വാലന്‍റെെന്‍സ് ഡേ എന്നത് കമിതാക്കളെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട ദിവസമാണല്ലൊ. അവര്‍ തങ്ങളുടെ പ്രണയിതാക്കളോട് ഇഷ്ടം പ്രകടിപ്പിക്കാന്‍ പല വഴികള്‍ പ്രയോഗിക്കാറുണ്ട്.

എന്നാല്‍ ഈ ദിനം എല്ലാവര്‍ക്കും അത്ര പ്രിയപ്പെട്ടതല്ല. പ്രത്യേകിച്ച് സിംഗിള്‍സിന്. അവരില്‍ ചിലര്‍ ഏകാന്തതയുടെ ദിനങ്ങള്‍ എന്നിതിനെ ട്രോളും. ഇപ്പോഴിതാ തന്നെ
ബോയ്ഫ്രണ്ടായി വാടകയ്ക്ക് കൊടുക്കുന്ന ഒരാളുടെ വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ഗുരുഗ്രാമില്‍ നിന്നുള്ള ശകുല്‍ ഗുപ്തയാണ് ഇത്തരത്തില്‍ വൈറലായ ആള്‍. ഇദ്ദേഹം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ "ബോയ്ഫ്രണ്ട് വാടകയ്ക്ക്' എന്നൊരു പരസ്യം നല്‍കി.

ഒറ്റപ്പെട്ടുപോയ നിരവധി യുവതികള്‍ ഈ പോസ്റ്റില്‍ ആകൃഷ്ടരായത്രെ. ധാരാളംപേര്‍ ഈ 31കാരനെ സമീപിക്കുകയുണ്ടായി. 2018 മുതല്‍ ഇത്തരത്തില്‍ പരസ്യം ചെയ്യുന്ന ശകുല്‍ 50-ലധികം തവണ ഡേറ്റിംഗിന് പോയിട്ടുണ്ടത്രെ.

അതേസമയം, തന്‍റെ ഉദ്ദേശ്യം പണമോ, ലൈംഗികതയോ അല്ലെന്ന് ശകുല്‍ പറയുന്നു. ഏകാന്ത ഒഴിവാക്കുക എന്നത് മാത്രമാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അതിന്‍റെ പ്രതിഫലം ഒരു പുഞ്ചരി മാത്രമാണെന്നും ഇയാള്‍ വ്യക്തമാക്കുന്നു.

ഏതായാലും ശകുലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ കമന്‍റുകളിടുകയുണ്ടായി. മനുഷ്യരുടെ വികാരത്തെയും അവസ്ഥയേയും കച്ചവടവത്ക്കരിക്കുന്നു എന്നാണ് ഒരു ഉപയോക്താവ് വിമര്‍ശിച്ചത്.

ചിലര്‍ക്കിത് മനസിലാകില്ലായിരിക്കാം കാരണം അവര്‍ക്ക് ഒറ്റപ്പെടല്‍ എന്തെന്നറിയില്ല എന്നാണ് മറ്റുചിലര്‍ ശകുലിനെ അനുകൂലിച്ച് പറഞ്ഞത്.