തേഞ്ഞിപ്പലം : കാലിക്കട്ട് സർവകലാശാല പരീക്ഷാഭവൻ ആധുനികവത്കരണം വേഗത്തിലാക്കാനും പരാതികൾ പരിഹരിക്കുന്നതിനുമായി പ്രോ വൈസ് ചാൻസലർ ചെയർമാനും കണ്‍ട്രോളർ കണ്‍വീനറുമായ കർമസമിതി. 15 ദിവസത്തിലൊരിക്കൽ സമിതിയോഗം ചേരും.

സമിതിയിൽ സിൻഡിക്കറ്റിന്‍റെ പരീക്ഷാ സ്ഥിരംസമിതി അംഗങ്ങളും ജോയിന്‍റ് കണ്‍ട്രോളർമാരും ഉണ്ടാകും. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്, പിവിസി ഡോ. എം. നാസർ, രജിസ്ട്രാർ ഡോ. സി.എൽ. ജോഷി എന്നിവർ കൂടി പങ്കെടുത്ത സ്ഥിരംസമിതി യോഗത്തിലാണ് തീരുമാനം. ഉത്തരക്കടലാസുകളുടെയും മറ്റു രേഖകളുടെയും സൂക്ഷിപ്പ്, പരീക്ഷകൾ ഓണ്‍ലൈനായി നടത്തൽ തുടങ്ങിയ കാര്യങ്ങളെല്ലാം സമിതി പരിഗണിക്കും. ഉത്തരക്കടലാസ് കാണാതാകൽ, ടാബുലേഷൻ രജിസ്റ്റർ (ടിആർ.) കാണാതാകൽ എന്നീ പരാതികളിലും ഇതേ സമിതിക്കാണ് ചുമതല. ടി.ആർ. കാണാതായെന്ന ആക്ഷേപത്തിൽ അത് നഷ്ടമായിട്ടില്ലെന്നും സൂക്ഷിച്ചിരിക്കുന്ന മുറിയിൽ നിന്നു കണ്ടെത്താനുള്ള വിഷമമാണെന്നും യോഗം വിലയിരുത്തി. പരീക്ഷാഭവൻ രേഖകൾ കൃത്യമായി സൂക്ഷിക്കുന്നതിനു മൂന്നുമാസത്തിനകം നടപടിയെടുക്കാനും തീരുമാനിച്ചു.കണ്‍ട്രോളർ ഡോ. സി.സി. ബാബു, സിൻഡിക്കറ്റംഗങ്ങളായ ഡോ. റിജുലാൽ, കെ.കെ. ഹനീഫ, യൂജിൻ മൊറേലി, ഡോ. പി. റഷീദ് അഹമ്മദ് എന്നിവർ പങ്കെടുത്തു.