സർവകലാശാലാ സംശയങ്ങൾ
Sunday, October 12, 2025 10:06 PM IST
ഞാനിപ്പോൾ ബിഎസ്സി അഗ്രികൾച്ചർ നാലാം വർഷം പഠിക്കുന്നു. ഈ പ്രോഗ്രാം പാസായതിനുശേഷം റൂറൽ ഡെവലപ്മെന്റിലോ റൂറൽ മാനേജ്മെന്റിലോ എംബിഎ പഠിക്കണമെന്ന് ആഗ്രഹമുണ്ട്. കേന്ദ്ര /സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള റൂറൽ മാനേജ്മെന്റിൽ എംബിഎ പ്രോഗ്രാം നൽകുന്ന കോളജുകൾ/ സർവകലാശാലകൾ ഏതെല്ലാമെന്ന് പറയാമോ?
ജോസഫ് ജോണ്, ധോണി പാലക്കാട്.
ബിഎസ്സി അഗ്രികൾച്ചർ പഠിച്ചതിനുശേഷം മാനേജ്മെന്റ് പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാൻ പറ്റുന്ന മാനേജ്മെന്റ് ഓപ്ഷൻ ആണ് എംബിഎ/പിജിഡിഎം റൂറൽ മാനേജ്മെന്റ്/ റൂറൽ ഡെവലപ്മെന്റ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ളതും സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായ സർവകലാശാലകളും കോളജുകളും ഇൻസ്റ്റിറ്റ്യൂട്ടുകളും കോളജുകളും റൂറൽ ഡെവലപ്മെന്റിലും റൂറൽ മാനേജ്മെന്റിലും എംബിഎ പ്രോഗ്രാമുകളോ പിജിഡിഎം പ്രോഗ്രാമുകളോ നൽകുന്നുണ്ട്.
പ്രധാനപ്പെട്ട ഏതാനും സർവകലാശാലകളും കോഴ്സുകളും താഴെ പറയുന്നു
1) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ്, ആനന്ദ്, ഗുജറാത്ത്: പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് ( റൂറൽ മാനേജ്മെന്റ് ).
2) ഡോ. രാജേന്ദ്ര പ്രസാദ് സെൻട്രൽ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, സമസ്ത്തിപ്പുർ, ബിഹാർ: റൂറൽ മാനേജ്മെന്റിൽ എംബിഎ.
3) ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട്, ഗാന്ധിഗ്രാം, തമിഴ്നാട്: റൂറൽ ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് എന്ന വിഷയത്തിൽ എംബിഎ.
4) ഗുജറാത്ത് വിദ്യാപീഠം, ഗാന്ധിനഗർ സെന്റർ ഫോർ സ്റ്റഡീസ് ഇൻ റൂറൽ മാനേജ്മെന്റ് : റൂറൽ മാനേജ്മെന്റ് എംബിഎ.
5) സാന്പൽപുർ യൂണിവേഴ്സിറ്റി, ഒറീസ: റൂറൽ മാനേജ്മെന്റിൽ എംബിഎ.
6) യൂണിവേഴ്സിറ്റി ഓഫ് ലക്നോ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സയൻസ്, ലക്നോ: റൂറൽ മാനേജ്മെന്റൽ എംബിഎ.
ഈ സർവകലാശാലകൾ ഓരോന്നും അവരുടേത് മാത്രമായതോ അല്ലെങ്കിൽ പൊതുവായി നടക്കുന്നതോ ആയ മാനേജ്മെന്റ് പ്രവേശന പരീക്ഷകളിൽ അപേക്ഷകൻ നേടുന്ന സ്കോറിന്റെയും വ്യക്തിഗത ഇന്റർവ്യൂന്റെയും ഗ്രൂപ്പ് ഡിസ്കഷന്റെയും മികവിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത്.
മുകളിൽ സൂചിപ്പിച്ച സർക്കാർ നിയന്ത്രണമുള്ള സർവകലാശാലകൾ അല്ലാതെ ധാരാളം സ്വകാര്യ സർവകലാശാലകളും റൂറൽ മാനേജ്മെന്റിൽ എംബിഎ പ്രോഗ്രാം നൽകുന്നുണ്ട്.
പ്രധാനപ്പെട്ട ചിലത് താഴെ പറയുന്നു.
1. സേവ്യേഴ്സ് സ്കൂൾ ഓഫ് റൂറൽ മാനേജ്മെന്റ്, ഒറീസ.
2. കെഐഐടി സ്കൂൾ ഓഫ് റൂറൽ മാനേജ്മെന്റ്, ഭുവനേശ്വർ.
3. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ്, ജയ്പുർ, രാജസ്ഥാൻ
4. ഐസിഎഫ്എഐ യൂണിവേഴ്സിറ്റി, ത്രിപുര.
അഡ്വ. ബാബു പള്ളിപ്പാട്ട് കരിയർ ഗൈഡ്
([email protected])