നേടാം, ധനകാര്യ സ്വാതന്ത്ര്യം
നേടാം, ധനകാര്യ സ്വാതന്ത്ര്യം
Saturday, August 19, 2017 3:00 AM IST
1991-ലെ സാന്പത്തിക ഉദാരവത്കരണം വഴി ധനകാര്യ സ്വാതന്ത്ര്യ പോരാട്ടത്തിനു തുടക്കമിട്ടിരിക്കുകയാണ്. ഓരോ വർഷവും നിരവധിയാളുകൾ സാന്പത്തിക സ്വാതന്ത്ര്യത്തിന്‍റെ ഫലങ്ങൾ പൂർണമായിട്ടില്ലെങ്കിൽ കൂടി ആസ്വദിച്ചുവരികയാണ്. അതിനുള്ള അവസരങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.

സ്വാതന്ത്ര്യം എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഈ ആഗ്രഹമാണ് 70 വർഷം മുന്പ് രാജ്യത്തെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്. അതു ലഭിച്ചുവെങ്കിലും മഹാഭൂരപക്ഷത്തിനും സാന്പത്തിക സ്വാതന്ത്ര്യമെന്നത് ഇന്നു മരീചികയാണ്. 1991-ലെ സാന്പത്തിക ഉദാരവത്കരണം വഴി ധനകാര്യ സ്വാതന്ത്ര്യ പോരാട്ടത്തിനു തുടക്കമിട്ടിരിക്കുകയാണ്. ഓരോ വർഷവും നിരവധിയാളുകൾ സാന്പത്തിക സ്വാതന്ത്ര്യത്തിന്‍റെ ഫലങ്ങൾ പൂർണമായിട്ടില്ലെങ്കിൽ കൂടി ആസ്വദിച്ചുവരികയാണ്. അതിനുള്ള അവസരങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.

ഒരു പ്രായം കഴിഞ്ഞാൽ എല്ലാവരും ആഗ്രഹിക്കന്നതാണ് സാന്പത്തിക സ്വാതന്ത്ര്യവും സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി കൈവരിക്കുകയെന്നതും. സന്തോഷം നൽകുന്ന കാര്യങ്ങൾ തീരുമാനിക്കുള്ള സ്വാതന്ത്ര്യമാണ്. അതിൽ പണമൊരു ഘടകമാണ്. ശന്പളത്തിനുവേണ്ടി കാത്തു നിൽക്കാതെ ചെലവിനാവശ്യമായ പണം കൈവശമുണ്ടെങ്കിൽ സന്തോഷം നൽകുന്ന കാര്യങ്ങൾ തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം കൈയിൽ വരും.

ധനകാര്യ സ്വാതന്ത്ര്യം എന്താണ്

എന്താണ് ധനകാര്യ സ്വാതന്ത്ര്യം? അല്ലെങ്കിൽ അതെങ്ങനെ നേടിയെടുക്കാം?
ഒരാളുടെ പ്രതിമാസച്ചെലവുകൾ നിങ്ങളുടെ നിക്ഷേപത്തിൽനിന്നുള്ള വരുമാനത്തേക്കാൾ ( പാസീവ് ഇൻകം) കുറവോ തുല്യമോ ആണെങ്കിൽ അയാൾ സാന്പത്തിക സ്വാതന്ത്ര്യം ആസ്വദിച്ചു തുടങ്ങിയെന്നു സാമാന്യമായി പറയാം. മറ്റു വാക്കിൽ പറഞ്ഞാൽ കാര്യമായ പ്രവർത്തനമൊന്നും കൂടാതെ ചെലവിനു തുല്യമായ തുക നേടുവാൻ സാധിക്കുന്ന അവസ്ഥ. അതായത് വരുമാനത്തിൽനിന്നു സ്വതന്ത്രമാകുന്നു.

ഉദാഹരണത്തിന്, സ്ഥിരനിക്ഷേപത്തിൽനിന്നുള്ള പലിശ, അല്ലെങ്കിൽ ഓഹരിയിൽനിന്നുള്ള ലാഭവീതം അതുമല്ലെങ്കിൽ വീട് വാടകയ്ക്കു നൽകിയതിൽനിന്നുള്ള വരുമാനം... ചിലർ പങ്കുകൂടി ബിസിനസ് തുടങ്ങുന്നു. അതിന്‍റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ ലാഭം പങ്കുവയ്ക്കുന്നു. ഇത്തരത്തിൽ ധനകാര്യസ്വാതന്ത്ര്യത്തിനുവേണ്ടി ഓരോരുത്തരും അവരവർക്കു യോജിച്ചതു തെരഞ്ഞെടുക്കാം.

