പ്രതീകാത്മക ചിത്രം
മകളെ കാണാൻ പഞ്ചാബിൽ നിന്ന് ബെംഗളൂരുവിലേക്ക് വിമാനം കയറിയതാണ് പട്യാലയിലെ പ്രശസ്ത മെഡിസിൻ പ്രൊഫസർ ഡോ. സതീഷ് സച്ച്ദേവ .യാത്രയ്ക്കിടെ നെഞ്ചിൽ അനുഭവപ്പെട്ട ചെറിയ പിടച്ചിൽ. ഒരു ഡോക്ടർ എന്ന നിലയിൽ അദ്ദേഹത്തിന് തോന്നി, എന്തോ ശരിയല്ലെന്ന്.
ഉടൻ തന്നെ കൈത്തണ്ടയിലെ ആപ്പിൾ വാച്ച് സീരീസ് സെവനിലെ ഇസിജി ആപ്പ് തുറന്നു, ഡിജിറ്റൽ ക്രൗണിൽ വിരൽ അമർത്തി. സ്വന്തം രോഗികളുടെ ഇസിജി വായിക്കുന്ന അതേ ശ്രദ്ധയോടെ അദ്ദേഹം ആ ട്രേസ് വായിച്ചു,ഹൃദയമിടിപ്പ് താളം തെറ്റുന്നു, എക്ടോപിക് ബീറ്റ്സ്.
അത് വെറുതെ വിടാൻ ബെംഗളൂരുവിലെ കാർഡിയോളജിസ്റ്റ് തയ്യാറായില്ല. വർഷത്തിൽ രണ്ടുതവണ എക്കോ എടുത്തിട്ടും കണ്ടെത്താതിരുന്ന രഹസ്യം ആ പരിശോധന കണ്ടെത്തി .മാറ്റിവെച്ചേ മതിയാവൂ എന്ന അവസ്ഥയിലെത്തിയ കാൽസിഫൈഡ് മിട്രൽ വാൽവ്.
ദിവസങ്ങൾക്കകം മേദാന്ത ആശുപത്രിയിൽ സർജറി, പുതിയ വാൽവ്. ഇപ്പോൾ ഡോ. സച്ച്ദേവ പൂർണ ആരോഗ്യത്തോടെ ജോലിയിൽ തിരിച്ചെത്തി.
ജീവൻ രക്ഷിച്ച ആ വാച്ചിന്റെ കഥ മകൾ പ്രാഞ്ജലി ആപ്പിൾ മേധാവി ടിം കുക്കിന് എഴുതി. കുക്കിന്റെ മറുപടി എത്തി.നിറയെ ആശംസകളോടെ.
ആ വാച്ച് ഇന്നും ഡോക്ടറുടെ കൈത്തണ്ടയിലുണ്ട്. ഇപ്പോൾ അതിന് രണ്ട് ജോലിയാണ് , സമയം കാണിക്കും, ഹൃദയമിടിപ്പ് കൂടിയാൽ മകൾക്ക് മുന്നറിയിപ്പും നൽകും.