ലെയ്റ്റി വോയ്സിലെ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ജയറാം രമേശിന് അമര്‍ഷം
ലെയ്റ്റി വോയ്സിലെ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ജയറാം രമേശിന് അമര്‍ഷം
Sunday, January 12, 2014 12:10 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചു കേരളത്തിലെ ലെയ്റ്റി വോയ്സ് മാസികയില്‍ പ്രസിദ്ധീകരിച്ച മുഖലേഖനത്തിലെ തനിക്കെതിരേയുള്ള ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നു കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ്. രണ്ടാഴ്ചയ്ക്കകം ആരോപണങ്ങള്‍ പിന്‍വലിച്ചു പത്രാധിപര്‍ മാപ്പ് പ്രസിദ്ധീകരിക്കുന്നില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നു കേന്ദ്രമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലെയ്റ്റി വോയ്സിലെ ലേഖനത്തില്‍ താന്‍ അന്താരാഷ്ട്ര തട്ടിപ്പുകാരനാണെന്നും പാവപ്പെട്ടവരെ വഞ്ചിക്കുന്നവനാണെന്നും ആരോപിച്ചതാണു വേദനിപ്പിച്ചതെന്നു ജയറാം രമേശ് വിശദീകരിച്ചു. ആരുടെയെങ്കിലും വീക്ഷണമായ ഈ പരാമര്‍ശത്തിനു വേണ്ട തെളിവുകളൊന്നും ലേഖനത്തില്‍ നിരത്തിയിട്ടില്ല. പശ്ചിമഘട്ട സംരക്ഷണ പ്രസ്ഥാനത്തിനു വിദേശ ഏജന്‍സികള്‍ ഫണ്ടു നല്‍കുന്നു എന്നതടക്കമുള്ള ആരോപണങ്ങള്‍ ദുരുദ്ദേശ്യപരമാണ്. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള പ്രസിദ്ധീകരണമെന്ന നിലയില്‍ തന്റെ ഭാഷയില്‍ പരമാവധി സംയമനം പാലിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പശ്ചിമഘട്ട സംരക്ഷണത്തിനു പിന്തുണ നല്‍കുന്ന ബാംഗളൂര്‍ ആസ്ഥാനമായുള്ള അശോക ട്രസ്റുമായി (അശോക ട്രസ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയര്‍മെന്റ്- അട്രീ) ബന്ധം പക്ഷേ മന്ത്രി നിഷേധിച്ചില്ല. ഈ ട്രസ്റിന്റെ ഉപദേശകസമിതിയില്‍ 2005 മുതല്‍ 2008 വരെ അംഗമായിരുന്നതിനെ അഭിമാനത്തോടെയാണു കാണുന്നത്. എങ്കിലും ഒരിക്കല്‍ പോലും യോഗം കൂടിയിട്ടില്ലാത്ത ഈ ഉപദേശകസമിതിയില്‍നിന്നു താന്‍ മന്ത്രിയായപ്പോള്‍ പിന്‍വാങ്ങിയെന്നു ജയറാം രമേശ് പറഞ്ഞു.

അശോക പരിസ്ഥിതി ഗവേഷണ ട്രസ്റിന്റെ ഡോ. കെ.എന്‍. ഗണേശയ്യയെ അദ്ദേഹത്തിന്റെ പ്രഫഷണല്‍ മികവു പരിഗണിച്ചാണു ഡോ. വി.എന്‍. ഗാഡ്ഗിലും താനും ചേര്‍ന്നു മാധവ് ഗാഡ്ഗില്‍ സമിതിയിലെടുത്തതെന്നും മന്ത്രി അവകാശപ്പെട്ടു. വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നപ്പോഴായിരുന്നു ഇത്.

