സ്നേഹത്തിന്‍റെ പടവുകൾ
യേശുവിനെപ്പോലെ സ്നേഹത്തിന്‍റെ ആഴവും വ്യാപ്തിയും ഇത്ര പൂർണമായി വിശദീകരിക്കുകയും സ്വജീവിതത്തിൽ പകർത്തുകയും ചെയ്ത മറ്റേതെങ്കിലും ഗുരുവരനുണ്ടോ എന്ന് സംശയമാണ്. യേശുവിനെ സംബന്ധിച്ചിടത്തോളം സ്നേഹം വെറും ഹ്യൂമനിസമല്ല. മനുഷ്യനിൽ നിന്ന് ആരംഭിച്ച് മനുഷ്യനിൽ അവസാനിക്കുന്ന സ്നേഹമാണ് ഹ്യൂമനിസം. യേശുവിന്‍റെ കാഴ്ചപ്പാടിൽ സ്നേഹം ദൈവത്തിൽനിന്ന് ഉത്ഭവിക്കുന്നു. ദൈവം സ്നേഹമാണ്, കാരുണ്യമാണ്. മനുഷ്യമക്കളെ നിത്യമായും വ്യവസ്ഥയില്ലാതെയും സ്നേഹിക്കുന്ന ദൈവത്തിൽനിന്ന് ദൈവപിതാവിൽനിന്ന് നിർഗമിക്കുന്ന സ്നേഹപ്രവാഹത്തിൽ ആമഗ്നരായി സ്നേഹത്തിന്‍റെ നവലോകം സൃഷ്ടിക്കാനാണ് യേശു ആഹ്വാനം ചെയ്യുന്നത്. ദൈവം ആദ്യമേ മനുഷ്യനെ സ്നേഹിച്ചു. ആ സ്നേഹത്തിന്‍റെ അടയാളവും പാരമ്യവുമാണ് പുത്രനായ യേശുവിന്‍റെ മനുഷ്യാവതാരവും കുരിശുമരണവും. തന്‍റെ പുത്രനെ കുരിശിൽ ബലിയർപ്പിച്ച്, മനുഷ്യരാശിയെ പാപത്തിന്‍റെ അടിമത്തത്തിൽനിന്നു രക്ഷിച്ചതിലൂടെ ദൈവപിതാവ് സ്നേഹത്തിന്‍റെ സന്പൂർണത വെളിപ്പെടുത്തി (യോഹ. 3:16, 1 യോഹ. 4: 9-10). ഈ സ്നേഹം അറിയുകയും അനുഭവിക്കുകയും ചെയ്താലേ നമുക്ക് മറ്റുള്ളവരെ സ്നേഹിക്കാനാവൂ. സ്നേഹത്തിന്‍റെ സ്രോതസായ ദൈവവുമായുള്ള സജീവബന്ധമാണ് നമ്മെ സ്നേഹമയരാക്കി മാറ്റുന്നത്.
തന്‍റെ മഹോന്നതമായ സ്നേഹദർശനത്തിലൂടെ യേശു ’ഭൂമിയുടെ അതിരുകൾ സ്വന്തമാക്കി’ എന്ന് കെ.പി.അപ്പൻ രേഖപ്പെടുത്തുന്നു (ബൈബിൾ വെളിച്ചത്തിന്‍റെ കവചം). യേശുവിന്‍റെ പരസ്നേഹ ദർശനത്തിന്‍റെ നാല് പടവുകൾ ശ്രദ്ധേയമാണ്. 1. നിന്നെപ്പോലെ നിന്‍റെ അയൽക്കാരനെയും സ്നേഹിക്കുക (മത്താ. 22:34-40). നിയമത്തിലെ അതിപ്രധാനമായ കൽപന ഏതെന്ന ചോദ്യത്തിന് യഹൂദരുടെ ഷേമാ പ്രാർഥന (നിയമ. 6:5) ഉദ്ധരിച്ചുകൊണ്ട്, ദൈവമായ കർത്താവിനെ പൂർണ ഹൃദയത്തോടെ സ്നേഹിക്കുന്നതാണ് പ്രഥമ കൽപനയെന്ന് യേശു വ്യക്തമാക്കി. രണ്ടാമത്തെ കൽപനയാകട്ടെ ’നിന്നെപ്പോലെ നിന്‍റെ അയൽക്കാരനെ സ്നേഹിക്കുക.’ ലേവ്യർ (19:28) ഈ രണ്ടാമത്തെ കൽപന ആദ്യത്തെ കൽപനയ്ക്കു തുല്യമാണെന്ന് യേശു പ്രഖ്യാപിച്ചു. അങ്ങനെ അയൽക്കാരനെ ദൈവത്തിന്‍റെ സ്ഥാനത്ത് നിർത്തി. ഇനിമേൽ അയൽക്കാരനെ സ്നേഹിക്കാതെ ആർക്കും ദൈവത്തെ സ്നേഹിക്കാനാവില്ല.
