ഓവുചാലിലേക്ക് വലിച്ചെറിഞ്ഞ നവജാതശിശുവിനെ രക്ഷിച്ച് തെരുവുനായ്ക്കൾ
Monday, July 22, 2019 6:06 PM IST
തെരുവു നായ്ക്കളെക്കുറിച്ച് പേടിപ്പെടുത്തുന്ന വാർത്തകളാണ് കേൾക്കാറുള്ളത്. എന്നാൽ തെരുവു നായ്കൾ രക്ഷകരായ വാർത്തയാണ് ഹരിയാനയിൽ നിന്ന് വരുന്നത്. ഓവുചാലിലേക്ക് വലിച്ചെറിഞ്ഞ നവജാത ശിശുവിനാണ് തെരുവ് നായ്ക്കൾ തുണയായത്. ഹരിയാനയിലെ കൈതൽ നഗരത്തിന് സമീപമാണ് സംഭവം. ജനിച്ച ഉടനെയുള്ള ഈ പെണ്‍കുഞ്ഞിനെ ഒരു സ്ത്രീ പ്ലാസ്റ്റിക്ക് കവറിലാക്കി ഓവുചാലിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഓവുചാലിൽ കിടന്ന് കരഞ്ഞ കുഞ്ഞിനെ മൂന്നു തെരുവ് നായ്ക്കൾ വലിച്ച് കരയിലേക്കിട്ട ശേഷം കുരച്ച് ആളുകളുടെ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ചിലർ കുഞ്ഞിനെ രക്ഷിച്ച ശേഷം പോലീസിൽ വിവരമറിയിച്ചു. സമീപത്ത് സ്ഥാപിച്ച സിസിടിവിയിൽ ഈ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ നാലോടെയായിരുന്നു സംഭവം.
ആരോഗ്യ പ്രവർത്തകർ ഏറ്റെടുത്ത കുഞ്ഞ് സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന് 1.15 കിലോ മാത്രമാണ് ഭാരം. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
സമീപത്ത് സ്ഥാപിച്ച സിസിടിവിയിൽ ഒരു സ്ത്രീ പ്ലാസ്റ്റിക് കവർ ഓടയിലേക്ക് എറിഞ്ഞശേഷം വേഗത്തിൽ നടന്നുപോവുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കുഞ്ഞിനെ ഓവുചാലിൽ ഉപേക്ഷിച്ച സ്ത്രീയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ ചേർത്ത് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.