രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിലേക്ക് അപേക്ഷിക്കാം
Monday, September 29, 2025 12:44 AM IST
തിരുവനന്തപുരം: പഠനമികവുള്ള കേരളീയരായ വിദ്യാര്‍ഥികള്‍ക്കായി രവി പിള്ള ഫൗണ്ടേഷന് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയിലെ ആദ്യ ബാച്ചിലേയ്ക്ക് ഒക്ടോബർ 10 വരെ അപേക്ഷിക്കാം.
ഹയര്‍സെക്കൻഡറി തലത്തില്‍ സ്റ്റേറ്റ് സിലബസില്‍ 950 പേര്‍ക്കും സിബിഎസ്ഇയില് 100 ഉം ഐസിഎസ്ഇയില്‍ 50 ഉള്‍പ്പെടെ 1100 വിദ്യാര്‍ഥികള്‍ക്ക് അന്‍പതിനായിരം രൂപയുടേയും, ഡിഗ്രി (ഒരു ലക്ഷം രൂപ വീതം), പോസ്റ്റ് ഗ്രാജുവേറ്റ് തലത്തില്‍ (ഒന്നേകാല്‍ ലക്ഷം രൂപ വിതം) 200 വീതം വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പെടെ 1500 പേര്‍ക്കാണ് ഓരോ വര്‍ഷവും സ്കോളര്‍ഷിപ്പ് ലഭിക്കുക. സ്കോളർഷിപ്പ് പദ്ധതിയുടെ പൊതു മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കും അപേക്ഷ നല്‍കുന്നതിനും rpscholarship.norkaroots.kerala.gov.in സന്ദര്‍ശിക്കുക. ഓണ്‍ലൈനായി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കൂ. അപൂര്‍ണമായ അപേക്ഷകള്‍ നിരസിക്കും.
ഹയർസെക്കൻഡറി വിഭാഗത്തില്‍ നിലവില്‍ പ്ലസ് വൺ പഠിക്കുന്നവർക്കും, ബിരുദ വിഭാഗത്തില്‍ ഒന്നാം വര്‍ഷത്തെയും രണ്ടാം വര്‍ഷ വിദ്യാർഥികൾക്കുമാണ് അപേക്ഷ നല്കാന് കഴിയുക. പിജി സ്കോളർഷിപ്പിലേക്ക് രണ്ടാം വര്‍ഷ വിദ്യാർഥികൾക്കും മാത്രമേ (റെഗുലർ മോഡ്) അപേക്ഷ നല്‍കാനാകൂ. അനാഥർക്കും, രോഗബാധിതരായ രക്ഷിതാക്കളുള്ളവര്ക്കും സംസ്ഥാനതലത്തില്‍ കലാകായിക മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ക്കും പ്രത്യേക ഗ്രേസ് മാര്‍ക്ക് ലഭിക്കും. ഇക്കാര്യങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം.
ഓരോ വിഭാഗത്തിലും 20 ശതമാനം സ്കോളര്‍ഷിപ്പുകള്‍ വിദേശ രാജ്യത്തുള്ള പ്രവാസി കേരളീയരുടെ (പ്രവാസി ഐഡി കാര്‍ഡ് നിർബന്ധം) മക്കള്‍ക്കും അഞ്ചു ശതമാനം ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കും നീക്കിവച്ചിട്ടുണ്ട്. മികച്ച പഠനമികവുള്ളവരും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കുമാകും സ്കോളര്‍ഷിപ്പിന് അര്‍ഹത. പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. രവി പിള്ളയുടെ നേതൃത്വത്തിലുളള രവി പിള്ള ഫൗണ്ടേഷനാണ് രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്.