കാലിക്കട്ടിലെ സർട്ടിഫിക്കറ്റ് വിതരണത്തിനു നടപടികൾ ലഘൂകരിക്കാൻ തീരുമാനം
Tuesday, August 20, 2019 9:49 PM IST
തേഞ്ഞിപ്പലം: പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ നൽകാൻ കാലിക്കട്ട് യൂണിവേഴ്സിറ്റി നടപടികൾ ലഘൂകരിക്കുന്നു. ഇതിനായുള്ള ശിപാർശ പരീക്ഷാ ഉപസമിതി സിൻഡിക്കറ്റിനു സമർപ്പിക്കും.
മഴക്കെടുതിയുമായി ബന്ധപ്പെട്ടു ഇന്നലെ അവസാനിക്കേണ്ടിയിരുന്ന എല്ലാ പരീക്ഷകളുടെയും രജിസ്ട്രേഷൻ 30 വരെ നീട്ടാനും സമിതി ശിപാർശ നൽകി. ആറാം സെമസ്റ്റർ യുജി പരീക്ഷയുടെ മൂല്യനിർണയ പ്രതിഫലം ചെയർമാൻമാർ മുഖേന 27, 29 തിയതികളിൽ കാന്പസിൽ വച്ച് വിതരണം ചെയ്യാൻ തീരുമാനിച്ചു. യൂണിവേഴ്സിറ്റി പഠനവകുപ്പുകളിൽ ഈ വർഷം തന്നെ ഓണ്‍ലൈൻ ചോദ്യപ്പേപ്പർ വിതരണം നടപ്പാക്കാൻ പരീക്ഷാ കണ്‍ട്രോളറെ ചുമതലപ്പെടുത്തി. പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ഉത്തരക്കടലാസുകൾ ശേഖരിക്കുന്ന ചുമതല പോസ്റ്റൽ ഡിപ്പാർട്ടുമെന്റുവഴി നടപ്പാക്കുന്ന നടപടി വേഗത്തിലാക്കാൻ പരീക്ഷാ വിഭാഗത്തിന് നിർദേശം നൽകി. കേരള ഗവർണർ ഇതിനായി അയച്ച കത്തിനെ തുടർന്നും മൂല്യനിർണയം വേഗത്തിലാക്കാനാണ് നടപടിയെന്ന് പരീക്ഷാ കണ്ട്രോളർ ഡോ. പി. ശിവദാസൻ അറിയിച്ചു.