ഒരിക്കൽ ധനകാര്യ സ്വാതന്ത്ര്യം നേടിയാൽ മുഖ്യപ്രവൃത്തിയിൽനിന്നുള്ള വരുമാനം ആവശ്യത്തേക്കാൾ ഒരു തെരഞ്ഞെടുപ്പായി മാറുന്നു. ഇതിനർത്ഥം ജോലി അവസാനിപ്പിക്കുന്നുവെന്നല്ല എന്നോർക്കുക. പണത്തിനുവേണ്ടി ജോലി ചെയ്യുന്ന അവസ്ഥ ഇല്ലാതാകുന്നുവെന്നാണ്.

അതായത് ഇഷ്ടമുള്ളതു ചെയ്യാനുള്ള ഓപ്ഷൻ നിങ്ങൾക്കു ലഭിക്കുന്നു.

എങ്ങനെ നേടാം ധനകാര്യ സ്വാതന്ത്ര്യം

ധനകാര്യ സ്വാതന്ത്ര്യം നേടുകയെന്നത് ദീർഘകാല റോഡ്മാപ്പോടുകൂടിയ ശരിയായ സമീപനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ശരിയായി നിക്ഷേപം നടത്തുകയെന്നത്.

വരുമാനം കൂട്ടുക:

പ്രതിമാസം 5000 രൂപവീതം നിക്ഷേപിച്ച് ധനകാര്യ സ്വാതന്ത്ര്യത്തിലേക്ക് കടക്കുന്നതിനേക്കാൾ കുറഞ്ഞ സമയം മതി പതിനായിരം രൂപ വീതം നിക്ഷേപം നടത്തിയാൽ.

അപ്പോൾ വരുമാനം കൂട്ടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നത് പ്രധാനമാണ്. ശന്പളം കൂടുന്പോഴോ ബിസിനസിൽ നിന്നു കൂടുതൽ വരുമാനം ലഭിക്കുന്പോഴോ മറ്റേതെങ്കിലും വഴിയോ വരുമാനത്തിൽ വർധനയുണ്ടാകുന്പോൾ ധനകാര്യ സ്വാതന്ത്ര്യം ലക്ഷ്യമാക്കിയിട്ടുള്ള നിക്ഷേപത്തിലും വർധന വരുത്തണം.

ചിലപ്പോൾ ഇത് ഒറ്റയടിക്കു സാധിച്ചെന്നു വരികയില്ല. എങ്കിലും വരുമാനം വർധിക്കുന്നതിനനുസരിച്ച് നിക്ഷേപവും വർധിപ്പിക്കണമെന്ന ലക്ഷ്യം മനസിൽ എപ്പോഴും നിലനിറുത്തുക. വിനോദ പ്രവർത്തനങ്ങൾ വഴി ഉപതൊഴിൽ സ്വീകരിച്ചോ വരുമാനം വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. അതു ചെയ്യുക.
ചുരുക്കത്തിൽ വരുമാനം വർധിപ്പിക്കുവാൻ സഹായിക്കുന്ന കാര്യങ്ങൾ (നിയമപരമായവ) ചെയ്യുക. ധനകാര്യ സ്വാതന്ത്ര്യത്തിലേക്കുള്ള വഴികളിലൊന്നാണിത്.

പണലഭ്യത ഉയർത്തുക:

ഇന്ത്യക്കാരുടെ സ്വഭാവം ചെലവാക്കുന്നതിനേക്കാൾ സന്പാദിക്കുകയെന്നതാണ്. അതിനുള്ള പ്രതിമാസ വരുമാന നിക്ഷേപങ്ങൾ തെരഞ്ഞെടുക്കാം. ചിട്ടി, പ്രതിമാസ നിക്ഷേപ പദ്ധതികൾ, ഡിവിഡൻഡ് മ്യൂച്വൽ ഫണ്ടുകൾ , വാടക വരുമാനം തുടങ്ങി പല രീതിയിൽ വരുമാനം വർധിപ്പിക്കാം.

