ശബ്ദതാരാവലി
ഡോ. മുഞ്ഞിനാട് പത്മകുമാര്
Friday, October 3, 2025 2:09 AM IST
അപഥസഞ്ചാരം, അഗമ്യഗമനം, അനാഗതശ്മശ്രു, ആലക്തികാഘാതം, അനാഘ്രാതകുസുമം എന്നൊക്കെ കേള്ക്കുമ്പോള് മലയാളിക്കിന്നു ഭയമാണ്. ഈ പദഭയം മലയാളിക്കെങ്ങനെ വന്നു എന്നറിയില്ല. പണ്ടൊക്കെ കോളജ് പഠനകാലത്ത് ഒരു പെണ്കുട്ടിയെ നോക്കി ‘അനാഘ്രാതകുസുമമേ’ എന്നൊക്കെ ധൈര്യത്തോടെ വിളിക്കാമായിരുന്നു. വിളിക്കുന്നവനും അതു കേള്ക്കുന്നവള്ക്കും അതിന്റെ അര്ഥമറിയാമായിരുന്നു. അതു കേള്ക്കുമ്പോള് ഒരിഷ്ടമൊക്കെ അവള്ക്കുണ്ടാകുമായിരുന്നു.
ഞാനോര്ക്കുന്നു. ബിരുദപഠനകാലത്ത് ‘അഭിജ്ഞാനശാകുന്തളം’ പഠിക്കാനുണ്ടായിരുന്നു. അതില് ശകുന്തളയെ വര്ണിക്കുന്ന ഭാഗത്ത് ‘അനാഘ്രാതപുഷ്പം കിസലയമലൂനം കരരുഹൈ’ എന്നൊരു ഭാഗമുണ്ട്. ‘അനാഘ്രാതകുസുമം’ എന്ന പദം ഞങ്ങള് ആദ്യമായി കേള്ക്കുകയാണ്. ഈ പദത്തിലെ ‘ഘ്ര’ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. വ്യാഘ്രം, ഘ്രൃതം എന്നൊക്കെ കേട്ടിരുന്നെങ്കിലും ഈ പദാസ്വാസ്ഥ്യം ഞങ്ങളുടെ പലരുടെയും മുഖത്തുണ്ടായിരുന്നു. ഇവിടെ ഒരു പൂവിന്റെ പേലവനിര്മലമായ സുഗന്ധാസ്വാദനമുഹൂര്ത്തത്തില് കാളിദാസന് ‘ഘ്ര’ എന്നുപയോഗിച്ചതിന്റെ കാരണം അധ്യാപകര് പറഞ്ഞുതന്നില്ല.
ഞങ്ങളാരുമതു ചോദിച്ചതുമില്ല. ‘ആരും ചുംബിച്ചിട്ടില്ലാത്ത പൂവ്’ എന്ന അര്ഥം പറഞ്ഞ് അധ്യാപകന് അനാഘ്രാതകുസുമത്തെ ചാടിക്കടന്ന് അടുത്ത ഭാഗത്തേക്കു പോയി. പിന്നീട് ഏറെനാൾ കഴിഞ്ഞാണു ശാകുന്തളത്തിലെ ‘ഘ്ര’യുടെ അര്ഥവ്യാപ്തി മനസിലായത്. ഗന്ധാസ്വാദനത്തിന് ‘ഘ്ര’ പോലെ മറ്റൊരു ധാതുവില്ല സംസ്കൃതത്തില്. ‘ഘ്ര’ മാത്രമേയുള്ളൂ. ‘ഘ്ര ഗന്ധോപദാഹേ’ എന്നാണു ധാതുപാഠം.
