വീഡിയോയിൽ നിന്നുമുള്ള ചിത്രം
ദിവസവും കൃത്യമായി ഉറങ്ങുന്നത് ഒരു ജോലിയായി മാറി ലക്ഷാധിപതിയായി മാറിയിരിക്കുകയാണ് മുംബൈ സ്വദേശിനിയായ ജിനിയ ചാറ്റർജി. ഉറക്കത്തെ പ്രൊഫഷണലാക്കി മാറ്റിയ ഈ മിടുക്കി പ്രശസ്ത ബ്രാൻഡായ വേക്ക്ഫിറ്റ് നടത്തിയ മത്സരത്തിലാണ് ഇന്ത്യയുടെ സ്ലീപ് ചാമ്പ്യൻ പദവി സ്വന്തമാക്കിയത്.
അഞ്ച് ലക്ഷത്തിലധികം ആളുകൾ അപേക്ഷിച്ച ഈ മത്സരത്തിൽ നീണ്ട 60 ദിവസത്തെ നിരീക്ഷണങ്ങൾക്കും നൂതനമായ വെല്ലുവിളികൾക്കും ശേഷമാണ് വിജയിയെ കണ്ടെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് പേരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 പേർ മാത്രമാണ് മത്സരത്തിന്റെ അന്തിമഘട്ടത്തിലേക്ക് പ്രവേശിച്ചത്.
വെറുതെ കിടന്നുറങ്ങുക മാത്രമല്ല, ഉറക്കത്തിന്റെ ഗുണനിലവാരം കൃത്യമായി ട്രാക്ക് ചെയ്യുന്നതിനൊപ്പം വിചിത്രമായ പല ടാസ്കുകളും ഇവർ പൂർത്തിയാക്കേണ്ടി വന്നിരുന്നു.
പ്രശസ്ത ചലച്ചിത്ര രംഗങ്ങൾ ഉറക്കത്തിന്റെ പശ്ചാത്തലത്തിൽ പുനരാവിഷ്കരിക്കുക, സംഭാഷണത്തിനിടയിൽ പ്രത്യേക വാക്കുകൾ കടത്തിവിടുക തുടങ്ങി സർഗാത്മകത പരീക്ഷിക്കുന്ന പല കടമ്പകളും ഈ ദിവസങ്ങളിൽ മത്സരാർഥികൾ വിജയകരമായി മറികടന്നു.
ഒടുവിൽ നടന്ന ബിഗ് ബെഡ് എന്ന ഫൈനൽ റൗണ്ടിൽ ഓർമ്മശക്തി പരീക്ഷിക്കുന്ന ടാസ്കുകളും തങ്ങൾക്ക് ആവശ്യമായ കിടപ്പുമുറി സാധനങ്ങൾ ലേലത്തിൽ പിടിക്കുന്ന മത്സരവും അരങ്ങേറി. ഇവർ ഒരുക്കിയ മുറികളിൽ അവസാന രാത്രി ചെലവഴിച്ച ശേഷമുള്ള ഉറക്കത്തിന്റെ നിലവാരം വിലയിരുത്തിയാണ് ജിനിയ ചാറ്റർജിയെ ഒന്നാം സ്ഥാനക്കാരിയായി പ്രഖ്യാപിച്ചത്.
സമ്മാനത്തുകയായ 9.6 ലക്ഷം രൂപയും ഒപ്പം സൗജന്യ വിദേശയാത്രയും സ്വന്തമാക്കിയ ഈ മുംബൈ സ്വദേശിനിയുടെ വിജയം സമൂഹമാധ്യമങ്ങളിലും വലിയ കൗതുകത്തോടെയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.
Tags : Inspiration SleepChampion DreamJob WakefitSleepInternship PaidToSleep MumbaiNews