ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്ക് വിദേശപഠന സ്കോളർഷിപ്പിന് അപേക്ഷിക്കാം
Saturday, September 27, 2025 10:32 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദബിരുദാനന്തര പിഎച്ച്ഡി കോഴ്സുകളിൽ ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
വിദേശ സർവകലാശാലകളിൽ പഠനത്തിനായി വിദ്യാർഥികൾ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ നിന്നോ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽനിന്നോ എടുക്കുന്ന വിദ്യാഭ്യാസവായ്പയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.
സംസ്ഥാനത്തിലെ സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അർഹത. ഡിപ്ലോമ/പോസ്റ്റ് ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല.
വിദേശത്ത് ഉപരിപഠനത്തിനായി മറ്റേതെങ്കിലും സർക്കാർ ധനസഹായമോ, സ്കോളർഷിപ്പുകളോ ഇതിനകം ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കരുത്.
വിദേശത്ത് ഉപരിപഠനത്തിനായി വിദ്യാഭ്യാസവായ്പ ലഭിച്ച വിദ്യാർഥികൾക്ക് മാത്രമേ സ്കോളർഷിപ്പ് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. അപേക്ഷകനും മാതാപിതാക്കളും കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം. പ്രവാസികൾക്ക് സ്കോളർഷിപ്പിന് അർഹതയില്ല. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന.
തെരഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാർഥിക്ക് കോഴ്സ് കാലാവധിക്കുള്ളിൽ പരമാവധി 5,00,000 രൂപയാണ് സ്കോളര്‍ഷിപ്പ് തുകയായി അനുവദിക്കുന്നത്. അപേക്ഷകര്‍ക്ക് ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
ഒക്ടോബർ 22 നകം ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ പൂരിപ്പിച്ച അപേക്ഷ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കണം.
അപേക്ഷാ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉള്‍പ്പെടുന്ന വിജ്ഞാപനവും www. minoritywelfare.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങള്‍ക്ക്: 04712300523, 04712300524, 04712302090.