2. ന്ധഈ എളിയവരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെ ചെയ്തുതന്നു.ന്ധ (മത്താ. 25:40). അന്ത്യവിധിയെപ്പറ്റിയുള്ള ഉപമയിലാണ് ഈ പ്രബോധനം കാണുന്നത്. ആദ്യത്തെ പടവിൽ യേശു അയൽക്കാരനെ ഓരോരുത്തന്‍റെയും പ്രതിരൂപമാക്കുകയായിരുന്നെങ്കിൽ, രണ്ടാമത്തെ പടവിൽ അവിടുന്ന് അയൽക്കാരനെ തനിക്ക് തുല്യനാക്കി മാറ്റുകയാണ്. പ്രത്യേകിച്ച് വിശക്കുന്നവരും ദാഹിക്കുന്നവരും പരദേശവാസികളും നഗ്നരും രോഗികളും കാരാഗൃഹവാസികളുമായ തള്ളപ്പെട്ടവരോടും വേദനിക്കുന്നവരോടും യേശു തന്നെത്തന്നെ ഐക്യപ്പെടുത്തുന്നു. അവരെ ശുശ്രൂഷിക്കുന്പോൾ, യേശുവിനെ അഥവാ ദൈവത്തെതന്നെ നാം ശുശ്രൂഷിക്കുന്നു. പീഡിതരിൽ ക്രിസ്തുവിനെ ദർശിച്ചുകൊണ്ട് അവരോട് കരുണ കാണിക്കുന്പോൾ സ്നേഹത്തിന്‍റെ രണ്ടാമത്തെ പടവിൽ നാം എത്തിച്ചേരും.

3. സ്നേഹത്തിന്‍റെ മൂന്നാമത്തെ പടവ് മറ്റുള്ളവരെ ക്രിസ്തുസദൃശമായ സ്നേഹത്തോടെ സ്നേഹിക്കുന്നതാണ്. ന്ധഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കണന്ധമെന്ന (യോഹ. 13:34-35) പുതിയ കൽപന യേശു അന്ത്യഭോജനവേളയിൽ മരണശാനമെന്നോണം ശിഷ്യർക്ക് നൽകി. തന്നെത്തന്നെ മാനവകുലത്തിന്‍റെ രക്ഷയ്ക്കുവേണ്ടി ക്രൂശിൽ ബലിയർപ്പിക്കുന്നിടത്തോളമെത്തുന്നതാണ് ക്രിസ്തുവിന്‍റെ സ്നേഹം. ആത്മദാനത്തിന്‍റെയും പരോജ·ുഖമായ വ്യയംചെയ്യലിന്‍റെയും ജീവിത നയിക്കുന്നതിലൂടെയാണ് നാം ക്രിസ്തുസദൃശമായ സ്നേഹം പ്രായോഗികമാക്കുന്നത്. കസാൻദ്സാക്കീസിന്‍റെ ’ദൈവത്തിന്‍റെ ദരിദ്രർ’ എന്ന നോവലിൽ, ഫ്രാൻസിസ് അസീസി തന്‍റെ സുഹൃത്തായ ലെയോ സഹോദരനോട് പറയുന്നു, ന്ധസ്നേഹത്തിൽ ഞാനുമില്ല, നീയുമില്ല, സ്നേഹത്തിൽ ഒരാൾ മറ്റേയാൾക്കായി ഇല്ലാതാകുന്നു.ന്ധ
4. സ്നേഹത്തിന്‍റെ നാലാമത്തെ പടവ് പിതാവായ ദൈവത്തെപോലെ മറ്റുള്ളവരെ സ്നേഹിക്കുന്നതാണ്. ന്ധസ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ.ന്ധ (ലൂക്ക 6:36). എല്ലാവരെയും വിവേചനം കൂടാതെ സ്നേഹിക്കുന്ന, എല്ലാവരോടും നിസീമമായി കരുണ കാണിക്കുന്ന ദൈവപിതാവിന്‍റെ പേരുതന്നെ സ്നേഹമെന്നാണ്. അവിടുത്തെപ്പോലെ ക്ഷമിക്കാനും കരുണ കാണിക്കാനും ന· ചെയ്യാനും തയാറാകുന്പോൾ നാം സ്നേഹത്തിന്‍റെ ഉച്ചാവസ്ഥയിലെത്തിച്ചേരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.