സിഎംഎഫ്ആർഐ സപ്തതി നിറവിൽ
Tuesday, February 14, 2017 1:52 PM IST
കൊച്ചി: ആഴക്കടലിന്റെ അറിവുകൾ തേടിയുള്ള സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടി(സിഎംഎഫ്ആർഐ)ന്റെ പഠന യാത്രയ്ക്ക് 70 വയസ് തികയുന്നു. കടലിൽ നിന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പിടിച്ചെടുക്കുന്ന മത്സ്യങ്ങളുടെ കണക്കെടുപ്പു മുതൽ സമുദ്ര മത്സ്യസന്പത്തിന്റെ മൂല്യനിർണയവും കടലിൽ നിന്നുള്ള ഔഷധ നിർമാണം വരെയുള്ള ഒട്ടനവധി ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം രാജ്യത്തിനു ഏറെ സംഭാവനകളാണ് നൽകിയിട്ടുള്ളത്.
ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ ഹൈക്കോടതിയുടെ പിന്നിൽ ഏബ്രഹാം മാടമാക്കൽ റോഡിൽ സ്ഥിതി ചെയ്യുന്ന സിഎംഎഫ്ആർഐ ആസ്ഥാനത്ത് 18നു ഉച്ചകഴിഞ്ഞ് 2.30നു ഗവർണർ ജസ്റ്റീസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. ഭാരതീയ കാർഷിക ഗവേഷണ കേന്ദ്രം (ഐസിഎആർ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ജെ.കെ. ജെന അധ്യക്ഷത വഹിക്കും.
1947 ഫെബ്രുവരി മൂന്നിന് മറൈൻ ഫിഷറീസ് റിസർച്ച് സ്റ്റേഷൻ എന്ന പേരിൽ മദ്രാസ് യൂണിവേഴ്സിറ്റിക്ക് കീഴിൽ മദ്രാസിലാണ് സിഎംഎഫ്ആർഐ സ്ഥാപിക്കപ്പെത്. കൊച്ചി ആസ്ഥാനത്തിനു പുറമെ, ഗുജറാത്തിലെ വെരാവൽ, മുംബൈ, വിശാഖപട്ടണം, കർണാകടകയിലെ കാർവാർ, ചെന്നൈ, മണ്ഡപം, തൂത്തുക്കുടി, മംഗലാപുരം, കോഴിക്കോട്, വിഴിഞ്ഞം, ഒഡീഷയിലെ പുരി, പശ്ചിമ ബംഗാളിലെ ദിഘ എന്നിവിടങ്ങളിൽ സിഎംഎഫ്ആർഐ ക്ക് ഗവേഷണ കേന്ദ്രങ്ങളും 15-ഓളം ഫീൽഡ് സെന്ററുകളും ഉണ്ട്. കൂടാതെ, എറണാകുളം ഞാറക്കലിൽ കൃഷി വിജ്ഞാന കേന്ദ്രവും സിഎംഎഫ്ആർഐക്ക് കീഴിൽ ഉണ്ട്.10 വിവിധ ഡിവിഷനുകളിലായി 154 ശാസ്ത്രജ്ഞരും 600 ലേറെ ജീവനക്കാരുമുള്ള സിഎംഎഫ്ആർഐ ലോകത്തിലെ തന്നെ ഏറ്റവും വലിയ മത്സ്യഗവേഷണ സ്ഥാപനങ്ങളുടെ മുൻനിരയിലാണ്. സമുദ്ര മത്സ്യമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനും കരുത്ത് പകർന്നത് സിഎംഎഫ്ആർഐ യുടെ ഗവഷണ പഠനങ്ങളാണ്. ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
സിഎംഎഫ്ആർഐ: പ്രധാന സംഭാവനകൾ
ജിഐഎസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ, രാജ്യത്തെ 1511 ഫിഷ് ലാൻഡിംഗ് സെന്ററുകളിൽ നിന്ന് 1200 ലധികം മത്സ്യ ഇനങ്ങളുടെ കണക്കെടുപ്പ് നടത്തുന്നു. ഓരോ വർഷത്തെയും രാജ്യത്തെ മൊത്ത മത്സ്യലഭ്യതയുടെ വിവരം ഏപ്രിലിൽ പുറത്തുവിടുന്നു.
വാണിജ്യപ്രധാന സമുദ്രമത്സ്യങ്ങളുടെ വിത്തുത്പാദനം, കാലാവസ്ഥാ വ്യതിയാനം, സമുദ്ര ജീവജാലങ്ങളെ ഇത് എങ്ങനെ ബാധിക്കുന്നു തുടങ്ങിയ പഠനങ്ങൾ നടത്തുന്നു.
ചെലവ് കുറഞ്ഞ രീതിയിൽ കൂടു മത്സ്യകൃഷി സാങ്കേതിക വിദ്യ വികസിപ്പിച്ചു. 1100 കൂടുകൃഷി സംരംഭങ്ങൾ സിഎംഎഫ്ആർഐയുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു.
255 പുതിയ മത്സ്യയിനങ്ങളെ കണ്ടെത്തി പേര് നല്കി.
അതത് സമയങ്ങളിലെ മത്സ്യങ്ങളുടെ ലാൻഡിംഗ്, വിപണിയിലെ വിലവിവരം തുടങ്ങിയവ ഉൾക്കൊള്ളിച്ച് ഫിഷ് വാച്ച് വെബ് പോർട്ടൽ വികസിപ്പിച്ചു.
അഷ്ടമുടിക്കായലിലെ കക്കകൾക്ക് രാജ്യാന്തര ഏജൻസിയായ മറൈൻ സ്റ്റുവാർഡ്ഷിപ് കൗണ്സിലിന്റെ (എംഎസ്സി) സർട്ടിഫിക്കേഷൻ ലഭ്യമാക്കി. രാജ്യത്ത് ആദ്യമായാണ് ഒരു പ്രദേശത്തെ ജലകൃഷി ഉത്പന്നത്തിന് ഇത് ലഭിക്കുന്നത്.
കടലിൽ നിന്ന് പിടിക്കേണ്ട മീനുകളുടെ പരമാവധി വലിപ്പം നിജപ്പെടുത്തുന്ന മിനിമം ലീഗൽ സൈസ് (എംഎൽഎസ്) 58 മത്സ്യങ്ങൾക്കായി നിശ്ചയിച്ചു.
കടൽ ജീവികളിൽ നിന്നു പ്രമേഹത്തിനും സന്ധിവേദനയ്ക്കും പൊണ്ണത്തടിക്കും മരുന്നുകൾ വികസിപ്പിച്ചു. മത്സ്യത്തീറ്റ, മത്സ്യരോഗ നിർണയ കിറ്റ്, ജൈവവളം എന്നിവയും ഉണ്ടാക്കി.
20 ഇനം സമുദ്ര അലങ്കാര മത്സ്യങ്ങളുടെ വിത്തുത്പാദന സാങ്കേതിക വിദ്യയൊടൊപ്പം കല്ലുമ്മക്കായയുടെ വൻതോതിലുള്ള വിത്തുത്പാദനം, നഴ്സറി റിയറിംഗ് സാങ്കേതികവിദ്യ എന്നിവയും വികസിപ്പിച്ചു.
എല്ലാ അഞ്ച് വർഷത്തിലും രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാന്പത്തിക നിലവാരം മനസിലാക്കാൻ മറൈൻ ഫിഷറീസ് സെൻസസ് നടത്തുന്നു.