അപായമണി മുഴക്കി അരിപ്പാറ വെള്ളച്ചാട്ടം; അപകടം ഒഴിവാക്കാൻ നടപടിയായില്ല
Wednesday, August 10, 2016 12:56 PM IST
തിരുവമ്പാടി: അപായമണിയും മുഴക്കി അരിപ്പാറ വെള്ളച്ചാട്ടം വിനോദസഞ്ചാരികളെ കാത്ത് കഴിയുന്നു. ജില്ലയിലെ വിനോദ സഞ്ചാരികളുടെ പറുദീസയായ തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ചെലവിൽ അപകടകാരിയായി മാറിയിട്ട് വർഷങ്ങളായി.

അടിസ്‌ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത അരിപ്പാറ വെള്ളച്ചാട്ടം കാണാൻ അവധി ദിവസങ്ങളിൽ ആയിരങ്ങളാണ് എത്തുന്നത്. 49 ലക്ഷം രൂപ ചിലവു കണക്കാക്കി അരിപ്പാറയിൽ സഞ്ചാരികൾക്കായി ഫസിലിറ്റേഷൻ സെന്ററിന്റെയും, ടോയ്ലറ്റ് ബ്ലോക്കിന്റെയും, ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനും, വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയും ആസ്വദിക്കാനുമുള്ള പവലിയന്റേയും നിർമാണം ആരംഭിച്ചിരുന്നു. പൊതുമേഖലാ സ്‌ഥാപനമായ സിഡ്കോയാണ് ഇതിന്റെ നിർമാണ ചുമതല ഏറ്റെടുത്തത്.

ഈ കമ്പനി കോഴിക്കോട് മാവൂർ സ്വദേശിയായ ഒരു സ്വകാര്യ വ്യക്‌തിക്ക് കരാർ മറിച്ചു നല്കി. രണ്ടു വർഷം മുമ്പ് മുപ്പതുലക്ഷത്തോളം രൂപ വാങ്ങി കരാറുകാരൻ മൂന്ന് കെട്ടിടങ്ങളുടെയും പണി പാതിവഴിയിൽ നിർത്തി. കാടുകയറി ചോർന്നൊലിക്കുന്ന കെട്ടിടങ്ങൾ മദ്യപരുടെയും മറ്റും താവളമാണിപ്പോൾ. അരിപ്പാറ വെള്ളച്ചാട്ടത്തിലെത്താനുള്ള മാവാതുക്കൽ പാറത്തോട് – അരിപ്പാറ – ആടുമാക്കൽപടി എട്ട് മീറ്റർ റോഡിലെ ഒന്നര കിലോമീറ്റർ പഞ്ചായത്ത് റോഡ് കൂപ്പു വഴിയേക്കാൾ ദയനീയമാണ്. ഈ റോഡിന് വേണ്ടി പഞ്ചായത്ത് 13.5 ലക്ഷം രൂപ അനുവദിച്ചുവെങ്കിലും, നിർമാണം തുടങ്ങാൻ ഇനിയും കാലമെടുക്കും.

ആറു വർഷം മുമ്പ് അരിപ്പാറ വെള്ളച്ചാട്ടവും, പരിസരവും ഡിടിപിസി ഏറ്റെടുത്തതാണ്. കാട്ടുവഴിയിലൂടെ ഇവിടെ എത്തുന്ന വാഹനങ്ങൾക്കും, വിനോദസഞ്ചാരികൾക്കും ഫീസ് ഈടാക്കുന്നുണ്ട്. മാസത്തിൽ അമ്പതിനായിരം രൂപയോളം ഈ ഇനത്തിൽ ടൂറിസം കൗൺസിൽ ലാഭം കൊയ്യുന്നു. കലിതുള്ളി വരുന്ന ഇരവഞ്ഞിപ്പുഴയുടെ അരിപ്പാറ വെള്ളച്ചാട്ടത്തിലെ വഴുക്കലുള്ള പാറയുടെ ഭാഗത്ത് രക്ഷാവേലികളോ, ആവശ്യത്തിന് സുരക്ഷാ ഗാർഡുകളോ ഇല്ലാത്ത അവസ്‌ഥയാണ്. തുഛമായ വേതനം നല്കി രണ്ടു സമീപവാസികളായ ഗൈഡുകളാണ് ഇവിടെയുള്ളത്. മദ്യവും, മയക്കുമരുന്നും ഉപയോഗിച്ച് ഇവിടെ എത്തുന്നവരെ നിയന്ത്രിക്കാൻ ഈ ഗൈഡുകൾക്ക് കഴിയാറില്ല.

ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏറ്റെടുത്തതിൽപിന്നെ 19 പേരുടെ ജീവൻ അരിപ്പാറയിൽ പൊലിഞ്ഞു. വർഷങ്ങൾക്ക് മുമ്പ് പാറയിൽ തെന്നി പുഴയിൽ പതിച്ച മാവൂർ കുറ്റിക്കാട്ടൂർ സ്വദേശിയുടെ മൃതദേഹം ഇനിയും കണ്ടുകിട്ടിയിട്ടില്ല. പോലീസ് അന്വേഷണവും മതിയാക്കി.

അപകടം വർഷകാലങ്ങളിൽ നിത്യസംഭവമായ അരിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് പോലീസിനോ, ഫയർ എഞ്ചിനോ എത്താനുള്ള റോഡുമില്ല. അപകടം സംഭവിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് അധികൃതരും പുറംലോകവും സംഭവം അറിയാറ്. അപകട മുന്നറിയിപ്പ് നല്കുന്ന സൂചനാ ബോർഡുകൾ കാടുകയറി മൂടിയിരിക്കുകയാണ്.

വെള്ളരിമലയിൽ നിന്നും ഉത്ഭവിക്കുന്ന ഇരവഞ്ഞിപ്പുഴയിലെ അരിപ്പാറയിൽ ഇനിയും ദുരന്തം ആവർത്തിക്കാതിരിക്കാൻ വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.