പ്രതീകാത്മക ചിത്രം
കൊച്ചി കലൂർ സ്റ്റേഡിയത്തിന് അടുത്തുകൂടി പോയിട്ടുണ്ടോ?അവിടെ ഒരു ചെറിയ കടല വണ്ടി ഉണ്ട്. അതിന് ചുറ്റും ഇപ്പോൾ എപ്പോഴും ആളുകൾ കൂടി നിൽക്കുന്നത് കാണാം. എല്ലാവരും നോക്കുന്നത് കടലയല്ല, കടല വറുക്കുന്ന ആ മെഷീനെയാണ്!
ചട്ടിയിൽ തനിയെ കറങ്ങുന്ന ഒരു കൈ. റോബോട്ട് പോലെ. ആരും ഇളക്കേണ്ട. ആരും തീയിൽ വെന്ത് നിൽക്കേണ്ട. മെഷീൻ തനിയെ കടല വറുത്ത് തരും. മോഹനൻ ചേട്ടൻ വെറും ചൂടുള്ള കടല പൊതിഞ്ഞ് കൊടുത്താൽ മതി.ഇതാണ് നമ്മുടെ കൊച്ചിക്കാരൻ മോഹനന്റെ കഥ.
കണ്ടുപിടിതത്തിന് പിന്നിൽ
47 വർഷമായി മോഹനൻ ചേട്ടൻ കടല വറുക്കുകയാണ്. തീയുടെ ചൂടിൽ, ചട്ടിയിൽ കൈ കൊണ്ട് നിർത്താതെ ഇളക്കി... ഇളക്കി... അദ്ദേഹത്തിന്റെ തോൾ മുഴുവൻ തേഞ്ഞു പോയി. തോളിൽ സഹിക്കാൻ പറ്റാത്ത വേദനയായി. ഡോക്ടർമാർ പറഞ്ഞു ,ഇനി ഇങ്ങനെ ഇളക്കിയാൽ തോൾ പൂർണ്ണമായും പോകും.മറ്റാരങ്കിലും ആയിരുന്നെങ്കിൽ അന്ന് ആ തൊഴിൽ നിർത്തിയേനെ. പക്ഷേ മോഹനൻ ചേട്ടൻ നിർത്തിയില്ല. അദ്ദേഹം ചിന്തിച്ചു , എന്റെ കൈക്ക് പകരം ഒരു കൈ ഉണ്ടാക്കിയാലോ?
ഐഡിയ കിട്ടിയത് പായസം കണ്ടപ്പോൾ!
ഒരു ദിവസം സുഹൃത്തിന്റെ കടയിൽ പോയപ്പോൾ, പായസം ഇളക്കാൻ ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് മെഷീൻ കണ്ടു. അതാണ് മോഹനന് ഐഡിയ കൊടുത്തത്.പായസം ഇളക്കാൻ പറ്റുമെങ്കിൽ, കടല വറുക്കാനും പറ്റില്ലേ?സ്വന്തം കൈ കൊണ്ട്, ചെറിയൊരു മോട്ടോറും ബ്ലേഡും വെച്ച് അദ്ദേഹം ഒരു മെഷീൻ ഉണ്ടാക്കി. ചട്ടിക്ക് മുകളിൽ ലംബമായി മോട്ടോർ പിടിപ്പിച്ചു. ബ്ലേഡ് ചട്ടി മുഴുവൻ കറങ്ങി കടലയെ ഒരുപോലെ വറുത്തെടുക്കും. ഒരിടത്തും കരിയില്ല. ഒരിടത്തും വേവാതിരിക്കില്ല.ഇന്ന് മോഹനൻ ചേട്ടൻ ഒരു ദിവസം 15 കിലോ കടല വരെ എളുപ്പത്തിൽ വറുക്കുന്നു. ബാറ്ററി രണ്ട് ദിവസം കൂടുമ്പോൾ ഒരിക്കൽ ചാർജ് ചെയ്താൽ മതി. അടുത്ത ലക്ഷ്യം എന്താണെന്നറിയാമോ? ഇതിനെ സോളാർ പവറിൽ ഓടിക്കുക!
വലിയ ഡിഗ്രിയില്ല. വലിയ കമ്പനിയില്ല. കോടികളുടെ ഫണ്ടില്ല.പക്ഷേ ഒരു സാധാരണക്കാരന്റെ വേദനയിൽ നിന്ന് ഉണ്ടായ ഒരു കണ്ടുപിടിത്തമാണിത്. IIT യിലും, വലിയ ലാബുകളിലും നടക്കേണ്ട ഇന്നൊവേഷൻ, കൊച്ചിയിലെ ഒരു തെരുവിൽ, ഒരു കടല വണ്ടിക്കാരൻ നടത്തി കാണിച്ചു തന്നിരിക്കുന്നു.ഇതിനെയാണ് യഥാർത്ഥ "മെയ്ക്ക് ഇൻ ഇന്ത്യ" എന്ന് പറയുന്നത്.
ഇതിനെയാണ് യഥാർത്ഥ "കൊച്ചിക്കാരന്റെ ബുദ്ധി" എന്ന് പറയുന്നത്.
കലൂർ ഭാഗത്തുകൂടി പോകുമ്പോൾ മോഹനൻ ചേട്ടനെ ഒന്ന് കാണണം. ഒരു പൊതി കടല വാങ്ങണം. കാരണം ആ പൊതിയിൽ കടല മാത്രമല്ല, 47 വർഷത്തെ അധ്വാനവും, വേദനയെ തോൽപ്പിച്ച ഒരു മനുഷ്യന്റെ വിജയവും കൂടിയുണ്ട്.മോഹനൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട്!
ഈ കഥ ഒന്ന് ഷെയർ ചെയ്യൂ. നമ്മുടെ നാട്ടിലെ ഇത്തരം ഹീറോസിനെ ലോകം അറിയട്ടെ.