ജിഎസ്ടി റിട്ടേണുകൾ പിഴയില്ലാതെ സെപ്റ്റംബർ വരെ
ജിഎസ്ടി സംവിധാനത്തിൻ കീഴിൽ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ് പ്രവർത്തനങ്ങളിലൊന്നാണ് ശരിയായ റിട്ടേണ്‍, സമയത്തു സമർപ്പിക്കുകയെന്നത്. ജിഎസ്ടി നിബന്ധനകൾ പാലിക്കുന്നുവെന്നതിന്‍റെ ഗ്രേഡ് നിശ്ചയിക്കുന്നതും സമർപ്പിക്കുന്ന റിട്ടേണിന്‍റെ അടിസ്ഥാനത്തിലാണ്. സമയത്ത് റീഫണ്ട് ലഭിക്കുവാനും കുറ്റമറ്റ റിട്ടേണ്‍ സമർപ്പിക്കേണ്ടത് ആവശ്യമാണ്.

തുടക്കമെന്ന നിലയിൽ ജൂലൈ മാസത്തെ റിട്ടേണ്‍സ് ഫയൽ ചെയ്യുന്നതിന് സെപ്റ്റംബർ വരെ സമയം അനുവദിച്ചിരിക്കുകയാണ്. പെനാൽറ്റിയോ ലേറ്റ് ഫീയോ ഒന്നുമില്ലാതെ ജിഎസ്ടി നികുതിദായകർക്ക് റിട്ടേണ്‍സ് നൽകാം. അതായത് ജുലൈയിലേയും ഓഗസ്റ്റിലേയും റിട്ടേണ്‍സ് സെപ്റ്റംബർ വരെ ഫയൽ ചെയ്യാം.
റിട്ടേണ്‍ ഫയൽ ചെയ്യാൻ സെപ്റ്റംബർ വരെ സമയമുണ്ടെങ്കിലും അതിനു കാത്തിരിക്കേണ്ടതില്ലെന്നാണ് ജിഎസ്ടിഎൻ ചെയർമാൻ നവീൻ കുമാർ നികുതിദായകരോട് അഭ്യർത്ഥിച്ചിട്ടുള്ളത്.

പുതിയതായി ജിഎസ്ടി രജിസ്ട്രേഷൻ എടുക്കുന്നതിനു ജൂണ്‍ 25 മുതൽ അനുമതി നൽകിയിട്ടുണ്ട്. നിലവിൽ വാറ്റ്, സേവന രജിസ്ട്രേഷൻ ഉള്ളവർക്കു ജിഎസ്ടിയിലേക്കു മൈഗ്രേറ്റ് ചെയ്യാനും അനുമതിയുണ്ട്. രാജ്യത്തെ 80.91 ലക്ഷം പേർ ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതുവരെ 65.6 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

എന്താണ് റിട്ടേണ്‍?

നികുതി നിയമമനുസരിച്ച് നികുതിദായകൻ നികുതി വകുപ്പിനു നൽകുന്ന രേഖയാണ് റിട്ടേണ്‍. ജിഎസ്ടി നിയമമനുസരിച്ച് സാധാരണ നികുതിദായകൻ മാസം മൂന്നു റിട്ടേണും ഒരു വാർഷിക റിട്ടേണും നൽകണം. കോന്പോസിറ്റ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവരും പ്രത്യേക റിട്ടേണ്‍ നൽകണം.

വിവിധ ബിസിനസുകൾക്കായി സമർപ്പിക്കേണ്ട 11 റിട്ടേണുകളാണ് ജിഎസ്ടി കൗണ്‍സിൽ ഇപ്പോൾ അംഗീകരിച്ചു പുറത്തുവിട്ടിട്ടുള്ളത്. എല്ലാ ബിസിനസിനും എല്ലാ റിട്ടേണും നൽകേണ്ട ആവശ്യമില്ല.

