അനുദിന ജീവിതത്തില്‍ പലതരം തമാശക്കഥകള്‍ നാം കേള്‍ക്കാറുണ്ടല്ലൊ. ചില അമളികള്‍ വായനക്കാരെ ചിരിപ്പിച്ചൊരു വഴിയാക്കും. അത്തരമാരു സംഭവമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ഹര്‍ഷ രാമചന്ദ്ര എന്ന യുവതി ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ തന്‍റെ പിതാവിന് പറ്റിയൊരു അബദ്ധമാണുള്ളത്. മകള്‍ക്ക് യോജിച്ചൊരു വരനെ അന്വേഷിക്കുകയായിരുന്നു ഈ പിതാവ്. ഇതിനായി ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റുകളെയാണ് ഇദ്ദേഹവും ഭാര്യയും കൂടുതല്‍ ആശ്രയിച്ചത്.

അത്തരത്തില്‍ ഇദ്ദേഹം അലയന്‍സ് എന്നു കണ്ട ഒരു സൈറ്റില്‍ കയറി വിവരങ്ങള്‍ കൊടുക്കുകയും ചെയ്തു. വിളിച്ച പ്രകാരം "വരന്‍' വീട്ടിലെത്തി. കാഴ്ചയ്ക്ക് പ്രായം ഉള്ള ഒരാള്‍ പെണ്ണുകാണാനായി വീട്ടിലെത്തി.

"പയ്യനെ' കണ്ടപ്പോള്‍തന്നെ ഹര്‍ഷയുടെ പിതാവിന്‍റെ മുഖം മാറി. എന്നിരുന്നാലും അദ്ദേഹം ഈ "പയ്യനെ' വീടിനകത്തേക്ക് ക്ഷണിച്ചു.

എന്നാല്‍ "താങ്കള്‍ എത്ര ഇന്‍വസ്റ്റ് ചെയ്യും' എന്ന "പയ്യന്‍റെ' ചോദ്യത്തില്‍ ഹര്‍ഷയും പിതാവും ഞെട്ടി. വെെകാതെയാണ് ഇത് തനിക്ക് "ലൈഫ്' തരാന്‍ വന്ന ആളല്ല മറിച്ച് ലൈഫ് ഇന്‍ഷുറന്‍സിന്‍റെ ആളാണെന്ന് ഹര്‍ഷയ്ക്ക് ബോധ്യമായത്.


പിതാവ് രാമചന്ദ്രന്‍ മാട്രിമോണിയലായി കരുതി ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സിലാണ് വിവരങ്ങള്‍ കൈമാറിയത്. അമളി തിരിച്ചറിഞ്ഞതോടെ എല്ലാവരും ചിരിയായി.

ഏതായാലും ഈ അലയന്‍സ് സമൂഹ മാധ്യമങ്ങളിലും വൈറലായി. "രസകരമായ പെണ്ണുകാണല്‍' എന്നാണൊരു കമന്‍റ്.