേയുടെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തും തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. നിലവിൽ കർണാടകയിലും തമിഴ്നാട്ടിലും സമാനമായ പദ്ധതികൾ വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്.
പുതിയ സർക്കാർ അധികാരമേറ്റാലുടൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥ തലത്തിലുള്ള ഈ നീക്കങ്ങൾ. നിലവിൽ വനിതാ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ മാത്രമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സൗജന്യ യാത്ര സംബന്ധിച്ച അന്തിമ വിജ്ഞാപനം സർക്കാർ രൂപീകരണത്തിന് ശേഷം മാത്രമേ ഉണ്ടാകൂ.
കെഎസ്ആർടിസിയുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ സാമ്പത്തിക സഹായം ആവശ്യമായി വരുമെന്നതിനാൽ, കൃത്യമായ ഡാറ്റാബേസ് തയ്യാറാക്കുന്നത് ഗുണകരമാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
International
മെൽബൺ: ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന നാലു വനിതകളും ഒന്‍പതു കുട്ടികളും സിറിയയിൽനിന്ന് ഓസ്ട്രേലിയയിൽ മടങ്ങിയെത്തി.
ഒരു കുടുംബത്തിലെ അംഗങ്ങൾ എന്നു കരുതപ്പെടുന്ന മൂന്നു സ്ത്രീകളും എട്ടു കുട്ടികളും മെൽബണിലാണു വിമാനമിറങ്ങിയത്; മറ്റൊരു സ്ത്രീയും അവരുടെ കുട്ടിയും സിഡ്നിയിലും.
ഇവർക്കു മടങ്ങിയെത്താൻ സഹായം നല്‍കില്ലെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചിരുന്നു. ബന്ധുക്കളാണു യാത്രയ്ക്കാവശ്യമായ സഹായങ്ങൾ നടത്തിയത്.
മടങ്ങിയെത്തുന്നവരിൽ ചിലരെ അറസ്റ്റ് ചെയ്യുമെന്നും മറ്റുള്ളവർ അന്വേഷണം നേരിടേണ്ടിവരുമെന്നും പോലീസ് അറിയിച്ചിരുന്നു. സിഡ്നിയിലെത്തിയ സ്ത്രീയെ പോലീസ് വിമാനത്തിൽ കയറി അറസ്റ്റ് ചെയ്തു.
Business
കൊച്ചി: സംസ്ഥാന നിയമസഭയില്‍ തെരഞ്ഞെടുക്കപ്പെട്ട 11 വനിതാ ജനപ്രതിനിധികള്‍ക്കുള്ള ആദരസൂചകമായി ഈ മാസം 11 മുതല്‍ 11 ദിവസത്തേക്ക് 11 തെരഞ്ഞെടുത്ത ശബരി ഉത്പന്നങ്ങള്‍ 11 ശതമാനം വിലക്കുറവില്‍ വനിതാ ഉപഭോക്താക്കള്‍ക്കു സപ്ലൈകോ ലഭ്യമാക്കും.
വനിതാനേതൃത്വത്തെ ആദരിക്കുന്നതോടൊപ്പം സ്ത്രീകള്‍ വീടുകളിലും സമൂഹത്തിലും വഹിക്കുന്ന നിര്‍ണായക പങ്കിനെ ഉയര്‍ത്തിക്കാട്ടുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ശബരി വെളിച്ചെണ്ണ, അപ്പപ്പൊടി, പുട്ടുപൊടി, ഉപ്പ്, മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപ്പൊടി, കടുക്, ജീരകം, ശബരി ഗോള്‍ഡ് ചായപ്പൊടി, ഹോട്ടല്‍ ബ്ലെന്‍ഡ് ചായപ്പൊടി എന്നിവയാണു 11 ശതമാനം വിലക്കുറവില്‍ വനിതാ ഉപഭോക്താക്കള്‍ക്ക് 21 വരെ നല്‍കുക.
International
കാബൂൾ: യുഗങ്ങളായി പോരാളികളും കവികളും വ്യാപാരികളും ഒരുപോലെ സഞ്ചരിച്ച സിൽക്ക് റൂട്ടിന്റെ ഹൃദയഭൂമിയാണ് അഫ്ഗാനിസ്ഥാൻ. പേർഷ്യൻ കവിതയുടെ സൗരഭ്യവും ഗ്രീക്ക് സംസ്കൃതിയുടെ പ്രതാപവും മുഗൾ വാസ്തുവിദ്യയുടെ കൗതുകവും ഒന്നിച്ചുറങ്ങുന്ന മണ്ണ്. കാബൂളിന്റെ തെരുവുകളിൽ ഒരുകാലത്തു കവിതകൾ മുഴങ്ങിയിരുന്നു. സർവകലാശാലകളിൽ സ്ത്രീകൾ പുസ്തകങ്ങളുമായി നടന്നിരുന്നു. ബസാറുകളിൽ ജീവിതം തിളച്ചുമറിഞ്ഞിരുന്നു. ചരിത്രം എത്രമേൽ ക്രൂരമായി തിരിയുമെന്ന് ആരും അന്നു കരുതിയിരുന്നില്ല.
2021ൽ താലിബാൻ വീണ്ടും അധികാരം പിടിച്ചെടുത്തതോടെ ആ നാടിന്റെ ചരിത്രം രണ്ടായി പിളർന്നു.
അവകാശമില്ലാത്തവർ
സ്കൂളുകൾ അടച്ചു, സർക്കാർ സംവിധാനങ്ങൾ തകർന്നു, അന്താരാഷ്ട്ര സഹായങ്ങൾ നിലച്ചു, ഒരു രാജ്യം മുഴുവൻ ഭയത്തിന്റെ നിഴലിലേക്കു വലിഞ്ഞുചുരുങ്ങി. ആ അരക്ഷിതാവസ്ഥയിൽ ഏറ്റവും കൂടുതൽ ഞെരിഞ്ഞമർന്നത് അഫ്ഗാൻ സ്ത്രീകളാണ്. പഠിക്കാനും പ്രവർത്തിക്കാനും പുറത്തിറങ്ങാനും ശബ്ദിക്കാനും അവകാശമില്ലാത്തവരായി അവർ മാറി. നൂറ്റാണ്ടുകളുടെ സംസ്കാരം പേറുന്ന ആ മണ്ണിൽ, ഇന്ന് സ്ത്രീകൾ നിയമങ്ങളുടെ കൂട്ടിലടക്കപ്പെട്ട തടവുകാരാണ്. അവരുടെ ജീവിതം എന്തായി മാറിക്കൊണ്ടിരിക്കുന്നു എന്നത് ലോകം ഇനിയും പൂർണമായി തിരിച്ചറിഞ്ഞിട്ടില്ല.
താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ജീവിതം കർശന നിയന്ത്രണങ്ങളുടെയും അവകാശനിഷേധങ്ങളുടെയും ചുരുളിൽ പെട്ടിരിക്കുകയാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖല. ആറാം ക്ലാസിനു മുകളിലേക്ക് പെൺകുട്ടികൾക്കു പഠിക്കാൻ വിലക്കേർപ്പെടുത്തിയതോടെ, ആയിരക്കണക്കിനു വിദ്യാർഥിനികളുടെ പഠനയാത്ര അപ്രതീക്ഷിതമായി അവസാനിച്ചു, അതോടൊപ്പം സർവകലാശാലകളുടെ വാതിലുകളും അവരുടെ മുന്നിൽ അടഞ്ഞു, ഉയർന്ന വിദ്യാഭ്യാസം എന്ന സ്വപ്നം അനിശ്ചിതത്വത്തിലേക്കു തള്ളപ്പെട്ടു. ഒരു കാലത്തു പുസ്തകങ്ങളുമായി വിദ്യാലയങ്ങളിലേക്കു പോയിരുന്ന പെൺകുട്ടികൾ ഇന്നു വീടുകളുടെ ചുറ്റളവിൽ ഒതുങ്ങുകയാണ്.