പണലഭ്യത വർധിക്കുന്പോൾ ആവശ്യത്തിനു ചെലവു ചെയ്യുകയും അധികം വരുന്ന പണം ദീർഘകാലാവശ്യത്തിനായുള്ള നിക്ഷേപത്തിലേക്കു മാറ്റുകയും ചെയ്യാം. ഇത് ധനകാര്യ സ്വാതന്ത്ര്യത്തിലേക്ക് നമ്മെ എത്തിക്കും.

പണത്തെ വളരുവാൻ അനുവദിക്കുക:

ബഹുഭൂരിപക്ഷം പേരും വരുമാനത്തിനായി ജോലി ചെയ്യുന്നത് ഏതാനും മണിക്കൂറുകളാണ്. അതുവഴി ലഭിക്കുന്ന വരുമാനത്തിനു പരിധിയുണ്ട്.

പരിമിത സമയത്തേക്കു ജോലി ചെയ്യുന്ന വ്യക്തികൾക്ക് തന്‍റെ പണത്തെ 24 മണിക്കൂറും പ്രവർത്തിക്കുവാൻ അനുവദിക്കുവാൻ സാധിക്കും. ഫലം തന്‍റെ പണത്തോട് ഓരോ സമയവും അധിക പണം ചേർക്കപ്പെട്ടുകൊണ്ടിരിക്കും. മറ്റു വാക്കിൽ പറഞ്ഞാൽ പവർ ഓഫ് കോന്പൗണ്ടിംഗിന്‍റെ ഗുണം ലഭിക്കുന്നു.

പഠനം കഴിഞ്ഞു കോളജിൽനിന്നു പുറത്തിറങ്ങുന്ന ഒരാളുടെ മൂലധനമെന്നത് അയാൾ തന്നെയാണ്. സമയം നീങ്ങുന്നതോടെ അയാളുടെ മൂലധനം നിക്ഷേപം വഴി ഉയരുന്നു. ഒരു കാലയളവു കഴിഞ്ഞാൽ അയാളേക്കാൾ വരുമാനം അയാളുടെ നിക്ഷേപം ഉണ്ടാക്കിത്തുടങ്ങും. ഇത് അയാളെ സാന്പത്തിക സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്നു.

ഒരു ഉദാഹരണം നോക്കാം

ഇരുപതിനായിരം രൂപ ശന്പളമുള്ള ഒരു ജോലിക്കാരൻ. അയാൾ അതിൽ 5000 രൂപ വീതം സന്പാദിക്കുകയും 12 ശതമാനം റിട്ടേണ്‍ ലഭിക്കുന്ന ആസ്തിയിൽ നിക്ഷേപം തുടങ്ങിയെന്നു കരുതുക. ഇതേ രീതിയിൽ 10 വർഷം കഴിയുന്പോൾ അയാളുടെ നിക്ഷേപം 11.6 ലക്ഷം രൂപയായി ഉയരും.

പത്തുവർഷം പൂർത്തിയായപ്പോഴും അയാളുടെ ശന്പളത്തിൽ കാര്യമായ മാറ്റമുണ്ടായില്ലെന്നു സങ്കൽപ്പിക്കുക. പത്തുവർഷം കഴിയുന്പോഴേയ്ക്കും അയാളുടെ ശന്പളത്തിനൊപ്പം വരുമാനം നിക്ഷേപത്തിൽനിന്നു ലഭിക്കുന്ന സ്ഥിതിയാകും. അതായത് അയാളുടെ ശ്രമമില്ലാതെ തന്നെ അയാളുടെ വരുമാനം ഇരട്ടിയായിരിക്കുന്നു!

സ്വന്തം പണത്തിന്‍റെ നിയന്ത്രണം സ്വന്തം കൈയിൽ:

ഓരോ നിക്ഷേപകന്‍റെയും പണത്തിന്‍റെ നിയന്ത്രണം സ്വന്തം കൈവശമായിരിക്കണം. ഓരോ നിക്ഷേപവും സ്വന്തം വിലയിരുത്തലിന്‍റെയും മനസിലാക്കലിന്‍റെയും അടിസ്ഥാനത്തിൽ നിക്ഷേപിക്കുക.

