ഇന്റര്‍ മിലാനും ബാഴ്സലോണയും രാത്രി 12.30നു നേര്‍ക്കുനേര്‍
Tuesday, May 6, 2025 12:52 AM IST
മിലാന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2024-25 സീസണിലെ ക്ലാസിക് പോരാട്ടത്തിന് മിലാനിലെ സാന്‍ സിറോ സ്റ്റേഡിയം വേദിയാകും.
സ്പാനിഷ് ചന്തവുമായെത്തുന്ന എഫ്സി ബാഴ്സലോണയും ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമി പോരാട്ടമാണ് സാന്‍ സിറോയില്‍ അരങ്ങേറുക. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30നാണ് കിക്കോഫ്.
ജയിച്ചാല്‍ ഫൈനല്‍
ജയിക്കുന്ന ടീം ഫൈനല്‍ കളിക്കും എന്നതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. കാരണം, ബാഴ്സലോണയില്‍ നടന്ന ആദ്യപാദം 3-3 സമനിലയില്‍ പിരിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഫൈനല്‍ ടിക്കറ്റിനായി ഫൈനലിനു തുല്യ പോരാട്ടത്തിനായാണ് ഇരുടീമും കളത്തിലിറങ്ങുക.
ഇറ്റലിയില്‍ ബാഴ്സലോണയുടെ ചാമ്പ്യന്‍സ് ലീഗ് ചരിത്രം അത്ര സുഖകരമല്ല. ഇന്റര്‍ മിലാന് എതിരായ ആറ് എവേ പോരാട്ടത്തില്‍ ഒരെണ്ണത്തില്‍ മാത്രമാണ് എഫ്സി ബാഴ്സലോണയ്ക്കു ജയിക്കാന്‍ സാധിച്ചത്.
ഇറ്റലിയില്‍ 24 എവേ പോരാട്ടങ്ങള്‍ കളിച്ചതില്‍ അഞ്ച് ജയം മാത്രമാണ് ബാഴ്സ ഇതുവരെ ആകെ നേടിയത്. വിജയ ശതമാനം 21. ഇരുടീമും അവസാനം നേര്‍ക്കുനേര്‍ ഇറങ്ങിയ രണ്ടു മത്സരവും 3-3 സമനിലയാലാണ് കലാശിച്ചതെന്നതും ശ്രദ്ധേയം, 2022ലും സെമിയുടെ ആദ്യ പാദത്തിലും.
യമാല്‍ Vs മാര്‍ട്ടിനെസ്
ലാമിന് യമാലിന്റെ ബ്രില്യന്‍സും ഇന്റര്‍ മിലാന് ഗോളിയുടെ പുറത്തു തട്ടിക്കയറിയ സെല്‍ഫ് ഗോളുമായിരുന്നു ആദ്യപാദത്തില്‍ ബാഴ്സലോണയുടെ സമനിലയ്ക്കു കാരണം. ഡെന്‍സില്‍ ഡെംഫ്രിസിന്റെ ഇരട്ട ഗോള്‍ ഇന്റര്‍ മിലാനും കരുത്തായി. ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമാണ് ബാഴ്സലോണ, 40.
പരിക്കിനെത്തുടര്‍ന്ന് ആദ്യപാദത്തില്‍ ഇറങ്ങാതിരുന്ന അര്‍ജന്റൈന്‍ താരം ലൗതാരോ മാര്‍ട്ടിനെസ് രണ്ടാംപാദ സെമയില്‍ ഇന്റര്‍ മിലാനൊപ്പം കളിച്ചേക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ആദ്യപാദത്തിന്റെ ആദ്യ പകുതിയില്‍ പേശിവലിവിനെത്തുടര്‍ന്ന് മാര്‍ട്ടിനെസ് കളംവിട്ടിരുന്നു. ലാമിന് യമാലിനെ ചുറ്റിപ്പറ്റിയാണ് ബാഴ്സലോണയുടെ പടയൊരുക്കം.
പിഎസ്ജി x ആഴ്സണൽ
ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെർമനും ഇംഗ്ലീഷ് ടീമായ ആഴ്സണലും തമ്മിലാണ് രണ്ടാം സെമി ഫൈനൽ. ഇന്ത്യൻ സമയം നാളെ അർധരാത്രി 12.30ന് പാരീസിലാണ് മത്സരം. ആദ്യപാദത്തിൽ പിഎസ്ജി 1-0നു ജയിച്ചിരുന്നു.
ആഴ്സണലിനെതിരേ പിഎസ്ജി നേടുന്ന ആദ്യ ജയമായിരുന്നു ആദ്യപാദത്തിലേത്. ഇരുടീമും ചാന്പ്യൻസ് ലീഗിൽ ഇതുവരെ ജേതാക്കളായിട്ടില്ല. രണ്ടാം യൂറോപ്യൻ ഫൈനലാണ് ഇരുടീമിന്റെയും ലക്ഷ്യം.