തൊഴിലിനും വിലക്ക്
വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ മേഖലയും സ്ത്രീകൾക്ക് നിയന്ത്രണം ഏർപെടുത്തിയിരിക്കുക യാണ്. ഡോക്ടർമാരും അധ്യാപകരും പൊതുഉദ്യോഗസ്ഥരുമായിരുന്ന നിരവധി സ്ത്രീകൾ ഒരൊറ്റ ഉത്തരവിലൂടെ ജോലിയിൽനിന്നു നീക്കം ചെയ്യപ്പെട്ടു. വർഷങ്ങളായുള്ള പരിശ്രമത്തിലൂടെ നേടിയ സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം ഒരു നിമിഷം കൊണ്ടവർക്കു നഷ്ടമായി.
പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യത്തിനും കർശന നിയന്ത്രണങ്ങളുണ്ട്. വീട്ടിൽനിന്നു പുറത്തേക്കു പോകാൻ ഒരു പുരുഷ രക്ഷകർത്താവിന്റെ സാന്നിധ്യം നിർബന്ധമാണ്. ഈ “മഹ്റം” വ്യവസ്ഥ സ്ത്രീയുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെ പൂർണമായും നിയന്ത്രിക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. അച്ഛനോ ഭർത്താവോ സഹോദരനോ ഇല്ലാത്ത സ്ത്രീകൾക്കു സ്വതന്ത്രമായി സഞ്ചരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണിപ്പോൾ നിലനിൽക്കുന്നത്.
ചിരിക്കുന്നതു ശ്രദ്ധിച്ചുവേണം
അതോടൊപ്പം, വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ മുഖംമൂടൽ നിർബന്ധമാക്കുകയും ശബ്ദം ഉയർത്തുന്നത് മുതൽ തുറന്നു ചിരിക്കുന്നതു വരെ നിയന്ത്രിക്കുകയും ചെയ്യുന്നു. ടെലിവിഷൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ സ്ത്രീകളുടെ മുഖം പ്രദർശിപ്പിക്കുന്നതും പാർക്കുകളിൽ നടക്കുന്നതും ജിംനേഷ്യങ്ങൾ ഉപയോഗിക്കുന്നതും സ്ത്രീകൾക്കു വിലക്കപ്പെട്ടിരിക്കുകയാണ്.
നീതിനിഷേധം
നീതിന്യായ സംവിധാനത്തിലും സ്ത്രീകൾക്കു ഗൗരവമായ പരിമിതികളാണ് നേരിടേണ്ടിവരുന്നത്. കോടതിയിൽ സ്ത്രീകളുടെ സാക്ഷ്യത്തിന് വിശ്വാസ്യത നിഷേധിക്കപ്പെട്ടിരിക്കിക്കുകയാണ്. കുടുംബഹിംസയോ പീഡനങ്ങളോ നേരിട്ടാലും, നിയമപരമായ സംരക്ഷണം ലഭ്യമാകുന്നത് വളരെ അപൂർവമാണെന്നു മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. വിവാഹബന്ധം അവസാനിപ്പിക്കുന്നതിൽ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള അവകാശവും സ്ത്രീകൾക്ക് ഇല്ലാതായി.
അതേസമയം, അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ചിരുന്ന സ്ത്രീകൾക്കും നിയന്ത്രണങ്ങൾ ബാധകമായി. ഐക്യരാഷ്ട്ര സഭയുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന നിരവധി സ്ത്രീകൾ സേവനത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. ഇതോടെ, രാജ്യത്തിനകത്തെ മനുഷ്യാവകാശ പ്രതിസന്ധിയെ നേരിടാനുള്ള അന്താരാഷ്ട്ര ഇടപെടലുകൾക്കും തിരിച്ചടി നേരിടുന്ന സാഹചര്യമാണ്.
ഒളിച്ചു പഠിക്കുന്നവർ
നിയന്ത്രണങ്ങൾ കടുത്തതോടെ അഫ്ഗാനിസ്ഥാനിലെ ചില സ്ത്രീകൾ വീടുകളിൽ രഹസ്യമായി പഠനം തുടരുന്നുണ്ട്. കണ്ടെത്തപ്പെട്ടാൽ ശിക്ഷ ഉറപ്പാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ, അവർ ചെറിയ കൂട്ടങ്ങളായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. എന്നാൽ, ഭൂരിഭാഗം പേർക്കും അതു സാധ്യമായിരുന്നില്ല. 2021 മുതൽ ലക്ഷക്കണക്കിന് അഫ്ഗാൻ സ്ത്രീകൾ അയൽരാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും പലായനം ചെയ്തു.
തൊഴിലും വിദ്യാഭ്യാസവും നഷ്ടപ്പെട്ട്, ഭാവിയില്ലാത്ത ജീവിതത്തിൽ കുടുങ്ങിപ്പോയ നിരവധി സ്ത്രീകളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായതായി ആരോഗ്യ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു. UN ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം, താലിബാൻ ഭരണം തുടങ്ങിയതിനുശേഷം അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് ഗണ്യമായി വർധിച്ചു.
സ്ത്രീകളെ തൊഴിലിടങ്ങളിൽ നിന്ന് പുറത്താക്കിയതിന്റെ ആഘാതം വ്യക്തിജീവിതത്തിൽ മാത്രം ഒതുങ്ങിനിന്നില്ല, അത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ മൊത്തത്തിൽ തകർത്തു. വർഷങ്ങളായി കുടുംബം പോറ്റിയിരുന്ന സ്ത്രീകൾ പെട്ടെന്നു വരുമാനം നഷ്ടപ്പെട്ടതോടെ നിരവധി കുടുംബങ്ങൾ പട്ടിണിയിലേക്കു നീങ്ങി. ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം നഷ്ടപ്പെട്ടതുമൂലം അഫ്ഗാനിസ്ഥാന്റെ GDP യിൽ അഞ്ച് ശതമാനത്തോളം ഇടിവ് സംഭവിച്ചതായി വിലയിരുത്തപ്പെടുന്നു.
ആശുപത്രികളിൽനിന്നു വനിതാ ഡോക്ടർമാർ പോയതോടെ രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെട്ടു. സ്കൂളുകളിൽനിന്ന് അധ്യാപകർ പോയതോടെ അടുത്ത തലമുറ അക്ഷരമറിയാത്തവരായി വളരുന്നു. വഴിയോരങ്ങളിൽ ഭിക്ഷ യാചിക്കുന്ന സ്ത്രീകളുടെ എണ്ണം ദിനംപ്രതി കൂടുന്നതായി കാബൂളിൽനിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബാലവിവാഹം പെരുകി
സാമ്പത്തിക തകർച്ച മറ്റൊരു പ്രതിസന്ധി കൂടി വഴിയൊരുക്കി ബാലവിവാഹം. വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങൾ അതിജീവനത്തിനായി പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്ന സാഹചര്യം വ്യാപകമായി. പതിമൂന്നും പതിനാലും വയസുള്ള പെൺകുട്ടികൾ പ്രായമേറിയ പുരുഷന്മാർക്ക് വിവാഹം ചെയ്തു കൊടുക്കപ്പെടുന്നു, ചിലപ്പോൾ വധുവിനു നൽകുന്ന വില കുടുംബത്തിന്റെ ഏക വരുമാനമാകുന്നു. യുനിസെഫിന്റെ കണക്കുകൾ പ്രകാരം, താലിബാൻ ഭരണം തുടങ്ങിയതിനുശേഷം അഫ്ഗാനിസ്ഥാനിൽ ബാലവിവാഹ നിരക്ക് ഗണ്യമായി ഉയർന്നിട്ടുണ്ട്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെൺകുട്ടിക്കു വീട്ടിലിരിക്കുന്നതിനേക്കാൾ നല്ലത് വിവാഹമാണ് എന്ന ചിന്ത രക്ഷിതാക്കൾക്കിടയിൽ വേരോടുന്നു.
