ഭവന വായ്പ അനുവദിക്കാൻ ബാങ്കുകൾ പരിശോധിക്കുന്നത്
സ്വപ്ന വീട് വാങ്ങുകയെന്നതു മിക്കവരുടേയും ജീവിതകാലത്തെ അഭിലാഷമാണ്. അതു പ്രാവർത്തികമാക്കുവാൻ വളരെയേറെ ശ്രമിക്കുകയും ചെയ്യുന്നു. സമയവും ഊർജവും ഏറ്റവും പ്രധാനമായി ധാരാളം പണവും ഈ സ്വപ്നം സാക്ഷാത്കരിക്കുന്ന പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്നു.

ഇത്ര വലിയൊരു നിക്ഷേപം നടത്തുമ്പോൾ നല്ല ഗവേഷണവും തയാറെടുപ്പും നടത്തേണ്ടിയിരിക്കുന്നു. ഇത്തരത്തിൽ വലിയ തോതിൽ നിക്ഷേപം നടത്താൻ ഭവന വായ്പകൾ സഹായത്തിനെത്തുന്നുണ്ട്. അതുവഴി ‘വീടിന്റെ ഉടമ’ എന്ന സ്വപ്നം സാക്ഷാത്കരിക്കുവാനും സഹായിക്കുന്നു.

ഈ സാഹചര്യത്തിൽ വായ്പാ സ്‌ഥാപനങ്ങൾ ഭവന വായ്പ അപേക്ഷകളെ എങ്ങനെ വിലയിരുത്തുന്നുവെന്നും വായ്പ എളുപ്പത്തിൽ ലഭിക്കുവാൻ ചെയ്യേണ്ട ഗൃഹപാഠങ്ങൾ എന്തൊക്കെയാണെന്നും മനസിലാക്കിയിരിക്കുന്നതു ഏറ്റവും നല്ലതാണ്.

വേണ്ട രേഖകൾ

ഭവനവായ്പ നൽകുന്ന ഒരു സ്‌ഥാപനം ആദ്യം ചോദിക്കുക, നിങ്ങൾ വാങ്ങുവാൻ പോകുന്ന അല്ലെങ്കിൽ നിർമിക്കുവാൻ പോകുന്ന വീടിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട രേഖകളെക്കുറിച്ചുമാണ്. അതായത് തെരഞ്ഞെടുത്തിട്ടുള്ള വസ്തുവിന് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിൽനിന്നുള്ള എല്ലാ രേഖകളുംഅനുമതിയും ലഭിച്ചിട്ടുണ്ടോ എന്നതാണ്.

ഇതു ലഭിച്ചിട്ടുണ്ടെന്നു ബോധ്യപ്പെടുത്തിയാൽ അടുത്തഘട്ടത്തിലേക്കു കടക്കുകയായി. വരുമാനത്തിന്റെ തെളിവ്, കുറഞ്ഞത് ആറു മാസത്തെ ശമ്പള സ്ലിപ്, കഴിഞ്ഞ മൂന്നുവർഷത്തെ ആദായ നികുതി റിട്ടേൺ, ജനനത്തീയതി, ഇപ്പോഴത്തെ വിലാസം, പാൻ, ബാങ്ക് സ്റ്റേറ്റ്മെന്റ് തുടങ്ങിയവ ലഭ്യമാക്കുവാൻ ആവശ്യപ്പെടുന്നു. ആവശ്യപ്പെട്ട രേഖകളുടെ കോപ്പി ഒറിജിനലിനൊപ്പം പരിശോധനയ്ക്കു സമർപ്പിക്കുവാൻ നിർദ്ദേശിക്കുന്നു. ഇതോടെ വായ്പ നേടുന്നതിനുള്ള ആദ്യ പടിയായി.വരുമാനം– കടം അനുപാതം

മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ഇപ്പോൾ ഏതെങ്കിലും വായ്പയിൽ പ്രതിമാസ ഗഡു (ഇഎംഐ) അടയ്ക്കുന്നുണ്ടോ എന്നത്. വായ്പ അപേക്ഷയിൽ തീരുമാനമെടുക്കുന്നതിലെ പ്രധാന ഘടകങ്ങളിലൊന്നാണിത്.