ഓഹരിയൊന്നും ഗവേഷണത്തിലൂടെ കണ്ടെത്തി നിക്ഷേപം നടത്താൻ കെൽപ്പില്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകളെ നിക്ഷേപത്തിനായി ആശ്രയിക്കാം. അവ നിക്ഷേപകർക്കുവേണ്ടി ഗവേഷണം നട്തുകയും നിക്ഷേപം നടത്തുകയും ചെയ്യും. മൂന്നാമതൊരു ഓപ്ഷൻ ഇക്കാര്യത്തിൽ ഇല്ല.


കടം ആദ്യം വീട്ടാം:

ഏതെങ്കിലും തരത്തിലുള്ള കടമുണ്ടെങ്കിൽ ആദ്യം നിക്ഷേപം നടത്തേണ്ടത് അതിലായിരിക്കണം. കടത്തോടുകൂടി ധനകാര്യ സ്വാതന്ത്ര്യത്തിൽ എത്തിച്ചേരുക വളരെ പ്രയാസമാണ്.

ഇഎംഐക്കു പത്തു ശതമാനം പലിശ നൽകുകയും നിക്ഷേപത്തിൽനിന്നു 12 ശതമാനം ലഭിക്കുകയും ചെയ്യുന്പോൾ നേട്ടം രണ്ടു ശതമാനം. പക്ഷേ ഈ വ്യത്യാസം ദീർഘകാലത്തിൽ നമ്മുടെ സന്പത്തിൽ ഗണ്യമായ മാറ്റമൊന്നുമുണ്ടാക്കുന്നില്ല.
കടമുണ്ടായിരിക്കുന്പോൾ നിക്ഷേപം നടത്തുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം തുച്ഛമാകുന്നതുതന്നെ കാരണം. വായ്പ തീർക്കുന്നതിലാണ് ആദ്യം ശ്രദ്ധയും സമയവും ചെലവഴിക്കേണ്ടത്.

നികുതി ലാഭിക്കാം:

നികുതി ഒരു ചെലവാണ്. നിക്ഷേപത്തിലൂടെ ആ ചെലവു കുറയ്ക്കുവാൻ ഗവണ്‍മെന്‍റു നികുതിദായകർക്ക് പല അവസരങ്ങളും നൽകുന്നുണ്ട്. സന്പാദ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുവാനായിട്ടാണ് ഗവണ്‍മെന്‍റ് വ്യക്തികൾക്ക് ആദായനികുതിയിൽ ഇളവുകൾ നൽകുന്നത്.

നികുതിയെന്ന ചെലവു കുറയ്ക്കുന്നത് തീർച്ചയായും ധനകാര്യ സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുവയ്പുതന്നെയാണ്.

നികുതി ലാഭിക്കുവാൻ നിക്ഷേപം നടത്തുന്നതുവഴി നികുതി നൽകുന്നതിന്‍റെ അളവു കുറയുന്നു; ക്രമമായി നിക്ഷേപം നടത്താൻ ആരംഭിക്കുന്നു; നിക്ഷേപത്തിൽനിന്നു വരുമാനവും ലഭിക്കുന്നു.

ഉയർന്ന റിട്ടേണ്‍ നൽകുന്ന ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം മുതൽ സുരക്ഷിതത്വമുള്ള പഞ്ചവർഷ ബാങ്ക് ഡിപ്പോസിറ്റ് വരെയുള്ള വൈവിധ്യമാർന്ന നികുതിലാഭ നിക്ഷേപ ഉപകരണങ്ങൾ ലഭ്യമാണ്.

ബഹുമുഖ വരുമാന സ്രോതസുകൾ:

വൈവിധ്യമാർന്ന നിക്ഷേപങ്ങൾ പോലെതന്നെ വൈവിധ്യമാർന്ന വരുമാന സ്രോതസുകളും ഉണ്ടാവണം. നിക്ഷേപകൻ മാത്രമാണ് വരുമാനം നേടുന്നയാൾ എന്നു കരുതുക. ഏതെങ്കിലും സാഹചര്യത്തിൽ കുറേനാൾ ജോലി ചെയ്യാൻ സാധിക്കാത്ത സ്ഥിതി ആലോചിച്ചു നോക്കിക്കേ. ഈ സാഹചര്യത്തിൽ വരുമാനം ഇല്ലാതാകുന്നു.
അപ്പോൾ മറ്റു സ്രോതസുകളിൽനിന്നു വരുമാനമെന്നത് നല്ല കാര്യമാണ്. ഇതു മെച്ചപ്പെട്ട സാന്പത്തിക സുരക്ഷിതത്വവും സ്വാതന്ത്ര്യവും നൽകുന്നു.

