ക്രിസ്മസ് അവിടെ അങ്ങനെ...
യേശുക്രിസ്തു ജനിച്ച പട്ടണമായ ബത്‌ലഹേം സ്ഥിതി ചെയ്യുന്നത് പലസ്തീനിലാണല്ലോ. ബേത്‌ലഹേം എന്ന വാക്കിന്‍റെ അർഥം തന്നെ അപ്പത്തിന്‍റെ ഭവനം എന്നാണ്. റൊട്ടിയുണ്ടാക്കുന്ന ഗോതന്പ് വൻതോതിൽ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നത് പലസ്തീനിലെ ഗോതന്പ് പാടങ്ങളാണ്. ക്രിസ്തുവിന്‍റെ ജന്മനാട് എന്ന രീതിയിൽ പലസ്തീനിലും ക്രിസ്മസ് എന്ന രീതിയിൽ ബേത്‌ലഹേമിലും ക്രിസ്മസ് പൊടിപൊടിക്കാറുണ്ട്. ഇവിടെയുള്ള ജനസംഖ്യയിൽ ഇരുപതു ശതമാനം ക്രൈസ്തവരാണ്. ക്രിസ്മസ് വാരത്തിൽ ജനങ്ങൾ നഗരപ്രദക്ഷിണം നടത്തും. പലരും സാന്താക്ലോസിന്‍റെ വേഷം ധരിക്കും. മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്ന പതിവുമുണ്ട്. എന്നാൽ ജറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി അംഗീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചതിനെത്തുടർന്നുള്ള പ്രതിഷേധം മൂലം ആഘോഷങ്ങൾ കാര്യമായി ഉണ്ടാവില്ലെന്നാണ് സൂചന.

ബേത്‌ലഹേമിലെ പ്രമുഖ ദേവാലയത്തിന്‍റെ ഭരണം നിർവഹിക്കുന്നത് മൂന്നു സഭകളിലെ ബിഷപ്പുമാരാണ്. റോമൻ കാത്തലിക്, ഗ്രീക്ക് ഓർത്തഡോക്സ്, അർമീനിയൻ അപ്പസ്തലിക് ചർച്ച് എന്നിവയാണത്. ജറുസലേമിലെ കാത്ത ലിക് ബിഷപ്പാണ് ക്രിസ്മസ് ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകുക. ജനുവരി 6,7 തീയതികളിലാണ് ജൂലിയൻ കലണ്ടർ പ്രകാരം ഗ്രീക്ക് ഓർത്തഡോക്സ് സഭയും അർമീനിയൻ സഭയും ക്രിസ്മസ് ആചരിക്കുക.
ഫിലിപ്പീൻസിൽ സെപ്റ്റംബർ മാസത്തിൽതന്നെ ക്രിസ്മസ് ആഘോഷങ്ങൾക്കു തിരി കൊളുത്തപ്പെടും. കടകളിൽ അന്നു മുതൽ ക്രിസ്മസ് കാരൾ ആരംഭിക്കും. ക്രിസ്മസിന്‍റെ പ്രധാന ആഘോഷം ഡിസംബർ 16നാണ്. പ്രധാന കുർബാനയും അന്നു തന്നെയായിരിക്കും. ജനസംഖ്യയിൽ 80 ശതമാനവും ഇവിടെ ക്രൈസ്തവരാണ്. അവരിൽ അധികവും റോമൻ കത്തോലിക്കരും. അമേരിക്കയുടെയും ഗ്രേറ്റ് ബ്രിട്ടന്‍റെയും ആചാരങ്ങളും ഫിലിപ്പിനോ പാരന്പര്യങ്ങളും സംയോജിച്ച ഒരുതരം സംസ്കാരമാണ് അവിടെ നിലനിൽക്കുന്നത്. സാന്താക്ലോസ്, ക്രിസ്മസ് ട്രീകൾ, കാരൾ, കാർഡ് അയയ്ക്കൽ എന്നിവയാണ് മുഖ്യപരിപാടികൾ. പാതിരാ കുർബാനയ്ക്കുശേഷമേ ഭക്ഷണം കഴിക്കുകയുള്ളൂ.
സന്പൂർണമായും ഒരു കത്തോലിക്ക രാജ്യമാണ് പോപ്പുമാരുടെ നാട് എന്നറിയപ്പെടുന്ന പോളണ്ട്. ക്രിസ്മസ് ആഘോഷങ്ങളിൽ പ്രധാനം ക്രിബ്ബുകളും ട്രീകളുമാണ്. ക്രിസ്മസ് സദ്യയിൽ പ്രധാനമായും പന്ത്രണ്ട് തരത്തിലുള്ള മത്സ്യവിഭവങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂൺ, പുഡ്ഡിംഗുകൾ, കേക്ക് എന്നിവയും ക്രിസ്മസ് വിഭവങ്ങളാണ്. സ്വീറ്റി മിക്കോളാജ് എന്ന പേരിലാണ് ഇവിടെ ക്രിസ്മസ് ഫാദർ അറിയപ്പെടുന്നത്. അലങ്കരിച്ച ക്രിസ്മസ് വിളക്കുകളും ട്രീകളും ക്രിസ്മസ് വാരത്തിൽ വീടുകളിലും ദേവാലയങ്ങളിലും തൂക്കിയിടും. ക്രിസ്മസ് ദിനത്തിലെ പാതിരാക്കുർബാനയോടെ ക്രിസ്മസ് ആഘോഷങ്ങൾക്കു തിരശീല വീഴും.