ഇന്ന് ഭാഷയിലെയോ സാഹിത്യത്തിലെയോ ഒരു സന്ദേഹം വന്നാല് ചോദിക്കാന് ആളില്ലാതായി. മഹാഗുരുനാഥന്മാരുടെ കാലം കഴിഞ്ഞു. വ്യാകരണസംബന്ധിയായ സംശയങ്ങളെല്ലാം എനിക്ക് അടിമുടി തീര്ത്തുതന്നത് പ്രഫ. ആദിനാട് ഗോപിസാറായിരുന്നു. അദ്ദേഹം തികഞ്ഞ ഒരു വ്യാകരണപണ്ഡിതനായിരുന്നു. ഒരു സംശയം ചോദിച്ചാല് ഒരുത്തരം മാത്രമായി പറയാന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. നമ്മുടെ ഉള്ളില് പയര്വിത്തുപോലെ മുളച്ചുനില്ക്കുന്ന അനവധി സംശയങ്ങള്ക്ക് അദ്ദേഹം ഒന്നിനുപിറകെ ഒന്നായി ഉത്തരങ്ങള് തരും. അറിവിന്റെ ഒരു മഹാശാഖിയായിരുന്നു അദ്ദേഹം.
പാശ്ചാത്യസാഹിത്യ സന്ദേഹങ്ങള്ക്കു തീര്പ്പു കൽപ്പിച്ചിരുന്നത് കെ.പി. അപ്പന്സാറായിരുന്നു. ഒറ്റ ചോദ്യത്തിന് ഒറ്റയുത്തരം അതായിരുന്നു അദ്ദേഹത്തിന്റെ രീതി. ‘shoot the question, shoot the answer’ എന്നദ്ദേഹം ക്ലാസില് പറയും. ചോദ്യം ഒരു നിറയൊഴിക്കല് പോലെയാകണം. ഉത്തരവും അതുപോലെയാകണം. ഒന്നുരണ്ടോര്മകള് എഴുതാം.
ഒരിക്കല് ഗദ്യപദ്യങ്ങളെക്കുറിച്ചുള്ള ഒരു സംശയത്തിന് അദ്ദേഹം ഒറ്റവാക്കില് മറുപടി തന്നു. ‘പൗരസ്ത്യം കവിതയാണ്, പാശ്ചാത്യം ഗദ്യവും.’ പ്രണയത്തെക്കുറിച്ചുള്ള ഒരു നിര്വചനം ചോദിച്ചപ്പോള്, “ബുദ്ധിയുള്ള മനുഷ്യനു പ്രണയിക്കാന് സാധ്യമല്ല എന്നു ബര്ണാഡ് ഷാ പറഞ്ഞുനടന്ന കാലത്താണ് അദ്ദേഹം ആനി ബസന്റിനെ പ്രണയിച്ചുകൊണ്ടിരുന്നത്. അതോടെ വിഡ്ഢികള്ക്കുകൂടി അവകാശപ്പെട്ടതായി പ്രണയം എന്നായിത്തീര്ന്നു.” ഇങ്ങനെ എന്നും വിളികള്ക്കുള്ളില് ഒരു വിളിപോലെ അദ്ദേഹം ഉത്തരം നൽകിക്കൊണ്ടിരുന്നു. ആ ഉത്തരങ്ങള് നീലാകാശത്ത് ഋതുക്കള് നൃത്തം ചെയ്യുന്നതുപോലെയായിരുന്നു. അദ്ദേഹം കടന്നുപോയപ്പോള് പെട്ടെന്ന് നട്ടുച്ച അസ്തമയത്തിലേക്കു ചാഞ്ഞതുപോലെ എനിക്കു തോന്നി.
ചോദ്യങ്ങള് നിലനില്ക്കുകയും ഉത്തരങ്ങള് ഇല്ലാതാകുകയും ചെയ്യുന്ന കാലമാണിത്. എത്രയോ ചിരപുരാതന സുന്ദരപദങ്ങള് ഭാഷയില്നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. വാക്കുകളുടെ മഹാബലിമാര് ഉണ്ടായിരുന്ന ഭാഷയായിരുന്നു മലയാളം. നവവാമനന്മാര് അതെല്ലാമിന്നു ചവിട്ടിത്താഴ്ത്തിക്കഴിഞ്ഞിരിക്കുന്നു. പണ്ടു കവി അയ്യപ്പന് പറഞ്ഞ രസംപിടിച്ച ഒരനുഭവം ഓര്മവരുന്നു. അയ്യപ്പന് കൗമുദി ആഴ്ചപ്പതിപ്പില് ജോലിചെയ്യുന്ന കാലം. എഡിറ്റോറിയലിന്റെ പ്രൂഫ് വായനയ്ക്കിടയില് ഒരു വാക്ക് ശ്രദ്ധയില്പ്പെട്ടു. ‘നിസ്സുഭദുന്ദവിഭ്രമം.’ അയ്യപ്പന് അര്ഥം പിടികിട്ടിയില്ല. ശബ്ദതാരാവലി മുഴുവന് പരതി. ഇങ്ങനെയൊരു വാക്കില്ല. കിടന്നിട്ട് ഉറക്കം വന്നില്ല.