റെഗുലർ ബിസിനസിൽ ഏർപ്പെട്ടിരിക്കുകയും ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്തു നികുതിയടയ്ക്കുകയും ചെയ്യുന്നവർ സാധാരണയായി നൽകേണ്ടത് മൂന്നു റിട്ടേണുകളാണ്. ജിഎസ്ടി-1, ജിഎസ്ടി-2, ജിഎസ്ടി -3 എന്നിവ. ജിഎസ്ടി ഒന്നിന്‍റെ വകഭേദങ്ങളാണ് ജിഎസ്ടി-2-ഉം ജിഎസ്ടി മൂന്നും എന്നതിനാൽ വലിയ പ്രയാസമുണ്ടാവില്ല.
ജിഎസ്ടി കോന്പോസിഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഓരോ ക്വാർട്ടറിലും ഓരോ റിട്ടേണ്‍ (ജിഎസ്ടി-4) നിൽകിയാൽ മതി. ഇവർ 1-2 ശതമാനം നികുതി നൽകിയാൽ മതിയാകും. വാർഷിക വിറ്റുവരവ് 75 ലക്ഷം രൂപ വരെയുള്ളവർക്ക് വേണമെങ്കിൽ കോന്പോസിഷൻ സ്കീം ഉപയോഗിക്കാം.

ജിഎസ്ടിയിൽ നൽകേണ്ട റിട്ടേണുകൾ

ജിഎസ്ടിആർ-1
രജിസ്റ്റർ ചെയ്തിട്ടുള്ള സപ്ലയർ, പുറത്തു സപ്ലൈ ചെയ്യുന്നതും നികുതി നൽകേണ്ടതുമായ ചരക്കുകൾ/സേവനങ്ങൾ എന്നിവയുടെ വിശദവിവരങ്ങളാണ് ഇതിൽ നൽകേണ്ടത്.
റിട്ടേണ്‍ നൽകേണ്ട തീയതി: അടുത്തമാസം 10.

ജിഎസ്ടിആർ-2
രജിസ്റ്റർ ചെയ്തിട്ടുള്ള ഗുണഭോക്താവ് സ്വീകരിക്കുന്നതും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാവുന്നതും നികുതി നൽകേണ്ടതുമായ ചരക്കുകൾ/സേവനങ്ങൾ എന്നിവയുടെ വിശദവിവരങ്ങളാണ് ഇതിൽ നൽകേണ്ടത്.

റിട്ടേണ്‍ നൽകേണ്ട തീയതി: അടുത്തമാസം 15.

ജിഎസ്ടിആർ-3
രജിസ്റ്റർ ചെയ്തിട്ടുള്ള നികുതിദായകൻ എല്ലാമാസവും നൽകേണ്ട റിട്ടേണ്‍ ആണിത്. പുറത്തേക്കു സപ്ലൈ നൽകിയതും അകത്തേക്ക് സ്വീകരിച്ചതുമായ ചരക്ക്/ സേവനങ്ങളുടെ വിശദവിവരങ്ങളോടൊപ്പം അടയ്ക്കേണ്ട നികുതി തുകയുടെ വിവരങ്ങളും നൽകണം.
റിട്ടേണ്‍ നൽകേണ്ട തീയതി: അടുത്തമാസം 20.

ജിഎസ്ടിആർ-4
കോന്പൗണ്ടിംഗ് ടാക്സബിൾ പേഴസ്ണുള്ളതാണ് ഈ റിട്ടേണ്‍. അതായത് കോന്പോസിഷൻ സ്പ്ലയർ ആയി രജിസ്റ്റർ ചെയ്തവർക്ക്.
റിട്ടേണ്‍ നൽകേണ്ട തീയതി: ഓരോ ക്വാർട്ടറിനുശേഷവും വരുന്ന 18-ാം തീയതി.

ജിഎസ്ടിആർ-5
നോണ്‍ റെസിഡന്‍റ് ഫോറിൻ ടാക്സബിൾ പേഴ്സ്ണ്‍ നൽകേണ്ടതാണ് ഈ റിട്ടേണ്‍.
റിട്ടേണ്‍ നൽകേണ്ട തീയതി: അടുത്തമാസം 20.