ധനകാര്യ സ്വാതന്ത്ര്യം വിശ്രമമല്ല: ധനകാര്യ സ്വാതന്ത്ര്യം നേടിയെന്നാൽ വിശ്രമജീവിതത്തിലേക്കു പോകുകയെന്നല്ല. ചില ഇഷ്ടങ്ങൾ മാറ്റിവച്ചിട്ടാകാം വരുമാനമുണ്ടാക്കാൻ ജോലിയിൽ പ്രവേശിച്ചത്. അങ്ങനെയുള്ളവർക്കു ജോലി നിർത്തി തങ്ങളുടെ പാഷനി’’ലേക്കു മടങ്ങാനുള്ള അവസരമാണ്. അല്ലെങ്കിൽ എന്താണു സന്തോഷം തരുന്നത് അതിനായി പ്രവർത്തിക്കാം.

ഇപ്പോൾ മുപ്പതിലോ നാല്പതിലോ അന്പതിലോ ഒക്കെ ഇത്തരത്തിൽ സാന്പത്തിക സ്വാതന്ത്ര്യം നേടിയശേഷം തങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിലേക്ക് പോകുന്നവർ ധാരാളമുണ്ട്. തങ്ങളുടേതായ കണ്ടീഷനിൽ ജീവിച്ചു പോകുവാൻ ഇഷ്ടപ്പെടുന്നവരാണിവർ. ഇത് ഏവർക്കും നേടുവാൻ സാധിക്കും. വരുമാനമുണ്ടാകുന്പോൾ മുതൽ അതേക്കുറിച്ച് ആലോചിച്ചു തുടങ്ങണമെന്നു മാത്രം.

പണമിരട്ടിക്കാൻ വഴികൾ

ഓഹരി നിക്ഷേപം: റിസ്ക് ഏറെയുള്ള നിക്ഷേപമേഖലയാണിത്. ഇരുതലവാൾ പോലെയാണ്. ചിലപ്പോൾ നിക്ഷേപം പെട്ടെന്ന് ഇരട്ടിയാകും. ചിലപ്പോൾ അത് ആവിയായി മാറുന്നതു കാണാനും അധികസമയം വേണ്ടി വരില്ല.2014-ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പല ഓഹരികളും ഇരട്ടിയും രണ്ടിരട്ടിയുമൊക്കെ റിട്ടേണ്‍ നൽകിയിട്ടുണ്ട്.

സ്വർണവും സ്വർണ ഇടിഎഫും: ലോകം പ്രശ്നത്തിൽ നിൽക്കുന്പോഴൊക്കെ സ്വർണം മികച്ച നിക്ഷേപം തരും. 2007-12 കാലയളവിൽ ആഗോള സന്പദ്ഘടന തകർച്ചയിലൂടെ കടന്നുപോയപ്പോൾ സ്വർണം നൽകിയ വാർഷിക റിട്ടേൺ 22-24 ശതമാനമാണ്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി സ്വർണത്തിന്‍റെ തിളക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.
റിയൽ എസ്റ്റേറ്റ്: അഞ്ചാറു വർഷം കൂടുന്പോൾ പണം ഇരട്ടിക്കുവാൻ സഹായിക്കുന്ന ആസ്തിയാണ് റിയൽ എസ്റ്റേറ്റ്. എന്നാൽ കഴിഞ്ഞ രണ്ട്, മൂന്നു വർഷമായി റിയൽ എസ്റ്റേറ്റ് വിലകൾ കുറയുകയായിരുന്നു.

