മൈക്രോസോഫ്റ്റ്
എൻവിഡിയയുടെ എഐ ചിപ്പുകൾക്കുള്ള അമിത വിലയും ക്ഷാമവും മറികടക്കാൻ സ്വന്തം എഐ ചിപ്പുകളുടെ ഉത്പാദനം വൻതോതിൽ വർധിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. അടുത്ത തലമുറയിൽപ്പെട്ട 3 ലക്ഷത്തിലധികം 'മയാ' (Maia) എഐ ചിപ്പുകൾ നിർമിക്കുന്നതിനായി ചിപ്പ് നിർമാതാക്കളായ ടിഎസ്എംസിയുമായി കമ്പനി ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2027ഓടെ ഇവ ലഭ്യമാക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്.
തങ്ങളുടെ പുതിയ 'മയാ 300' (Maia 300) ചിപ്പുകൾ ഈ വർഷം അവസാനം പുറത്തിറക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. ആമസോൺ, ഗൂഗിൾ തുടങ്ങിയ ടെക് ഭീമന്മാർ വർഷങ്ങൾക്ക് മുൻപ് തന്നെ സ്വന്തമായി എഐ ചിപ്പുകൾ നിർമിച്ച് ഉപയോഗിക്കുന്നുണ്ടെങ്കിലും, മൈക്രോസോഫ്റ്റ് ഈ രംഗത്തേക്ക് വൈകിയാണ് എത്തിയത്.
എങ്കിലും, തങ്ങളുടെ ഡാറ്റാ സെന്ററുകളുടെ ചെലവ് കുറയ്ക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ കാര്യക്ഷമമായ ക്ലൗഡ് സേവനങ്ങൾ നൽകാനും സ്വന്തം ചിപ്പുകൾ സഹായിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ കണക്കുകൂട്ടൽ.
ഭാവിയിൽ ഭീമമായ അളവിൽ സ്വന്തം മയാ ചിപ്പുകൾ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് അധികൃതർ വ്യക്തമാക്കി. വാർത്ത പുറത്തുവന്നതോടെ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ മൈക്രോസോഫ്റ്റിന്റെ ഓഹരി മൂല്യത്തിൽ 1.3 ശതമാനത്തിന്റെ വർധനവുണ്ടായി.
Tags : technology microsoft aichips