"വെല്‍'ഡണ്‍ മൈ ബോയ്...; അമ്മയുടെ ദുരിതം മനസിലാക്കി ഒറ്റയ്ക്ക് കിണര്വെട്ടിയ 14കാരനെക്കുറിച്ച്
Monday, May 8, 2023 12:02 PM IST
മക്കളെന്നാല്‍ അമ്മമാര്‍ക്ക് ജീവനേക്കാള്‍ പ്രധാനമാണ്. അതിനാല്‍ത്തന്നെ ഒട്ടുമിക്ക മക്കള്‍ക്കും അവരുടെ അമ്മ ഏറ്റവും പ്രിയപ്പെട്ടതാണ്. ആ അമ്മ ഒന്നു കരയുന്നതൊ കഷ്ടപ്പെടുന്നതൊ കാണാന്‍ അവര്‍ ആഗ്രഹിക്കാറില്ല.
ബാല്യത്തില്‍ താന്‍ വളര്ന്നുവലുതായാല് അമ്മയുടെ കഷ്ടപ്പാട് തീര്‍ക്കുമെന്ന് ആഗ്രഹിച്ച എത്രയോപേര്‍ നമുക്കിടയിലുണ്ട്. എത്രപേര്‍ വളര്‍ന്നപ്പോള്‍ അതുപാലിച്ചു എന്നത് വേറെ കാര്യം.
എന്തായാലും സ്വന്തം അമ്മയുടെ കഷ്ടപ്പാട് മാറ്റാന്‍ വളരാന്‍ കാത്തുനില്ക്കാഞ്ഞ ഒരു 14കാരന് മകനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ താരം. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നിന്നുള്ള സ്കൂള്‍ കുട്ടി പ്രണവ് രമേഷ് സല്‍ക്കര്‍ ആണ് ഈ മകന്.
ഇദ്ദേഹത്തിന്റെ അമ്മ വീട്ടിനാവശ്യമുള്ള വെള്ളമെടുക്കാന്‍ കിലോമീറ്ററുകളോളം പോയിരുന്നു. തന്റെ അമ്മ നിത്യേന ഇത്തരത്തില്‍ കഷ്ടപ്പെടുന്നതില്‍ പ്രണവ് ഏറെ ദുഃഖിതനായിരുന്നു. ഒടുവില്‍ തന്റെ വീട്ടിനടുത്തായി ഒരു കിണര്‍ കുഴിക്കാന്‍ ആ ഒമ്പതാം ക്ലാസുകാരന് തീരുമാനിക്കുന്നു. തന്റെ പിതാവില്‍ നിന്നും ഇതിനായി അവന് അനുവാദം വാങ്ങുകയും ചെയ്തു.
ഒരു കൊച്ചുകുട്ടിക്ക് അമ്മയോടുള്ള സ്നേഹം എന്നു മാത്രമേ ആദ്യം എല്ലാവരും കരുതിയുള്ളു. എന്നാല്‍ അങ്ങനെ വിചാരിച്ചവര്ക്കെല്ലാം തെറ്റി. സ്നേഹത്തിന് വലിയ ആഴമുണ്ടെന്ന് അവരോര്‍ത്തില്ല.
അഞ്ച് ദിവസത്തിനുള്ളില്‍ പ്രണവ് ഈ കിണര്‍ തീര്‍ത്തു. ഈ പണിക്കായി ഇറങ്ങാന്‍ അദ്ദേഹം ഒരു ഏണിയും സ്വന്തമായി നിര്‍മിച്ചിരുന്നു. ഏകദേശം 18 മീറ്ററോളം ആഴത്തില്‍ കുഴിച്ച കിണറ്റില്‍ വെള്ളം എത്തുകയുണ്ടായി.
സംഭവം സമൂഹ മാധ്യമങ്ങളിലും വൈറലായി മാറി. പാല്‍ഘര്‍ ജില്ല പരിഷത്ത് പ്രണവിന്റെ ശ്രമത്തെ അഭിനന്ദിച്ചുകൊണ്ട് 11,000 രൂപ സമ്മാനം നല്കി. അമ്മയുടെ കഷ്ടപാട് കണ്ട ഈ മകന് ഗ്രാമത്തിലും സ്കൂളിലും എന്തിനേറെ നെറ്റിസണിലും ഇപ്പോള്‍ ഹീറോയാണ്.