x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീട് വലുതായി, പക്ഷെ ഉമ്മറത്ത് ആരുമില്ല!

അനുശ്രി പ്രദീപ്
Published: November 20, 2026 12:16 PM IST | Updated: November 20, 2026 12:31 PM IST

പ്രതീകാത്മക ചിത്രം

 

ആലപ്പുഴയിലെ ഒരു  വീടിന്‍റെ ഉമ്മറത്ത് ഇന്നലെ ഒരു കാഴ്ച കണ്ടു. എഴുപത് വയസ്സുള്ള ഒരു അമ്മ തനിച്ച് ഇരിക്കുന്നു. പിന്നിൽ വലിയൊരു വീട്, മുറ്റത്ത് രണ്ട് കാറുകൾ. പക്ഷെ  ഉമ്മറത്ത് അവർ തനിച്ചാണ്. മക്കൾ മൂന്നുപേരും വിദേശത്ത്. ദിവസവും വീഡിയോ കോൾ ഉണ്ട്, മാസം പണം അയക്കും. പക്ഷെ  ഉമ്മറത്തെ ഒറ്റപ്പെടൽ മാറ്റാൻ ആർക്കും കഴിയില്ല. ആ അമ്മ ഗേറ്റിലേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു, ആരെങ്കിലും വരുമോ എന്ന പ്രതീക്ഷയിൽ.ഇത് ആ അമ്മയുടെ മാത്രം കഥയല്ല.

ഇന്ന് കേരളത്തിലെ പകുതി വീടുകളുടെയും കഥയാണ് . നമ്മൾ എല്ലാവരും വലിയ വീടുകൾ വെച്ചു. മാർബിളും ഗ്രാനൈറ്റും ഇട്ട് വീടിനെ കൊട്ടാരമാക്കി. പക്ഷെ ആ വീടിനുള്ളിൽ സ്നേഹം കൊണ്ട് നിറയ്ക്കാൻ മറന്നുപോയി. പണ്ട് ഓല മേഞ്ഞ വീട്ടിൽ പത്തുപേർ ഒരുമിച്ച് കിടന്നുറങ്ങിയിരുന്നു. അന്ന് സ്ഥലം കുറവായിരുന്നു, പക്ഷെ മനസ്സ് നിറയെ സ്നേഹമായിരുന്നു. ഇന്ന് അഞ്ച് കിടപ്പുമുറിയുള്ള വീട്ടിൽ, ഓരോരുത്തരും ഓരോ മുറിയിൽ തനിച്ചാണ്. ഇടയ്ക്ക് കാണുമ്പോൾ പോലും തലയാട്ടി പോകും, സംസാരമില്ല.

ഈ മാറ്റം ഏറ്റവും കൂടുതൽ തകർത്തത് നമ്മുടെ കുട്ടികളെയാണ്. അവർക്ക് കഥ പറഞ്ഞു കൊടുക്കാൻ മുത്തശ്ശി ഇല്ല, ചേർത്ത് പിടിക്കാൻ മുത്തശ്ശൻ ഇല്ല. അവരുടെ കുട്ടിക്കാലം നഷ്ടപ്പെടുകയാണ്. സ്കൂൾ വിട്ട് വന്നാൽ വീട്ടിൽ ആരുമില്ല. അച്ഛനും അമ്മയും ജോലി തിരക്കിൽ. കൂട്ടിന്ഫോൺ മാത്രം. ആറ് വയസ്സുള്ള കുട്ടി പോലും മണിക്കൂറുകളോളം ഫോണിൽ നോക്കി ഇരിക്കുന്നു. അവൻ ചിരിക്കുന്നുണ്ട്, പക്ഷെ ആ ചിരിക്ക് പിന്നിൽ വലിയൊരു ഏകാന്തതയുണ്ട്. അവന് വേണ്ടത് വില കൂടിയ കളിപ്പാട്ടമല്ല, അമ്മയുടെ മടിയിൽ കിടന്ന് ഒരു കഥ കേൾക്കാനാണ്, അച്ഛന്‍റെകൈപിടിച്ചു നടക്കാനാണ് . നമ്മൾ കൊടുക്കാത്ത ആ സ്നേഹത്തിനായി അവർ കൊതിക്കുന്നു.