ചെറുകിട ബിസിനസ്: ചെറുകിട ബിസിനസിൽ പങ്കാളിയാകുക പണം ഇരട്ടിയാക്കുവാനുള്ള വഴിയാണ്. പക്ഷേ റിസ്ക് വലുതാണ്. ഇതും ഇരുതലവാളാണ്. ബിസിനസ് വിജയിക്കാം, പരാജയപ്പെടാം. ചിലപ്പോൾ ചെറിയ കാലയളവിൽ നിക്ഷേപം ഇരട്ടിക്കും.
പണം കടംകൊടുക്കൽ: മൂന്നാമതൊരാൾക്കു പലിശയ്ക്കു പണം കടംകൊടുക്കുന്ന ബിസിനസാണിത്. ബാങ്ക് പലിശയേക്കാൾ വളരെ ഉയർന്ന നിരക്കിലാണ് ഇത്തരം ഇടപാടുകൾ നടക്കുന്നത്. 4-5 വർഷംകൊണ്ടു പണം ഇരട്ടിക്കാനുള്ള സാധ്യതയുണ്ട്. പക്ഷേ, അതിന്‍റേതായ പ്രശ്നങ്ങൾ ഈ ബിസിനസിനുണ്ട്. കിട്ടാക്കടം, തുക പിരിച്ചെടുക്കൽ ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ ഇതിനുണ്ട്.

മ്യൂച്വൽ ഫണ്ടുകൾ: സുരക്ഷിത രീതിയിൽ പണം ഇരട്ടിപ്പിക്കാനുള്ള വഴികളിലൊന്നാണ് മ്യൂച്വൽ ഫണ്ടുകൾ നല്ല ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ 12-13 ശതമാനം റിട്ടേണ്‍ നല്കിവരുന്നു. ഒരു വർഷത്തിനു മേലുള്ള നിക്ഷേപത്തിൽനിന്നുള്ള വരുമാനത്തിന് നികുതിയും നൽകേണ്ടതില്ല. 5-6 വർഷംകൊണ്ട് നിക്ഷേപം ഇരട്ടിയാകും.

കന്പനി ഡിപ്പോസിറ്റുകൾ: കന്പനി സ്ഥിര നിക്ഷേപങ്ങൾ ഉയർന്ന പലിശ നൽകുന്നു. ഇപ്പോൾ 9-10 ശതമാനം പലിശ നിരക്കാണുള്ളത്. നിക്ഷേപം 7-8 വർഷക്കാലയളവിൽ ഇരട്ടിക്കും. ബാങ്ക് ഡിപ്പോസിറ്റിനെ അപേക്ഷിച്ച് റിസ്ക് ഏറെയുണ്ട്. ധനകാര്യ നില മെച്ചപ്പെട്ട, മികച്ച റേറ്റിംഗ് ഉള്ള കന്പനികളുടെ ഡിപ്പോസിറ്റുകൾ മാത്രം നിക്ഷേപത്തിനായി തെരഞ്ഞെടുക്കുക.

ബാങ്ക് ഡിപ്പോസിറ്റുകൾ: ബാങ്ക് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഇപ്പോൾ 6-7 ശതമാനമാണ് സ്ഥിര നിക്ഷേപത്തിന്‍റെ നിരക്ക്. 10-11 വർഷം കൊണ്ടാണ് നിക്ഷേപം ഇരട്ടിക്കുക.

ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ: ഡെറ്റ് അടിസ്ഥാനമാക്കിയുള്ള മ്യൂച്വൽ ഫണ്ടുകൾ ബാങ്ക്, കന്പനി ഡിപ്പോസിറ്റുകളേക്കാൾ മെച്ചപ്പെട്ട റിട്ടേണ്‍ നൽകുന്നു. കഴിഞ്ഞ ഏതാനും വർഷമായി 9-11 ശതമാനം റിട്ടേണ്‍ നൽകുന്നുണ്ട്. 6-7 വർഷക്കാലത്ത് നിക്ഷേപം ഇരട്ടിക്കാനുള്ള സാധ്യതയുണ്ട്.

ബോണ്ടുകൾ: എട്ടു ശതമാനം പലശയുള്ള ബോണ്ടുകളിൽ ഒന്പതു വർഷംകൊണ്ട് നിക്ഷേപം ഇരട്ടിക്കും.

ലഘുനിക്ഷേ പദ്ധതികൾ: ഇവയിൽ സീനിയർ സിറ്റിസണ്‍സ് നിക്ഷേപം, സുകന്യ സമൃദ്ധി തുടങ്ങിയവ 9 വർഷംകൊണ്ട് ഇരട്ടിക്കും.

ജോയി ഫിലിപ്പ്