പൈ നടാൽ എന്ന പേരിലാണ് പോർച്ചുഗലിൽ ക്രിസ്മസ് ഫാദർ അറിയപ്പെടുക. ക്രിസ്മസ് ദിനത്തിൽ അദ്ദേഹം കുട്ടികൾക്കുള്ള സമ്മാനങ്ങൾ ക്രിസ്മസ് മരങ്ങളുടെ അടിയിലും കുട്ടികളുടെ ചെരുപ്പുകൾക്കുള്ളിലും ഒളിച്ചുവയ്ക്കുമെന്നാണ് ഐതിഹ്യം. ക്രിസ്മസ് വിഭവങ്ങളിൽ മുഖ്യമായും ഉപയോഗിക്കുന്നതു മത്സ്യം, പച്ചക്കറി, വേവിച്ച ഉരുളക്കിഴങ്ങ് മുതലായവയാണ്. കാട്ടിറച്ചിയും ഓയിസ്റ്റേഴ്സും (ഒരുതരം കക്കായിറച്ചി) ക്രിസ്മസ് വിഭവങ്ങളിൽ ഉൾപ്പെടുത്താറുണ്ട്. ക്രിസ്മസ് സദ്യ കഴിച്ചതിനുശേഷമായിരിക്കും ജനങ്ങൾ ദേവാലയത്തിൽ ആരാധനയ്ക്കു പോകുക. വീടുകളിലും പള്ളികളിലും ക്രിസ്മസ് ട്രീകൾ തയാറാക്കും. ക്രിസ്മസ് വിരുന്നിലെ പ്രധാന ഇനമാണ് പാരന്പര്യ രീതിയിൽ തയാറാക്കുന്ന രുചികരമായ പോർട്ടോ വീഞ്ഞ്.

ഡിസംബർ 20 മുതൽ ജനുവരി 7 വരെ നീണ്ടുനിൽക്കുന്ന ക്രിസ്മസ് ആഘോഷമാണ് റൊമാനിയൻ ജനതയുടേത്. വിശുദ്ധ ഇഗ്‌നേഷ്യസിന്‍റെ ഓർമപ്പെരുന്നാൾ ഡിസംബർ 20 നാണ്. അന്ന് എല്ലാ വീടുകളിലും ഒരു പന്നിയെ കൊല്ലും. അതിന്‍റെ മാംസമായിരിക്കും ക്രിസ്മസ് സദ്യയിൽ പ്രധാനമായും ഉപയോഗിക്കുക. ക്രിസ്മസ് ആഘോഷം ഡിസംബർ 24നാണ്. ക്രിസ്മസ് ട്രീകളും കാരളും പ്രധാനമാണ്. കുട്ടികൾ എല്ലാ ഭവനങ്ങളിലും പാട്ടുപാടാൻ പോകാറുണ്ട്. പണവും മധുരവും പഴങ്ങളും അവർക്കു സമ്മാനമായി ലഭിക്കാറുണ്ട്.
മാൾട്ട എന്ന രാജ്യത്ത് ജനസംഖ്യയിൽ ഏറെയും ക്രൈസ്തവരാണ്. പാതിരാക്കുർബാനയ്ക്ക് ദേവാലയങ്ങൾ നിറയെ വിശ്വാസികളായിരിക്കും. എല്ലാ പള്ളികളും വിളക്കുകളാലും ക്രിബുകളാലും അലങ്കരിച്ചിരിക്കും. ഇറ്റലിക്കാരാണ് മാൾട്ടയിൽ ആദ്യമായി ക്രിബ്ബ് പരിചയപ്പെടുത്തിയത്. സാന്താക്ലോസിന്‍റെ നാമധേയത്തിലുള്ള സെന്‍റ് നിക്കോളാസ് ഗ്രാമം മാൾട്ടയിലുണ്ട്. ഫ്രണ്ട്സ് ഓഫ് ക്രിബ്ബ് സൊസൈറ്റിയും ഇവിടെ പ്രവർത്തിച്ചു വരുന്നു.
സ്പെയിനിലെ ക്രിസ്മസ് ആഘോഷങ്ങൾ ഏറെ പുതുമകൾ നിറഞ്ഞതാണ്. ക്രിസ്മസ് വാരത്തിൽ നഗരങ്ങൾ ചുറ്റിയുള്ള ക്രിസ്മസ് പ്രദക്ഷിണങ്ങൾ നടത്താറുണ്ട്. ഗിറ്റാർ, തന്പേർ, മറ്റ് വാദ്യോപകരണങ്ങൾ ഒക്കെയും ക്രിസ്മസ് കാരളിന് ഉപയോഗിക്കുന്നു. വലിയ ക്രിസ്മസ് വിളക്കുകൾ വീടുകളിലും പള്ളികളിലും തൂക്കിയിടും. ക്രിസ്മസ് ദിനത്തിൽ എല്ലാ വീടുകളിലും സ്പെഷൽ ക്രിസ്മസ് കേക്കും ഉണ്ടാക്കാറുണ്ട്.