വായ്പാ അപേക്ഷകൾ എങ്ങനെയാണ് അവലോകനം ചെയ്യുന്നതെന്ന് രണ്ടു ഉദാഹരണങ്ങളിലൂടെ നമുക്കു പരിശോധിച്ചു മനസിലാക്കാം: അശോക് കുമാറും മനീഷ് ശർമയും 30 ലക്ഷം രൂപയുടെ വീതം ഭവന വായ്പയ്ക്ക് അപേക്ഷ നൽകിയെന്നു സങ്കൽപ്പിക്കുക. ഈ രണ്ടു പേർക്കും വായ്പയ്ക്ക് അർഹമായ വിധത്തിൽ ക്രെഡിറ്റ് സ്കോറുമുണ്ടെന്നും സങ്കൽപ്പിക്കുക.

അശോകിന്റെ അപേക്ഷ ഭവന വായ്പ സ്‌ഥാപനം എങ്ങനെയാണ് വിലയിരുത്തുന്നതെന്നു നോക്കാം.
അശോകിന് മാസം ഒരു ലക്ഷം രൂപ വരുമാനമുണ്ടെന്നു കരുതുക. അശോക് ഇപ്പോൾ 20,000 രൂപ പ്രതിമാസ ഗഡു അടയ്ക്കുന്നുണ്ട്. അതായത് അശോകിന്റെ ഇഎംഐ– വരുമാന അനുപാതം 20 ശതമാനമാണ്. അശോകിന്റെ വായ്പാശേഷി 50,000 രൂപയായി വായ്പാ സ്‌ഥാപനം കണക്കാക്കുന്നു. അതായത് അശോകിന്റെ ശമ്പളത്തിന്റെ പകുതി.

ഈ സാഹചര്യത്തിൽ അശോകിന് കൂടുതലായി താങ്ങുവാൻ സാധിക്കുന്ന ഇഎംഐ പരമാവധി 30,000 രൂപ വരെയാണ്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ചു എത്ര വായ്പ നൽകണമെന്നു കണ്ടെത്താം. പത്തു ശതമാനം പലിശ നിരക്കിൽ 20 വർഷത്തേക്കു 30 ലക്ഷം രൂപ വായ്പയ്ക്ക് അശോക് അർഹനാണ്. നൽകിയ രേഖകൾ എല്ലാം പൂർണമാണെങ്കിൽ അശോക് നൽകിയ അപേക്ഷ സ്‌ഥാപനം അംഗീകരിച്ച് വായ്പ അനുവദിക്കും.


ഇവിടെ മനസിലാക്കേണ്ട പ്രധാന കാര്യമിതാണ്. വരുമാനം– ഇഎംഐ അനുപാതം 50 ശതമാനത്തിനു മുകളിലാണെങ്കിൽ വായ്പാ സ്‌ഥാപനം അതിനെ പ്രതികുലമായേ കണക്കാക്കുകയുള്ളു.
ഇനി മനീഷിന്റെ ഉദാഹരണത്തിലേക്കു വരാം. മനീഷിന്റെ പ്രതിമാസം വരുമാനം രണ്ടു ലക്ഷം രൂപയാണ്. അതായത് അശോകിന്റെ വരുമാനത്തിന്റെ ഇരട്ടി. മനീഷ് ഇപ്പോൾ തന്നെ ഒരു ലക്ഷം രൂപ ഇഎംഐ വരുന്ന വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്. അതായത് മനീഷിന്റെ ഇഎംഐ– വരുമാന അനുപാതം 50 ശതമാനത്തിലാണ്. മനീഷിന് കൂടുതലായി ഇഎംഐ അടയ്ക്കുവാനുള്ള ശേഷിയില്ല എന്നതാണ് ഇതു കാണിക്കുന്നത്. മനീഷിന് 30 ലക്ഷത്തിന്റെ വായ്പ നൽകിയാൽ പ്രതിമാസം 30,000 രൂപ കൂടി അധികമായി ഇഎംഐക്കു കണ്ടെത്തേണ്ടതായി വരും. ഇത് പൊതുവേ അംഗീകരിച്ചിട്ടുള്ള ഇഎംഐ– വായ്പ അനുപാതത്തിനു മുകളിലേക്കു മനീഷിനെ എത്തിക്കും.

