പൊള്ളാച്ചി പീഡനക്കേസ്: ഒമ്പതു പ്രതികൾക്കും ജീവപര്യന്തം
Tuesday, May 13, 2025 6:23 PM IST
ചെന്നൈ: പൊള്ളാച്ചി ലൈംഗികാതിക്രമക്കേസിലെ ഒമ്പത് പ്രതികളെയും കോയമ്പത്തൂരിലെ മഹിളാ കോടതി കുറ്റക്കാരെന്നു കണ്ടെത്തി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ആറു വർഷങ്ങൾക്ക് ശേഷം കോടതി വിധി പറഞ്ഞത്.
ക്രിമിനൽ ഗൂഢാലോചന, ലൈംഗിക പീഡനം, ബലാത്സംഗം, കൂട്ടബലാത്സംഗം, ഒരേ സ്ത്രീകൾക്കെതിരേ ആവർത്തിച്ചുള്ള ബലാത്സംഗം തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയത്. ലൈംഗികാതിക്രമത്തിനിരയായ എട്ടു പേർക്ക് സംസ്ഥാന സർക്കാർ മൊത്തം 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.
ശബരിരാജൻ എന്ന റിശ്വന്ത് (32), തിരുനാവുക്കരശു (34), ടി. വസന്തകുമാർ (30), എം. സതീഷ് (33), മണി എന്ന മണിവണ്ണൻ, പി. ബാബു (33), ഹാരോൺ പോൾ (32), അരുളാനന്ദം (39), അരുൺ കുമാർ (33) എന്നിവരാണ് പ്രതികൾ. കനത്ത സുരക്ഷയിലാണ് ഇന്നലെ പ്രതികളെ കോടതിയിലെത്തിച്ചത്. 2019ൽ അറസ്റ്റിലായതു മുതൽ ഇവർ സേലം സെൻട്രൽ ജയിലിലാണ്.
പൊള്ളാച്ചിക്കു സമീപം ഓടുന്ന കാറിൽ നാല് പുരുഷന്മാർ ലൈംഗികമായി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി പത്തൊന്പതുകാരിയായ കോളജ് വിദ്യാർഥിനി പൊള്ളാച്ചി ഈസ്റ്റ് പോലീസിൽ പരാതി നൽകിയതോടെയാണ് കേസ് രാജ്യവ്യാപക ചർച്ചയായത്. 2019 ഫെബ്രുവരി 24നാണ് പെൺകുട്ടി പരാതി നൽകിയത്.
2016നും 2018നും ഇടയിൽ പെൺകുട്ടികളെയും സ്ത്രീകളെയും വശീകരിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ പകർത്തുകയും ചെയ്തതിന് പൊള്ളാച്ചിയിൽ ഒമ്പത് പുരുഷന്മാരെ അറസ്റ്റ് ചെയ്തിരുന്നു. പൊള്ളാച്ചി പോലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. എന്നാൽ, നിഷ്പക്ഷമായ അന്വേഷണം വേണമെന്ന ആവശ്യത്തെത്തുടർന്ന് അത് തമിഴ്നാട് ക്രൈംബ്രാഞ്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലേക്കും (സിബിസിഐഡി) പിന്നീട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലേക്കും (സിബിഐ) മാറ്റുകയായിരുന്നു.
അണ്ണാഡിഎംകെ പൊള്ളാച്ചി ടൗൺ വിദ്യാർഥി വിഭാഗം സെക്രട്ടറിയായിരുന്ന അരുളാനന്ദം കേസിലെ പ്രതിയായത് വൻ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയത്. കേസ് മൂടിവയ്ക്കാൻ ശ്രമിച്ചതിനും എഫ്ഐആർ ഫയൽ ചെയ്യാൻ വൈകിയതിനും അന്ന് അധികാരത്തിലിരുന്ന എഐഎഡിഎംകെ വിമർശനങ്ങൾ നേരിട്ടിരുന്നു. അറസ്റ്റിലായതോടെ അരുളാനന്ദത്തെ പാർട്ടിയിൽനിന്ന് പുറത്താക്കി മുഖം രക്ഷിക്കുകയായിരുന്നു.