സന്പൂർണ ബുദ്ധമത രാജ്യമാണ് ശ്രീലങ്ക. നേരത്തെ സിലോൺ എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത്. ഏഴു ശതമാനം ക്രൈസ്തവർ മാത്രമേ ഇവിടുള്ളൂ. എങ്കിലും ക്രിസ്മസ് ആഘോഷിക്കുന്ന കാര്യത്തിൽ ഈ രാജ്യം മുന്പിലാണ്. ക്രൈസ്തവരിൽ ഏറെയും റോമൻ കത്തോലിക്കരാണ്. ക്രിസ്മസിന് ശ്രീലങ്കയിൽ ദേശീയ അവധിയാണ്. നിരവധി യൂറോപ്യൻ രാജ്യങ്ങളുടെ സ്വാധീനം ശ്രീലങ്കയുടെ സംസ്കാരത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. 1505 മുതൽ 1650 വരെ പോർട്ടുഗീസുകാരും 1658 മുതൽ 1796 വരെ ഡച്ചുകാരും 1815 മുതൽ 1948 വരെ ബ്രിട്ടീഷുകാരു മായിരുന്നു ശ്രീലങ്ക ഭരിച്ചിരുന്നത്. ക്രിസ്മസ് ആഘോഷങ്ങളിലും ഈ പാശ്ചാത്യസംസ്കാരം ലയിച്ചു കിടക്കുന്നു. ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 1-നു തുടങ്ങും. തൈരുവീഥികളും കടകളും ട്രീകളാലും വിളക്കുകളാലും അലങ്കരിക്കും. വലിയ കന്പനികൾ ക്രിസ്മസ് പാർട്ടി നടത്താറുണ്ട്. വലിയ ഹോട്ടലുകളിൽ ക്രിസ്മസ് ഡിന്നറും ഡാൻസും ഉണ്ടാകും. വീട്ടിലെ പാർട്ടിക്ക് വിശ്വാസികൾ ഇതരമതസ്ഥരായ സുഹൃത്തുക്കളെയും ക്ഷണിക്കാറുണ്ട്. നത്താൽ സീയാ എന്ന പേരാണ് ഇവിടെ ക്രിസ്മസ് ഫാദറിന്‍റേത്.
ഇംഗ്ലണ്ടിലും ഫ്രാൻസിലും ഇറ്റലിയിലും ഹോളണ്ടിലും മെക്സിക്കോയിലും നടക്കുന്ന രീതിയിലുള്ള ആഘോഷങ്ങളാണ് അമേരിക്കൻ ജനതയും പിന്തുടരുന്നത്. ഭവനത്തിനു വെളിയിൽ ക്രിസ്മസ് വിളക്കുകളും ട്രീകളും സാന്താക്ലോസിന്‍റെ പ്രതിമകളും അലങ്കരിക്കുക എന്നതാണ് മുഖ്യ ആഘോഷം. ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയും കാരൾ, ഫോക് മ്യൂസിക്, കരിമരുന്നു പ്രകടനം എന്നിവയ്ക്കു പ്രാധാന്യം നൽകി ക്രസ്മസ് ആഘോഷിക്കുന്നു. ലോകത്തിലെ ഏറ്റവും വർണശബളമായ ക്രിസ്മസ് ആഘോഷവും വെനസ്വേലേയിലേതാണ്.

ജോർജ് മാത്യു പുതുപ്പള്ളി