ആദ്യം സമ്പാദ്യം പിന്നെ ചെലവാക്കൽ
സമ്പാദ്യത്തിന്റെ കാര്യം വരുമ്പോൾ മിക്കവരും ചോദിക്കുന്ന ചോദ്യമിതായിരിക്കും. ‘‘ഇത്ര തുച്ഛമായ ശമ്പളത്തിൽ നിന്നു ഞാനെങ്ങനെ മിച്ചം വെക്കാനാണ്. എല്ലാ ചെലവുകളും നടത്തേണ്ടത് ഇതിൽനിന്നാണ്. പിന്നെ എന്നാ ചെയ്യാനാ?’’

നിക്ഷേപത്തിനായി നീക്കി വെക്കാൻ ഒന്നുമില്ല എന്നു പറയുമ്പോൾ ഓർമിക്കുക. നമ്മൾ നടത്തുന്ന സമ്പാദ്യം നമുക്കു വേണ്ടിതന്നെയുള്ളതാണ്. അപ്പോൾ സമ്പാദ്യമെന്നത് ഒരു ഭാരമാകില്ല.

എല്ലാവരുടേയും ആഗ്രഹമാണ് സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കുകയെന്നത്. അതിനായി ചിലർ ജോലി കണ്ടെത്തുന്നു; മറ്റു ചിലർ ബിസിനസ് നടത്തുന്നു; ചിലർ കൃഷി ചെയ്യുന്നു... എന്തായാലും നല്ലൊരു പങ്ക് ആളുകൾക്കും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ജോലി ആവശ്യമാണ്.

പക്ഷേ, ജോലികൊണ്ടു മാത്രം സാമ്പത്തികമായ സുരക്ഷിതത്വം അല്ലെങ്കിൽ സ്വാതന്ത്ര്യം നേടുവാൻ സാധിക്കുമോ? ഇല്ല എന്നതാണ് വസ്തുത. ഇപ്പോൾ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും ഭാവിയിൽ എന്താകും അവസ്‌ഥയെന്ന് ഒരിക്കലും പ്രവചിക്കാനാവില്ലല്ലോ?

ജോലി പെട്ടെന്നങ്ങു നഷ്‌ടപ്പെട്ടാലും ജോലി ഇല്ലാതാകുന്ന കാലത്തും ഈ സുരക്ഷിതത്വവും സ്വാതന്ത്ര്യവും അനുഭവിക്കണം. അതിനു വഴി ഒന്നേയുള്ളു, ജോലി ഉള്ള കാലത്ത് കൃത്യമായി നിക്ഷേപം നടത്തണം.

ഓർമിക്കുക ഈ പഴമൊഴി ‘സമ്പത്തുകാലത്തു തൈ പത്തു വച്ചാൽ ആപത്തു കാലത്തു കാ പത്തു തിന്നാം.’

വീട്, വാഹനം, ജോലിയിൽ നിന്നു റിട്ടയർ ചെയ്താലും അല്ലലില്ലാതെ ജീവിക്കാനാവശ്യമായ സമ്പാദ്യം, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, യാത്ര എന്നിങ്ങനെ നീണ്ടു പോകുന്നതാണ് നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും. അവ ആഗ്രഹിക്കുന്നതുപോലെ നിറവേറ്റണമെങ്കിൽ ജോലിയോടൊപ്പം തന്നെ സമ്പാദ്യശീലവും വളർത്തേണ്ടിയിരിക്കുന്നു.

സമ്പാദ്യവും സമ്പത്തും

എവിടെ തുടങ്ങണം. പലരേയും കുഴപ്പിക്കുന്നത് ഇതാണ്. ഇതിനു വലിയ സാങ്കേതികവിദ്യയും രഹസ്യവുമൊന്നുമില്ല.

ഇതു വളരെ ലളിതമാണ്. ചെലവഴിക്കുന്നത് വരുമാനത്തിനു താഴെ നിറുത്തുക. അത്രതന്നെ.ഇത്ര ലളിതമായിട്ടും എന്തുകൊണ്ടാണ് നല്ലൊരു പങ്ക് ആളുകൾക്കും ഇതു പ്രയാസമായിട്ടു തോന്നുന്നത്.

