120-ാം ജന്മദിനം ആഘോഷിക്കുകയാണ് പ്രിയപ്പെട്ട കാഷ്യസ്
Saturday, June 10, 2023 1:04 PM IST
ലോകത്തിലെ ഏറ്റവും വലിയ മുതലയായ കാഷ്യസിന് 120 തികഞ്ഞു. ഏകദേശം 18 അടി നീളമുള്ള ഈ മുതല നിലവില്‍ ഓസ്ട്രേലിയയിലെ ക്വീന്‍സ്ലൻഡിലെ ഗ്രീന്‍ ഐലന്‍ഡിലെ മറൈന്‍ലാന്‍ഡ് ക്രോക്കോഡൈല്‍ പാര്‍ക്കിലാണ് താമസിക്കുന്നത്.
1987 മുതല്‍ ഈ ഭീമാകാരന്‍ ഇവിടെയാണുള്ളത്. ഇവിടെ എത്തുന്ന കാഴ്ചക്കാര്‍ക്ക് പ്രിയപ്പെട്ടവനും ഏറെ സുപരിചിതനുമാണ് കാഷ്യസ്. നിലവില്‍ ഏറ്റവും വലിയ മുതല എന്ന ഗിന്നസ് റിക്കാര്‍ഡ് കാഷ്യസിന് സ്വന്തമാണ്.
1984 ലാണ് കാഷ്യസിനെ മുതല ഗവേഷകര്‍ കണ്ടെത്തുന്നത്. പിടിയിലാകുമ്പോൾ കാഷ്യസിന്റെ പ്രായം ഏകദേശം 30-80 വയസ് വരെ കണക്കാക്കപ്പെട്ടിരുന്നു. അക്കാലത്ത് കാഷ്യസിന് 16 അടിയും 10 ഇഞ്ചും നീളമുണ്ടായിരുന്നു.
അന്തരിച്ച എലിസബത്ത് രാജ്ഞി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, തായ്ലന്ഡ് രാജാവ്, മുന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ തുടങ്ങി വിവിധ പ്രമുഖ വ്യക്തികള്‍ കാഷ്യസിനെ കാണാന്‍ പാര്‍ക്ക് സന്ദര്‍ശിച്ചിട്ടുണ്ട്.
പ്രായം ഇത്രയായിട്ടും കാഷ്യസിന്റെ ഊര്‍ജസ്വലതയ്ക്ക് കുറവ് വന്നിട്ടില്ലെന്നാണ് പരിപാലകര്‍ പറയുന്നത്. ഏതായാലും തങ്ങളുടെ പ്രിയപ്പെട്ട മുതലയുടെ പിറന്നാള്‍ അവര്‍ ആഘോഷമാക്കുകയാണ്.
കാഷ്യസിന് പ്രിയങ്കരമായ കോഴിയും ചൂരയുമൊക്കെ അവര്‍ ഒരുക്കിയിരുന്നു. ലോകത്തിന്റെ വിവിധ കോണില്‍ നിന്നുള്ള മൃഗസ്നേഹികളും കാഷ്യസിന് ദീര്‍ഘായുസ് നേര്‍ന്ന് കമന്റുകള്‍ ഇടുകയുണ്ടായി.