കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: സിപിഎമ്മിലെ ഉന്നത നേതാക്കള്‍ക്കു പങ്കുണ്െടന്നു സംശയിക്കുന്ന ടി.പി. ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന കേന്ദ്ര ഏജന്‍സിയെക്കൊണ്ടു പുനരന്വേഷിപ്പിക്കണമെന്നു നിര്‍ദേശിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള കേരളത്തിന്റെ ശിപാര്‍ശകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറി.

കേസിന്റെ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ രാഷ്ട്രീയ സമ്മര്‍ദവും ഭീഷണിയും മൂലം പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പോലും ഭയക്കുന്ന സാഹചര്യത്തിലാണു സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സിയെക്കൊണ്ടു പുനരന്വേഷിപ്പിക്കണ മെന്നു സംസ്ഥാനം ആവശ്യപ്പെടുന്നത്.

ചന്ദ്രശേഖരന്‍വധക്കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചതിനു പിന്നാലെയാണു ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികളെ പിടികൂടാന്‍ പുനരന്വേഷണം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയത്. വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഉന്നത സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ടതായി കൃത്യമായ വിവരം ലഭിച്ചിരുന്നു. എന്നാല്‍, ഇതിന്റെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അറസ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഭയപ്പെടുകയാണ്. പോലീസുകാരെ മാത്രമല്ല, കുടുംബാംഗങ്ങളെപ്പോലും സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നു.

കേരളത്തില്‍ മുന്നണികള്‍ മാറി മാറി അധികാരത്തില്‍ എത്തുന്നതിനാല്‍ നേതാക്കള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കു കഴിയുന്നില്ല. അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഒട്ടേറെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ പ്രത്യക്ഷമായും പരോക്ഷമായും ഭീഷണി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉന്നത രാഷ്ട്രീയ നേതാക്കളെ പോലീസ് അറസ്റ് ചെയ്യുമ്പോള്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കപ്പെടാന്‍ ഇടയാകും. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനനെ അറസ്റ് ചെയ്തപ്പോള്‍ സംസ്ഥാനത്തു പലയിടങ്ങളിലുമുണ്ടായ വ്യാപക അക്രമങ്ങളും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. കൂടുതല്‍ ഉന്നതരിലേക്ക് അന്വേഷണം നീളുമ്പോള്‍ ക്രമസമാധാനനില കൂടുതല്‍ വഷളാക്കാന്‍ ശ്രമമുണ്ടാകും കേസുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോള്‍ നിലച്ച അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സി പുനരന്വേഷണം നടത്തുന്നതാണ് ഉചിതമെന്നു സംസ്ഥാന പോലീസ് മേധാവി കെ. എസ്. ബാലസുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭീഷണി മൂലം വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നു കേരളം കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെടുന്ന ആദ്യ സംഭവമാണിത്. സംസ്ഥാന സര്‍ക്കാരിന്റെ കത്തിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൈകാതെ മറുപടി നല്‍കിയേക്കും.


പി. മോഹനനെക്കൂടാതെ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്‍, എന്‍ജിഒ യൂണിയന്‍ സംസ്ഥാന നേതാവായിരുന്ന സി.എച്ച്. അശോകന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെട്ട് അറസ്റിലായിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച പ്രതിപ്പട്ടികയില്‍ 76 പേരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.