രണ്ടു കാര്യങ്ങളാണ് ഉള്ളത്. ഒരു കൂട്ടർക്കു സമ്പാദ്യം സാധിക്കുന്ന വിധത്തിൽ ആവശ്യത്തിനു വരുമാനം ഉണ്ടാകുന്നില്ല. അല്ലെങ്കിൽ വരുമാനം ഉണ്ടാക്കുവാൻ കഴിയുന്നില്ല. ഇവരുടെ മുൻഗണന കൂടുതൽ വരുമാനം നേടുന്നതിനുള്ള വഴി തേടുകയെന്നതാണ്. ഇവരെ നമുക്കു വിട്ടേക്കാം.

രണ്ടാമത്തെ കൂട്ടർ തെറ്റായ വഴിയിലൂടെ നീങ്ങുന്നുവെന്നതാണ്. അതുകൊണ്ട് സമ്പാദ്യമെന്നത് വളരെ ലളിതമായിട്ടും അതു സാധിക്കുവാൻ നിരവധിയാളുകൾ പെടാപ്പാടുപെടുന്നത്.

ഇവിടെ ലോകത്തെ ഏറ്റവും വലിയ സമ്പന്നന്റെ വാക്കുകൾ വളരെ പ്രസക്‌തമാണ്. വരുമാനത്തിൽ നിന്നും സമ്പാദ്യത്തിനുള്ള തുക കുറച്ചിട്ടു വേണം ചെലവാക്കാൻ എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ മിക്കവരുടേയും ചിന്താഗതി വരുമാനത്തിൽ നിന്നും ചെലവ് കഴിഞ്ഞതിനുശേഷം മിച്ചം വരുന്ന തുക സമ്പാദിക്കാം എന്നതാണ്.

ഈ പൊതു ശീലത്തിൽനിന്ന് എങ്ങനെ മാറുവാൻ സാധിക്കും?

ശമ്പളം കിട്ടിക്കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് തന്റെ ‘ഭാവി ആവശ്യത്തിനുവേണ്ടിയുള്ള ചെലവി’ലേക്കു തുക മാറ്റി വയ്ക്ുകയെന്നതാണ്. അതായത് നിക്ഷേപങ്ങളിലേക്ക്.


ഇനി മാസം മുഴുവൻ ചെലവഴിക്കാനുള്ളതാണ്. നിയന്ത്രിച്ചു ചെലവഴിച്ചാൽ മാസാവസാനം അക്കൗണ്ടിൽ ചിലപ്പോൾ പൊട്ടുപൊടിയും ശേഷിച്ചേക്കൂം. അതുംകൂടി നിക്ഷേപത്തിലേക്കു മാറ്റി അടുത്ത മാസത്തെ ശമ്പളത്തിനായി കാത്തിരിക്കുക.

സമ്പാദ്യം ഒട്ടോമാറ്റിക് ആക്കാം

നല്ലൊരു പങ്കു മനുഷ്യരുടേയും സ്വഭാവമാണ് കൈവശം പണമുണ്ടെങ്കിൽ വെള്ളംപോലെ ചെലവഴിക്കുകയെന്നത്്. അതിനാൽ ആഗ്രഹമുണ്ടെങ്കിലും സമ്പാദിക്കുവാൻ പലർക്കും കഴിയാറില്ല.

സമ്പാദ്യ ശ്രമത്തെ ഓട്ടോമാറ്റിക്കാക്കുക. സാങ്കേതിക വിദ്യ കൈത്തുമ്പിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ഇതു വളരെ എളുപ്പമാണ്.

ശമ്പളം ബാങ്ക് അക്കൗണ്ടിൽ വരുന്ന ഉടനേ വിവിധ സേവിംഗ്സ് അക്കൗണ്ടുകളിലേക്കു തുക ഓട്ടോ മാറ്റിക്കായി നീക്കുക. മിച്ചമുള്ള തുക ഇഷ്ടംപോലെ ചെലവഴിക്കുക.

