ആർക്കും വേണ്ടാത്ത സ്കൂളുകളുടെ തലവര മാറ്റാൻ ഒരു വെബ്സൈറ്റ്
Saturday, February 24, 2018 10:54 AM IST
നിലം പൊത്താറായ സർക്കാർ സ്കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതരുടെ പിറകെ നടന്ന കാലം ഇനി ഭൂതകാലം. അവഗണന നേരിടുന്ന സ്കൂളുകൾക്കു പൊതുജനങ്ങളിൽനിന്നു സാന്പത്തിക സഹായം (ക്രൗഡ് ഫണ്ടിംഗ്) ലഭ്യമാക്കാൻ വഴിയൊരുക്കുകയാണ് mydilse.orgഎന്ന വെബ്സൈറ്റ്. സ്കൂളിന് ആവശ്യമായ സാമഗ്രി എന്താണെങ്കിലും അധ്യാപകർ ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ട താമസമേയുള്ളൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ സഹായം വാഗ്ദാനം ചെയ്തു രംഗത്തെത്തും.
രാജ്യത്തെ വിവിധ ഐഐഎം വിദ്യാർഥികളുടെ മേൽനോട്ടത്തിലാണ് വെബ്സൈറ്റിന്റെ പ്രവർത്തനം. ഹൈദരാബാദിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ കന്പനിയുടെ ഡയറക്ടറായ നവീൻ പല്ലയിൽ ആണ് വെബ്സൈറ്റിന്റെ സ്ഥാപകൻ. സ്കൂളുകൾക്കു സാന്പത്തിക സഹായം ലഭ്യമാക്കുന്നതിനു പുറമേ നിർധനവിദ്യാർഥികളുടെ പഠനച്ചെലവ് താത്പര്യമുള്ളവർക്ക് ഏറ്റെടുക്കാനുള്ള സാഹചര്യവും വെബ്സൈറ്റ് ഒരുക്കുന്നുണ്ട്.
മീററ്റിലെ ബറാബൻകിയിലുള്ള അപ്പർ പ്രൈമറി സ്കൂളിൽ അധ്യാപികയായ പ്രിയങ്ക സിംഗ് ഒരു വൈറ്റ് ബോർഡ് മാത്രം ആവശ്യപ്പെട്ടാണ് വൈബ്സൈറ്റിൽ രജിസ്റ്റർ ചെയ്തത്. എന്നാൽ, ഇപ്പോൾ പ്രൊജക്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വെബ്സൈറ്റിലൂടെ ലഭിച്ചതായി പ്രിയങ്ക സിംഗ് പറഞ്ഞു. ഉത്തരന്ത്യൻ ഗ്രാമങ്ങളിലെ പല സ്കൂളുകളുടെ ദുർസ്ഥിതിയും ഇത്തരത്തിൽ വെബ്സൈറ്റിന്റെ സഹായത്തോടെ മാറ്റിക്കഴിഞ്ഞു. ഇന്ത്യയിലുള്ളവരുടെ സഹായം മാത്രമേ സ്വീകരിക്കൂഎന്നതാണ് വെബ്സൈറ്റിന്റെ മറ്റൊരു പ്രത്യേകത.