പ്രതീകാത്മക ചിത്രം
ഉച്ചയായാൽ തലശ്ശേരിയിലെ ആ പഴയ ഹോട്ടലിന്റെ മുന്നിൽ നീണ്ട ക്യൂ ആണ്. കാറിൽ വന്നവരും, ബൈക്കിൽ വന്നവരും, നടന്ന് വന്നവരും... എല്ലാവരും ഒരേ കാര്യത്തിന് വേണ്ടി കാത്തുനിൽക്കുന്നു. ഒരു പ്ലേറ്റ് ബിരിയാണിക്ക് വേണ്ടി. ഉള്ളിൽ നിന്ന് ചെമ്പ് തുറക്കുന്ന ശബ്ദം കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും. ആ തിരക്കാണ് ബിരിയാണിയുടെ യഥാർത്ഥ വിജയം.
ബിരിയാണി കഴിക്കുകയല്ല, ആസ്വദിക്കുകയാണ്
ആദ്യം കണ്ണ് കൊണ്ട് കഴിക്കണം. ആ കളർ കാണണം. പിന്നെ മൂക്കു കൊണ്ട്... ആ മണം വലിച്ചെടുക്കണം.പിന്നെ കുറച്ച് റൈസ് എടുത്ത്, ഒരു പീസ് ഇറച്ചി, കുറച്ച് സലാഡ്... എല്ലാം കൂടെ ഒരുമിച്ച് വായിൽ വെക്കുമ്പോൾ...ആഹ്! അതാണ് സ്വർഗം.ഹോട്ടലിൽ പോയി കഴിക്കുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ട്. കൂട്ടുകാരുടെ കൂടെ, ഒരു പ്ലേറ്റ് ബിരിയാണി പങ്കുവെച്ച്, സാലഡ് കൂടെ ഒരു പപ്പടം , ഒരു ലൈം സോഡ ... ആ കോംബോ തന്നെ വേറെ ലെവൽ.
ബിരിയാണിയുടെ തലസ്ഥാനം!
കോഴിക്കോട് എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ്മ വരുന്നത് ബിരിയാണിയാണ്. കോഴിക്കോടൻ ബിരിയാണി എന്ന് പറഞ്ഞാൽ അത് വെറും ബിരിയാണിയല്ല, അത് ഒരു ചരിത്രമാണ്.കൈമ അരിയുടെ മൃദുത്വം, നല്ല നെയ്യിന്റെ മണം, ചെറിയ ഉള്ളിയുടെ രുചി, പിന്നെ നന്നായി വെന്ത ഇറച്ചി... എല്ലാം കൂടെ ചേർന്നാൽ അതാണ് കോഴിക്കോടൻ ബിരിയാണി.
കോഴിക്കോട് ബീച്ചിൽ പോയി, കാറ്റ് കൊണ്ട്, ചൂടോടെ ഒരു പ്ലേറ്റ് ബിരിയാണി കഴിക്കുന്ന സുഖം... അത് ഒന്ന് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ. മിഠായിത്തെരുവിൽ നടന്ന്, പഴയ ഹോട്ടലിൽ കയറി, "ഒരു ദം ബിരിയാണി" എന്ന് പറഞ്ഞ് കഴിക്കുമ്പോൾ കിട്ടുന്ന സുഖം വേറെ എവിടെയും കിട്ടില്ല.കോഴിക്കോടുകാർ പറയും, "ഞങ്ങളുടെ ബിരിയാണി കഴിക്കാത്തവൻ, ബിരിയാണി കഴിച്ചിട്ടില്ല" എന്ന്. അത് വെറും അഹങ്കാരമല്ല, സത്യമാണ്!
തലശ്ശേരിയോ, മലബാറോ, കോട്ടയമോ, കൊല്ലമോ?
