ചത്ത ആടിനായി പൊരിഞ്ഞ യുദ്ധം! പുരാതന കഥയല്ല, ഇന്നും അരങ്ങേറുന്ന യാഥാർഥ്യം
Friday, January 29, 2021 5:04 PM IST
കുതിരയുടെ പുറത്തിരുന്നു ഗോൾഫ് കളിക്കുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ, കുതിരയുടെ പുറത്തിരുന്നു ബുസ്കാഷി കളിക്കുന്ന കളിക്കാരെ നമ്മൾക്ക് അത്ര പരിചയമില്ല. എന്താണ് ഈ ബുസ്കാഷി എന്നല്ലേ. ലോകത്തിലെ വിചിത്രമായ മത്സരങ്ങളിൽ ഒന്നാണിത്.
പ്രധാനമായും മധ്യേഷ്യ കേന്ദ്രീകരിച്ചുള്ള രാജ്യങ്ങളിലാണ് ഇത് അരങ്ങേറുന്നത്. എങ്കിലും അഫ്ഗാനിസ്ഥാനിലാണ് മത്സരവും ആചാരവും ഏറ്റവും സജീവമായിട്ടുള്ളത്. വിചിത്രം മാത്രമല്ല, ഇതല്പം മൃഗീയവുമാണെന്നേ പറയാനാവൂ.
ആടിന്റെ ജഡം
ഗോൾഫ് കളിയിൽ നമ്മൾ ഉപയോഗിക്കുന്നത് ബോൾ ആണെങ്കിൽ ബുസ്കാഷി കളിയിൽ ഉപയോഗിക്കുന്നത് ബോളിനു പകരം ആടിന്റെ ജഡമാണ്. ഈ കളിക്കു ഗോൾ പോസ്റ്റുകളുണ്ട്. കുതിരപ്പുറത്തിരിക്കുന്ന ടീമംഗങ്ങൾ ആടിന്റെ ജഡം തള്ളിയും നീക്കിയും ഗോൾപോസ്റ്റിൽ കൊണ്ടിടണം.
അഫ്ഗാനിസ്ഥാനിൽ ഈ കായികയിനത്തിന് ഇപ്പോഴും ആരാധകരുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകാലത്ത് ഈ കളി നിരോധിച്ചിരുന്നു. അക്കാലത്തു മത്സരത്തിന്റെ പ്രാധാന്യം കുറഞ്ഞിരുന്നെങ്കിലും പിന്നീടു വീണ്ടും സജീവമായി മാറുകയായിരുന്നു. ഇപ്പോഴും പല സ്ഥലങ്ങളിലും ഈ മത്സരം നടത്തപ്പെടുന്നുണ്ട്.
ഓരോ ടീമിലും 10 കളിക്കാർ വീതമുണ്ട്. ഈ കളി സാധാരണയായി 90 മിനിറ്റ് നീണ്ടുനിൽക്കും. കളിക്കിടയിൽ ഇടവേളയുണ്ട്. കളിയിൽ വാശി കൂടി കളിക്കാർ കൈയാങ്കളി നടത്തുന്നതും പതിവാണ്. ഒരാളുടെ കുതിരപ്പുറത്തിരിക്കുന്ന ജഡം തട്ടിയെടുക്കാൻ ശ്രമിക്കുന്പോഴാണ് വാശി കൂടുന്നത്. അടിപിടി ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഗെയിം നിയന്ത്രിക്കാൻ റഫറിയുണ്ട്.
ചപ്പാണ്ടസ്
ഒരു ബുസ്കാഷി കളിക്കാരനെ ചപ്പാണ്ടസ് എന്നു വിളിക്കുന്നു. മത്സരത്തിൽ പങ്കെടുക്കുന്ന ചപ്പാണ്ടസ് പ്രത്യേക പരിശീലനം നേടുന്നവരാണ്. കളിക്കാരനെപ്പോലെ കുതിരകൾക്കും പരിശീലനമുണ്ട്. ഒരു കളിക്കാരനു പങ്കെടുക്കാൻ സ്വന്തമായി കുതിര വേണമെന്നില്ല. കാശു കൊടുത്താൽ കുതിരകളെ വാടകയ്ക്കു കിട്ടും.
കുതിരയുടെ ഉടമ സാധാരണയായി തന്റെ കുതിരയെ മികച്ച ചപ്പാണ്ടസ് ഓടിക്കാൻ ആഗ്രഹിക്കുന്നു. കാരണം വിജയിക്കുന്ന കുതിരയുടെ ഉടമയ്ക്ക് വലിയ അംഗീകാരം ഇതുവഴി കിട്ടും. അതുകൊണ്ടു നല്ല ചപ്പാണ്ടസിനെ തേടിപ്പിടിച്ചു കുതിരയെ കൊടുക്കുന്നവരുമുണ്ട്.
പത്താം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനുമിടയിൽ ചൈനയിൽനിന്നും മംഗോളിയയിൽനിന്നും പടിഞ്ഞാറോട്ട് വ്യാപിച്ചുകിടക്കുന്ന വടക്ക്, കിഴക്കുനിന്നു വന്ന നാടോടികളായ തുർക്കി ജനതയിലാണ് ബുസ്കാഷി ആരംഭിച്ചതെന്നാണ് ചരിത്രം.