അടുത്തദിവസം അതിരാവിലെ അന്നത്തെ ലക്സിക്കന് മേധാവിയായിരുന്ന ശൂരനാട് കുഞ്ഞന്പിള്ള സാറിന്റെ അടുത്തെത്തി. അദ്ദേഹം ഈ വാക്കുകേട്ടു സ്തംഭിച്ചുനിന്നുപോയി. “താങ്കള് എവിടെയാണ് ഈ വാക്ക് വായിച്ചത്?” കുഞ്ഞന്പിള്ള സാര് ചോദിച്ചു. “കൗമുദി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയലില്.” അയ്യപ്പന് മറുപടി പറഞ്ഞു. കുഞ്ഞന്പിള്ള സാര് അയ്യപ്പനെ നോക്കി ചിരിച്ചു. എന്നിട്ടു പറഞ്ഞു, “അതു വാക്കിന്റെ കുഴപ്പമല്ല; അതു സൃഷ്ടിച്ച ആളിന്റെ കുഴപ്പമാണ്.” ആ വാക്ക് സൃഷ്ടിച്ചയാള് കെ. ബാലകൃഷ്ണനായിരുന്നു.
തെറ്റുകള് ആവര്ത്തിക്കുമ്പോള് ശരികള്ക്ക് ശ്വാസംകിട്ടാതെ വരുന്നു എന്നു പറയാറുണ്ട്. ഉപയോഗിച്ചു തേഞ്ഞു എന്നു കരുതി ഉപേക്ഷിക്കുന്ന വാക്കുകളില് പലതും ജീവനുള്ളവയായിരുന്നു. വാക്കുകളുടെ കാര്യത്തില് നാമൊക്കെ നിയോലിബറലിസത്തിന്റെ വഴിയേയാണു സഞ്ചരിക്കുന്നത്. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന സ്വഭാവം നമ്മുടെ ഭാഷയ്ക്കു നൽകുന്ന ആഘാതം ചെറുതല്ല. പൊന്നു വയ്ക്കേണ്ടിടത്തു പൊന്നും, പൂവു വയ്ക്കേണ്ടിടത്ത് പൂവും വയ്ക്കാന് നമുക്കു കഴിയണം. പുതിയ തലമുറ ശബ്ദതാരാവലി കണ്ടിട്ടുണ്ടോ എന്നുപോലുമറിയില്ല. അവരതു തുറന്നുനോക്കിയാല് ‘തന്തവൈബും തള്ളവൈബും ഓണമൂഡും’ ഒന്നും അതില് കാണില്ല.
‘തന്ത’ എന്ന ദ്രാവിഡപദത്തെ ഇന്ന് അമ്ലരൂക്ഷമായ തെറിവാക്കായാണ് മലയാളികള് ഉപയോഗിക്കുന്നത്. തൊട്ടപ്പുറത്തു ജീവിക്കുന്ന തമിഴന് അതു തെറിവാക്കല്ല. സാമൂഹികപരിഷ്കര്ത്താവും യുക്തിവാദിയുമായ ഇ.വി. രാമസ്വാമി നായ്ക്കരെ ‘തന്തൈ പെരിയാര്’ എന്നാണ് ഇന്നും തമിഴന് അഭിമാനത്തോടെ വിളിക്കുന്നത്. ഇതെഴുതി നിര്ത്തുമ്പോള് ഒരു ചോദ്യം ബാക്കിയാകുന്നു. ‘നമ്മള് നമ്മളെ എവിടെയാണ് മറന്നുവച്ചത്?’