എന്താ നിന്‍റെ പ്രശ്നം: ‘എന്‍റെ പേര് ബാലകൃഷ്ണൻ'
മാന്നാർ മത്തായി സ്പീക്കിംഗ് എന്ന സിനിമയിൽ "എന്താ നിന്‍റെ പ്രശ്നം' എന്ന ഇന്നസെന്‍റിന്‍റെ ചോദ്യത്തിന് സായ് കുമാർ പറയുന്നു -"എന്‍റെ പേര് ബാലകൃഷ്ണൻ'. അപ്പോൾ വീണ്ടും ഇന്നസെന്‍റിന്‍റെ ചോദ്യം " അതാ നിന്‍റെ പ്രശ്നം?'

പാലക്കാട് ഒരു ടൂറിസ്റ്റ് ബസ്, ട്രാൻസ്പോർട്ട് ബസിൽ ഇടിച്ച് എറെപ്പേർ മരിക്കുന്നു. ബസ് അമിതവേഗതയിൽ ആണെന്നും വേഗത പരിധി ലംഘിച്ചതായും ബസുടമയ്ക്ക് സന്ദേശം അയച്ചതായി പറയുന്നു. ബസ് ഡ്രൈവർ ഇതിന് മുൻപ് നിന്നുകൊണ്ട് ബസോടിക്കുന്ന വീഡിയോ അപകടശേഷം പുറത്തുവരുന്നു.

കുട്ടികളാണ് മരിച്ചത്. സമൂഹത്തിന് ഏറെ ദേഷ്യമുണ്ട്. എവിടെയോ എന്തൊക്കെയോ കുഴപ്പമുണ്ട്. എന്നാൽ പിന്നെ നടപടി എടുത്തേക്കാം. ടൂറിസ്റ്റ് ബസുകളുടെ കളർ മാറ്റാം!
എന്‍റെ ബാലകൃഷ്ണാ, എന്താ ശരിക്കും നിന്‍റെ പ്രശ്നം?

ബസിന്‍റെ കളറും അപകടവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് ഒരു പഠനവും തെളിയിച്ചിട്ടില്ല. ഒരു ബസിന് അപകടം ഉണ്ടാകുമ്പോൾ എല്ലാ ബസും കളറുമാറ്റി റോഡിൽ ഇറങ്ങിയാൽ മതിയെന്ന് പറയുന്നത് കളക്ടീവ് പണിഷ്മെന്‍റ് ആണ്.

ഒറ്റപ്പെട്ട സംഭവങ്ങളുടെ വെളിച്ചത്തിൽ ആർക്കും കുതിരകയറാൻ വിധിക്കപ്പെട്ടവരാണ് ടൂറിസ്റ്റ് ബസുകളും ലോംഗ് ഡിസ്റ്റൻസ് സ്വകാര്യ ബസുകളും. കോവിഡ് കാലത്ത് നടുവൊടിഞ്ഞു പോയ വ്യവസായമാണ് ടൂറിസം. അതിന്‍റെ ജീവനാഡിയാണ് ടൂറിസ്റ്റ് ബസുകൾ. അതിന് ജീവൻ വച്ചു വരുന്ന കാലത്ത് അവരെ വീണ്ടും ബുദ്ധിമുട്ടിക്കരുത്.

ഒരു വർഷത്തിൽ നാല്പതിനായിരത്തോളം റോഡപകടങ്ങൾ ആണ് കേരളത്തിൽ നടക്കുന്നത്. അതിൽ നാലായിത്തോളം ആളുകൾ മരിക്കുന്നു. ഇന്നു ലഭ്യമായ സാങ്കേതികവിദ്യയും നല്ല ഡ്രൈവിംഗ് സംസ്കാരവും ഉണ്ടെങ്കിൽ മരണനിരക്ക് ഇന്നത്തേതിൽ പകുതിയാക്കാം.

അതായത് ഓരോ വർഷവും രണ്ടായിരം ആളുകളുടെ ജീവൻ രക്ഷിക്കാം. ഒരു സർക്കാരിന്‍റെ കാലത്ത് പതിനായിരം ജീവൻ! 2018ലെ മഹാപ്രളയത്തിൽ പോയത് അഞ്ഞൂറിൽ താഴെ ജീവനാണ്. അതിന്‍റെ നാലിരട്ടി ഓരോ വർഷവും രക്ഷിക്കാനാവും!

റോഡ് കുരുതിക്കളമാകാതിരിക്കാൻ ചെയ്യേണ്ട അനവധി കാര്യങ്ങൾ ഉണ്ട്. സർക്കാർ നിയമങ്ങളിലും സുപ്രീം കോടതി നിയമിച്ച കമ്മിറ്റി നിർദ്ദേശങ്ങളിലും ഇതൊക്കെയുണ്ട്. പോരാത്തതിന് അന്തർദേശീയമായ നല്ല പാഠങ്ങൾ ഉണ്ട്. അതൊക്കെ നടപ്പിലാക്കിയാൽ മതി. അടുത്ത അഞ്ചു വർഷത്തിനകം മരണം പകുതിയാകും. അല്ലെങ്കിൽ ബസിന്‍റെ കളറുമാറിയാലും റോഡ് കുരുതിക്കളമായി തുടരും.

(മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പിൽനിന്ന്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.