മഹാരാഷ്ട്രയിലെ പൽഘറിൽ സ്കൂൾ മൈതാനത്ത് പരിശീലന ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയ സംഭവം വലിയ ആശങ്കയ്ക്കും ഒടുവിൽ ആശ്വാസത്തിനും വഴിയൊരുക്കി.
മുംബൈയിലെ ജൂഹുവിൽ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് പറക്കുകയായിരുന്ന സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററാണ് സാങ്കേതിക തകരാറിനെത്തുടർന്ന് വിദ്യ വൈഭവ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ലാൻഡ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം അരങ്ങേറിയത്.
ഹെലികോപ്റ്ററിനുള്ളിൽ മുതിർന്ന പൈലറ്റും ട്രെയിനി പൈലറ്റും ഒരു എൻജിനീയറും ഉൾപ്പെടെ നാല് പേരാണ് ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ എൻജിനിൽ പെട്ടെന്നുണ്ടായ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട പൈലറ്റ്, സമയം ഒട്ടും കളയാതെ തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത ഇടമെന്ന നിലയിൽ സ്കൂൾ മൈതാനം തിരഞ്ഞെടുക്കുകയായിരുന്നു.
നിയന്ത്രണം നഷ്ടപ്പെട്ട നിലയിൽ ആകാശത്ത് വട്ടം കറങ്ങിയ ഹെലികോപ്റ്റർ താഴേക്ക് വരുന്നത് കണ്ട വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും പരിഭ്രാന്തരായി ചിതറിയോടി.
തറയിൽ തൊടുന്നതിന് തൊട്ടുമുൻപ് വാഹനം വെട്ടിത്തിരിച്ച് കൃത്യമായി മൈതാനത്തിന്റെ നടുവിൽ ഇറക്കാൻ പൈലറ്റിന് സാധിച്ചു. ലാൻഡിംഗിനിടെ വൻതോതിൽ പൊടിപടലങ്ങൾ ഉയർന്നത് പ്രദേശത്ത് അല്പനേരം പരിഭ്രാന്തി പടർത്തി.
എങ്കിലും പൈലറ്റിന്റെ മനഃസാന്നിധ്യം കാരണം വൻ ദുരന്തം ഒഴിവാകുകയും ഹെലികോപ്റ്ററിലുണ്ടായിരുന്ന നാലുപേരും പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.
ലാൻഡിംഗിന് ശേഷം വിവരമറിഞ്ഞ് വൻ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയെങ്കിലും പോലീസും അധികൃതരും ഉടൻ തന്നെ നിയന്ത്രണം ഏറ്റെടുത്തു.
വിദഗ്ധ സംഘം സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും ശേഷം ഹെലികോപ്റ്റർ സുരക്ഷിതമായി മുംബൈയിലേക്ക് തന്നെ തിരികെ പറന്നു.
मुंबई–सुरत हेलिकॉप्टरची पालघरमध्ये आपत्कालीन लँडिंग #पालघर #Palghar #केळवे रोड #KelweRoad #हेलिकॉप्टर #Helicopter #आपत्कालीनलँडिंग #EmergencyLanding #DCNMaharashtra #digitalnews #maharashtra pic.twitter.com/2lHRDTzoSV
— DCN Maharashtra (@DCNMaharashtra) February 11, 2026
Tags : Maharashtra Palghar BreakingNews HelicopterLandings EmergencyLanding