അതിനാൽ മനീഷിന്റെ കാര്യത്തിൽ വായ്പ നിഷേധിക്കാനാണ് സാധ്യത. അതായത് നിലവിലുള്ള ഇഎംഐ, മാസവരുമാനത്തിന്റെ 50 ശതമാനത്തിൽ കൂടുതൽ ആയാൽ വായ്പ കിട്ടാനുള്ള സാധ്യത തീരെയില്ല.സിബിൽ റിപ്പോർട്ടും സ്കോറും

ചുരുക്കിപ്പറയാം. ഉയർന്ന ക്രെഡിറ്റ് സ്കോറും ശക്‌തമായ ക്രെഡിറ്റ് ചരിത്രവും ഉയർന്ന വരുമാനവും വായ്പ അനുവദിക്കുവാൻ സഹായിക്കുമെങ്കിലും ഉറപ്പു നൽകുന്നില്ല. ഒരാൾക്കു മാനേജ് ചെയ്യാവുന്ന വായ്പ എന്നതിനാണ് വായ്പ അനുവദിക്കുന്നതിൽ മുഖ്യ പരിഗണന. ഉയർന്ന ക്രെഡിറ്റ് സ്കോറും ആരോഗ്യകരമായ തിരിച്ചടവു ചരിത്രവുമുള്ളവർക്ക് വായ്പയും ക്രെഡിറ്റ് കാർഡും നൽകാനാണ് വായ്പാ സ്‌ഥാപനങ്ങൾ മുൻഗണന നൽകുന്നത്.

ഒരു വായ്പാ അപേക്ഷകനെക്കുറിച്ചു ആദ്യ അഭിപ്രായം രൂപീകരിക്കാനാണ് ക്രെഡിറ്റ് സ്്കോർ സഹായകരമാകുന്നത്. ഉയർന്ന സ്കോർ ഉണ്ടെങ്കിൽ വായ്പ അംഗീകരിക്കാനുള്ള സാധ്യത വർധിക്കുന്നു. എന്തായാലും ഇക്കാര്യത്തിൽ അവസാന തീരുമാനമെടുക്കുക വായ്പാ സ്‌ഥാപനമാണ്. വായ്പ അനുവദിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ സിബിൽ തീരുമാനമെടുക്കുന്നില്ല.
ഒരു വ്യക്‌തിയെ സംബന്ധിച്ചിടത്തോളം സിബിൽ ട്രാൻസ് യൂണിയൻ സ്കോർ മെച്ചപ്പെടുത്തേണ്ടത് ഏറ്റവും അത്യാവശ്യമാണ്. ആവശ്യമുള്ളപ്പോൾ വായ്പ ലഭ്യമാക്കുവാൻ ഉയർന്ന സ്കോർ തുടർന്നുകൊണ്ടുപോകേണ്ടതുമുണ്ട്. ഇഎംഐ, ക്രെഡിറ്റ് കാർഡ് കുടിശിക തുടങ്ങിയവ സമയത്തു അടച്ചു തീർത്ത് മോശം സിബിൽ സ്കോറും റിപ്പോർട്ടും ഒഴിവാക്കുവാൻ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണം. സമയത്ത് കുടിശിക അടയ്ക്കാതിരിക്കുന്നത് കാലക്രമേണ മോശം സ്കോറിലേക്കു നയിക്കാനും ഭാവിയിൽ വായ്പ അപേക്ഷ നിരാകരിക്കാനുമുള്ള സാധ്യതയൊരുക്കുന്നു.

വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു മുമ്പേ സിബിൽ ട്രാൻസ് യൂണിയൻ സ്കോർ ചെക്ക് ചെയ്യുക. ഇത് ഒരു മുന്നറിയിപ്പായി കണക്കാക്കുക. ക്രെഡിറ്റ് സ്കോർ, ക്രെഡിറ്റ് ചരിത്രം എന്നിവയിലെ അപാകതകൾ തിരുത്തുവാനുള്ള അവസരമാണ് ഇതു നൽകുന്നത്.

ഹർഷാല ചന്ദോർക്കർ
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, സിബിൽ