കോടികൾ വാരിയെറിയുന്ന അൾട്രാ-ലക്ഷ്വറി ജീവിതശൈലിയിലൂടെ ഇന്റർനെറ്റിൽ തരംഗമായി മാറിയ അമേരിക്കൻ ഇൻഫ്ലുവൻസർ ബെക്ക ബ്ലൂം (റബേക്ക മാ) വീണ്ടും സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിക്കുകയാണ്.
ഇത്തവണ വസ്ത്രങ്ങളോ ആഡംബര കാറുകളോ വാങ്ങാനല്ല, മറിച്ച് സ്വന്തമായി ഒരു വിമാനം തന്നെ സ്വന്തമാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഈ ഇൻഫ്ലുവൻസറും കുടുംബവും.
"വരൂ, നമുക്കൊരു വിമാനം വാങ്ങാൻ പോകാം" എന്ന അടിക്കുറിപ്പോടെ ബെക്ക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
തന്റെ മാതാപിതാക്കൾക്കൊപ്പം വിമാനം തിരഞ്ഞെടുക്കാൻ പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ബെക്കയുടെ അച്ഛൻ അമ്മയ്ക്കായി നൽകുന്ന വിവാഹ വാർഷിക സമ്മാനമായാണ് ഈ വിമാനം വാങ്ങുന്നത് എന്നാണ് വിവരങ്ങൾ.
പ്രമുഖ ചൈനീസ് ഐടി കമ്പനിയായ 'കാമലോട്ട് ഇൻഫർമേഷൻ സിസ്റ്റംസിന്റെ' സ്ഥാപകരായ സൈമൺ യിമിംഗ് മായുടെയും ഹൈഡി ചൗവിന്റെയും മകളാണ് റബേക്ക.
കോടികൾ വിലമതിക്കുന്ന സാധനങ്ങൾ വാങ്ങുന്നതും അത്യാഡംബര യാത്രകളും നിറഞ്ഞ റബേക്കയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് വൻ ആരാധകവൃന്ദമുണ്ട്.
പോസ്റ്റ് ചെയ്ത് ദിവസങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുടെ പൂരമാണ്. സാധാരണക്കാർ പച്ചക്കറിയോ വസ്ത്രങ്ങളോ വാങ്ങാൻ പോകുന്നത്ര നിസാരമായി വിമാനം വാങ്ങാൻ ഇറങ്ങിത്തിരിച്ച കുടുംബത്തെ കണ്ട പലരും തമാശരൂപേണയുള്ള പ്രതികരണങ്ങളുമായാണ് രംഗത്തെത്തിയത്.
"അവസാനം എനിക്ക് അനുയോജ്യമായ, എന്റെ നിലവാരത്തിലുള്ള ഒരു വീഡിയോ കിട്ടി" എന്ന് ഒരാൾ കുറിച്ചപ്പോൾ, "എന്റെ തലമുറയിൽ ആദ്യമായാണ് ഒരാൾ വിമാനം വാങ്ങാൻ പോകുന്നത് നേരിട്ട് കാണുന്നത്" എന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ കമന്റ്.
"ഞാനും ഇന്നലെ ഒരെണ്ണം വാങ്ങി, എന്റെ മകൻ പേപ്പറിൽ ഉണ്ടാക്കി തന്ന വിമാനം" എന്ന് മറ്റൊരു വ്യക്തി തമാശയായി കുറിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടു. വലിയ തുക മുടക്കിയുള്ള ഈ ആഡംബര പർച്ചേസ് നിലവിൽ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി തുടരുകയാണ്.
Tags : BeccaBloom PlaneShopping ViralNews LuxuryLifestyle InstagramViral