ഒന്നിനും മാറ്റമില്ല
അഫ്ഗാൻ സ്ത്രീകളുടെ അവസ്ഥ കണ്ടു നടുങ്ങി നിൽക്കുകയാണ് ലോകം. പലേടത്തും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. യുഎൻ പ്രമേയങ്ങൾ പാസായി. മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. രാഷ്ട്രനേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. എന്നിരുന്നാലും കാബൂളിലെ തെരുവുകളിൽ ഒന്നും മാറിയില്ല. 2022ൽ അഫ്ഗാൻ സ്ത്രീകൾതന്നെ തെരുവിലിറങ്ങി പ്രതിഷേധിച്ചു, അവരെ താലിബാൻ തടവിലാക്കി, മർദിച്ചു, നിശബ്ദമാക്കി. നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായി ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വ്യക്തിത്വങ്ങൾ ശക്തമായ പ്രതികരണങ്ങൾ നടത്തി. എന്നിട്ടും താലിബാൻ ഭരണകൂടം ഒരു നിയമം പോലും പിൻവലിക്കാൻ തയാറായിട്ടില്ല.
1996 മുതൽ 2001 വരെ അഫ്ഗാനിസ്ഥാൻ ഒരിക്കൽ താലിബാൻ ഭരണം അനുഭവിച്ചിട്ടുണ്ട്. അന്നും സ്ത്രീകൾ സമാന നിയന്ത്രണങ്ങൾക്കു വിധേയരായിരുന്നു. എന്നാൽ, 2001ൽ അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ ഇടപെട്ടതോടെ ആ ഭരണം അവസാനിച്ചു, പതുക്കെ സ്ത്രീകൾ വീണ്ടും സ്കൂളുകളിലേക്കും തൊഴിലിടങ്ങളിലേക്കും മടങ്ങി. ഇരുപതു വർഷംകൊണ്ട് അഫ്ഗാൻ സ്ത്രീകൾ ഏറെ മുന്നോട്ടു പോയി.
പാർലമെന്റിൽ വനിതാ പ്രതിനിധികളുണ്ടായി, സർവകലാശാലകളിൽ പെൺകുട്ടികൾ നിറഞ്ഞു, മാധ്യമരംഗത്തും നിയമമേഖലയിലും വൈദ്യശാസ്ത്രരംഗത്തും സ്ത്രീകൾ സജീവമായി. ആ ഇരുപതു വർഷത്തെ പുരോഗതി 2021ൽ സ്വിച്ച് ഇട്ടതുപോലെ നിന്നു എന്നതാണ് ചരിത്രം. താലിബാനെതിരായ പോരാട്ടം അവസാനിപ്പിച്ച് യുഎസ് സേന പിൻമാറിയതോടെ സ്ത്രീകളുടെ ജീവിതം വീണ്ടും നരകത്തിലേക്കു നടന്നു. അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചതിനെ വിസ്മയം എന്നു വിശേഷിപ്പിച്ചവർ ഈ സ്ത്രീകളുടെ നരകയാതനകൾ കണ്ടില്ലെന്നു നടിക്കുന്നു.
Kerala
കൊച്ചി: ബംഗളൂരുവില്‍ മതിലിടിഞ്ഞ് മരിച്ച കുടുംബശ്രീ പ്രവര്‍ത്തകരുടെ മൃതദേഹം ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കും. പുലര്‍ച്ചെ ബംഗളൂരുവില്‍ നിന്നും പുറപ്പെട്ട ആംബുലന്‍സ് ഉച്ചയ്ക്ക് 12.30 ഓടെ കൊച്ചിയിലെത്തും. ആദ്യം രാമമംഗലം പഞ്ചായത്തിന്റെ മുറ്റത്ത് പൊതുദര്‍ശനം നടത്തും. അതിനു ശേഷമാണ് സംസ്കാരം നടത്തുക.
രാമമംഗലം സ്വദേശികളായ ലത (47), സ്മിത (48) എന്നിവരാണ് മരിച്ചത്. മൂവാറ്റുപുഴയിലെ കുടുംബശ്രീയുടെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ട മലയാളികള്‍. മൂവാറ്റുപുഴയിലെ കോട്ടപ്പുറത്ത് അമൃതം പൊടി നിര്‍മിക്കുന്ന യൂണിറ്റിലെ അംഗങ്ങളാണ് ഇവര്‍. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രീതി, സിജി, മായ എന്നിവരുടെ ആരോഗ്യനിലയില്‍ നിലവില്‍ പുരോഗതിയുണ്ട്.
ശിവാജി നഗറില്‍ ഷോപ്പിംഗിന് പോയ ഇവര്‍ മഴ നനയാതിരിക്കാനാണ് ആശുപത്രി കൊമ്പൗണ്ടിലെ ടാര്‍പോളിന്‍ ഷീറ്റിന് താഴെ നിന്നത്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കര്‍ണാടക സര്‍ക്കാര്‍ നല്‍കും. ചികിത്സയിലുള്ളവര്‍ക്കും ധനസഹായം പ്രഖ്യാപിക്കുകയും അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
Kerala
തിരുവനന്തപുരം: കഴക്കൂട്ടത്ത് പോലീസ് നടത്തിയ പരിശോധനയിൽ പെൺവാണിഭമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അനധികൃത കുടിയേറ്റം നടത്തിയ രണ്ട് ബംഗ്ലാദേശി യുവതികളെയും കൂടെയുണ്ടായിരുന്ന ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കൊല്ലം സ്വദേശി പുഷ്പ, കാട്ടാക്കട സുധീപ്, കർണാടക സ്വദേശി ഡാനിയൽ, വർക്കല സ്വദേശി നൗഫിയ, ബാംഗ്ലൂർ സ്വദേശി മധുമതി, പശ്ചിമബംഗാൾ സ്വദേശി മൗസ്മി ബിസ്വാൾ എന്നിവരും സംഘത്തിലുണ്ട്. കാര്യവട്ടം മേനല്ലൂരിൽ രണ്ടാഴ്ച മുമ്പാണ് ഈ സംഘം ഇരുനില വീട് വാടകയ്ക്കെടുത്തത്.
ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പരിശോധനയിൽ കഴക്കൂട്ടം പോലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞദിവസം നഗരത്തിൽ രണ്ട് ബംഗ്ലാദേശികൾ അനധികൃതമായി താമസിച്ചതിന് പിടിയിലായിരുന്നു. ഈ യുവതികളെ ഉപയോഗിച്ച് വാണിഭം നടത്തുന്നതായാണ് പോലീസ് സംശയിക്കുന്നത്. മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്താൻ വ്യാപക പരിശോധനകളാണ് പ്രത്യേക അന്വേഷണ സംഘം നടത്തുന്നത്.
വാടകവീട്ടിൽനിന്ന് രണ്ട് കാറുകളും നിരവധി മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇടനിലക്കാരി വഴി ആയുർവേദ ഡോക്ടർമാരാണെന്ന് പറഞ്ഞാണ് 35,000 രൂപയ്ക്ക് വീട് വാടകയ്ക്ക് എടുത്തത്. കസ്റ്റഡിയിലെടുത്ത ഇവരെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Sports
ബെനോനി: ഇന്ത്യൻ വനിതകൾക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വനിതകൾക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ 23 റൺസിനാണ് ദക്ഷിണാഫ്രിക്കൻ വനിതകൾ വിജയിച്ചത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എടുക്കാനെ സാധിച്ചുള്ളു. 40 റൺസുമായി ഭാരതി ഫുൾമാലിയും 25 റൺസുമായി റിച്ചാ ഘോഷും 22 റൺസുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ദക്ഷിണാഫ്രിക്കയക്ക് വേണ്ടി നോൻകുലുലേകോ എംലാബയും നദീൻ ഡി ക്ലർക്കും രണ്ട് വിക്കറ്റുകൾ വീഴ്ത്തി. എലിസ്-മാരി മാർക്സ്, ക്ലോയി ട്രയോൺ, അയബോംഗ ഖാക്ക എന്നിവർ ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കൻ വനിതകൾ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 155 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ലോറ വോൾവാർഡിന്റെ മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോർ എടുത്തത്. ലോറ 92 റൺസാണെടുത്തത്. സൂനെ ലൂസ് 23 റൺസ് സ്കോർ ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി രേണുക സിംഗ് ഠാക്കൂറും ശ്രീ ചരണിയും ദീപ്തി ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തോടെ ദക്ഷിണാഫ്രിക്കൻ വനിതകൾ 4-1ന് പരമ്പര സ്വന്തമാക്കി.