ഓട്ടോ മാറ്റിക്കാകുന്നതിനു ഗുണമേറെയുണ്ട്. ശമ്പള അക്കൗണ്ടിൽ പണമെത്തിക്കഴിഞ്ഞാൽ ചെലവഴിക്കൽ പോയിന്റിൽനിന്നു പണം ഭാവിയിലെ ചെലവഴിക്കൽ പോയിന്റിലേക്കു (സേവിംഗ് അക്കൗണ്ട്) നീങ്ങുന്നു. ചെലവുകളെ കൃത്യമായ പിന്തുടരുമ്പോഴും ഓട്ടോമാറ്റിക് സമ്പാദ്യ സംവിധാനം ഗുണകരമാണെന്നതിൽ സംശയമില്ല.

ഓട്ടോ മാറ്റിക് സംവിധാനം ഒരാൾക്കു നൽകുന്നത് അവന്റെ ധനകാര്യഭാവിയുടെ നിയന്ത്രണമാണ് ഒരിക്കൽ ഇതിൽ വീണുകഴിഞ്ഞാൽ അതു വിജയകരമായി മുന്നോട്ടു കൊണ്ടുപോകുക പ്രയാസകരമാവില്ല.

മറ്റു സാമ്പത്തിക ഉത്തരവാദിത്വങ്ങൾമൂലം ചിലപ്പോൾ ലക്ഷ്യത്തിനു അനുസരിച്ചു സമ്പാദ്യത്തിലേക്കു മാറ്റി വയ്ക്കുവാൻ സാധിക്കുന്നുണ്ടായിരിക്കുകയില്ല. എങ്കിലും ഉള്ളത് ഓട്ടോമേറ്റു ചെയ്യുക.

പിന്നീട് ഓരോ ആറുമാസവും കാര്യങ്ങൾ പരിശോധിക്കുക. ഓരോ പരിശോധനാസമയത്തിനുശേഷവും നേരിയ തോതിലാണെങ്കിലും ( ഒരു ശതമാനം) സമ്പാദ്യത്തിലേക്കുള്ള തുക വർധിപ്പിക്കുക.

നല്ല നിക്ഷേപ തന്ത്രമൊരുക്കാം

ഓർമിക്കുക, സമ്പാദ്യത്തിൽനിന്നു സമ്പത്തിലേക്ക് നീങ്ങുന്നത് നിക്ഷേപത്തിലൂടെയാണ്.

മിക്കവരും സമ്പാദ്യത്തിനുശേഷം അവസാനിപ്പിക്കുകയാണ് പതിവ്. ഇതോടൊപ്പം നിക്ഷേപ തന്ത്രം കൂടി രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. കാരണം ഏതു നിക്ഷേപമാണ് അടുത്ത ഒരു വർഷക്കാലത്ത്, അഞ്ചുവർഷക്കാലത്ത്, 10 വർഷക്കാലത്ത്, അല്ലെങ്കിൽ 40 വർഷക്കാലത്ത് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയെന്നത്.

ഓരോരുത്തർക്കും യോജിച്ച നിക്ഷേപ തന്ത്രം അവരവർക്കു തന്നെ വികസിപ്പിച്ചെടുക്കാവുന്നതേയുള്ളു. റിസ്ക് കുറഞ്ഞ ഗവൺമെന്റ് ബോണ്ട് മുതൽ ഉയർന്ന റിസ്കുള്ള ഓഹരി വരെ വൈവിധ്യമാർന്ന നിക്ഷേപ ആസ്തികൾ നിക്ഷേപകർക്കു മുമ്പിൽ ലഭ്യമാണ്.

നിക്ഷേപത്തിനു ലഭിക്കുന്ന സമയമനുസരിച്ച് ഒരാൾക്ക് വ്യത്യസ്ത റിസ്കിലുള്ള നിക്ഷേപങ്ങൾ തെരഞ്ഞെടുക്കാം.

നിക്ഷേപ പ്ലാൻ ഒരുക്കി, പക്ഷേ വെറുതെയിരുന്നാൽ അതിൽ ഒരു കാര്യവുമില്ല. അതിൽ പ്രവർത്തനം നടത്തണം. എത്ര റിട്ടേൺ എന്നതിനേക്കാൾ പ്രധാനമാണ് എത്ര കൂടുതൽ സമ്പാദിക്കുന്നുവെന്നതും.