ഓരോ വിഷയത്തില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത അഭിപ്രായമുണ്ടാകാം. പക്ഷേ അഴിമതിക്കാരനെന്നു തന്നെ ആക്ഷേപിച്ചാല്‍ സഹിക്കില്ല. സാധാരണഗതിയില്‍ ഇത്തരം ആരോപണങ്ങളോടു താന്‍ പ്രതികരിക്കാറില്ല. എന്നാല്‍, പശ്ചിമഘട്ടം കേരളത്തില്‍ വൈകാരിക വിഷയമായതുകൊണ്ടാണു പ്രതികരിക്കുന്നത്. പ്രസിദ്ധീകരണത്തിനു സീറോ മലബാര്‍ സഭയുമായുളള്ള ബന്ധം തന്നെ വേദനിപ്പിച്ചു. അതിരപ്പിള്ളി പദ്ധതി തടഞ്ഞെന്നും മറ്റും നാട്ടില്‍ തനിക്കെതിരേ ആക്ഷേപമുണ്ട്. എന്നാല്‍ നല്ലതു ചെയ്തെന്നു കരുതുന്നവരാണു കൂടുതല്‍ പേരെന്നു മന്ത്രി അവകാശപ്പെട്ടു.


അതേസമയം, ലെയ്റ്റി വോയ്സില്‍ ജയറാം രമേശിനെക്കുറിച്ചുള്ള പരാമര്‍ശം രേഖകള്‍ സഹിതമുള്ളതാണെന്നും അദ്ദേഹത്തിനു മറുവാദം എന്തെങ്കിലുമുണ്െടങ്കില്‍ അതു നല്‍കാന്‍ തന്റെ പ്രസിദ്ധീകരണം തയാറാണെന്നും ലെയ്റ്റി വോയിസ് പത്രാധിപര്‍ അഡ്വ. വി.സി. സെബാസ്റ്യന്‍ പറഞ്ഞു. രമേശ് 2004 മുതല്‍ അശോകട്രസ്റിന്റെ ഉപദേഷ്ടാവായിരുന്നു എന്നാണ് ലെയ്റ്റി വോയിസില്‍ പറഞ്ഞത്. ആ പ്രസ്ഥാനത്തില്‍പ്പെട്ടവര്‍ ഗാഡ്ഗില്‍ കമ്മിറ്റിയില്‍ വലിയ പങ്ക് വഹിച്ചിരുന്നു.

ഗാഡ്ഗില്‍ ജനാധിപത്യപരം; കസ്തൂരിരംഗന്‍ വെള്ളം ചേര്‍ത്തത്: ജയറാം രമേശ്

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജനാധിപത്യപരമായിരുന്നുവെന്നും അതില്‍ വെള്ളം ചേര്‍ത്തുണ്ടാക്കിയതാണു കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ടെന്നും കേന്ദ്ര ഗ്രാമവികസന മന്ത്രിയും ഗാഡ്ഗില്‍ സമിതിയെ നിയമിച്ച മുന്‍ വനം പരിസ്ഥിതി മന്ത്രിയുമായ ജയറാം രമേശ്.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്ന പലരും അതു വായിച്ചു നോക്കിയിട്ടില്ലെന്നും കൂടുതല്‍ ജനകീയമായി തയാറാക്കിയതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു. പശ്ചിമഘട്ട മലനിരകളുമായി ബന്ധപ്പെട്ട് ഗാഡ്ഗിലും കൂട്ടരും 40 വര്‍ഷത്തോളം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തുണ്ടാക്കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഏറെക്കുറെ സാങ്കേതികമാണ്.

ഗ്രാമസഭകളില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് ബോധവത്കരണം നടത്തണമെന്നു മന്ത്രി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സമയത്തു തന്നെ പ്രാദേശിക ഭാഷയില്‍ പരിഭാഷപ്പെടുത്തേണ്ടതായിരുന്നു. അതു ചെയ്യാതിരുന്നതാണു റിപ്പോര്‍ട്ടുകളെക്കുറിച്ചു തെറ്റിദ്ധാരണ പ്രചരിക്കാന്‍ ഇടയാക്കിയതെന്നു ജയ്ാം അവകാശപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.