മലയാളിക്ക് ബിരിയാണി കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല.ചിലർ പറയും തലശ്ശേരിയാണ് ബെസ്റ്റ് എന്ന്. കൈമ അരിയുടെ മൃദുത്വം, ആ ചന്തമുള്ള കളർ.മറ്റ് ചിലർ പറയും മലബാർ ദം ആണ് കിങ് എന്ന്. ചെമ്പിൽ അടച്ച്, ദം ചെയ്ത് എടുക്കുമ്പോഴുള്ള ആ രുചി.പിന്നെ തിരുവനന്തപുരംകാരുണ്ട്. ബസ്മതി അരി, കുറച്ച് എരിവ് കൂടുതൽ... അതും കിടിലൻ.
കോട്ടയം മറക്കാൻ പറ്റുമോ?
കോട്ടയത്തിന്റ ബിരിയാണിക്ക് ഒരു പ്രത്യേക രുചിയാണ്. നല്ല മസാല ചേർന്ന, കുറച്ച് ചൂടോടെ, ഇറച്ചി നന്നായി വെന്ത്, ചോറിൽ മസാല പിടിച്ച ആ ബിരിയാണി,കൂടെ ഒരു മുട്ടയും... കോട്ടയത്ത് പോയി ബിരിയാണി കഴിക്കാതെ മടങ്ങിയാൽ യാത്ര പൂർണമാകില്ലന്ന് പറയുന്നവരുണ്ട്. കോട്ടയത്തെ പഴയ ഹോട്ടലുകളിലെ ആ രുചി, ഇന്നും ആളുകൾ തേടി വരുന്നത് വെറുതെയല്ല.
കൊല്ലത്തിന്റെ രുചി വേറെയാണ്!
കൊല്ലംകാർക്ക് ബിരിയാണി എന്നാൽ വെറും ചോറും ഇറച്ചിയുമല്ല. നല്ല മസാല കുറച്ച് കൂടുതൽ, നല്ല എരിവ്, പിന്നെ ചൂടോടെ വിളമ്പുമ്പോൾ കിട്ടുന്ന ആ മണം... കൊല്ലത്തെ തട്ടുകടകളിലും പഴയ ഹോട്ടലുകളിലും കിട്ടുന്ന ആ ബിരിയാണി കഴിച്ചവർക്ക് അറിയാം, അതിന്റ രുചി മറ്റെവിടെയും കിട്ടില്ലെന്ന്. കൊല്ലത്ത് വന്നിട്ട് ബിരിയാണി കഴിക്കാതെ പോയാൽ, പിന്നെ കൊല്ലത്ത് വന്നിട്ട് എന്ത് കാര്യം?
ബിരിയാണി ഓർമ്മകൾ
പ്രവാസിക്ക് ,ബിരിയാണി എന്നാൽ നാടാണ്. നാട്ടിൽ നിന്ന് വരുമ്പോൾ ആദ്യം കഴിക്കുന്നത് ബിരിയാണി. തിരിച്ച് പോകുമ്പോൾ അവസാനം കഴിക്കുന്നതും ബിരിയാണി.പെരുന്നാളിന്, കല്യാണത്തിന്, പിറന്നാളിന്... എല്ലാത്തിനും ബിരിയാണി തന്നെ.ഓരോ നാടിനും ഓരോ രുചിയാണ്.
അരിവില കൂടിയാലും, കാശ് കൂടിയാലും മലയാളി ബിരിയാണി വിടില്ല. "വില കൂടിയതുകൊണ്ട് ഇന്ന് ബിരിയാണി വേണ്ട" എന്ന് പറയില്ല , പകരം പറയും, "ഈ മാസം വേറെ എന്തെങ്കിലും ഒഴിവാക്കാം, പക്ഷേ ബിരിയാണി ഒഴിവാക്കില്ല" എന്ന്.കാരണം ബിരിയാണി വെറും ഭക്ഷണമല്ല. അത് ഒരു ശീലമാണ്, ഒഴിവാക്കാൻ പറ്റാത്ത ശീലം.
ബിരിയാണി കഴിച്ച് എഴുന്നേൽക്കുമ്പോൾ വയറും മനസും ഒരുപോലെ നിറയും .അതാണ് മലയാളിയും ബിരിയാണിയും തമ്മിലുള്ള പ്രണയം. ഒരിക്കലും തീരാത്ത, ഒരിക്കലും മടുക്കാത്ത പ്രണയം.