Kerala
ഇടുക്കി: മാങ്കുളം പഞ്ചായത്തിലെ വനിതാ അംഗത്തെ കാണാതായതില്‍ ദുരൂഹത. കഴിഞ്ഞ ബുധനാഴ്ച മുതലാണ് മാങ്കുളം പഞ്ചായത്തിലെ നാലാം വാര്‍ഡായ ആറാം മൈല്‍ പഞ്ചായത്ത് അംഗമായ ധന്യ ഗണേശനെ കാണാതായതായത്.
ഭര്‍ത്താവ് അനീഷാണ് ഇതു സംബന്ധിച്ച് മൂന്നാര്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ധന്യയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പഞ്ചായത്തംഗമായ ധന്യയെ കണ്ടെത്താനായി പോലീസ് അന്വേഷണം കാര്യക്ഷമല്ലെന്ന ആക്ഷേപവും ഉയര്‍ന്നു.
ധന്യയെ കണ്ടെത്താനായി പോലീസും വനംവകുപ്പും വിവിധയിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘത്തെയും നിയോഗിച്ചു. എങ്കിലും ഒരാഴ്ചയെത്തിയിട്ടും വനിത അംഗത്തെകുറിച്ച് യാതൊരു വിവരങ്ങളും പോലീസിനു കണ്ടെത്താനായില്ല. കൂടുതല്‍ അന്വേഷണത്തിനായി ഇന്ന് ഡ്രോണ്‍ ഉപയോഗിച്ചും കഡാവര്‍ നായ്ക്കളെ എത്തിച്ചും പരിശോധന നടത്തും.
കുടുംബവഴക്കിനെ തുടര്‍ന്ന് ധന്യ വീടു വിട്ടിറങ്ങിയതാണെന്നാണ് പോലീസിന്റെ നിഗമനം. ബുധനാഴ്ച മാങ്കുളത്തു നിന്നും സഹോദരി താമസിക്കുന്ന ചിക്കണാംകൂടിയില്‍ എത്തിയിരുന്നു. അവിടെ നിന്നും തിരികെ മാങ്കുളത്തേക്ക് വന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തുടര്‍ന്നാണ് കാണാതായത്.
ധന്യയുടെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്കു നല്‍കിയിരിക്കുന്ന ഇതിലെ കോളുകളുടെ വിവരങ്ങള്‍ ഇന്നു പോലീസിനു ലഭിക്കും. കോണ്‍ഗ്രസിന്റെ പഞ്ചായത്ത് അംഗമാണ് ധന്യ. നേരത്തെ മുതല്‍ ധന്യയുടെ വീട്ടില്‍ കുടുംബവഴക്ക് ഉണ്ടായിരുന്നതായും പലപ്പോഴും പ്രശ്നം പരിഹരിച്ചിരുന്നതായും മാങ്കുളം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റുമായ സാജു ജോസ് പറഞ്ഞു.
Kerala
കൊച്ചി: എട്ടാമത് കെആർഎൽസിബിസി വനിതാ കമ്മീഷൻ വാർഷിക നേതൃസമ്മേളനം (സമന്വയ-2026) വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.
കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, അതിരൂപത ഡയറക്ടർ ഫാ. ഷൈജു, റാണി പ്രദീപ്, സിസ്റ്റർ നിരഞ്ജന, ഫാ തോമസ് തറയിൽ, ഫാ. ജിജു അറക്കത്തറ, ഷൈനി ബെന്നി, ജാക്വിലിൻ, പ്രസന്ന പുനലൂർ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ റിക്കാർഡിട്ട് സംസ്ഥാനത്തെ സ്ത്രീ വോട്ടർമാർ. കേരളത്തിൽ സ്ത്രീ വോട്ടർമാരുടെ ഏറ്റവുമുയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് ഈ വർഷമാണ്.
ആകെ സ്ത്രീ വോട്ടർമാരിൽ 81.19 % ഇത്തവണ വോട്ട് ചെയ്തു. 2021ലെക്കാൾ 7.25 ശതമാനം ആണ് ഇക്കുറി വർധന. പുരുഷ - സ്ത്രീ വോട്ടർമാരുടെ പോളിംഗ് ശതമാനം തമ്മിൽ ആറ് ശതമാനത്തിന്റെ വ്യത്യാസമാണ് ഉള്ളത്.
സംസ്ഥാനത്താകെ ഇക്കുറി 2,71,42,952 വോട്ടർമാരാണ് ഉണ്ടായിരുന്നത്. അതിൽ 1,39,21,868 പേർ സ്ത്രീ വോട്ടർമാരായിരുന്നു. കണക്കുകൾ പ്രകാരം 1,13,03,016 സ്ത്രീ വോട്ടർമാർ ഇക്കുറി വോട്ട് ചെയ്തു.
2021ൽ 1,41,64,697 സ്ത്രീ വോട്ടർമാരാണ് ഉണ്ടായിരുന്നത്. അതിൽ 1,04,73,083 പേരായിരുന്നു വോട്ട് ചെയ്തത്. 2021ൽ 73.94 % സ്ത്രീ വോട്ടർമാരുടെ പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതിന് മുമ്പ് സ്ത്രീ വോട്ടർമാരുടെ ഉയർന്ന പോളിംഗ് ശതമാനം 1987ലായിരുന്നു. 1987ൽ 80.58% സ്ത്രീ വോട്ടർമാരായിരുന്നു വോട്ട് ചെയ്തത്.
Sports
പെഗിയ (സൈപ്രസ്): ഫിഡെ 2026 കാന്‍ഡിഡേറ്റ്സ് ചെസ് വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ദിവ്യ ദേശ്മുഖിന്റെ മിന്നും പ്രകടനം. എട്ടാം റൗണ്ടില്‍ യുക്രെയ്നിന്റെ അന്ന മുസ്ചുക്കിനെ ദിവ്യ കീഴടക്കി.
പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള അന്ന ഈ ടൂര്‍ണമെന്റില്‍ വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്.
മറ്റൊരു ഇന്ത്യന്‍ താരമായ ആര്. വൈശാലി എട്ടാം റൗണ്ടില്‍ സമനിലയില്‍ പിരിഞ്ഞു. എട്ട് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 4.5 പോയിന്റുമായി അന്ന ഒന്നാം സ്ഥാനത്ത് തുടരുന്നു.
ദിവ്യ ദേശ്മുഖ്, ചൈനയുടെ സു ജിനെര്‍, ആര്. വൈശാലി, റഷ്യയുടെ കാറ്റെറിന ലാഗ്നോ എന്നിവര്‍ക്കും 4.5 പോയിന്റ് വീതമാണ്. 14 റൗണ്ടുള്ള പോരാട്ടം കടുക്കുകയാണെന്നു ചുരുക്കം.
ഓപ്പണ്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഉസ്ബക്കിസ്ഥാന്റെ ജോവാഖിര് സിന്‍ഡറോവ് എട്ടാം റൗണ്ടില്‍ റഷ്യയുടെ ആന്‍ഡി എസിപെങ്കോയുമായി സമനില പാലിച്ചു. എട്ടു താരങ്ങള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിലെ അവസാന സ്ഥാനക്കാരനാണ് ആന്‍ഡി.
