അവസാന ഓവറിൽ ബിജു നാരായണന്റെ വെടിക്കെട്ട്; ഏരീസ് കൊല്ലം സെയ്ലേഴ്സിന് ആവേശ ജയം
Thursday, August 21, 2025 7:02 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് 2025ന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയ്ലേഴ്സിന് ആവേശ ജയം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡയിത്തിൽ നടന്ന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ ഒരു വിക്കറ്റിനാണ് കൊല്ലം സെയ്ലേഴ്സ് തോൽപ്പിച്ചത്.
ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സെയ്ലേഴ്സ് 19.5 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 41 റണ്‍സ് നേടിയ വത്സല്‍ ഗോവിന്ദാണ് ടോപ് സ്കോറര്‍. അവസാന ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സറുകള്‍ പറത്തി വാലറ്റക്കാരന് ബിജു നാരായണനാണ് (7 പന്തില്‍ പുറത്താവാതെ 15) സെയ്ലേഴ്സിനെ വിജയത്തിലേക്ക് നയിച്ചത്.
നായകൻ സച്ചിൻ ബേബി 24 റൺസും ഓപ്പണർ അഭിഷേക് നായർ 21 റൺസും എടുത്തു. കാലിക്കറ്റിന് വേണ്ടി അഖില്‍ സ്കറിയ നാലും സുദേശന്‍ മിഥുന് മൂന്നും വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ കാലിക്കറ്റ് 18 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഷറഫുദ്ദീനാണ് കാലിക്കറ്റിനെ തകര്‍ത്തത്. അമല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ രോഹന് കുന്നുമ്മല്‍ കാലിക്കറ്റിന് വേണ്ടി 54 റണ്‍സെടുത്തു.
മനു കൃഷ്ണൻ 25 റൺസും സൽമാൻ നിസാർ 21 റൺസും എടുത്തു. കൊല്ലത്തിന് വേണ്ടി ഷറഫുദീൻ നാലു വിക്കറ്റും എജി അമൽ മൂന്നു വിക്കറ്റും എടുത്തു.