ഒരു വ്യക്‌തി പത്തോ ഇരുപതോ വർഷംകൊണ്ടു സന്പാദിച്ച പണം എങ്ങനെയാണു കള്ളപ്പണമാകുന്നത് ന്യായമായ നികുതി കൊടുക്കാൻ എല്ലാവരും തയാറാണ്. ഇവിടെ ഭുരിപക്ഷം പേരും നികുതിയെ ഭയക്കുന്നു. നികുതി വെട്ടിക്കാൻ നോക്കുന്നു. എന്തുകൊണ്ട് നികുതി ഒരു ഭാരമാകരുത്. നികുതി വ്യവസ്‌ഥയിൽ തെറ്റുണ്ടെങ്കിൽ തിരുത്തണം. മറ്റു രാജ്യങ്ങളിൽ നികുതി പിരിക്കുന്നെങ്കിൽ അതിനുള്ള സൗകര്യം നല്കുന്നുണ്ട് കുടിവെള്ളം, നല്ല ചികിത്സ, ന ല്ല റോഡ്, പെൻഷൻ, മാലിന്യസംസ്കരണം തുടങ്ങിയവ. ഇവിടെ നികുതിപ്പണം ഉദ്യോഗസ്‌ഥർക്കു ശന്പളവും പെൻഷനും കൊടുക്കാൻ തികയുന്നില്ല. ഒരു വാഹനം വാങ്ങുന്പോൾ 15 വർഷത്തെ നികുതി മുൻകൂർ കൊടുക്കുന്നു. എന്നിട്ടു നമ്മുടെ റോഡിൻറെ അവസ്‌ഥ നമ്മൾ കാണുന്നതല്ലേ

നികുതിയുടെ പേരിൽ ജനങ്ങളെ കൊള്ളയടിക്കു ന്നതു നിർത്തണം. കോടികളുടെ വെട്ടിപ്പ് നടത്തുന്നവരെ വെറുതെ വിടുന്നു. ഇപ്പോഴെത്തെ നികുതി വ്യവസ്‌ഥ അനുസരിച്ചു ഒരു ഇടത്തരം കച്ചവടം സത്യസന്ധമായി ലാഭത്തിൽ നടത്താൻ ബുദ്ധിമുട്ടാണ്. അന്പത്താറിൽപരം നികുതികൾ ജനങ്ങൾ കൊടുക്കുന്നുണ്ട്. ഇപ്പോൾ ഒരു ഇടത്തരം കുടുംബത്തിനു ജീവിക്കാൻ പ്രതിമാസം 30,000 രൂപയെങ്കിലും വേണം. അതിൽനിന്നു നികുതിയുടെ പേരിൽ കൈയിട്ടു വാരുന്നതു ശരിയാണോ വലിയ നോട്ടുകൾ നിർത്തലാക്കി ഇടപാടുകൾ കൂടുതലും ബാങ്കുവഴി ആക്കി ഒരുശതമാനം ചാർജ് ഈടാക്കി മറ്റു നികുതികൾ നിർത്തലാക്കുക എന്ന നിർദേശം ഒരു ടീം പ്രധാനമന്ത്രിയെ കണ്ടു വച്ചതായി വായിച്ചു. അങ്ങനെ കള്ളനോട്ടുകൾ ഇല്ലാതാകാം, ജനങ്ങൾക്കു നികുതിയെ പേടിക്കണ്ട, സർക്കാരിനു വരുമാനം വർധിക്കും. ഇതിനെക്കുറിച്ചു പഠിച്ചു നല്ലതെങ്കിൽ നടപ്പാക്കണം. അല്ലെങ്കിൽ വേറെ നല്ല മാർഗം നോക്കണം. എലിയെ പേടിച്ച് ഇല്ലം ചുടുകയല്ല വേണ്ടത്.

വി.എഫ്. ജോയി, വാഴപ്പിള്ളി, എൽത്തുരുത്ത്