എട്ട് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 6.5 പോയിന്റുമായി ജോവാഖിര് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദ 3.5 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
Business
കോഴിക്കോട്: ഇന്ത്യയിലെ വായ്പാ വിപണിയില്‍ വനിതകളുടെ പങ്കാളിത്തം വന്‍തോതില്‍ വര്‍ധിക്കുന്നതായി നീതി ആയോഗ് റിപ്പോര്‍ട്ട്. രാജ്യത്തെ മൊത്തം വായ്പയുടെ 26 ശതമാനവും കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണെന്ന് നീതി ആയോഗ് പുറത്തിറക്കിയ ‘ഫ്രം ബോറോവേഴ്സ് ടു ബില്‍ഡേഴ്സ്: വിമണ്‍ ആന്‍ഡ് ഇന്ത്യാസ് ഇവോള്‍വിംഗ് ക്രെഡിറ്റ് മാര്‍ക്കറ്റ്’ എന്ന റിപ്പോര്‍ട്ടിന്റെ രണ്ടാം പതിപ്പ് വ്യക്തമാക്കുന്നു.
76 ലക്ഷം കോടി രൂപയുടെ വായ്പാ പോര്‍ട്ട്ഫോളിയോ ആണ് നിലവില്‍ വനിതാ ഉപയോക്താക്കള്‍ക്കുള്ളത്. 2017നെ അപേക്ഷിച്ച് സ്ത്രീകളുടെ ക്രെഡിറ്റ് എക്സ്പോഷറില്‍ 4.8 മടങ്ങ് വര്‍ധനയുണ്ടായി.
വിമണ്‍ ഓൺട്രപ്രണര്‍ഷിപ് പ്ലാറ്റ്ഫോം, ട്രാന്‍സ് യൂണിയന് സിബില്‍, മൈക്രോസേവ് കണ്‍സള്‍ട്ടിംഗ് എന്നിവയുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വ്യക്തിഗത വായ്പകള്‍ക്കും സ്വര്ണപ്പണയത്തിനുമൊപ്പം ഭവനവായ്പകളിലും സ്ത്രീകള്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നത് ആസ്തികള്‍ സ്വന്തമാക്കുന്നതിലെ മാറ്റം വ്യക്തമാക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സങ്കീര്‍ണമായ വായ്പാ വിപണിയില്‍ സ്ത്രീകള്‍ വെറും വായ്പക്കാര്‍ എന്നതിലുപരി സാമ്പത്തിക നിര്‍മാതാക്കളായി മാറുന്നതിന്റെ സൂചനയാണിതെന്നാണ് നിതി ആയോഗിന്റെ വിലയിരുത്തല്‍.
വായ്പാ വളര്‍ച്ച: 2017 ഡിസംബര്‍ മുതല്‍ 2025 ഡിസംബര്‍ വരെയുള്ള കാലയളവില്‍ വായ്പയെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഒമ്പത് ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ടായി. വായ്പാ ലഭ്യത 19 ശതമാനത്തില്‍നിന്ന് 36 ശതമാനമായി ഉയര്‍ന്നു.
ബിസിനസ് വായ്പകള്‍: വനിതാ സംരംഭകരുടെ ബിസിനസ് വായ്പകളില്‍ 31 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഇത് മൊത്തത്തിലുള്ള വാണിജ്യ വായ്പാ വളര്‍ച്ചയേക്കാള്‍ (17 ശതമാനം) കൂടുതലാണ്.
മാറുന്ന പ്രവണത: ലഘു സമ്പാദ്യ പദ്ധതികളില്‍നിന്നു മാറി വ്യക്തിഗത വായ്പകളിലേക്കും ബിസിനസ് വായ്പകളിലേക്കും സ്ത്രീകള്‍ കടന്നുവരുന്നു. 19 ശതമാനം മൈക്രോഫിനാന്‍സ് ഉപഭോക്താക്കളും ഇപ്പോള്‍ റീട്ടെയില്‍/ബിസിനസ് വായ്പകള്‍ ഉപയോഗിക്കുന്നുണ്ട്.
പ്രാദേശിക വളര്‍ച്ച: ദക്ഷിണേന്ത്യന്‍, പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ വടക്കന്‍ സംസ്ഥാനങ്ങളിലും സ്ത്രീകളുടെ വായ്പാ പങ്കാളിത്തം വര്‍ധിക്കുന്നുണ്ട്.
ഡിജിറ്റല്‍ സ്വാധീനം: ഡിജിറ്റല്‍ പേയ്മെന്റുകളും ആധുനിക ബാങ്കിംഗ് സംവിധാനങ്ങളും സ്ത്രീകളെ അനൗദ്യോഗിക വായ്പകളില്‍നിന്ന് ബാങ്കിംഗ് സംവിധാനങ്ങളിലേക്ക് മാറാന്‍ സഹായിക്കുന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ വിഐപി ആൾദൈവം അശോക് ഖരാത്ത് പീഡിപ്പിച്ചെന്ന പരാതിയുമായി ഇതിനകം നൂറിലേറെ സ്ത്രീകൾ രംഗത്തുവന്നു. ഇതിനൊപ്പം ഉന്നത രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുള്ള ഖരാത്തിന്റെ ചെയ്തികൾ പുറത്തുവന്നതോടെ മഹാരാഷ്ട്ര രാഷ്ട്രീയം ഇളകിമറിയുകയാണ്. നാസിക്കിൽനിന്നുള്ള വിവാദ ആൾദൈവമാണ് അശോക് ഖരാത്ത്.
എൻസിപി അജിത്പവാർ വിഭാഗം നേതാവും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്ന രൂപാലി ചകങ്കർ, മുൻമന്ത്രിയും ശിവസേന നേതാവുമായ ദീപക് കെസാർക്കർ എന്നിവർക്കു ഖരാത്തുമായുള്ള ബന്ധം പുറത്തുവന്നു. പിന്നാലെ വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനവും പാർട്ടിയിലെ സ്ഥാനങ്ങളും രൂപാലി രാജിവച്ചു. എന്നാൽ, രൂപാലിയെ ചോദ്യം ചെയ്യാൻ എസ്ഐടി നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. അശോക് ഖരാത്തിന്റെ ട്രസ്റ്റിൽ ഇവരും അംഗമാണ്.
ജ്യോതിഷത്തിന്റെയും ആത്മീയതയുടെയും മറവിൽ നൂറുകണക്കിനു സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പരാതി. അതിനൊപ്പം കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും പരാതിയുണ്ട്. ഇയാളുടെ ട്രെസ്റ്റിലും മറ്റും ഉന്നത രാഷ്ട്രീയക്കാർ പലരുമുണ്ടായിരുന്നു. രാഷ്ട്രീയ സ്വാധീനവും ഇയാളുടെ വളർച്ചയ്ക്കു കാരണമായിട്ടുണ്ട്.
പത്താം ക്ലാസിൽ തോൽവി
തുടക്കം ഇങ്ങനെ: നാസിക് സ്വദേശിയായ ഇയാൾ പത്താം ക്ലാസിൽ തോറ്റ ആളാണ്. കുറച്ചുകാലം മർച്ചന്റ് നേവിയിൽ ജോലി ചെയ്തെന്നും 'ക്യാപ്റ്റൻ ഖരാത്ത്' എന്നറിയപ്പെട്ടിരുന്നുവെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതിനൊന്നും രേഖകളില്ല. ഇത് ഇയാളുടെ വ്യാജ അവകാശവാദമാണെന്നാണ് പോലീസ് കരുതുന്നത്.
ആൾദൈവമാകുന്നു: തൊണ്ണൂറുകളുടെ പകുതിയോടെ നാസിക്കിൽ തിരിച്ചെത്തിയ ഇയാൾ അശോക് കുമാർ എന്ന പേരു സ്വീകരിച്ചു. ജ്യോതിഷിയും സംഖ്യാശാസ്ത്രജ്ഞനുമായി (Numerologist) പ്രവർത്തനം തുടങ്ങി.