ജിഎസ്ടിആർ-6
ഇൻപുട്ട് സർവീസ് ഡിസ്ട്രിബ്യൂട്ടർ
റിട്ടേണ്‍ നൽകേണ്ട തീയതി: അടുത്തമാസം 15.

ജിഎസ്ടിആർ-7
സ്രോതസിൽ നികുതി കിഴിക്കുന്നവർ നൽകേണ്ട റിട്ടേണ്‍ ആണിത്.
റിട്ടേണ്‍ നൽകേണ്ട തീയതി: അടുത്തമാസം 10.

ജിഎസ്ടിആർ-8
ഇ-കൊമേഴ്സ് ഓപ്പറേറ്റർമാർ വഴിയുള്ള സപ്ലൈയുടെ വിവരങ്ങളും സമാഹരിച്ച നികുതിയുടെ വിവരങ്ങളും. ഇ-കൊമേഴ്സ് ഓപ്പറേറ്റർ/ ടാക്സ് കളക്ടർ എന്നിങ്ങനെ രജിസ്റ്റർ ചെയ്യുന്നവർ ഈ റിട്ടേണ്‍ നൽകണം.
റിട്ടേണ്‍ നൽകേണ്ട തീയതി: അടുത്തമാസം 10.

ജിഎസ്ടിആർ-9
രജിസ്റ്റർ ചെയ്ത നികുതിദായകൻ നൽകേണ്ട വാർഷിക റിട്ടേണ്‍ ആണിത്.
റിട്ടേണ്‍ നൽകേണ്ട തീയതി: അടുത്ത ധനകാര്യ വർഷം ഡിസംബർ 31.

ജിഎസ്ടിആർ-10
രജിസ്ട്രേഷൻ സറണ്ടർ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്ന നികുതി ദായകൻ നൽകേണ്ട ഫൈനൽ റിട്ടേണ്‍ ആണിത്.

റിട്ടേണ്‍ നൽകേണ്ട തീയതി: കാൻസലേഷൻ ചെയ്ത് മൂന്നു മാസത്തിനുള്ളിലോ കാൻസലേഷൻ ഓർഡർ തീയതിയോ ഏതാണ് അവസാനം വരുന്നത് അതിനുള്ളിൽ റിട്ടേണ്‍ ഫയൽ ചെയ്യണം.

ജിഎസ്ടിആർ-11
ജിഎസ്ടിആർ നിയമമനുസരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ നന്പർ ( യുഐഎൻ) ലഭിച്ചിട്ടുള്ളവർ നൽകേണ്ട റിട്ടേണ്‍ ആണ്. അവർ വാങ്ങിയ വസ്തുക്കൾ/സേവനങ്ങൾക്കു നൽകിയ നികുതിയുടെ റീഫണ്ട് ക്ലെയിം നേടുവാനാണിത്. ( ജിഎസ്ടിയിൽ പ്രത്യേകം വിജ്ഞാപനം ചെയ്തിട്ടുള്ള സ്പെഷൽ ക്ലാസിഫിക്കേഷനിൽ വരുന്നവർക്കുള്ളതാണ് യുഐഎൻ. വിദേശ ഡിപ്ലോമാറ്റിക് മിഷൻ, എംബസികൾ തുടങ്ങിയവർക്കു നികുതി ബാധ്യതയില്ല. എന്നാൽ ഇവരിൽനിന്നു ശേഖരിച്ചിട്ടുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ നികുതി അവർക്കു തിരികെ നൽകും.)

റിട്ടേണ്‍ നൽകേണ്ട തീയതി: ഏതു മാസത്തെ സ്റ്റേറ്റ്മെന്‍റാണോ നൽകുന്നത് അതു കഴിഞ്ഞുവരുന്ന മാസത്തിലെ 28-ാം തീയതി.