ലോകമെമ്പാടുമുള്ള മൃഗസ്നേഹികളുടെ ഹൃദയം കവർന്ന ഒരു കൊച്ചു കുരങ്ങന്റെ അതിജീവനത്തിന്റെ കഥയാണിത്. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ 'പഞ്ച്' എന്ന ആറുമാസം പ്രായമുള്ള ജാപ്പനീസ് മക്കാക്ക് കുരങ്ങനാണ് ഇന്ന് ഇന്റർനെറ്റിലെ താരം.
ജനിച്ചയുടനെ സ്വന്തം അമ്മ ഉപേക്ഷിച്ചതോടെയാണ് പഞ്ചിന്റെ ജീവിതം പ്രതിസന്ധിയിലായത്. സാധാരണഗതിയിൽ കൂട്ടമായി ജീവിക്കുന്ന കുരങ്ങുകൾക്കിടയിൽ ഒരമ്മയുടെ തണലില്ലാതെ വളരുക എന്നത് പഞ്ചിനെ സംബന്ധിച്ചിടത്തോളം ദുഷ്കരമായിരുന്നു.
ഇതിനിടയിൽ പഞ്ചിനെ മറ്റ് കുരങ്ങുകളുടെ കൂട്ടത്തിലേക്ക് വിട്ടപ്പോൾ അവർ അവനെ സ്വീകരിക്കാൻ തയ്യാറാകാതിരുന്നതും മറ്റ് കുരങ്ങുകൾ അവനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.
സ്നേഹത്തിനായി കൊതിച്ച പഞ്ച് ഒരു ഒറാങ്ങുട്ടാൻ പാവയെ കെട്ടിപ്പിടിച്ചു കിടക്കുന്ന ചിത്രങ്ങൾ കണ്ടു പലരുടെയും കണ്ണുനിറച്ചു. എന്നാൽ ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനും പ്രാർഥനകൾക്കും ഒടുവിൽ പഞ്ചിന്റെ ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുകയാണ്.
'ഓൺസിംഗ്' എന്ന് പേരുള്ള മുതിർന്ന കുരങ്ങൻ പഞ്ചിനെ സ്വീകരിക്കുകയും അവനെ ചേർത്തുപിടിക്കുകയും ചെയ്തതോടെ പഞ്ചിന്റെ ഒറ്റപ്പെടൽ അവസാനിച്ചു. ഓൺസിംഗ് പഞ്ചിനെ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്ന വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.
ഇപ്പോൾ കൂട്ടത്തിലെ മറ്റ് കുട്ടി കുരങ്ങന്മാരോടൊപ്പം ഓടിക്കളിക്കാനും മുതിർന്നവരുടെ പരിചരണം ഏറ്റുവാങ്ങാനും പഞ്ചിന് സാധിക്കുന്നുണ്ട്. പണ്ട് അവനെ അകറ്റിനിർത്തിയവർ തന്നെ ഇന്ന് അവനെ തങ്ങളുടെ കൂട്ടത്തിന്റെ ഭാഗമായി അംഗീകരിച്ചിരിക്കുന്നു.
സ്നേഹവും കരുതലും ഉണ്ടെങ്കിൽ ഏതൊരു പ്രതിസന്ധിയെയും അതിജീവിക്കാമെന്ന് ഈ കൊച്ചു കുരങ്ങൻ ലോകത്തിന് കാണിച്ചുതരുന്നു.
After enduring days of rejection, Baby Punch finally experienced the comfort of love. Today, the adult monkey Onsing drew little Punch into a firm, deeply reassuring embrace. pic.twitter.com/SnCdsDZ5kl
— ✮ راينر براون (@dondawastaken) February 20, 2026
Tags : BabyPunch PunchKun JapaneseMacaque AnimalRescue Heartwarming