വളർച്ച: നാസിക്കിലെ മിർഗാവിൽ 'ഈശനേശ്വർ മഹാദേവ്' എന്ന പേരിൽ ഒരു ക്ഷേത്രം നിർമിച്ചതോടെ ഇയാൾക്ക് സ്വാധീനമേറി. വൈകാതെ ഉന്നത രാഷ്ട്രീയ നേതാക്കളും വ്യവസായികളുമൊക്കെ ഇയാളുടെ ചങ്ങാതിമാരായി മാറി. രാഷ്ട്രീയക്കാർ തെരഞ്ഞെടുപ്പ് വിജയത്തിനും മറ്റുമായി ഇയാളുടെ ഉപദേശങ്ങൾ തേടിയെത്തി.
കുറ്റകൃത്യങ്ങൾ, ആരോപണങ്ങൾ
ദോഷപരിഹാരത്തിനായി എത്തുന്ന സ്ത്രീകളെ മയക്കുമരുന്നു കലർത്തിയ പാനീയങ്ങൾ നൽകി പീഡിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി. പീഡന ദൃശ്യങ്ങൾ ഇയാളുടെ മുറിയിൽ സ്ഥാപിച്ചിരുന്ന രഹസ്യ കാമറയിൽ പകർത്തുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പലരെയും പീഡിപ്പിച്ചു. ഇയാളുടെ പക്കൽനിന്നു നൂറിലധികം സ്ത്രീകളുടെ അശ്ലീല വീഡിയോകൾ പോലീസ് കണ്ടെടുത്തു.
തട്ടിപ്പും തകൃതി: പ്രശ്നപരിഹാരം തേടി എത്തുന്നവരിൽനിന്നു ലക്ഷക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തിരുന്നു. ഒരു തവണത്തെ കൺസൾട്ടേഷനു പോലും 50 ലക്ഷം രൂപ വരെ ഈടാക്കിയിരുന്നത്രേ. കൂടാതെ, ബിസിനസ് അഭിവൃദ്ധിക്കായി വ്യവസായികൾക്കും മറ്റും വ്യാജരത്നങ്ങളും പുളിങ്കുരുവും 'പുണ്യവസ്തുക്കൾ' എന്നു പറഞ്ഞു നൽകി ലക്ഷങ്ങൾ കൈക്കലാക്കി.
വൻ സമ്പാദ്യം: പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രാഥമിക കണ്ടെത്തൽ പ്രകാരം അശോക് ഖരാത്തിന് ഏകദേശം 1,500 കോടി രൂപയുടെ ആസ്തിയുണ്ട്. മുംബൈ, നാസിക്, പൻവേൽ എന്നിവിടങ്ങളിൽ ഇയാൾക്കു ബിനാമി സ്വത്തുക്കളുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
അകത്തായപ്പോൾ
2026 മാർച്ചിലാണ് ഇയാളെ നാസിക് പോലീസ് അറസ്റ്റ് ചെയ്തത്. ഹിപ്നോട്ടിസത്തിന്റെ മറവിൽ മയക്കുമരുന്നു നൽകി പീഡിപ്പിച്ചെന്ന് ഒരു സ്ത്രീ നൽകിയ പീഡന പരാതിയാണ് ഇയാളുടെ ഒടുവിൽ കുടുക്കിയത്.
ഇയാൾ അറസ്റ്റിലായതിനു പിന്നാലെ പരാതികളുടെ പ്രളയമായിരുന്നു.
ഐപിഎസ് ഉദ്യോഗസ്ഥ തേജസ്വിനി സത്പുതെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (SIT) കേസ് അന്വേഷിക്കുന്നത്. ഇയാൾക്കെതിരെ ഇതുവരെ പത്തിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. (അതിൽ എട്ടെണ്ണം പീഡനക്കേസുകളാണ്).
പോലീസ് പുറത്തുവിട്ട ഹെൽപ്പ് ലൈൻ നമ്പറുകളിലേക്കു നൂറിലധികം സ്ത്രീകളാണ് ഇയാൾക്കെതിരെ പരാതിയുമായി എത്തിയത്. ഇതിലുമേറെ പേർ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.
ആദായനികുതി വകുപ്പും ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇയാളുടെ മകൻ ഹർഷവർധനെയും പോലീസ് ചോദ്യംചെയ്യാൻ പിടികൂടിയിട്ടുണ്ട്. ഭാര്യ കല്പനയെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.
National
മുംബൈ: മഹാരാഷ്ടയിൽ ആൾദൈവമെന്ന് അറിയപ്പെടുന്ന വിഐപി ജ്യോത്സ്യന്റെ അറസ്റ്റിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. നാസിക് സ്വദേശി അശോക് ഖരാത്തി (67) യാണ് കഴിഞ്ഞ 19ന് അറസ്റ്റ് ചെയ്തത്. ഹിപ്നോട്ടിസമെന്ന് പറഞ്ഞ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചുവെന്ന 35കാരിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.
പ്രതിയുടെ ഓഫീസിനുള്ളിൽ രഹസ്യ കാമറ സ്ഥാപിച്ചിരുന്നു. ഇതിൽനിന്ന് ഇയാളെ കാണാനെത്തുന്ന സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോകൾ പോലീസിന് ലഭിച്ചു. അറസ്റ്റിന് പിന്നാലെ ഇയാളുമായി ബന്ധമുള്ള ഉന്നത രാഷ്ട്രീയനേതാക്കളുടെ പേരുകളും പുറത്ത് വന്നു.
ഇതോടെ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ്ഐടിയുടെ അന്വേഷണത്തിലാണ് 150ലേറെ സ്ത്രീകളെ ചൂഷണം ചെയ്തതായി കണ്ടെത്തിയത്. ഖരാത്തിന്റെ ഓഫീസ് പൂട്ടി സീൽ ചെയ്തു. മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. വിഐപി ജ്യോത്സ്യൻ എന്നറിയപ്പെട്ടിരുന്ന ഖരാത്ത് ക്യാപ്റ്റൻ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്.
നിലവിൽ ഏഴ് പീഡനക്കേസും രണ്ട് സാമ്പത്തിക തട്ടിപ്പ് കേസുമാണ് അശോക് ഖരാത്തിനെതിരെ എടുത്തിരിക്കുന്നത്. പുതിയ പരാതികൾ ദിവസവും വരുന്നുവെന്ന് പോലീസ് പറയുന്നു.
Kerala
കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കല്ലേറിൽ കോളജ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് താടിയെല്ലിനു പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 9.50 ഓടെയാണ് സംഭവം. ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്.
ആലുവയിൽ നിന്ന് വടകരയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഐശ്വര്യ. ആലുവ യുസി കോളജ് വിദ്യാർഥിനിയായ ഐശ്വര്യ സ്റ്റഡി ലീവിനായി നാട്ടിലേക്ക് വരികയായിരുന്നു. കടലുണ്ടിക്കും ഫറോക്കിനുമിടയിൽ ട്രെയിൻ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്.
താടിയെല്ലിന് ഗുരുതരപരിക്കേറ്റ ഐശ്വര്യയുടെ നാലു പല്ലുകളും നഷ്ടപ്പെട്ടു. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു.
District News
ആലുവ : യുവനടിയെ അടക്കം പീഡിപ്പിച്ചവരെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേതെന്ന് മുതിർന്ന സിപിഎം നേതാവ് വൃന്ദാ കാരാട്ട്.
സ്ത്രീപീഡകരെയും സംരക്ഷകരെയും ഒരു കാരണവശാലും വിജയിപ്പിക്കരുത്. ആലുവ അത്തരക്കാർക്ക് ഉള്ളതല്ലെന്ന് തെളിയിക്കണമെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
തോട്ടുമുഖം വൈഎംസിഎയിൽ സംഘടിപ്പിച്ച വനിതാ അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഷംല നിസാം അധ്യക്ഷയായി.
Sports
ലോസ് ആഞ്ചൽസ്: ഒളിന്പിക്സിൽ വനിതകൾക്കുള്ള മത്സരത്തിൽ പങ്കെടുക്കുന്നതിൽനിന്നും ട്രാൻസ്ജെൻഡർ സ്ത്രീകൾക്ക് വിലക്ക്.