പണ്ട് വൈകുന്നേരം ആയാൽ, വീടുകൾക്ക് ഒരു ശബ്ദമുണ്ടായിരുന്നു.സ്കൂൾ വിട്ട് വന്ന കുട്ടികളുടെ ചിരി മുറ്റം നിറയും. കളി കഴിഞ്ഞ് വിയർത്ത്, പൊടി പിടിച്ച് വീട്ടിൽ കയറുമ്പോൾ അടുക്കളയിൽ നിന്ന് അമ്മയുടെ വിളി വരും - "കൈ കാല് കഴുകിയിട്ട് വന്ന് ചായ കുടിക്ക്!"ഉമ്മറത്ത് ചാരുകസേരയിൽ ഇരുന്ന് അച്ഛൻ പത്രം വായിക്കും. ഇടയ്ക്ക് വാർത്തകൾ ഉറക്കെ വായിച്ച് അമ്മയോട് പറയും. അയൽവീട്ടിലെ ചേച്ചി മുറ്റത്ത് വന്ന് കുറച്ച് നേരം സംസാരിച്ച് നിൽക്കും.അത് വെറും വൈകുന്നേരം ആയിരുന്നില്ല. അതൊരു കൂടിച്ചേരൽ ആയിരുന്നു.

ഇന്ന് വൈകുന്നേരം ആയാൽ, വീടുകളിൽ വെളിച്ചമുണ്ട്, പക്ഷേ ശബ്ദമില്ല.മുറ്റത്ത് ഇപ്പോൾ ആരും കളിക്കുന്നില്ല. കുട്ടികൾ മുറിയിൽ, ഫോണിൽ ഒരു ലോകത്ത്.
അടുക്കളയിൽ അമ്മ, ഫോണിൽ റീൽസ് നോക്കി കൊണ്ട് ചായ ഉണ്ടാക്കുന്നു.
ഉമ്മറത്ത് അച്ഛൻ, ഫോണിൽ ന്യൂസ് വായിക്കുന്നു.നാല് പേർ ഒരേ വീട്ടിൽ, ഒരേ സോഫയിൽ ഇരുന്നാലും, നാല് പേരും നാല് ലോകത്താണ്. ഭക്ഷണം കഴിക്കുന്നത് പോലും ഒരുമിച്ചല്ല. ഒരാൾ കഴിച്ച് എഴുന്നേൽക്കുമ്പോൾ മറ്റൊരാൾ വന്ന് കഴിക്കും. നമ്മൾ ഒരുമിച്ച് ജീവിക്കാൻ മറന്നു.ആരും ആരോടും ഒന്നും പറയുന്നില്ല. പറയാൻ ഒന്നുമില്ലാത്തതുകൊണ്ടല്ല, പറയാൻ നേരമില്ലാത്തതുകൊണ്ടാണ്. എല്ലാവരും തിരക്കിലാണ്. പക്ഷേ എന്തിലാണ് തിരക്ക് എന്ന് ചോദിച്ചാൽ, ആർക്കും അറിയില്ല.

ഫോൺ വന്നപ്പോൾ ലോകം കൈയ്യിൽ വന്നു എന്ന് നമ്മൾ പറഞ്ഞു.
സത്യമാണ്. ലോകം കൈയ്യിൽ വന്നു. പക്ഷേ വീട് കൈവിട്ട് പോയി.ഇന്നും മുറ്റത്ത് ആ പഴയ വെയിൽ തന്നെയാണ് വീഴുന്നത്. അടുക്കളയിൽ ആ പഴയ ചായയുടെ മണം തന്നെയാണ്. ഉമ്മറത്ത് ആ പഴയ കാറ്റ് തന്നെയാണ് വീശുന്നത്.മാറിയത് വെയിലല്ല, കാറ്റല്ല. മാറിയത് നമ്മൾ മാത്രമാണ്.

ഇനി എന്താണ് ചെയ്യേണ്ടത്?

വലിയ തത്വങ്ങളൊന്നും വേണ്ട. ചെറിയ കാര്യങ്ങൾ മതി. ഇന്ന് മുതൽ ഫോൺ കുറച്ച് നേരം ഓഫ് ചെയ്ത് വെക്കൂ. എല്ലാവരും ഒരുമിച്ച് ഒത്തുകൂടൂ. അന്ന് നടന്ന ചെറിയ കാര്യങ്ങൾ പോലും പരസ്പരം പറയൂ. അമ്മ ഉണ്ടാക്കിയ ചായ ഒരുമിച്ച് കുടിക്കൂ. മക്കളുടെ തലയിൽ ഒന്ന് തലോടൂ. ആ ചെറിയ സ്പർശനത്തിന് വലിയ ശക്തിയുണ്ട്. അത് മക്കൾ ഒരിക്കലും മറക്കില്ല.

വീട് എന്ന് പറയുന്നത് നാല് ചുവരല്ല, നാല് മനസ്സുകൾ ഒരുമിച്ച് ചേരുന്ന ഇടമാണ്. ആ മനസ്സുകൾ തമ്മിൽ അകലം വന്നാൽ, എത്ര വലിയ വീട് വെച്ചിട്ടും കാര്യമില്ല. നഷ്ടപ്പെടുത്തിയത് തിരിച്ചു പിടിക്കാൻ ഇനിയും സമയമുണ്ട്. ഉമ്മറത്ത് വീണ്ടും ചിരി നിറയട്ടെ.

Tags : emotional story

Recent News

Corehub Up