നാട്ടുകാരെ കൂളാക്കാൻ വഴിയോര ഫ്രിഡ്ജ്..! തങ്കമാണ് തങ്കവേൽ..
ടി.എ. കൃഷ്ണപ്രസാദ്
Saturday, May 6, 2023 12:48 PM IST
ചൂടായി വരുന്നവരെ കൂളാക്കാൻ വഴിയോരത്തൊരു ഫ്രിഡ്ജ്! നിറയെ പഴങ്ങളും തണുപ്പിച്ച വെള്ളവും ഐസ്ക്രീമും. അതും ഫ്രീ... ആർക്കും എപ്പോൾ വേണമെങ്കിലും എടുത്തു കുടിക്കാം, കഴിക്കാം. സ്വപ്നമൊന്നുമല്ല, കൊക്കാലെ അന്പാടി ലെയ്നിലെ വഴിയോരത്തെ "നമ്മുടെ ഫ്രിഡ്ജ്' ആണിത്.
ഫ്രണ്ട്സ് സിലിൻഡർ റീബോറിംഗ് വർക്സ് ആൻഡ് ലെയ്ത് വർക്സ് ഉടമയും തമിഴ്നാട് സ്വദേശിയുമായ കെ. തങ്കവേൽ ആണു കടയുടെ സമീപത്ത് നാട്ടുകാർക്കായി ഡബിൾ ഡോർ ഫ്രിഡ്ജ് ഒരുക്കിയത്. ദിവസവും വെള്ളവും പഴങ്ങളും ഇതിൽ വയ്ക്കും. മറ്റുള്ളവർക്കും ഇതിൽ ഭക്ഷണങ്ങൾ കൊണ്ടുവച്ചുപയോഗിക്കാം. ഒക്കുമ ടൂൾസ് എന്ന സ്ഥാപനവും തങ്കവേലിനുണ്ട്. ഇവിടെ ജോലി ചെയ്യുന്ന പുനിതയാണ് ഫ്രിഡ്ജിലേക്കു വേണ്ട വിഭവങ്ങൾ തയാറാക്കിവയ്ക്കുന്നത്.
പൂരക്കാലത്ത് നിരവധിയാളുകളാണ് ഇതിൽനിന്നുള്ള വെള്ളമെടുത്ത് കുടിച്ചത്. പലരും മറ്റുള്ളവർക്കായി ഭക്ഷണങ്ങൾ കൊണ്ടുവച്ചു. എല്ലാം നിമിഷങ്ങൾക്കൊണ്ടു തീർന്നു. ചിലർ വാഹനങ്ങളിലെത്തിയും ഇതിൽ ഭക്ഷണങ്ങൾ കൊണ്ടുവയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു.
തങ്കവേലിന്റെ കടയിൽനിന്നാണ് ഫ്രിഡ്ജിനുള്ള വൈദ്യുതി ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ തെങ്കാശി സ്വദേശിയായ തങ്കവേൽ 35 വർഷമായി കുടുംബത്തോടൊപ്പം തൃശൂരിലാണു താമസിക്കുന്നത്. തീരപ്രദേശത്ത് പുലിമുട്ട് നിർമാണത്തിനു വന്ന അച്ഛനോടൊപ്പം കുടിയേറിപ്പാർക്കുകയായിരുന്നു. ഇവരോടൊപ്പം ബന്ധുക്കളായ ചില കുടുംബങ്ങളും തൃശൂരിൽ താമസമാക്കി.
തമിഴ്, മലയാളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ജയ്ബാലയുടെ അച്ഛനാണു തങ്കവേൽ. ഭാര്യ ഷീജ. മകൾ ധനലക്ഷ്മി ബിരുദത്തിനുശേഷം ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കുന്നു. കുരിയച്ചിറ സെന്റ് പോൾസ് സ്കൂളിൽ ആറാംക്ലാസിൽ പഠിക്കുന്ന വസുദേവ് മറ്റൊരു മകനാണ്.