മത്സരാർത്ഥികളുടെ ലിംഗ നിർണയത്തിന് ജനിതക പരിശോധന നിർബന്ധമാക്കി. പുരുഷ ഹോർമോണുള്ള താരങ്ങൾക്ക് പ്രകടനത്തിൽ മുൻതൂക്കം കിട്ടാറുണ്ടെന്ന് അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി ചൂണ്ടിക്കാണിച്ചു.
International
പാരീസ്: പീഡനക്കേസിൽ സ്വിസ് ഇസ്ലാമിക പണ്ഡിതന് 18 വർഷം ജയിൽ ശിക്ഷ. ഇസ്ലാമിക പണ്ഡിതനായ താരിഖ് റമദാനാണ് കോടതി ശിക്ഷ വിധിച്ചത്. മൂന്ന് സ്ത്രീകളെ പീഡിപ്പിച്ച കേസിലാണ് കോടതി വിധി.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ മുൻ പ്രഫസറായ താരിഖ് റമദാനെ, ബുധനാഴ്ച പാരീസ് ക്രിമിനൽ കോടതിയാണ് തടവിന് ശിക്ഷിച്ചത്. ഇയാൾക്കെതിരെ സ്വിറ്റ്സർലൻഡിലും ഫ്രാൻസിലും നിരവധി പീഡന ആരോപണങ്ങൾ ഉയർന്നിരുന്നു.
2009 നും 2016 നും ഇടയിലാണ് ഇയാൾ മൂന്ന് സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയത്. കേസിൽ മാർച്ച് രണ്ട് മുതൽ പാരീസിൽ വിചാരണ നടക്കുകയായിരുന്നു. ഇയാൾ കോടതിയിൽ നേരിട്ട് ഹാജരായിരുന്നില്ല.
63 കാരനായ താരിഖ് റമദാനെ അറസ്റ്റ് ചെയ്യാൻ വാറണ്ട് പുറപ്പെടുവിച്ചതായി പ്രിസൈഡിംഗ് ജഡ്ജി കൊറിൻ ഗോയ്റ്റ്സ്മാൻ പറഞ്ഞു. ശിക്ഷാ കാലാവധി കഴിഞ്ഞതിന് ശേഷം ഫ്രാൻസിൽ വീണ്ടും പ്രവേശിക്കുന്നത് കോടതി വിലക്കുകയും ചെയ്തു.
രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ജനീവയിലെ ഒരു ഹോട്ടലിൽ വച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ടതിനെതിരെ താരിഖ് റമദാൻ നൽകിയ അപ്പീൽ 2025 ൽ സ്വിറ്റ്സർലൻഡ് സുപ്രീംകോടതി തള്ളിയിരുന്നു.
കേസുകൾ പുറത്തുവരുന്നതിനുമുമ്പ്, ഇയാൾ ഓക്സ്ഫോർഡിൽ സമകാലിക ഇസ്ലാമിക പ്രഫസറായിരുന്നു. ഖത്തറിലെയും മൊറോക്കോയിലെ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രഫസറുമായിരുന്നു.
2017ൽ ഫ്രാൻസിൽ "മീ ടൂ' ആരോപണം ഉയർന്നതിന് പിന്നാലെ ഇയാൾ ജോലിയിൽ നിന്നും നിർബന്ധിത അവധിയെടുത്തു.
Kerala
കൊച്ചി: കേരളത്തിലെ കനത്ത ചൂടില്‍ തെരഞ്ഞെടുപ്പ് ചൂടിനും കാഠിന്യം ഏറിയിരിക്കുകയാണ്. ഭരണ തുടര്‍ച്ചയ്ക്കും ഭരണപക്ഷത്തെ മുട്ടുകുത്തിക്കാനുമുള്ള കൊണ്ടു പിടിച്ച പ്രചാരണ തിരക്കിലാണ് പ്രമുഖ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും.
നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിനം വ്യാഴാഴ്ച ആയതിനാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം തെളിയുക വ്യാഴാഴ്ചയാണ്. എന്നാല്‍ ഇതില്‍ സ്ത്രീകളുടെ പങ്ക് വളരെ പിന്നിലാണ്. പ്രമുഖ പാര്‍ട്ടികള്‍ക്ക് പോലും ചുരുക്കം വനിതാ സ്ഥാനാര്‍ഥികള്‍ മാത്രമാണുള്ളത്.
എറണാകുളം ജില്ലയില്‍ 93 നാമനിര്‍ദേശ പത്രികകളാണ് ആകെ സ്വീകരിച്ചിട്ടുള്ളത്. അതില്‍ വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണം 10 പോലുമില്ല. വിമതരും പ്രമുഖ സ്ഥാനാര്‍ഥികളും അടക്കം ഒമ്പത് വനിതാ സ്ഥാനാര്‍ഥികളാണ് നിലവില്‍ എറണാകുളത്ത് ഉള്ളത്.
ഉമ തോമസ്, അഡ്വ. പുഷ്പ ദാസ്, അഡ്വ. എം.ബി. ഷൈനി, വത്സല പ്രസന്ന കുമാര്‍, അഞ്ജലി നായര്‍, അനിത തോമസ് എന്നിവരാണ് കോണ്‍ഗ്രസ്, സിപിഎം, ബിജെപി, ട്വന്റി 20 പാര്‍ട്ടികള്‍ പ്രഖ്യാപിച്ച പ്രമുഖ സ്ഥാനാര്‍ഥികള്‍. ഇവരെ കൂടാതെ നിത പ്രോമി, വി.സി മിനി, ശാന്തകുമാരി എന്നിവര്‍ വിമത സ്ഥാനാര്‍ഥികളായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
ഉമ തോമസ്: മുന്‍ തൃക്കാക്കര എംഎല്‍എയും ഭര്‍ത്താവുമായിരുന്ന പി.ടി തോമസിന്റെ വിയോഗത്തെ തുടര്‍ന്നാണ് 2022ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉമ തോമസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് എംഎല്‍എ ആകുന്നത്. 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ തോമസ് തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ തൃക്കാക്കര മണ്ഡലത്തില്‍ വനിതകള്‍ തമ്മിലാണ് മത്സരം. സിപിഎം സ്ഥാനാര്‍ഥി അഡ്വ. പുഷ്പ ദാസിനെയാണ് ഉമ തോമസ് നേരിടാന്‍ ഒരുങ്ങുന്നത്.
അഡ്വ. പുഷ്പ ദാസ്: സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗവും മഹിള അസോസിയേഷന് കേന്ദ്ര കമ്മിറ്റി അംഗവുമാണ് പുഷ്പ ദാസ്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും മത്സരിച്ച് ജയിച്ചിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരയായി തീര്‍ന്ന സിപിഎം നേതാവ് സുബ്രഹ്മണ്യന്റെ മകളാണ്. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ സ്ഥാനാര്‍ഥി കൂടിയാണ് പുഷ്പ ദാസ്. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാണ് തൃക്കാക്കരയില്‍ മത്സരിക്കുന്നത്.
അഡ്വ. എം.ബി. ഷൈനി: വൈപ്പിനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് അഡ്വ. എം.ബി. ഷൈനി. എസ്എഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആദ്യ വനിത സെക്രട്ടറിയായിരുന്നു ഷൈനി. ജില്ല പഞ്ചായത്തഅംഗവും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയുമായിരുന്നു. മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സിപിഐ എം വൈപ്പിന്‍ ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഹൈക്കോടതി അഭിഭാഷകയാണ്.
വത്സല പ്രസന്ന കുമാര്‍: പറവൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് വത്സല പ്രസന്ന കുമാര്‍. പറവൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്സണും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഏഴര വര്‍ഷം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ആയിരുന്ന വത്സല ഫെബ്രുവരിയിലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്.
25 വര്‍ഷത്തോളം തുടര്‍ച്ചയായി പറവൂര്‍ നഗരസഭ അധ്യക്ഷയായിരുന്നു വത്സല. രണ്ടു തവണ നഗരസഭ അധ്യക്ഷയുമായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായും, എഐസിസി അംഗമായും മഹിള കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷയായും പ്രവര്‍ത്തിച്ചിരുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വത്സലയുടെ പേര് ചര്‍ച്ച ചെയ്തെങ്കിലും വെട്ടിയിരുന്നു.
അഞ്ജലി നായര്‍: തൃപ്പൂണിത്തുറയിലെ ട്വന്റി 20 സ്ഥാനാര്‍ഥിയായ നടി അഞ്ജലി നായര്‍ക്ക് ഇത് കന്നിയങ്കമാണ്. മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. മാര്‍ച്ച് 17ന് ആണ് അഞ്ജലി ട്വന്റി 20 സ്ഥാനാര്‍ഥിയായി സാബു എം. ജേക്കബ് പ്രഖ്യാപിച്ചത്.
അനിത തോമസ്: വൈപ്പിനിലെ ട്വന്റി 20 സ്ഥാനാര്‍ഥിയാണ് നര്‍ത്തകിയും നടിയും സംരംഭകയുമായ അനിത തോമസ്. കൊച്ചി സ്വദേശിനിയും കൊച്ചിന് കോളജ് അലുമ്നി അസോസിയേഷന് രക്ഷാധികാരിയും, സാമൂഹിക പ്രവര്‍ത്തകയുമായ അനിത തോമസ് കഴിഞ്ഞ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്പ്പറേഷന് രവിപുരം ഡിവിഷനില്‍ സ്ഥാനാര്‍ഥിയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അനിതയുടെ കന്നി അങ്കമാണിത്.
അതേസമയം, 1957ല്‍ നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ ആറു വനിത എംഎല്‍എമാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കെ.ആര്. ഗൗരിയമ്മയാണ് കേരളത്തിലെ ആദ്യ വനിതാ മന്ത്രിയായി ചരിത്രം കുറിച്ചത്. 2021ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച 11 വനിതാ നേതാക്കള്‍ മാത്രമാണ് ഇപ്പോള്‍ നിയമസഭയിലുള്ളത്.
ഇവരില്‍ മൂന്നു പേര് മാത്രമാണ് മന്ത്രിയായത്. 2021ല്‍ 103 വനിത സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെങ്കില്‍ ഇത്തവണ കണക്കുകള്‍ അതിലും താഴെയാണ്. 44 വനിതാ സ്ഥാനാര്‍ഥികള്‍ മാത്രമാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ തന്നെ സ്ത്രീ സ്ഥാനാര്‍ഥികളടെ കുറവ് ചര്‍ച്ചയായിരുന്നു. ഷമ മുഹമ്മദ് അടക്കമുള്ള നേതാക്കള്‍ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. വനിതാ സ്ഥാനാര്‍ഥികള്‍ കുറഞ്ഞതില്‍ തനിക്കും അതൃപ്തിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ്, ബിജെപി പാര്‍ട്ടികളിലും സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണ്.
കേരളത്തില്‍ മത്സരരംഗത്തുള്ള വനിത സ്ഥാനാര്‍ഥികള്‍ ഇവരൊക്കെ:
1) എം.എല്‍. അശ്വനി (കാസര്‍കോട്, ബിജെപി)
2) പി.കെ ശ്യാമള (തളിപ്പറമ്പ്, സിപിഎം)
3) ജയന്തി രാജന് (കൂത്തുപറമ്പ, മുസ്ലിം ലീഗ്)
4) കെ.കെ ശൈലജ (പേരാവൂര്‍, സിപിഎം)
5) ഉഷ വിജയന് (മാനന്തവാടി, യുഡിഎഫ്)
6) എ.എസ്. കവിത (സുല്‍ത്താന്‍ ബത്തേരി, ബിജെപി)
7) കെ.കെ. രമ (വടകര, ആര്‍എംപിഐ)
8) പി. വസന്ത (നാദാപുരം, സിപിഐ)
9) ഫാത്തിമ തഹ്ലിയ (പേരാമ്പ്ര, മുസ്ലിം ലീഗ്)
10) വിദ്യ ബാലകൃഷ്ണന് (എലത്തൂര്‍, കോണ്‍ഗ്രസ്)
11) നവ്യ ഹരിദാസ് (കോഴിക്കോട് നോര്‍ത്ത്, ബിജെപി)
12) പി. ജിജി (കൊണ്ടോട്ടി, ഐഎന്‍ഡി-സിപിഎം)
13) എം. പദ്മശ്രീ (മഞ്ജേരി, ബിജെപി)
14) അശ്വതി ഗുപ്തകുമാര്‍ (മലപ്പുറം, ബിജെപി)
15) ദീപ പുഴക്കല്‍ (താനൂര്‍, ബിജെപി)
16) പ്രീതി കൊഞ്ചത്ത് (കോട്ടക്ക്,സിപിഎം)
17) കെ. ശാന്തകുമാരി (കോങ്ങാട്, സിപിഎം)
18) കെ.എ. തുളസി (കോങ്ങാട്, കോണ്‍ഗ്രസ്)
19) രേണു സുരേഷ് (കോങ്ങാട്, ബിജെപി)
20) ശോഭ സുരേന്ദ്രന് (പാലക്കാട്, ബിജെപി)
21) ഗീത ഗോപി (നാട്ടിക, സിപിഎം)
22) അതുല്യ ഘോഷ് (കയ്പമംഗലം, ബിജെപി)
23) ആര് ബിന്ദു (ഇരിഞ്ഞാലക്കുട, സിപിഎം)
24) വത്സല പ്രസന്ന കുമാര്‍ (പറവൂര്‍, ബിജെപി)
25) എം.ബി. ഷൈനി (വൈപ്പിന്‍, സിപിഎം)
26) അഞ്ജലി നായര്‍ (തൃപ്പൂണിത്തുറ, ട്വന്റി20)
27) പുഷ്പ ദാസ് (തൃക്കാക്കര, സിപിഎം)
28) ഉമ തോമസ് (തൃക്കാക്കര, കോണ്‍ഗ്രസ്)
29) സംഗീത വിശ്വനാഥന് (ഉടുമ്പന്‍ചോല, ബിഡിജെഎസ്)
30) നിര്‍മല ജിമ്മി (കടത്തുരുത്തി, കേരള കോണ്‍ഗ്രസ് എം)
31) ആതിര ഡി. നായര്‍ (ഏറ്റുമാനൂര്‍, ട്വന്റി20)
32) ദലീമ (അരൂര്‍, സിപിഎം)
33) ഷാനിമോള്‍ ഉസ്മാന് (അരൂര്‍, കോണ്‍ഗ്രസ്)
34) യു. പ്രതിഭ (കായംകുളം, സിപിഎം)
35) വീണ ജോര്‍ജ് (ആറന്മുള, സിപിഎം)
36) എം.എസ്. താര (കരുനാഗപ്പള്ളി, സിപിഐ)
37) ആയിഷ പോറ്റി (കൊട്ടാരക്കര, കോണ്‍ഗ്രസ്)
38) ചിഞ്ചുറാണി (ചടയമംഗലം, സിപിഐ)
39) ബിന്ദു കൃഷ്ണ (കൊല്ലം, കോണ്‍ഗ്രസ്)
40) എസ്. സ്മിത (വര്‍ക്കല, ബിജെപി)
41) ഒ.എസ്. അംബിക (ആറ്റിങ്ങല്‍, സിപിഎം)
42) രമ്യ ഹരിദാസ് (ചിറയിന്‍കീഴ്, കോണ്‍ഗ്രസ്)
43) ആര്. ശ്രീലേഖ (വട്ടിയൂര്‍ക്കാവ്, ബിജെപി)
44) അനിത തോമസ് (വൈപ്പിന്‍, ട്വന്റി20)